Image

കപ്പലണ്ടി മിഠായി (കഥ-പാർവതി പ്രവീൺ, മെരിലാൻഡ്)

Published on 30 October, 2020
കപ്പലണ്ടി മിഠായി (കഥ-പാർവതി പ്രവീൺ, മെരിലാൻഡ്)

കിളികളുടെ ശബ്ദം പുലരുന്നതിന് മുമ്പേ കേൾക്കാൻ തുടങ്ങി.ഉറക്കം വിട്ട് പോരാൻ മനസ്സ് മടിച്ചു പിന്നെയും അവൾ കിടന്നു .അവധിക്കാലം തീരാൻ ഇനിയും ഒരുദിവസം കൂടി .
ഒരു വർഷം കൊണ്ട് അവൾ നെയ്ത സ്വപ്നങ്ങളെ അഞ്ചാഴ്ചളുടെ ഓർമ്മത്താളുകളിൽ നിറപ്പകിട്ടാർന്ന ചിത്രങ്ങളായ്  തീർത്തു.
ഓരോ അവധിക്കാലവും അവൾക്ക് പ്രിയം, അതുപോലെ തന്നെ ഇതും മനോഹരം.
ഓർമ്മളും പ്രതീക്ഷകളുമായ് വീണ്ടും യാത്രയാകുവാൻ അവൾ  തയ്യാറാകുകയാണ് , അവളുടെ തിരക്കാർന്ന  ജീവിതചര്യകളിലേക്ക്.
അവൾ കട്ടിലിൽ കിടന്ന് മക്കളെ തിരക്കി.
അവർ മുറ്റത്ത്  അപ്പുപ്പനുമായ് കളിക്കുകയാണ്.
പാവം കുട്ടികൾ , അവധിക്കാലത്തിന്റെ അവസാന ദിവസം ആഘോഷിക്കുകയാണ്.
കുട്ടിക്കാലത്ത് അവധിക്കാലം കഴിഞ്ഞ് അച്ഛന്റെ കൈ പിടിച്ച് തറവാട്ടിൽ നിന്ന് പടികൾ ഇറങ്ങുമ്പോൾ മനസ്സ് പിടഞ്ഞിട്ടുണ്ട്. അവധിക്കാലത്തിന്റെ  സൗന്ദര്യത്തെ വെല്ലുന്ന വൈരൂപ്യമാണ് ആ പടികൾ ഇറങ്ങുമ്പോൾ അനുഭവപ്പെടാറുള്ളത് .അന്ന് അച്ഛനും അമ്മയും അവളോട് ചെയ്ത  ആ ക്രൂരത ഇന്ന് അവളും പിൻതുടരുന്നു.
അവൾ മനസ്സിൽ ഓർത്തു.

 ഇനിയും ഒരു സ്ഥലം കൂടിയുണ്ട് പോകാൻ .  നെയ്ത സ്വപ്നങ്ങളിൽ വളര നാളുകളായ് ഇടം പിടിച്ച  സ്ഥലം. അവിടെ പോകുവാൻ ഒരു ധൈര്യക്കുറവ്.
ചില വാക്കുകളാൽ  ഒറ്റപ്പെട്ടു പോയ ഒരു സ്ഥലം.
പോകണോ വേണ്ടയോ എന്ന് കുറേ ആലോചിച്ചു.

"പോകണം "
എന്ന് മനസ്സ് ദൃഢ നിശ്ചയം എടുത്തതുപോലെ , ആ സ്ഥലം മനസ്സിൽ വീണ്ടും വീണ്ടും തെളിഞ്ഞു വന്നു.
ഒടുവിൽ പോകുവാൻ തീരുമാനിച്ചു .
ആരോടും സമ്മതം ചോദിക്കുവാൻ നിന്നില്ല.
മുഖം കഴുകി, മുടി പതുകെ ഒതുക്കി , ധിറുതിയിൽ ഉടുപ്പ് മാറി , അതിവേഗം കോവണിപ്പടികൾ ഇറങ്ങി താഴെ എത്തി ,കാർ എടുത്തു.

മുൾ വേലിയും, മുളവടികളും ചീവീടിന്റെ ശബ്ദംവും ചുവന്ന കല്ലുകളും നിറഞ്ഞ ഒരു ഇടവഴി ആയിരുന്നു അത് പണ്ട്.
ഇപ്പോൾ ടാറിട്ട് പാകി ആ വഴി മെച്ചപ്പെട്ടുത്തിയിരിക്കുന്നു.
'ഈ സ്ഥലം വല്ലാതെ മാറിയിരിക്കുന്നു '.

അവൾ കാർ  ഗൈയിറ്റിന്റെ മുൻപിൽ കൊണ്ട് പതുക്കെ നിർത്തി. അടഞ്ഞ ഗൈയറ്റ് തുറക്കാൻ കാറിൽ നിന്ന് ഇറങ്ങി. ചുവന്ന പെയിന്റെടിച്ച ഗൈയ്റ്റ , തുരുമ്പ് പിടിച്ച് നാശമായിട്ടുണ്ട്. അവൾ ഗെയിറ്റിൽ തൊട്ടപ്പോൾ എവിടെയോ നിശ്ചലിച്ചുകിടന്ന ഓർമ്മകൾ ഉണർന്നു.
ഗൈയിറ്റിൽ കയറി നിന്ന് ബസ്സ് കളിച്ചതും, സ്ക്കൂൾ ബസ്സ് കാത്തു നിന്നതുമായ ചിത്രങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു.
കുറേ ആത്മാക്കൾ ഉറങ്ങിക്കിടക്കുന്ന ആ വീട്ടിലേക്കു അവൾ ഗൈയ്റ്റു തള്ളി തുറന്ന് കയറി.
പതുക്കെ ഓരോ പടികൾ കയറി.
പടികൾ ഓരോന്നായ് കയറിപ്പോകുമ്പോൾ , ഇന്നലെ ആ  പടികളിൽ ചവിട്ടി അച്ഛന്റെ കൈയ്യിൽ പിടിച്ച് ഇറങ്ങി പോകുന്നതു പോലെ തോന്നി.പതിനഞ്ച് വർഷങ്ങൾ, എന്തെല്ലാം മാറ്റങ്ങൾ …
ഓരോ അവധിക്കാലത്ത് നാട്ടിൽ  വരുമ്പോഴും ഒന്നു കേറുവാൻ ധൈര്യമില്ലാതിരുന്ന അവൾക്ക് ഈ ധൈര്യം എവിടെ നിന്നും കിട്ടി.
കുറേ ചോദ്യങ്ങളുമായ് പടികൾ കയറി വീടിന്റെ മുൻപിലെത്തിയപ്പോൾ നഷ്ടപ്പെട്ടു പോയ ആ ദിവസങ്ങൾ ഓർമ്മയിൽ തെളിഞ്ഞു വന്നു.

കിഴക്കേ മുറ്റത്ത്  മനോഹരമായ ഒരുപൂന്തോട്ടമുണ്ടായിരുന്നു , പുന്തോട്ടത്തിന്റെ ഒത്ത നടുവിൽ അപ്പച്ചി നട്ടുവളർത്തിയ എന്നും കുലച്ചു നിന്ന ചുവന്ന തെറ്റി അവളുടെയും പ്രിയപ്പെട്ടതായിരുന്നു.
അതെല്ലാം വെട്ടി നശിപ്പിച്ചിരിക്കുന്നു.
പൊളിഞ്ഞ് വീഴാറായ് നിൽക്കുന്ന വീട് കണ്ട്,
മനസ്സ് ഒന്നു വിങ്ങി.
അവൾ പൂമുഖത്തിണ്ണയിൽ കയറി നിന്നു. ആൾ താമസമില്ലാത്തത് കൊണ്ട് ചിലന്തികൾ അവിടെ കോളനികൾ സൃഷ്ടിച്ചിട്ടുണ്ട്.
പതുക്കെ അവൾ പടിവാതിലിൽ ചാരി ഇരുന്നു ,  നോക്കിയപ്പോൾ പടിവാതിലിൽ കുറേ വിള്ളലുകൾ, ആ പഴയ വീടിന്റെ നാഡീ ഞരമ്പുകൾ പോലെ അവിടെ ആകമാനം പടർന്ന് കിടക്കുന്നു.ആ വീടിന്റെ ഇടിഞ്ഞ ഭിത്തികളിലെ ഇഷ്ടികകൾ ഒരായിരം രഹസ്യങ്ങൾ പറയുവാൻ വെമ്പുന്ന പോലെ തോന്നി.ചെവി ഓർത്ത് ഇരുന്നു ,ആ രഹസ്യ കഥകൾ കേൾക്കാൻ . പതുക്കെ അവൾ ഭിത്തിയിയ്ക്കു തലചായ്ച്ചു.
 ഓർമ്മകളുടെ പല താളുകൾ അവൾ ആ പടിവാതിലിൽ ഇരുന്നു മറിച്ചു .
പൊടി മണം നന്നായിട്ടുണ്ട് ,ആമണത്തിൽ ധന്വന്തരം കുഴമ്പിന്റെ മണം നന്നായ് ഇഴുകിച്ചേർന്നിരുന്നു. പിന്നെ, റേഡിയോയിൽ നിന്ന് സദാ  കേൾക്കുന്ന പാട്ട് ന്റെ ഈണം ആ അന്തരിക്ഷത്തിൽ അലിഞ്ഞു നിന്ന പോലെ.
അവൾ ഒന്ന് മയങ്ങി.
പൂമുഖത്തിണ്ണയിൽ എപ്പോഴും ,ഉള്ളിൽ കിടക്കുന്ന സ്നേഹത്തെ മണ്ണിട്ട് മൂടി അതിന്റെ മുകളിൽ ഗൗരവത്തിന്റെ ചാരുകസേരയിട്ട്
കാവിമുണ്ട് ഉടുത്ത് ഇരിക്കുന്ന അപ്പുപ്പൻ ,
ധന്വന്തരം കുഴമ്പിന്റെ മണമുള്ള എപ്പോഴു    സ്നേഹിക്കുവാൻ അറിയുന്ന അമ്മുമ്മ , അപ്പച്ചി , രൂപ ചേച്ചി , ശാരി ചേച്ചി, അമ്മു, മാളു, കണ്ണൻ, അപ്പു
എല്ലാവരുടെയും മുഖം അവളുടെ ഓർമ്മ താളിൽ  നിറഞ്ഞു തുടങ്ങി. താളുകൾ മറിഞ്ഞു കൊണ്ടേയിരിന്നു.
ഒരു താളിൽ അവൾ നിന്നു പോയ്
കൂടെ ഒരു മുഖം മിന്നി മാഞ്ഞു നിന്നു . ഒരു ചുംബനത്തിന്റെ ഓർമ്മകൾ ഒപ്പിട്ടുവച്ച ആ താൾ. ആ താളിനെ അവൾ മൃദുലമായ തലോടി. ആ തലോടലിൽ ഒരു തൊട്ടാവാടിയുടെ നിഷ്കളങ്കതയിൽ ഒരു പൊടി മീശക്കാരന്റെ മുഖം നിറഞ്ഞു നിന്നു .

ഒരു വേനലവധിക്കാലം . പതിവുപോലെ അച്ഛന്റെ കൂടെ തറവാട്ടിൽ എത്തി.
ഇപ്രാവശ്യത്തെ വരവിൽ കുറച്ച് വ്യത്യാസമുണ്ട്. രൂപ ചേച്ചിയുടെ കല്യാണ നിശ്ചയമാണ്. അതുകൊണ്ട് എല്ലാവരും  കല്യാണ നിശ്ചത്തിന്റെ ഓട്ടപ്പാച്ചിലിൽ  ഓടി നാടുക്കുകയാണ്.വേനൽക്കാല അവധിയാതുകൊണ്ട് എല്ലാ ബന്ധുക്കളും   കൂടിയിട്ടുണ്ട്.കൂട്ടത്തിൽ ഈ പൊടി മീശക്കാരനും എത്തി. രൂപ ചേച്ചിയുടെ അപ്പച്ചിയുടെ മകൻ.
 അതിഥികൾ ഓരോന്നായ വരുമ്പോൾ അത്യാവശ്യ സാധനങ്ങൾ മേടിപ്പിക്കാനായ് അപ്പച്ചി
"മേനേ രാമൂ " എന്ന് നീട്ടി വിളിക്കും.
ആരോ ചാരി വച്ചിരിക്കുന്നഹെർക്കുലീസ് സൈക്കിളിൽ യജ്ഞം നടത്തി പറന്നു പോയി സാധനങ്ങൾ വീട്ടിൽ എത്തിക്കും. ആ സൈക്കിൾ യജ്‌ഞം കുട്ടികൾ  ആശ്ചര്യത്തോടെ നോക്കി നിന്നു കൂടെ ഈ പതിനാലു വയസ്സുകാരിയും .
കടയിൽ  നിന്ന് തിരിച്ചു വരുമ്പോൾ അപ്പച്ചി പറയുന്ന സാധനങ്ങൾക്ക് പുറമേ കൈയ്യിൽ കപ്പലണ്ടി മിഠായിയും കാണും . ചിലപ്പോൾ കുട്ടികൾക്ക്മിഠായികിട്ടിയാൽ കിട്ടി. അതിന്റെ പേരിൽ ചെറിയ പരിഭവങ്ങൾ കുട്ടികളുടെ ഇടയിൽ നിന്നിരുന്നു.

നിശ്ചയം കഴിഞ്ഞു.എല്ലാവരും പോകുവാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.

യാത്ര പറച്ചിലുകൾ പുമുഖത്ത് ആവർത്തിച്ചു കൊണ്ടേയിരുന്നു.
കുട്ടികൾ നടുമുറ്റത്ത് വേനൽ മഴയിൽ കെട്ടി നിൽക്കുന്ന വൈളത്തിൽ കലാശക്കൊട്ട് പോലെ കളിച്ച് തിമിർക്കുകയാണ്.
അവളും ആ കളി ആസ്വദിച്ച് നടുത്തിണ്ണയിൽ ഇരുന്നു.
"ഞാനും പോകുവാ തൊട്ടാവാടി, ഈ കപ്പലണ്ടി മിഠായ് നിനക്കുളളതാ ,
"രാമു ചേട്ടൻ പോകാറായോ ?"
"എല്ലാവരും പോകുവാണോ?"
ചോദ്യത്തോടെ, കപ്പലണ്ടി മിഠായി കടിച്ച്
അവനെ അനുഗമിച്ച് അവളും നടന്നു പൂമുഖത്തിണ്ണയിലേക്ക്.

പൂമഖത്തിണ്ണയിലേക്കുള്ള അകത്തളത്തിലെ ഇടമുറിയിൽ എത്തിയപ്പോൾ ആരും കാണാതെ  വാതിലിൽ ചേർത്ത് നിർത്തി അവൻ അവളെ പെട്ടെന്ന് ചുംബിച്ചു . അവളുടെ കണ്ണിലെ കരിമഷി കലങ്ങി.
"കപ്പലണ്ടി മിഠായിക്ക് നല്ല മധുരം "
അവൻ അവളുടെ ചെവിയിൽ പതുക്കെ പറഞ്ഞു.
ഒന്നും മിണ്ടാതെ,തിരിച്ച് യാത്ര പറയുവാൻ അറിയാതെ കപ്പലണ്ടി മിഠായി മുറകെ പിടിച്ച് … അവൾ  വാതിലിൽ ചാരി നിന്നു .
ആ ചുംബന രഹസ്യം അവൾ അന്ന് അറിഞ്ഞിരുന്നില്ല.
അറിഞ്ഞു വന്നപ്പോഴേക്കും ....

അത് നല്ല  വേനലവധിക്കാലമായിരുന്നു.
പ്രതീക്ഷകളും ആകാംക്ഷകളും ഇല്ലാതെ തറവാട്ടിലേക്ക് അവസാനമായി  കയറിയ  ഒരു വേനൽക്കാലവധി. ആ അവധിക്കാലം കഴിഞ്ഞ് തറവാട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ കപ്പലണ്ടി മിഠായിയോട് ഒരു പ്രണയം തോന്നി തുടങ്ങിയിരുന്നു.
പിന്നെയും അവധിക്കാലങ്ങൾ വന്നു, ചിലവിടാൻ  ആ തറവാട്ടിൽ വരുമ്പോൾ , അവളറിയാതെ തന്നെ എന്തോക്കെയോ അവളുടെ മനസ്സ് പ്രതീക്ഷകൾ കൂട്ടിയിരുന്നു. പക്ഷെ ….

കാർ ഹോൺ  കേട്ട് അവൾ ഞെട്ടി ഉണർന്നു.
"ഹോ! നീയോ?" ഞാൻ ഇവിടെയുണ്ടന്ന് നീ എങ്ങനെ അറിഞ്ഞു ?"

"എനിക്കറിയില്ലേ, നിന്നേ ?
 പോകണ്ടേ ! നിന്നേ കാത്തിരിക്കുന്നു എല്ലാവരും . പെട്ടെന്ന് വരൂ "
"ആണോ? സമയം പോയതേ അറിഞ്ഞില്ല. "
ചുംബനത്തിന്റെ നനവാർന്ന ഓർമ്മകളിൽ അവളുടെ കവിളുകൾ ചുവന്നിരുന്നു.

"നീ നന്നായ് ഉറങ്ങിയെന്ന് തോന്നുന്നു.! "
"ഉം … പക്ഷെ
പത്മരാജന്റെ കണ്ണുകൾ  പോലെ എനിക്ക് തോന്നുന്ന ഈ രണ്ട് കണ്ണുകൾ എന്നെ നോക്കി ഇരിക്കുന്നതുപോലെ തോന്നി. നന്നായി ഉറങ്ങിയില്ല. എന്നാലും സുഖമുള്ള ഉറക്കമായിരുന്നു. " ഒരു പുഞ്ചിരി തൂകി കുസൃതിയോടെ അവൾ പറഞ്ഞു.

"എനിക്ക് കപ്പലണ്ടി മിഠായ് വേണം. "

" ഓക്കെ … നമൾക്ക് തിരികെ പോകുമ്പോൾ നോക്കാം "

വേനലിൽ കിട്ടിയ ആദ്യ മഴയിൽ നന്നഞ്ഞ ഒരു സുഖം അവൾക്ക് തോന്നി.
കാറിൽ അവൾ കയറി.. നീങ്ങിയ കാറിൽ ഇരുന്ന്  ഒന്നും കൂടി ആ സ്മരണകളുടെ  ശാലയെ തിരിഞ്ഞു നോക്കി.

"ഇന്ന് ഈ വീട് ആർക്ക് സ്വന്തം എന്നറിയില്ല ,
എന്നാലും ഇനിയും ഇവിടെ വരും ഞാൻ ... എന്റെ ഓർമ്മതാളുകളെ താലോലിക്കുവാൻ.."
അവൾ മനസ്സിൽ നിശ്ചയിച്ചു.

"കാലം സഞ്ചരിക്കാതിരുന്നെങ്കിൽ, ഇവയൊന്നും  ഓർമ്മകളാകില്ലായിരുന്നു അല്ലേ!. " ഒരു നെടുവീർപ്പോടെ അവൾ ചോദിച്ചു
" അപ്പോൾ തനിക്ക് ഈ പത്മരാജന്റെ കണ്ണുകൾ കിട്ടുമായിരുന്നോ ?"
ചെറിയ ചിരികൾ നിറഞ്ഞ് , ആ ചിരികൾ ദൂരേയായ് ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക