Image

സൂര്യവീഥി (കഥ : പുഷ്പമ്മ ചാണ്ടി )

Published on 26 October, 2020
സൂര്യവീഥി (കഥ : പുഷ്പമ്മ ചാണ്ടി )
അയാൾക്ക് ആരോടിന്നില്ലാതെ ദേഷ്യം വന്നു , ഒരാളോടല്ല , ലോകത്തോട് മുഴുവനും , പിന്നെ അയാളോട് തന്നെയും .
കഴിഞ്ഞ കുറെ ഞായറാഴ്ചകൾ അയാളെ ഭ്രാന്തു പിടിപ്പിക്കുന്നു . ഓ , അയാൾ ആരാണെന്നു പറഞ്ഞില്ല ,
സൂര്യ കൃഷ്ണകുമാർ ,പ്രമുഖ ബിസിനസ് മാഗ്നെറ്റ് , ദി ഫസ്റ്റ് ഗാർഡ് കമ്പനിയുടെ CEO , ഫ്യൂചർ ഗ്ലോബൽ 500 ൽ ചേർക്കപ്പെട്ട പേര്. കോടികളുടെ ആസ്തി , എല്ലാ മെട്രോ പട്ടണങ്ങളിലും ഓഫീസ് , ലക്ഷകണക്കിന് ആളുകൾ അയാൾക്ക് വേണ്ടി , ലോകത്തിൻറെ പലയിടങ്ങളായി രാപകൽ ജോലി ചെയ്യന്നു ,സ്വന്തം ചോപ്പർ പറപ്പിച്ചു ലോകം മുഴവനും പറക്കുന്നു , IIT യിൽ നിന്നും കമ്പ്യൂട്ടർ എഞ്ചിനീറിയിങ്ങിൽ ബിരുദം , ലണ്ടൻ ബിസിനസ് സ്കൂളിൽ നിന്നും MBA , വിവാഹമോചിതൻ , കല്യാണം കഴിഞ്ഞു മൂന്ന് മാസത്തിനകം തമ്മിൽ പിരിഞ്ഞു .

കുറച്ചു ദിവസമായി അയാൾ അസ്വസ്ഥനാണ് . ഏകാന്തത , ഒറ്റപ്പെടൽ എല്ലാം കൂടി അയാളെ കുറേശ്ശെ കാർന്നു തിന്നാൻ തുടങ്ങി , പക്ഷെ അത് സമ്മതിച്ചു കൊടുക്കാൻ അയാൾക്ക് , സാധിച്ചില്ല അല്ല , അഹന്ത സമ്മതിക്കുന്നില്ല എന്ന് വേണം പറയാൻ .. 
എത്ര പേരാണ് അയാളെ ഒരു നോക്ക് കാണാൻ ആഗ്രഹിക്കുന്നത് , ഒരുപാട് പേരുടെ ആരാധ്യപുരുഷന് , സിനിമയിലെ നായകന് തുല്യമായ പദവി , ഒരു അഭിമുഖസംഭാഷണം കിട്ടാൻ പ്രസ് കാത്തു നില്കുന്നു , പക്ഷെ സൂര്യക്ക് എല്ലാം മടുത്തു , ഒരു മാറ്റത്തിനായി , അയാൾ പേർസണൽ ലൈഫ് കോച്ചിനെ വെച്ചു , പിന്നെ വ്യായാമം , അതിനു ട്രെയിനർ , യോഗ , ധ്യാനം , ഇങ്ങനെ ഓരോന്ന് പരീക്ഷിച്ചു കൊണ്ടേയിരിക്കുന്നു , എന്നാലും ശൂന്യത വിട്ടു മാറുന്നില്ല . യാദൃഛികമായി , whatsapp സ്ക്രോൽ ചെയ്തപ്പോൾ ആണ് , കൃഷ്ണപ്രിയയുടെ dp കണ്ടത് , അവളും , ഭർത്താവും , കുട്ടികളും ... അവളുടെ ഫോൺ നമ്പർ ഡിലീറ്റ് ചെയ്തിരുന്നില്ല .
കൃഷ്ണപ്രിയ അയാളുടെ മുൻഭാര്യ , എന്തിനാണ് അവർ പിരിഞ്ഞത് എന്ന് അയാൾക്ക് ഇപ്പോളും സത്യത്തിൽ അറിയില്ല . രണ്ടു കുടുംബങ്ങൾ തമ്മിൽ പരിചയം , സുന്ദരി , നല്ല പഠിച്ച പെൺകുട്ടി , തൻ്റെ മുൻപിൽ വളർന്ന കുട്ടിയാണ് അവൾ 
എല്ലാം കൊണ്ടും സൂര്യക്ക് ചേർന്ന പെൺകുട്ടി , അവൾ അയാളെ സ്നേഹിച്ചു , ഒന്നിച്ചു ജീവിക്കാൻ മോഹിച്ചു , എന്തിനായിരുന്നു അവളെ വേദനിപ്പിച്ചത്, അവഗണിച്ചത് ? എല്ലാം പിടിച്ചടക്കാൻ ഓട്ടം ആയിരുന്നു . എന്നിട്ടോ ?
വിവാഹം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ കൃഷ്ണപ്രിയ അസ്വസ്ഥ ആയി , അവൾ സ്വന്തം വീട്ടിലേക്കു പോകാൻ ഒരുങ്ങി , ദൂരെ നിന്നും ആരാധനയോടെ താൻ കണ്ട സൂര്യ ഇതായിരുന്നില്ല, അയാൾ
മറ്റാരോ ആണെന്ന് തോന്നി .

സൂര്യയുടെ തിരക്കിൽ അയാൾ കൃഷ്ണപ്രിയയെ കണ്ടില്ല , ശ്രദ്ധിച്ചില്ല , എപ്പോളോ ഏതോ ചില പാർട്ടികളിൽ , ആതിഥേയർ നിർബന്ധിച്ച തു കൊണ്ട് മാത്രം ഒന്നിച്ചു പോയി .തിരക്കുകൾ , ഇഷ്ടപെടുന്ന , അത് മാത്രം ഇഷ്ടപെടുന്ന സൂര്യയെ , അവൾക്കു മടുത്തു , ബെഡ്റൂമിൽ കൂടെ കിടക്കുമ്പോളും അയാൾ വേറെ ഏതോ ലോകത്താണ് എന്ന് തോന്നി , ഏതു പെണ്ണും ആഗ്രഹിക്കുന്ന , ചെറിയ ചെറിയ സന്തോഷങ്ങൾ , അവൾക്കു നഷ്ടമായി .
നേരെത്തെ പ്ലാൻ ചെയ്ത പോലെ , കൃഷ്ണ പ്രിയ ആഗ്രഹിച്ച സ്ഥലത്തേക്ക് ആണ് മധുവിധുവിനു പോയത് , സ്പെയിനിലെ ,Seville എന്ന ഏറ്റവും സുന്ദരമായ റോമാൻറ്റിക് നഗരം , അവളെ അവിടെ തനിച്ചാക്കിയിട്ടു ഒരു ബിസിനസ്സ് മീറ്റിംഗിന് അയാൾ മാഡ്രിഡിൽ പോയി , ഏതോ ബിസിനസ് അസ്സോസിയേറ്റിനെ കാണാൻ . തിരികെ ചെന്നൈക്കുള്ള ഫ്ലൈറ്റിൽ ഇരുന്നപ്പോൾ അവൾ തീരുമാനിച്ചു , ഇനി വയ്യാ , ഇയാളുടെ മനസ്സിൽ തനിക്കു സ്ഥാനം ഇല്ല , ഫ്യൂചർ ഗ്ലോബൽ 500 ൽ അയാളുടെ കമ്പനിയുടെ റാങ്ക് മുൻപോട്ടാക്കുക മാത്രമാണ് അയാളുടെ സന്തോഷം . 
എങ്ങനെയോ മൂന്ന് മാസം ആ ദാമ്പത്യം മുൻപോട്ടു പോയി .

ജോയിൻറ് പെറ്റീഷൻ ഒപ്പിടുമ്പോൾ കൂടി അയാൾ വേദനിച്ചില്ല , അവളുടെ കണ്ണുനീർ ആ കടലാസിൽ പടരുന്നത് , എന്തിനാണെന്ന് പോലും മനസ്സിലായില്ല . പൊരുത്തക്കേട് എവിടെ ? ആർക്കും ഒന്നും മനസ്സിലായില്ല .സൂര്യയെ ഒരിക്കൽ കണ്ടാൽ ആരും മറക്കില്ല , ആരുടേയും മനം കവരുന്ന ആകാരം , വശ്യശക്തി , ഒരു കൗമാരക്കാരൻറെ ഔത്സുക്യം, ഹൃദയാവർജ്ജകമായ പെരുമാറ്റം , എല്ലാവരും കൃഷ്ണപ്രിയയെ കുറ്റപ്പെടുത്തി . 
സൂര്യ അവളെ പ്രണയിച്ചില്ല , സ്നേഹിച്ചില്ല , വെറുത്തുമില്ല. അയാൾക്ക് ബിസിനസ് ആയിരിന്നു മുഖ്യം .
വിവാഹ ബന്ധം വേര്പെടുത്തുന്നതിനു മുൻപേ കൃഷ്ണപ്രിയ കൗൺസലിങ്ങിന് ഒന്നേ പറഞ്ഞതുള്ളു .
സൂര്യയുടെ ഫോൺ ഒന്ന് നോക്ക് , എനിക്കയച്ച ഒരു നൂറു മെസ്സേജുകൾ കാണും , ഒറ്റ വാചകം

In a meeting 
will call you back 
Call you back 
Right now little busy, talk to you later.
ഈ കൃത്യമായ വാചകങ്ങൾ മാത്രം .... പക്ഷെ ആ വാഗ്ദാനം ഒരിക്കലും നടന്നില്ല , ഒരു ഫോൺ പോലും ചെയ്യാൻ സമയമില്ല , അല്ലെങ്കിൽ ന ഞാൻ സൂര്യയുടെ  ഇല്ലായിരിക്കും .
എനിക്ക് സൂര്യയെ ഇഷ്ടമാണ് , പക്ഷെ ഇങ്ങനെ ജീവിക്കാൻ വയ്യ , പുരാണത്തിലെ ഛായ ദേവിയെ പോലെ.
സൂര്യയുടെ ചൂട് , അദ്ദേഹം ലോകത്തിനു നല്കട്ടെ, തൻ്റെ ബിസിനസ് സാമ്രാജ്യത്തിനു കൊടുക്കട്ടെ , എനിക്ക് നിഴൽ ആകാൻ വയ്യ . എന്നിൽ ജ്വലിക്കാത്ത സൂര്യനെ ഞാൻ ഇവിടെ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നു ",
അയാൾ ഒന്നേ ഉരുവിട്ടൊള്ളു
" കൃഷ്ണപ്രിയയുടെ ആഗ്രഹം പോലെ നടക്കട്ടെ "

ഈ തകർച്ച ബാധിച്ചത് സൂര്യയുടെ അമ്മയെ ആണ് , വീട്ടിലെ ഏകാന്തതയും , തൻ്റെ തിരക്കും , അമ്മയെ അവിടെ നിന്നും അനുജത്തിയുടെ കൊച്ചിയിൽ ഉള്ള വീട്ടിലേക്ക് പോകാൻ പ്രേരിപ്പിച്ചു , അമ്മയുമായുള്ള ബന്ധം പോലും ആഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ടു പ്രാവശ്യം ഉള്ള ഒരു ഫോൺ വിളിയിൽ ഒതുങ്ങി .അതും ചുരുക്കം ചില വാക്കുകൾ മാത്രം. കഴിഞ്ഞ ഓണക്കാലത്താണ് അമ്മയെ അവസാനം കണ്ടത് .

കഴിഞ്ഞ പ്രാവശ്യം 'അമ്മ പിന്നെയും ഓർമ്മിപ്പിച്ചു
" ഇങ്ങനെ നടന്നാൽ മതിയോ? ഇനി ഒരു വിവാഹം ….
അതു കേട്ടതും അനുജത്തി ചന്ദ്രപ്രഭ
" എന്തിനാണ് അമ്മേ ഒരു പെൺകുട്ടിയുടെ ശാപം കൂടി വലിച്ചു വെക്കുന്നത് ?"
'അമ്മ പറഞ്ഞാണ് കൃഷ്ണപ്രഭയുടെ പുനർവിവാഹവും , കുട്ടി ഉണ്ടായതും ഒക്കെ അറിഞ്ഞത് , എല്ലാം മൂളി കേൾക്കുമ്പോൾ അവളെ നഷ്ടപ്പെട്ടതിന്റെ വേദന ഉണ്ടാകുമെന്നു തീരെ ഓർത്തില്ല , ഇപ്പോൾ , വൈകി പോയി .

പെട്ടെന്ന് എന്തോ ഓർത്തപോലെ അയാൾ ഫോൺ എടുത്തു തൻവിയെ വിളിച്ചു ..തൻവിയെ വല്ലപ്പോഴും ഗസ്റ്റ് ഹൗസിൽ കാണാറുണ്ട് , മാസത്തിൽ ഒന്നോ, രണ്ടോ പ്രാവശ്യം , തൻ്റെ പൗരുഷം വല്ലപ്പോഴും ഒന്നു മാറ്റുരക്കുന്നത് അവളുടെ കൂടെ ആണ് .അതും ഒരു ബിസിനസ് ഡീലിന്റെ ഭാഗം പോലെ .
ഫോൺ ഫുൾ ബെൽ അടിച്ചു നിന്നു . അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ തിരികെ വിളിച്ചു
" സാർ എന്നെ വിളിച്ചിരുന്നോ ?"
" നീ ഗസ്റ്റ് ഹൗസ് വരെ ഒന്ന് വരണം , say by sharp 11 .."
" അയ്യോ ഇന്ന് നടക്കില്ല സാർ , എൻ്റെ ഇരട്ടക്കുട്ടികളുടെ പത്താം ജന്മദിനം ആണ് , കുറച്ചു ഫ്രണ്ട്സ് വരുന്നു. എല്ലാം കഴിയുമ്പോൾ എങ്ങനെയും ലേറ്റ് ആകും " നാളെ ഫ്രീ ആണ് "
അയാൾ അതിനുത്തരം കൊടുക്കാതെ ഫോൺ കട്ട് ചെയ്തു .
തൻവി പറഞ്ഞത് ഒരു പുതിയ അറിവ് ആയിരിന്നു , അവൾ വിവാഹിത ആണോ, കുട്ടികൾ ഉണ്ടോ ഒന്നും അറിഞ്ഞിരുന്നില്ല , കഴിഞ്ഞ അഞ്ചു വര്ഷം താൻ പ്രാപിച്ചുകൊണ്ടിരിന്ന പെണ്ണിനെ പറ്റി പോലും അറിയില്ല .


സൂര്യ കർട്ടൻ മെല്ലെ മാറ്റി , പുറത്തേക്കു നോക്കി , വിശാലമായ പുൽത്തകടി , പൂമരങ്ങൾ ,ജലധാരായന്ത്രം, കൂടെ മാർബിൾ സുന്ദരിയും , തൻ്റെ തോട്ടത്തിലെ ചെടികളും , പൂക്കളും കണ്ടു അയാൾ അത്ഭുതപ്പെട്ടു , ഗുൽമോഹർ അങ്ങനെ പൂത്തു ഉലഞ്ഞു നിൽക്കുന്നു. പ്രേമത്താൽ ചുവന്നു തുടത്ത ഒരു കന്യകയുടെ കവിൾത്തടം പോലെ തോന്നി . തോട്ടക്കാരൻ , പുൽത്തകിടിയിൽ വെള്ളം ഒഴിച്ചുകൊണ്ടിരിക്കുന്നു . അയാളെ എപ്പോൾ കണ്ടാലും , ഇങ്ങനെ തന്നെ 
രാത്രിയിൽ കൂടി അയാൾ ചെടി നനക്കുന്നുണ്ടാകുമോ ? ശമ്പളത്തിനാണെങ്കിൽ കൂടി , ഈ തോട്ടത്തെ ഇയാൾ നിരുപാധികമായി സ്നേഹിക്കുന്നു എന്ന് തോന്നി , എന്തായിരിക്കും അയാളുടെ പേര് , അറിയില്ല , തനിക്കു പിന്നെ എന്തറിയാം ? , വെറുതെ ചോദിച്ചു പോയി .

കിച്ചനിലേക്കുള്ള ബെല്ലടിച്ചപ്പോൾ കബീർ വന്നു , അവനാണ് ഈ വീട്ടിൽ സൂര്യയുടെ കാര്യങ്ങൾ നോക്കുന്നത്
" സാർ "
എന്തിനാണ് അവനെ വിളിച്ചത് എന്ന് അറിയില്ല , എന്നാലും പറഞ്ഞു
"one strong coffee with milk and sugar "
സാധാരണ ബ്ലാക്ക് കോഫി ആണ് കുടിക്കുന്നത് , ഇന്ന് എന്തോ അങ്ങനെ തോന്നി .
കാപ്പിയും കൊണ്ട് വന്ന കബീറിനോട് അയാൾ ചോദിച്ചു
" ക്വാർട്ടേഴ്സിൽ നിൻറെ കൂടെ ആരൊക്കെ ഉണ്ട് ?"
അവൻ ഒരു നിമിഷം പേടിച്ചെന്നു തോന്നി
" എൻ്റെ ഭാര്യ പായൽ , മകൾ സുവി , പിന്നെ മകൻ സാഹിൽ "
" സുവിയോ എന്താണ് ആ പേരിൻറെ അർഥം ?
" വേനല്ക്കാലംഎന്നാണ്, പക്ഷെ വേനൽ പ്രകാശം അല്ലെ ? അതാണ് അങ്ങനെ പേരിട്ടത് "

സൂര്യ ഒന്ന് ഊറി ചിരിച്ചു ,

ഒരു വാക്കിനെ തന്നെ എങ്ങനെ ഒക്കെ കാണാം എന്നോർത്ത് .

" അപ്പനും അമ്മയും ഒക്കെ ?

" അവർ എൻ്റെ ഗ്രാമത്തിലാണ് സാർ "
" കഴിഞ്ഞ മാസം വന്നിരുന്നു , മക്കളെ കാണാൻ, ദൂരെ നിന്നും സാറിനെയും കണ്ടു , ഞങ്ങൾക്ക് ഇത്രയും നല്ല ഒരു ജീവിതം തന്നത് സാർ അല്ലെ ?

അയാൾ അതിനു ഉത്തരം കൊടുക്കാതെ വെറുതെ കബീറിനെ നോക്കി പിന്നെയും പുഞ്ചിരിച്ചു . അപ്പോൾ അവൻ്റെ കണ്ണുകൾ രണ്ടു നക്ഷത്രങ്ങൾ ആയി , അതിൻ്റെ തിളക്കം മുഖത്തേക്കും പടരുന്നത് പോലെ തോന്നി , ഒരു ചിരിക്ക് ഇത്രയും ശക്തിയുണ്ടോ ?

കാപ്പി കുടിയും കഴിഞ്ഞു സൂര്യ പതുക്കെ പൂമുഖത്തേക്കിറങ്ങി , ഡ്രൈവർ മുന്ന ഓടി വന്നു
" സാർ പുറത്തേക്കു പോകണമോ ? "
" വേണ്ട മുന്നാ "
താൻ പൂമുഖത്തേക്കു വരുന്നത് വെളിയിൽ പോകാൻ മാത്രം ആണ് , അത് ഇവിടെ എല്ലാവർക്കും അറിയാം .
വെറുതെ തോട്ടത്തിൽ കൂടി നടന്നു , എത്ര തരം പൂക്കൾ , റോസ് മാത്രം പലതരം , സൂര്യ കുനിഞ്ഞ് ഒരു  റോസാപ്പൂവിന്റെ സൗരഭ്യം ആസ്വദിച്ചു, തോട്ടക്കാരൻ , ഭവ്യതയോടെ മാറി നിന്നു , ആ മുഖത്തു കുറച്ചു അഭിമാനവും ഉണ്ടെന്നു തോന്നി . സൂര്യ അയാളോട് പേര് ചോദിച്ചു .
"കറുപ്പയ്യാ . "
" തോട്ടം നന്നായി വെച്ചിട്ടുണ്ടല്ലോ "
" അതല്ലേ സാർ എൻ്റെ പണി ,"
അയാൾക്കും ഒരു ചെറു പുഞ്ചിരി സമ്മാനിച്ചിട്ടു സൂര്യ തിരികെ ബംഗ്ലാവില്ക്കു കയറി .

അമ്മയുടെ ശബ്ദം കേൾക്കണം എന്ന് തോന്നി , ഫോൺ എടുത്തു അമ്മയെ വിളിച്ചു , ഒറ്റ റിങ്ങിൽ തന്നെ 'അമ്മ ഫോൺ എടുത്തു .
" അമ്മാ സുഖം ആണോ ?"
"നന്നായിരിക്കുന്നു , ഇനി എന്നാണ് കൊച്ചിയിലേക്ക് ?
" വരാം , അടുത്ത ആഴ്ച "
" വലിയ മീറ്റിംഗ് ഒന്നും ഇല്ലെങ്കിൽ ബുധനാഴ്ച ഒന്ന് വരുമോ ?
" എന്താണ് ബുധനാഴ്ച വിശേഷം ?'
" എടാ നിൻ അപ്പൻ കൃഷ്ണകുമാർ എന്നെ കെട്ടിയിട്ടു 50 വർഷം തികയുന്ന ദിവസം , അങ്ങേരു പോയെങ്കിലും എനിക്ക് ആ ദിവസം സുപ്രധാനമായ ഒന്നാണ് , എനിക്കത് ആഘോഷിക്കണം , നീ കൂടെ ഉണ്ടെങ്കിൽ സന്തോഷം , " അമ്മയുടെ സംസാരം കേട്ടപ്പോൾ ചിരി വന്നു
" തീർച്ചയായും വരും ,"
"ഉറപ്പല്ലേ ? അവസാന നിമിഷം മാറ്റരുത് "
" ഇല്ല "
അമ്പതു വര്ഷം , അതിനർത്ഥം തനിക്കു രണ്ടു വർഷം കഴിഞ്ഞാൽ അമ്പതു വയസ്സാകും .എന്നാണ് .
സോഫയിൽ ഇരുന്നു , കോളേജ് whatsapp group നോക്കി, തകൃതി ആയി എല്ലാവരും ചാറ്റ് ചെയ്യന്നു , എന്തോ രസകരമായ വിഷയം ആണ് , രാമുവിന്റെ വെഡിങ് ആനിവേഴ്സറി , സൂര്യ ആദ്യമായി അതിൽ പങ്കെടുത്തു .
ഒരു മെസ്സേജ് അയച്ചു
" ഹാപ്പി ആനിവേഴ്സറി രാമു "

ഗ്രൂപ്പ് തുടങ്ങിയ നാൾ
hi everyone എന്ന് എഴുതിയതാണ് , പിന്നെ എപ്പോഴെങ്കിലും ബർത്ഡേ ആശംസിക്കുമ്പോൾ , അതും രണ്ടു ദിവസം കഴിഞ്ഞു , " താങ്ക്സ് ടു ഓൾ " എന്ന മറുപടിയിൽ ഒതുക്കി ആ ഗ്രൂപ്പുമായുള്ള സമ്പർക്കം .
പെട്ടെന്നു , കാക്കക്കൂട്ടിൽ കല്ലെറിഞ്ഞ പോലെ മെസ്സേജുകളുടെ പെരുമഴ , താൻ അവർക്കായിട്ടു സമയം കണ്ടെത്തിയതിൽ സന്തോഷം , അത്ഭുതം , കുറെ ഓർമ്മകൾ , കളിയാക്കൽ , ഉച്ചയായതറിഞ്ഞില്ല ...
എത്ര ചെറിയ , വലിയ സന്തോഷങ്ങൾ ആണ് നഷ്ടപ്പെടുത്തിയത് .
ഫോണിൽ സമയം രണ്ടെന്ന് കാണിച്ചതും കബീറിൻറെ തലവെട്ടം കണ്ടു , ലഞ്ച് റെഡി ആയി കാണും , വിളിക്കാൻ ധൈര്യം ഇല്ലാത്തതു കൊണ്ട് , അവിടെ നിൽക്കുകയാണ് , അയാൾ പതുക്കെ ഊണ് മുറിയിലേക്ക് നടന്നു .
കബീർ വിളമ്പിയ ഭക്ഷണം പതിവിനു വിപരീതമായി സ്വാദോടെ കഴിച്ചു ,
" എല്ലാം നന്നായിരിക്കുന്നു , സേതുഭായി തന്നെ അല്ലെ എല്ലാം ഉണ്ടാക്കിയത്?
" അതെ സാർ "
എഴന്നേറ്റു കൈ കഴുകിയപ്പോൾ കബീർ,
" ഇന്ന് സുവിയുടെ പിറന്നാൾ ആണ് , സാർ അവളെ അനുഗ്രഹിക്കണം , "
" ഓ അതിനെന്താ , അവളെ കൂട്ടിക്കൊണ്ടു വരൂ , "
"സാർ മുകളിൽ റസ്റ്റ് എടുത്തോ , ഞാൻ അങ്ങോട്ട് വരാം"
" നീ പോയി അവളെ കൊണ്ടുവരൂ .. ഞാൻ വെയ്റ്റ് ചെയ്യാം ."
കുറച്ചു കഴിഞ്ഞപ്പോൾ പാദസരത്തിന്റെ ചെറിയ കിലുക്കം , കുഞ്ഞു പാദങ്ങൾ , അടിവെച്ചടിവച്ച് അവൾ വന്നു , ഒരു കുഞ്ഞു മാലാഖ പോലെ , കൈയിൽ ചെറിയ പ്ലേറ്റിൽ , കുറച്ചു മിഠായി, സൂര്യ ഒരെണ്ണം എടുത്തു വായിൽ ഇട്ടു , സുവിയുടെ കവിളിൽ ഒന്ന് തട്ടി കുനിഞ്ഞു ഇടതു കവിളിൽ ഒരു മുത്തം കൊടുത്തു . കബീറിന്റെ കണ്ണുകൾ നിറയുന്നത് അയാൾ കണ്ടു .
" സുവി ഇന്ന് ജന്മദിനം ആയിട്ട് എന്താണ് പ്രോഗ്രാം ?"
" അപ്പാ വൈകുന്നേരം വെളിയിൽ കൊണ്ടുപോകാം എന്ന് പറഞ്ഞു "
"വെളിയിൽ എവിടെ ?"
കബീർ ആണ് ഉത്തരം പറഞ്ഞത്
" ചുമ്മാ ബസന്ത് നഗർ ബീച്ച് വരെ "
" നിന്റെ ചേട്ടനോടും റെഡി ആകാൻ പറയൂ , ഞാൻ കൊണ്ടുപോകാം , അപ്പാ നല്ല കുട്ടി ആയിരുന്നാൽ കൂടെ കൊണ്ടുപോകാം ഇല്ലേ ? ഒരു തമാശ പറയാൻ ശ്രമിക്കുകയായിരിന്നു .

" അയ്യോ സാർ അതൊന്നും വേണ്ടാ "
" കബീർ ഞാൻ പറയുന്നത് കേൾക്കൂ അഞ്ചു മണി ആകുമ്പോൾ കുട്ടികളെ റെഡിയാക്കി കൊണ്ടു വരൂ .
റെഡ് ബെൻസ് എടുക്കാൻ മുന്നയോടും പറഞ്ഞേക്കു"
സന്തോഷം കൊണ്ട് സുവി , അവളുടെ അപ്പായെ നോക്കി ....

വൈകുന്നേരം അഞ്ചു മണിക്ക് സൂര്യ ടീ ഷർട്ടും ജീൻസുമണിഞ്ഞ്  വെളിയിൽ വന്നു .
കബീറും കുട്ടികളും കാത്തു നിന്നിരുന്നു. , ഇടവും വലവും കുട്ടികളുമായി അയാൾ കാറിന്റെ പിൻസീറ്റിൽ ഇരുന്നു , മുൻപിൽ കബീറും .
"ബീച്ചിൽ മാത്രം പോയാൽ മതിയോ ?"
സുവി മൂന്ന് വിരൽ ഉയർത്തി പറഞ്ഞു
" ഒന്ന് അഷ്ടലക്ഷ്മി കോവിൽ "
"പിന്നെ ..?
"അഡയാർ ആനന്ദ ഭവൻ , മസാല ദോശ , ഹോർലിക്സ് മൈസൂർപാക്"
"പിന്നെ ബീച്ച് "
" ഓക്കേ ഡൻ "
കാർ അമ്പലത്തിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ട് അവർ നടന്നു , അഷ്ടലക്ഷ്മികളെ കാണാൻ "
സൂര്യയുടെ അംഗരക്ഷകർ മുൻപിലും പുറകിലുമായി വന്ന കാറിൽ നിന്നും ഇറങ്ങി അയാളെ അനുഗമിച്ചു .
സൂര്യയെ കണ്ട ജനം , ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു , ഇതെല്ലം ആസ്വദിച്ചത് കബീറിന്റെ മകൻ സാഹിൽ ആയിരിന്നു.  കുറേപേർ പരിചയഭാവത്തിൽ പുഞ്ചിരിച്ചു , അയാൾ തിരികെയും. എട്ടു ലക്ഷ്മിമാരെ കണ്ടു പുറത്തിറങ്ങി , വർഷങ്ങൾ ആയി ഇവിടെ വന്നിട്ട് , കുട്ടി ആയിരുന്നപ്പോൾ എപ്പോളോ വന്നത് ഓർമ്മയുണ്ട്.  അച്ഛന്റെയും അമ്മയുടെയും കൂടെ .
എത്ര പെട്ടെന്നാണ് , പത്രക്കാർ വന്നു നിറഞ്ഞത്. ഈ പാപ്പരാസികൾ ... അവർക്ക്, എന്തെങ്കിലും പ്രത്യേകിച്ചു വിശേഷം ഉണ്ടോ ഈ വരവിനു പിന്നിൽ എന്നറിയണം , അയാൾ മറുപടി പറയാതെ ചിരിച്ചു , ബോഡിഗാർഡ്സ് , അവരെ വകഞ്ഞു മാറ്റി അയാളെ കാറിൽ കയറ്റി .
അപ്പോൾ തന്നെ വിവേകിന്റെ ഫോൺ വന്നു , വിവേക് സൂര്യയുടെ പ്രൈവറ്റ് സെക്രട്ടറി ആണ് , അയാൾ കുടുംബസമേതം തിരുപ്പതി വരെ പോയതാണ് ,
" സാർ , നിങ്ങൾ എവിടെ ആണ് ?
" ബസന്ത് നഗർ വരെ വന്നു, "
"ഞാൻ അറിഞ്ഞു "
" സാർ എന്താ പതിവില്ലാതെ ഇങ്ങനെ ? സാറിനു വെളിയിൽ പോകണം എന്ന് എനിക്ക് അറിയില്ലായിരുന്നു , Otherwise I would have stayed back "
" റിലാക്സ് വിവേക് , നതിങ് സീരിയസ് ,ഒരു ചേഞ്ച് അത്രയേ ഉള്ളു "
ആശ്വാസത്തോടെ അയാൾ ഫോൺ വെച്ചു.

അഡയാർ ആനന്ദ ഭവനിൽ കാലുകുത്തിയതും , സകല കണ്ണുകളും ആയാൾക്കു നേരെ തിരഞ്ഞു , അത്ഭുതം , സന്തോഷം , ആരാധന ഒക്കെ നിറഞ്ഞ നോട്ടങ്ങൾ , പെട്ടെന്ന് മാനേജർ ഓടി വന്നു ,
" സാർ മുകളിൽ ഇരിക്കാം , അയാൾ സന്തോഷപൂർവം അത് നിരസിച്ചു . കുട്ടികൾക്കൊപ്പം ഇരുന്ന് അവർ മസാല ദോശ കഴിക്കുന്നത് കണ്ട് ആസ്വദിച്ചു , ആരാധനയോടെ ചില ചെറുപ്പക്കാർ വന്നു സെൽഫി എടുത്തു .സൂര്യ സന്തോഷപൂർവം അതിനൊക്കെ നിന്നു കൊടുത്തു , അയാൾക്ക് അയാളെ കുറിച്ചു തന്നെ അത്ഭുതം തോന്നി , തനിക്കു എന്ത് സംഭവിച്ചു ? , ഇത്ര പെട്ടെന്ന് , 
എത്ര ചെറിയ ചെറിയ സന്തോഷങ്ങളാണ് താൻ നഷ്ടപ്പെടുത്തിയത് , മറ്റൊരാൾ സന്തോഷിക്കുന്നത് കാണുമ്പോൾ കിട്ടുന്ന സംതൃപ്തി അയാൾ തിരിച്ചറിഞ്ഞു .
ബീച്ചിൽ കുട്ടികൾക്കൊപ്പം അയാളും നടന്നു നീങ്ങി , അവർ മണലിൽ വീട് പണിതു , വെള്ളത്തിൽ കളിച്ച് തിരമാലകൾക്കൊപ്പം ഓടുന്നത് അയാൾ കൗതുകപൂർവ്വം നോക്കി നിന്നു .
പതുക്കെ അവരോടൊപ്പം സൂര്യയും വെള്ളത്തിൽ ഇറങ്ങി , ഒരു ജലകന്യ സമുദ്രത്തിൽ നിന്നും കയറി വന്നു തൻ്റെ കൈപിടിച്ചിരുന്നെങ്കിൽ, തൻ്റെ നെറ്റിയിൽ അമർത്തി ചുംബിച്ചിരുന്നെങ്കിൽ , എന്നയാൾ വെറുതെ മോഹിച്ചു , സൂര്യാസ്തമയം ഒരു ബാലന്റെ കൗതുകത്തോടെ, നോക്കിക്കണ്ടു , തന്നിലെ , ബാല്യത്തെ അയാൾ വാരിപ്പുണർന്നു , അവനോടു സല്ലപിച്ചു , അവനെ സന്തോഷത്തോടെ ചേർത്തുപിടിച്ചു , തലയിൽ സ്നേഹപൂർവ്വം തലോടി .

തിരികെ വീട്ടിലേക്കു പോകുമ്പോൾ അയാൾ വിവേകിനെ വിളിച്ചു , അടുത്ത ഒരാഴ്ച്ചത്തേക്കുള്ള പരിപാടികൾ എല്ലാം ക്യാൻസൽ ചെയ്യാൻ പറഞ്ഞു . 
അമ്മയെ വിളിച്ച് നാളെ താൻ കൊച്ചിയിലെത്തും എന്നും അറിയിച്ചു .

തിരികെ പോകണം , അമ്മയുടെ അടുത്തേക്ക് കുറച്ചു ദിവസം , അമ്മയുടെ മകനായി അവിടെ നിൽക്കണം .
അതിനിടെ ആരൊക്കെയോ ട്വീറ്റ് ചെയ്യുന്നത് അയാൾ കണ്ടു
" സൂര്യ കൃഷ്ണകുമാർ ,പ്രമുഖ ബിസിനസ് മാഗ്നെറ്റ് spotted in besant nagar along with care takers children "
അയാളെ അത് രസിപ്പിച്ചു .
അതിൻ്റെ താഴെ അയാൾ കുറിച്ചു
"സൂര്യ പുനർജ്ജനിച്ചു !
"ഒരു നിമിഷത്തിന് ഒരു ദിവസത്തെ മാറ്റാൻ കഴിയും, ഒരു ദിവസത്തിന് ഒരു ജീവിതത്തെ മാറ്റാൻ കഴിയും, ഒരു ജീവിതത്തിനോ? ലോകത്തെത്തന്നെ മാറ്റാൻ കഴിയും- ശ്രീ ബുദ്ധൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക