Image

ഡിസംബർ ; ഡാഫിനി (കഥ: പുഷ്പമ്മ ചാണ്ടി )

Published on 10 November, 2020
ഡിസംബർ ; ഡാഫിനി (കഥ: പുഷ്പമ്മ ചാണ്ടി )
തീരെ പ്രതീക്ഷിക്കാതെയാണ് എന്നെ തേടി ആ വിളി വന്നത് , ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷം .
" ഐ ആം സൊ സോറി ഫോർ യുവർ ലോസ് "
" താങ്ക്സ്" പതിഞ്ഞ സ്വരത്തിൽ ഞാൻ പറഞ്ഞു , ശബ്ദം തിരിച്ചറിയാൻ പറ്റിയില്ല .
" ആരാ ? , മനസ്സിലായില്ല "
" ഡാഫിനി ആണിവിടെ "
" ഡാഫിനി ?"
" നീ എന്നെ മറന്നോ ?"
" എങ്ങനെ മറക്കും ഡാഫിനി നിന്നെ , പെട്ടെന്ന് സ്വരം മനസ്സിലായില്ല ?"
" ഈ നമ്പർ എവിടെ നിന്നു കിട്ടി ?"
" സിദ്ധു എന്നെ വിളിച്ചു , അവൻ പറഞ്ഞാണ് , ഗോകുൽ പോയ വിവരം അറിഞ്ഞത് "
"സിദ്ധു ?"
" അവനെ മറന്നു എന്ന് പറയരുത്  "
" ഇല്ല , അവൻ്റെ കൈയ്യിൽ എന്റെ നമ്പർ ഉണ്ടായിരുന്നോ ?"
" ഉം , ഉണ്ടായിരിന്നു , പക്ഷെ ഇതുവരെ വിളിച്ചിട്ടില്ല എന്ന് പറഞ്ഞു "
" വിളിക്കാതെ നമ്പർ എന്തിനാ,  ഗോകുൽ പോയി എന്നറിഞ്ഞിട്ടും അവൻ വിളിച്ചില്ല ?"
" നമ്മളെ ഒരിക്കൽ വല്ലാതെ സ്നേഹിച്ചവർക്ക്  ഒരു കുഴപ്പം ഉണ്ട് , അവർ ദൂരത്തിരുന്നാലും എപ്പോഴും അങ്ങനെ  വീക്ഷിച്ചോണ്ടിരിക്കും , സോറി ഇപ്പോൾ പറയേണ്ട കാര്യം അല്ല, അറിയാതെ പറഞ്ഞു പോയതാ ..."
" ഇറ്റ്സ് ഓക്കേ "
" ഗോകുലിന് എന്താണ് സംഭവിച്ചത് ?"
" പെട്ടെന്നായിരുന്നു ഹാർട്ട് അറ്റാക്ക്  , ഒന്ന് യാത്ര പോലും പറയാതെ "
ഏങ്ങൽ അടക്കാൻ ബുദ്ധിമുട്ടി ,"
" നിന്നെ കരയിക്കാൻ അല്ല വിളിച്ചത് "
" കുട്ടികൾ "
" ഇവിടെ ഉണ്ടായിരുന്നു , രണ്ടു ദിവസമായി തിരികെപോയിട്ട്"
"ഞാൻ മുംബൈയ്ക്ക് വരുന്നു , അവിടെ നിന്നും നാട്ടിലേക്ക് , നിന്നെ കാണാൻ, ഒരു പത്തു ദിവസം , ഫ്രീ അല്ലെ ? ക്രിസ്തുമസ് , പുതുവർഷം നിന്റെ കൂടെ , കുട്ടികൾ വരുമോ ?"
" ഇല്ല ,  ഇപ്പോൾ പോയതല്ലേ ഉള്ളു .. മാർച്ചിൽ എന്റെ പിറന്നാളിന് വരും എന്നാണ് പറഞ്ഞത് "
" I  cant wait  to see you "
" ഉം, എനിക്കും , ഞാൻ കാത്തിരിക്കും " 

പിന്നെയും അവൾ എന്തൊക്കെയോ ചോദിച്ചു , എത്ര വർഷത്തെ കാര്യങ്ങൾ ആണ് പറയാനുള്ളത് .

അവൾ സംസാരം നിർത്തി പോയിട്ടും  പിന്നെയും കുറെ നേരം ഫോൺ കൈയ്യിൽ വെച്ച് അങ്ങനെ ഇരുന്നു .

ചില സുഹൃത്തുക്കളെ നമ്മൾ വർഷങ്ങളോളും  കാണേണ്ട , എവിടെ അവസാനം കണ്ടുവോ , അവിടെ നിന്നും വീണ്ടും തുടങ്ങാം , അതിനി എത്ര വർഷങ്ങൾ കഴിഞ്ഞാലും .
ഡാഫിനി അങ്ങനെ ഒരു കൂട്ടുകാരിയാണ് .
 നല്ല ഓർമയുണ്ട് അവളെ ആദ്യമായി കണ്ടദിവസം , ഒരു ജനുവരി 26 നു  , ഇന്ത്യൻ റിപ്പബ്ലിക്ക് ഡേ പരിപാടി ഇന്ത്യൻ  കോൺസുലേറ്റിൽ  , അന്ന് വളരെ നാളുകൾക്കുശേഷം സാരിയുടുത്താണ്  ഓഫീസിൽ പോയത്  . നല്ല തണപ്പുള്ള പ്രഭാതം, ഓടി വന്നാണ് ട്രാമിൽ കയറിയത് , ഡാഫിനിയുടെ അടുത്താണ്  ഇരിക്കാനുള്ള ഇടം കിട്ടിയത് , നീല സ്കർട്ടും , ബ്ലൗസും, സ്കാർഫും ഒരു മിടുക്കി . 
" are you from india "   ഇരുന്നതും അവൾ ചോദിച്ചു .   അതേന്നു തലയാട്ടി 
" ഞാൻ കുറെ ദിവസമായി നിങ്ങളെ ശ്രദ്ധിക്കുന്നു , ഏഷ്യയിൽ നിന്നാണെന്നു തോന്നി , പക്ഷേ ഇന്ത്യൻ ആണെന്ന് പറയില്ല "
" എല്ലാവരും എന്നെ ഒരു നോർത്ത് ഈസ്റ്റേൺ ആയിട്ടാണ് കാണുന്നത് "
അതെ എന്ന അർത്ഥത്തിൽ അവളും തലയാട്ടി .
സൗത്ത് ഇന്ത്യൻ ആണെന്ന് പറഞ്ഞിട്ട് അവൾക്കു വിശ്വാസം ആയില്ല . മാതാപിതാക്കൾ ആരെങ്കിലും വേറെ രാജ്യത്തുനിന്നും  ആണോ ?"
അവര് കേരളം വിട്ടു പുറത്തു പോയിട്ടില്ല എന്നു പറഞ്ഞപ്പോൾ ഒരു താമശ കേട്ടപോലെ അവൾക്കു തോന്നി .
എൻ്റെ ചപ്പിയ മൂക്കും  വെളുത്ത നിറവും ചെറിയ കണ്ണുകളും ആണ് അങ്ങനെ തോന്നിപ്പിക്കുന്നത്. പൂർവികർ ചൈനയിൽ നിന്നും ആയിരിക്കും എന്ന് ഞാൻ പറഞ്ഞപ്പോൾ 
" അതെ , നമ്മൾ  എവിടെയോ ഒക്കെ ജനിക്കുന്നു , മറ്റെവിടെയോ ഒക്കെ പിന്നെ ജീവിക്കുന്നു ."
" പക്ഷെ നിന്നെ കണ്ടാൽ ഒറ്റ നോട്ടത്തിൽ  ഇന്ത്യൻ ആയിട്ട് തോന്നും  " എന്ന് പറഞ്ഞപ്പോൾ അവൾ ചിരിച്ചു , പക്ഷേ , കണ്ണാടിവെച്ച അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു .
എന്തോ തെറ്റ് ചെയ്തപോലെ ഞാൻ അവളെ വിഷമിച്ചു നോക്കി .
അപ്പോഴേക്കും എനിക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ എത്തിയിരുന്നു .
യാത്ര പറഞ്ഞിറങ്ങുമ്പോൾ നാളെ കാണാം എന്നവൾ .
പിറ്റേ ദിവസവും അവളെ കണ്ടു , അങ്ങനെ , പതുക്കെ പതുക്കെ ഞങ്ങൾ കൂട്ടുകാരികൾ ആയി .
ഞാൻ താമസിച്ചു വരുന്ന ദിവസങ്ങളിൽ അവൾ ഞാൻ കയറുന്ന സ്റ്റേഷനിൽ ഇറങ്ങി എനിക്കായി കാത്തിരിക്കും , ഒന്നിച്ചു പോകാൻ .
ഡാഫിനി , എയർ ഫ്രാൻ‌സിൽ ടിക്കറ്റിങ് സെക്ഷനിൽ ജോലി ചെയ്യന്നു ,
ഫ്രാങ്ക്ഫുർട്ടിൽ നിന്നും കുറെ ദൂരെ ഒരു സ്ഥലത്തുള്ള ജർമൻ കുടുംബം ഇന്ത്യയിൽ നിന്നും അവളെ ദത്തെടുത്തു ,  അവളെ കൂടാതെ വേറെ മൂന്ന് കുട്ടികൾകൂടെയുണ്ട് , പല മാതാപിതാക്കൾക്ക്
വെവ്വേറെ സ്ഥലത്തു ജനിച്ച ,  മൂന്ന് പെൺകുട്ടികൾ , അവരുമായി ഒരു ബന്ധവും ഇല്ലാത്ത രണ്ടു പേരെ അപ്പനും  അമ്മയും ആയി കാണുന്നു ,
എനിക്ക് അത് വിചിത്രമായി തോന്നി . അപ്പോളാണ് അവൾ പറഞ്ഞത് , അങ്ങനെ കുറെ കുട്ടികൾ ജർമനിയിലും മറ്റു വിദേശ രാജ്യങ്ങളിലും ഉണ്ടെന്ന് . ( ഇത് നടക്കുന്നത് എൺപതുകളിൽ ആണ് ) .
ഞാനും ഡാഫിനിയും പെട്ടെന്ന് അടുത്തു. വാരാന്ത്യം രണ്ടുപേരും മിക്കവാറും ഒന്നിച്ചാകും. വെറുതെ കടകളിൽ ചുറ്റിനടക്കുക , ഒന്നിച്ചു ഭക്ഷണം പാചകം ചെയ്യുക , എൻ്റെ പാചകപരീക്ഷണങ്ങൾ അവളിൽ ഞാൻ പരീക്ഷിച്ചു , അവൾ തിരിച്ചും . 

 അവളുടെ സങ്കടങ്ങളും എന്നോട് പങ്കുവെച്ചു , ഒരു വയസ്സ് ആകുന്നതിനു മുൻപേ ജർമനിയിൽ എത്തി. ദത്തെടുത്ത മാതാപിതാക്കൾ വളരെ സ്നേഹമുള്ളവർ ആണ് , അതുപോലെ  കൂടെയുള്ള, വേറെയേതൊക്കെയോ അമ്മമാർക്കു പിറന്ന സഹോദരിമാരും.  
ജർമനിയിൽ ഒരു ഗ്രാമത്തിൽ ആണ് അവരുടെ വീട് . വെളുത്ത മാതാപിതാക്കൾക്കൊപ്പം ഈ മൂന്ന് ബ്രൗൺ നിറമുള്ള കുട്ടികൾ പോകുന്നത് കൗതുകത്തോടെ ജനം  നോക്കി കണ്ടു .പിന്നെ അവൾക്ക് അതൊരു വേദനയായി മാറി .അവൾ  കാരണം അവർ ദത്തുകുട്ടികൾ ആണെന്ന് വിളിച്ചോതുന്ന പോലെ .

 എന്നെ കണ്ടതുമുതൽ ആരോ ഉണ്ടെന്ന ഒരു തോന്നൽ എന്ന് അവൾ പറയും . എനിക്ക് തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു .
ഒരിക്കൽ ഞാൻ അവളോട് ചോദിച്ചു 
" നിനക്ക് നിൻ്റെ മാതാപിതാക്കളെ കാണണം എന്ന് തോന്നിയിട്ടില്ലേ ?"
നീണ്ട ഒരു മൗനത്തിനു ശേഷം അവൾ പറഞ്ഞു
" ഉണ്ട് , പക്ഷേ ഏതു ഭാഷയിൽ ഞാൻ അവരോടു  സംസാരിക്കും ? അപ്പനും  അമ്മയും ഒന്നിച്ചാണോ എന്നും അറിയില്ല , ജീവിച്ചിരിപ്പുണ്ടോ എന്നും അറിയില്ല "
വേണ്ട , എനിക്ക് അവരെ അറിയേണ്ട, കാണുകയും വേണ്ട , അത് ഓർക്കുമ്പോൾ ഒരുതരം പേടിയാണ് .  മമ്മായും , പപ്പയും ആണ് എൻ്റെ മാതാപിതാക്കൾ , എനിക്ക് അവര് മതി. എവിടെയോ എനിക്ക് ജന്മം നൽകിയവർ കാണും . മുംബൈയിൽ നിന്നും ആണ് എന്നെ കൊണ്ടുവന്നത് . അവർ അവിടെ കാണും ഇല്ലേ ? "
അവൾ ചോദിച്ചു . ഞാൻ മൗനമായി അവളെ നോക്കിയിരുന്നു .

ഒരു ദിവസം എന്നെ ഓഫീസിലേക്ക് ഫോൺ വിളിച്ചവൾ പറഞ്ഞു 
"ഞാൻ ഒരു ഉടുപ്പ് തുന്നി."  എനിക്കൊന്നും മനസ്സിലായില്ല .
വൈകുന്നേരം പതിവ് പോലെ കണ്ടപ്പോൾ , 
" അതെ ആരുമില്ലായ്മയുടെ ആഴങ്ങളിൽ നിന്ന് ഞാൻ  ഒരു കുപ്പായം തുന്നി , പ്രണയംകൊണ്ടൊരു കുപ്പായം "
" ആരെ അണിയിക്കാൻ ?"
" സോറി ഡിയർ ,നിന്നോട് പറയാഞ്ഞതിൽ "
" അത് കുഴപ്പം ഇല്ല , ഇപ്പോൾ പറയൂ , ഞാൻ കേൾക്കട്ടെ , " 
" എൻ്റെ കൂടെ ജോലി ചെയ്യുന്ന ആളാണ് ,  ആ കണ്ണുകളിൽ വിരിഞ്ഞ സ്നേഹം എനിക്ക് കാണാം , എന്നെ വലിയ ഇഷ്ടം ആണ് , എനിക്കും അങ്ങനെ തന്നെ ."
" അങ്ങനെയാണെങ്കിൽ ഒട്ടും താമസിക്കാതെ ആ കുപ്പായം  അവനെ അണിയിക്കൂ ."
അവൾ എന്നെ കെട്ടിപ്പിടിച്ച്  എൻ്റെ നെറ്റിയിലും , കവിളിലും ഉമ്മ വിതറി.
ആ ശനിയാഴ്ച ഞാൻ അവനെ പരിചയപെട്ടു , നല്ല ഒരു ചെറുപ്പക്കാരൻ , ജർമൻകാരനാണ് അവൾക്കു ചേരും .
ആ വർഷം ക്രിസ്തുമസിന് ഒരാഴ്ച മുൻപേ അവൾ പറഞ്ഞു 
" ഈ വർഷം എൻ്റെ ക്രിസ്തുമസ് മുംബൈയിൽ ആണ് , ലിയോണും ഞാനും കണ്ടുമുട്ടിയശേഷം   വരുന്ന  ആദ്യ  ക്രിസ്തുമസ്സല്ലേ ?  ഞാൻ പിറന്ന മണ്ണിൽ തന്നെ ആകട്ടെ ആ ദിവസം , അവൻ എന്നെ ഉറപ്പായിട്ടും പ്രൊപ്പോസ് ചെയ്യും , അതും അവിടെ വെച്ചാകട്ടെ " 

നാം എവിടെ ജീവിച്ചാലും , എന്ത് സംസ്കാരം സ്വീകരിച്ചാലും വേരുകൾ നമ്മളെ കൊളുത്തിവലിക്കും .

എൻ്റെ ജർമൻ ജീവിതവും നിനച്ചിരിക്കാതെ തീരുകയായിരുന്നു , നാട്ടിലേക്ക് 
ട്രാൻസ്ഫർ ആയി  അവളും , ലിയോണും തിരക്കിലായി. കല്യാണത്തിന് വിളിച്ചെങ്കിലും  പോകാൻ  ആഗ്രഹിച്ചു , പക്ഷേ നടന്നില്ല.
വർഷങ്ങൾ എത്ര കടന്നു പോയി . ക്രിസ്തുമസിന് കിട്ടുന്ന ഒരു കാർഡും , അതിലെഴുതുന്ന  വിശേഷങ്ങളിലും , വിവരങ്ങളിലും ഒതുങ്ങി  ഞങ്ങൾ തമ്മിൽ ഉള്ള ബന്ധം . കഴിഞ്ഞ കുറെ വർഷം ആയി അതും നിന്നു., കാരണം ഞാൻ വീട് മാറി , ജീവിതവും മാറി . കുട്ടികൾ വലുതായി , വല്ലപ്പോഴും ഓർമകളിൽ വന്നു പോകുന്ന ഒരു വിരുന്നുകാരിയായി മാറി ഡാഫിനി. 

പക്ഷേ തന്റെ ജീവിതത്തിൽ നടന്ന ഈ ദുരന്തം അവൾ അറിഞ്ഞിരിക്കുന്നു , ദേ എന്നെ കാണാൻ വരുന്നു .....
ചില സ്നേഹങ്ങൾ , സൗഹൃദങ്ങൾ ഒരിക്കലും നമ്മളെ വിട്ടു പോകില്ല . കൂട്ടുകാരി , ഞാൻ നിനക്കായി  കാത്തിരിക്കുന്നു .  എന്നെ വീണ്ടും ഒന്ന്  കെട്ടിപ്പിടിക്കാൻ .
നീ  ഓടി വരുന്നത് ...  ഒരു ക്രിസ്തുമസിന് ....
ഞാനും ഈ വീടും , പ്രിയ തോഴി... നിനക്കായി, കാത്തിരിക്കുന്നു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക