Image

മത്സ്യങ്ങളുടെ രോദനം (കഥ: പ്രേമാനന്ദന്‍ കടങ്ങോട് )

Published on 04 November, 2020
മത്സ്യങ്ങളുടെ രോദനം (കഥ: പ്രേമാനന്ദന്‍ കടങ്ങോട് )
അറിയാം എനിക്കു നിങ്ങളെല്ലാവരും വലക്കാരല്ല വള്ളക്കാരല്ല എന്നത്. എങ്കിലും പറയുകയാണ് ഞങ്ങളുടെ സങ്കടങ്ങള്‍.

ഒന്നറിയാം നിങ്ങളും ഞങ്ങളെക്കുറിച്ചു പറയാറുണ്ട്  നല്ലതും ചീത്തയുമൊക്കെ. ഞങ്ങളത് അറിയുന്നില്ല എന്നു ധരിക്കരുത്. ഉരുവിടുന്ന വാക്കുകള്‍ എല്ലാം ഈ പ്രപഞ്ചത്തിലേക്കാണ് എന്നോര്‍ക്കുക. അതിന്റെ മുഴക്കം എന്നെങ്കിലുമൊരിക്കല്‍ ആരും കേള്‍ക്കാതെ പോകില്ല എന്നത് മറക്കരുത്.

വല്ലപ്പോഴുമൊക്കെ ഞങ്ങളുടെ ദുരിതങ്ങളും കാണണം. എല്ലാം തള്ളി വിടുന്നത്  ഞങ്ങളുടെ ജീവിതത്തിലേക്കാണ്. എത്ര സുഖമായി ജീവിച്ചവരാണ്. ഇന്നോ ഞങ്ങളറിയാതെ കൂട്ടത്തോടെ കൊന്നെടുക്കുന്നു. എന്തിന്? ആരോട് ചോദിക്കാന്‍? ഞങ്ങള്‍ക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലല്ലോ. അതല്ലേ നിങ്ങളെയൊക്കെ ഇത്തരം പ്രവര്‍ത്തികളെ പ്രേരിപ്പിക്കുന്നത്.

വൈകിയിട്ടില്ല അറിയണം ഞങ്ങളെ കുറിച്ചു. ഞങ്ങള്‍ ആരാണ്? എന്തിനു വേണ്ടിയാണ്? ഞങ്ങളൊന്നു പറഞ്ഞോട്ടെ?.  ഞങ്ങള്‍ക്ക് നിങ്ങളോട് ഒന്നും പറയാനാകില്ല എന്നതു സത്യമാണ് എന്നാല്‍ എല്ലാം കാണാം എന്നതു ഓര്‍ക്കുക. അതൊക്കെ പോട്ടെ ഇനി കാര്യത്തിലേക്കു കടക്കാം.

കടലിലും, പുഴയിലും, തോടുകളിലും, കുളങ്ങളിലും പിന്നെ  വല്ലപ്പോഴുമൊക്കെ പാടങ്ങളിലും കണ്ടേക്കാം ഞങ്ങളെ. കൂടാതെ ചിലരൊക്കെ വീടിനുള്ളിലും വളര്‍ത്താറുണ്ട്.

വീടുകളില്‍ എത്ര കൗതുകത്തോടെയാണ്  ഞങ്ങള്‍ വളരുന്നത് എന്നറിയാമോ? ആര്‍ക്കും ഞങ്ങളെ തൊടാനാകില്ല. വളര്‍ത്തുന്നവര്‍ക്കും  എന്തിഷ്ടമാണെന്നറിയാമോ? അന്നവും വെള്ളവും വെളിച്ചവും ഞങ്ങള്‍ക്ക് തരും. എത്ര സുരക്ഷിതരാണ് ഞങ്ങളവിടെ!!!

നിങ്ങള്‍ കാണാറില്ലേ ചിലപ്പോഴൊക്കെ വലക്കുള്ളില്‍  ഞങ്ങള്‍ തൂങ്ങി കിടക്കുന്നത്.  വലക്കാര്  പെടുത്തുന്നതല്ല അതു ഞങ്ങള്‍ മനപ്പൂര്‍വ്വം വന്നു കേറുന്നതാണ്.

പിഴക്കുന്നത് വലക്കാര്‍ക്കാണ് പലപ്പോഴും. അവര്‍   ഞങ്ങളെ കാണാതെ വെറുതെ വല വീശും. ഞങ്ങള്‍ അങ്ങ് ദൂരെയായിരിക്കും. ഓടിയടുക്കുമ്പോഴേക്കും വല വലിക്കും. നിരാശയോടെ ഞങ്ങള്‍ മടങ്ങും. എന്നിട്ട് കുറ്റം ഞങ്ങള്‍ക്കാണ്. ഒന്നും കിട്ടിയില്ല എന്നു പറഞ്ഞു ശപിക്കും.

ഞങ്ങളെല്ലാവരും കൂട്ടത്തോടെ വന്നു കേറിയാലോ അപ്പോള്‍ കാണാം അവരുടെ മുഖത്തെ സന്തോഷം. എത്ര ഉത്സാഹത്തോടെയാണവര്‍ മടങ്ങി പോകുന്നത്!! അവരുടെ വരവും നോക്കി കൊട്ടയും ചട്ടിയുമായി കാത്തു നില്‍ക്കുന്നവരുടെ മുഖത്തും കാണാം അതിലേറെ സന്തോഷം. 

ഞങ്ങള്‍ എത്രയൊക്കെ സന്തോഷത്തോടെ അവരുടെ കൂടെ വന്നാലും കരക്കെത്തിയാല്‍  പിന്നെ തുടക്കമായി വലക്കാരും വാങ്ങാന്‍ വന്നവരും തമ്മിലുള്ള   വിലപേശല്‍. 

ഞങ്ങളെന്നും കാത്തിരിക്കാറുണ്ട്  വലയുടെ വരവിനായി. എത്ര സന്തോഷത്തോടെയാണ്  ഞങ്ങളതിലേക്കു ഓടിപോകുന്നത് എന്നറിയാമോ.

കരയിലെ തിക്കും തിരക്കും പിന്നെ  കശപിശയും ഒക്കെ കാണുമ്പോള്‍ അല്പം ശ്വാസം മാത്രം ബാക്കിയുള്ള ഞങ്ങള്‍ പോലും അന്താളിച്ചു പോകാറുണ്ട്. പക്ഷെ ഒരിക്കല്‍ കരക്ക് വന്നാല്‍ പിന്നെ തിരിച്ചു പോകാനാകില്ലല്ലോ. ആര് കൊണ്ടു പോകും തിരിച്ചു ഞങ്ങളെ? അവിടെ കാത്തിരിക്കാനും ആരുമില്ല.

അച്ഛനാര് അമ്മയാര് എന്നതറിയാതെ ഞങ്ങള്‍ വളരുന്നത് സ്വയമാണ്. മുലയൂട്ടാനും തീറ്റിപോറ്റാനും ആരുമില്ല. എല്ലാം സ്വയം തേടണം. ഒരു പക്ഷെ ചോദിച്ചില്ലെങ്കിലും മനസ്സില്‍ പറഞ്ഞേക്കാം നിങ്ങളെ പോലെ എത്രയോ ജന്മങ്ങള്‍ കരയിലുമുണ്ട് അച്ഛനമ്മമാര്‍ ആരെന്നു അറിയാതെ വളരുന്നവര്‍. നിങ്ങളെ വീട്ടില്‍ വളര്‍ത്താന്‍ എടുക്കുന്ന പോലെ അവരെയും മറ്റൊരാള്‍ ഏറ്റെടുക്കുന്നുണ്ട്. 

കരക്കാരുടെ കാര്യം കഷ്ടം തന്നെ എത്ര കിട്ടിയാലും ഒരിക്കലും തൃപ്തിയാകാത്തവര്‍. ഉള്ളത് കൊണ്ടു തൃപ്തിപെടാന്‍ ഇവര്‍ക്കെന്തേ കഴിയാത്തത്. എത്ര  നാള്‍ ഇങ്ങിനെ പരാതികളുമായി ജീവിക്കും? 

കരയിലെ കാഴ്ച കാണുമ്പോള്‍ ഞങ്ങള്‍ക്ക് തോന്നാറുണ്ട്  സുഖം വെള്ളത്തിലാണെന്ന്. സ്വസ്ഥമായി സഞ്ചരിച്ചു കൊണ്ടിരിക്കാം. വെള്ളത്തിനടിയിലേക്ക് എത്ര വേണമെങ്കിലും ഊളയിട്ടു പോകാം.  ആരും ഒന്നിനും തടസ്സമല്ല. കരയിലെ പോലെ ആരും ആരെയും എതിര്‍ക്കില്ല സ്വസ്ഥമായി സഞ്ചാരിക്കാം. വെള്ളമില്ലാതെ ഞങ്ങളില്ല. കണ്ടിട്ടില്ലേ കരയിലങ്ങിനെ തിരമാലകളെ പോലെ ഞങ്ങള്‍ തലതല്ലുന്നതു. 

കരയില്‍ ശ്വാസം കിട്ടാതെ കിടന്നു പിടയുമ്പോഴും ഞങ്ങള്‍ക്കതില്‍ ദുഃഖമില്ല കാരണം  മറ്റുള്ളവരുടെ സന്തോഷത്തിനായി പിറവിയെടുത്തവരാണ് ഞങ്ങള്‍. വരുമാന മാര്‍ഗ്ഗം മാത്രമല്ല അനേകം വീടുകളിലെ സന്തോഷവുമാണ് ഞങ്ങള്‍.

ഞങ്ങളെ രുചിയോടെ ഭക്ഷിക്കുമ്പോഴും കൈ നിറയെ കാശ് വാരി കൂട്ടുമ്പോഴും മറ്റുള്ളവരുടെ സന്തോഷം ഞങ്ങള്‍ക്ക്  കാണാന്‍ കഴിയാത്തതുപോലെ നിങ്ങള്‍ക്കും  ഞങ്ങളുടെ ദുഃഖം കാണാന്‍ കഴിയുന്നില്ല എന്നതാണ് സത്യം.

സുഖങ്ങള്‍ക്ക് മുന്നില്‍ ആരുടെ  ദുഃഖത്തിനും ഒരു  വിലയില്ല എന്നു മാത്രമല്ല സത്യത്തിനെന്തു വില എന്നതല്ലേ ശരിയായ സത്യം??

ഒന്നോര്‍ക്കണം നിങ്ങള്‍ കരയില്‍ സുഖമായി വാഴുമ്പോഴും ഞങ്ങളെയും വെള്ളത്തില്‍ സുഖമായി വാഴാന്‍ അനുവദിച്ചൂടെ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക