Image

പച്ചപ്പു നിറഞ്ഞ വാക്കുകൾ (ജ്യോതി ജയകുമാർ)

Published on 31 October, 2020
പച്ചപ്പു നിറഞ്ഞ വാക്കുകൾ (ജ്യോതി ജയകുമാർ)
വായിക്കുമ്പോൾ ഓരോ വാക്കിനൊപ്പവും പറഞ്ഞു കൊണ്ടിരുന്നത്
ഒന്നായിരുന്നു,  എനിക്കും പോകണം ഇവിടെല്ലാം. ഒരു യാത്രാവിവരണത്തിന്റെ മട്ടൊന്നും ഉണ്ടായിരുന്നില്ല, മറിച്ച് ചിലപ്പോഴെല്ലാം അത്ഭുതം വിളമ്പുന്ന മുത്തശ്ശിക്കഥയായി, നൊമ്പരം പകരുന്ന ജീവിതത്തിന്റെ നേർക്കാഴ്ചയായി, മനം കുളിർപ്പിക്കുന്ന ദൃശ്യവിരുന്നായി നന്ദിനി മേനോന്റെ 'പച്ച മണമുള്ള വഴികൾ'.
ബിലാസ്പൂരിലെ പുതുമണം മായാത്ത നവവധുവിന്റെ യമഹായിലുള്ള
മധുവിധുയാത്രയിൽ കൂടെ പോയത് എന്റെ പ്രണയാതുരമായ
മനമായിരുന്നു. ഓംപുരിയും സാരി തലപ്പുകൊണ്ട് തല മൂടി
നീൾമിഴിമുനയിൽ ക്രോധവും പ്രേമവും ദു:ഖവുമൊക്കെ ഞൊടിയിടയിൽ
മാറി മാറി തിളങ്ങിയിരുന്ന സ്മിതപട്ടീലുമൊക്കെ എന്റെ
സ്വപ്നങ്ങളിലും വിഹരിച്ചിരുന്നു.

സമ്മാനമായി കിട്ടിയ സിന്ദൂരചെപ്പും ജിമിക്കിയും കൊണ്ട്
എഴുത്തുകാരി ജലറാമിന്റെ വീടിന്റെ വാതിൽ ഇറങ്ങി പുറത്തേക്കു
വന്നതിനൊപ്പം എന്നിലെ വായനക്കാരി കൂടെ പോകാൻ തയ്യാറായി
പുറത്തു കാത്തു നിന്നിരുന്നു. ആ യാത്രയിൽ ഞാൻ ഒരു പാട് പേരെ കണ്ടു. ഒരു പാട് സ്ഥലങ്ങളിൽ അലഞ്ഞു നടന്നു. ഞാൻ വായിക്കുകയായിരുന്നില്ല.
അനുഗമിക്കുകയായിരുന്നു.

ഉനാകോടിയിലെ വിരാട് പുരുഷരൂപങ്ങളെ കണ്ടമ്പരന്ന്, താഴ്‌വരയെവലംവെച്ച് മുകളിലേക്ക് ഞാനും പതുക്കെ കയറാൻ തുടങ്ങിയിരുന്നു.പിന്നീടുള്ള മലയിറക്കത്തിനൊടുവിൽ നനഞ്ഞു കുളിർത്തത്ചിറാപുഞ്ചിയിലെ മഴയിലായിരുന്നു. ;ഓട്ട വീണ തട്ടിൻപുറംചോർന്നൊലിക്കുന്നത് പോലെ ചന്തമില്ലാത്ത, ചെത്തമില്ലാത്ത മഴ യിൽ.മഴക്കാഴ്ചകൾ മറച്ചുനിൽക്കുന്ന അപരിചിതനായ മനുഷ്യന്റെ
ധാർഷ്ട്യത്തിലും അഹങ്കാരത്തിലും എന്റെ മനസ്സുമിടിഞ്ഞു.
വാരണാസിയിൽ ഗംഗ ആരതിയുടെ പ്രഭയിലും നദിയിൽ ഒഴുകിനീങ്ങിയ
മൃതശരീരവും, വൃദ്ധസ്ത്രീകളുടെ വിരൽ സ്പർശങ്ങളും എന്നിലും
അസ്വസ്ഥതകൾ തീർത്തു കൊണ്ടിരുന്നു.

കൈലാസപ്രദക്ഷിണത്തിനിടെ കണ്ടുമുട്ടിയ തിബത്തൻ ഗ്രാമീണരെ വിസ്മയം കലർന്ന മിഴികളോടെയെ എനിക്ക് നോക്കി നിൽക്കാൻകഴിഞ്ഞുള്ളു. പ്രതികൂല കാലാവസ്ഥയിലും കൈലാസം ശയന പ്രദക്ഷിണം നടത്തി നീങ്ങുന്ന മനുഷ്യരെ അമ്പരപ്പോടെ നോക്കി ഞാൻ തറഞ്ഞു നിന്നു.

കാഴ്ചകൾ അവസാനിക്കുന്നില്ല. ദേവാരപ്പള്ളിയിലെ കാട്ടിലും,
രമ്പചോദാവരത്തും, തലയിൽ വിസ്തരി ഇലക്കെട്ടുമായി നിന്ന തെലുങ്കു
പെൺകിടാവിന്റെ ജീവിതവീക്ഷണത്തിലും കെട്ടു പിണഞ്ഞു
കിടക്കുകയായിരുന്നു എന്റെ വായനാകൗതുകം.  ഗാസിക്കുന്നുകൾക്കിടയിലെ ബുംലയിൽ സ്നേഹബന്ധനത്തിലമർന്നുനിൽക്കുകയായിരുന്നു എന്റെ വായന. അലസമായൊഴുകുന്ന ഗോസ്തനി നദിക്കരയിൽ സമയബോധമില്ലാതെ ഭീമുനി പട്ടണത്തോടൊപ്പം ഞാനും പഴമയുടെ ഓർമയിൽ അഭിരമിച്ചിരുന്നു.
ആൻഡമാനും,വള്ളിയൂരും, ചെട്ടിനാടുമെല്ലാം എന്റെ കണ്ണുകളിൽ
വാക്കുകളിലെ ദൃശ്യങ്ങളായി, വസന്തങ്ങളായി പൂത്തുലഞ്ഞ്, ഇല
പൊഴിച്ച്, വീണ്ടും വീണ്ടും തളിർത്തു കൊണ്ടേയിരുന്നു.

നന്ദിനിമേനോന്റെ 'പച്ചമണമുള്ള വഴികൾ': തീർത്തും പച്ചപ്പു നിറഞ്ഞ വാക്കുകളിലൂടെ ഓരോ കൊച്ചു കൊച്ചുവഴിത്താരകളെയും കാഴ്ചകളെയും സൂക്ഷ്മതയോടെ വർണ്ണിക്കുകയാണ് എഴുത്തുകാരി. മികച്ച വായനാനുഭവം പകരുന്ന ഈ പുസ്തകം ഒരു യാത്രാനുഭവമായി വായനയിൽ നിറഞ്ഞു നിൽക്കുന്നു.

പച്ചപ്പു നിറഞ്ഞ വാക്കുകൾ (ജ്യോതി ജയകുമാർ)
Join WhatsApp News
Vinodkumar 2020-10-31 07:46:37
Unable to read the article
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക