Image

വിചാരണ അതിജീവിക്കുമോ വി.എസ്‌

ജി.കെ. Published on 08 June, 2012
വിചാരണ അതിജീവിക്കുമോ വി.എസ്‌
സിപിഎമ്മിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമേറിയ കേന്ദ്ര കമ്മിറ്റി, പോളിറ്റ്‌ ബ്യൂറോ യോഗങ്ങള്‍ക്ക്‌ ശനിയാഴ്‌ച ഡല്‍ഹിയില്‍ തുടക്കമാവുകയാണ്‌. രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്‌ മുുതല്‍ മണിയുടെ കൊലവെറി അടക്കം ചര്‍ച്ച ചെയ്യാനും ചെയ്യാതിരിക്കാനുമായി വിഷയങ്ങള്‍ നൂറുകൂട്ടം മുന്നിലുണ്‌ടെങ്കിലും എല്ലാ കണ്ണുകളും കേന്ദ്രീകരിക്കുന്നത്‌ വി.എസ്‌ എന്ന രണ്‌ടക്ഷരത്തിലേക്കാണ്‌.

പാര്‍ട്ടി സെക്രട്ടറിയെ പരസ്യമായി എസ്‌.എ. ഡാങ്കെയോട്‌ ഉപമിക്കുകയും പാര്‍ട്ടി നിലപാടുകളെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്‌ത വി.എസിനെതിരെയുള്ള കുറ്റപത്രത്തിന്‌ കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ്‌ യോഗം രൂപം നല്‍കിയിട്ടുണ്‌ട്‌. ഇനി അത്‌ വായിച്ചു കേള്‍പ്പിക്കേണ്‌ട ബാധ്യതയേ ഔദ്യോഗിക നേതൃത്വത്തിനുള്ളു. വി.എസുമായു ഇനി ഒത്തുപോകാനാവില്ലെന്ന്‌ സംസ്ഥാന നേതൃത്വം അസന്നിഗ്‌ധമായി വ്യക്തമാക്കിയ സാഹചര്യത്തില്‍ പന്ത്‌ ഇപ്പോള്‍ കേന്ദ്ര നേതൃത്വത്തിന്റെ കോര്‍ട്ടിലാണ്‌.

പതിവുപോലെ സംസ്ഥാനത്തെ വിഭാഗീയതയില്‍ വെറും കാഴ്‌ചക്കാരായി മാത്രം നില്‍ക്കാന്‍ ഇത്തവണ കേന്ദ്ര നേതൃത്വത്തിന്‌ കഴിയില്ല. അങ്ങനെ നിന്നാല്‍ കേരളത്തില്‍ സിപിഎം എന്ന മൂന്നക്ഷരത്തിന്‌ അധികം ആയുസുണ്‌ടാവില്ലെന്ന്‌ കേന്ദ്ര നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്‌ട്‌. എന്നാല്‍ ഔദ്യോഗിക പക്ഷത്തിന്റെ കുറ്റപത്രം മാത്രം കേട്ട്‌ ജനപക്ഷത്തു നിന്ന്‌ വെല്ലുവിളിക്കുന്ന വിഎസിനെതിരെ എങ്ങനെ നടപടിയെടുക്കുമെന്ന ധര്‍മസങ്കടവും കേന്ദ്രനേതൃത്വത്തിനുണ്‌ട്‌.

പതിവുവിട്ട്‌ ഒരുദിവസം മുമ്പെ കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയ വി.എസ്‌. കേന്ദ്ര നേതൃത്വത്തെ നേരത്തെ പോയിക്കണ്‌ട്‌ ഔദ്യോഗികപക്ഷത്തേക്കാള്‍ ഒരുമുഴം മുമ്പെ നീട്ടിയെറിഞ്ഞു കഴിഞ്ഞു. കൊലപാതക രാഷ്‌ട്രീയത്തിനെതിരായ തന്റെ നിലപാടില്‍ കണിശമായും ഉറച്ചുനില്‍ക്കുന്നുവെന്നാണ്‌ കൂടിക്കാഴ്‌ചയ്‌ക്കുശേഷം വി.എസ്‌.പ്രതികരിച്ചത്‌. അതായത്‌ ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്‌ സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച്‌ മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടില്ലെന്ന്‌ വി.എസ്‌ വ്യക്തമാക്കുന്നു.

മറുവശത്ത്‌ വി.എസ്‌ വധത്തിന്‌ എല്ലാ ആയുധങ്ങളും തേച്ചുമിനുക്കി ഒരുക്കിയിരുന്ന ഔദ്യോഗികപക്ഷത്തിന്റെ നെഞ്ചില്‍ കയറി ഇടുക്കിയിലെ മണിയാശാന്‍ കൂട്ടമണി അടിച്ചതുമാത്രമാണ്‌ അവര്‍ക്ക്‌ മുന്നിലുള്ള ഏക വെല്ലുവിളി. മണിയാശാനെ ബിബിസിവരെ താരമാക്കി മാറ്റിയപ്പോള്‍ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ കൊലപാതക രാഷ്‌ട്രീയത്തെക്കുറിച്ച്‌ അലമുറയിട്ടിരുന്ന കേന്ദ്ര നേതൃത്വത്തിനും അത്‌ മരണ മണിയായി.

അതുകൊണ്‌ടുതന്നെ മണി നല്‍കിയ പിടിവള്ളിയിലും ചന്ദ്രശേഖരന്‍ വധം നല്‍കിയ തിരിച്ചറിവിലുമായിരക്കും കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വി.എസ.ഔദ്യോഗികപക്ഷത്തെ നേരിടുക. അങ്ങനെ വന്നാല്‍ വി.എസിന്റെ നിലപാടുകളെ തള്ളാന്‍ കേന്ദ്ര നേതൃത്വത്തിനുമാവില്ല. അപ്പോള്‍ അത്‌ വിളിച്ചു പറഞ്ഞതിന്റെ പേരില്‍ വി.എസിനെതിരെ നടപടിയെന്ന ആവശ്യം ഉയര്‍ത്തുന്ന ഔദ്യോഗികപക്ഷത്തിന്‌ സ്വാഭാവികമായും ചുവട്‌ പ്രതിരോധത്തിലേക്ക്‌്‌ മാറ്റേണ്‌ടിവരുമെന്ന്‌ അദ്ദേഹം തിരിച്ചറിയുന്നുണ്ട്‌.

അതുകൊണ്‌ട്‌ പാര്‍ട്ടി നല്‍കിയ പ്രതിപക്ഷ നേതൃസ്ഥാനം തിരിച്ചെടുക്കണമെന്ന ആവശ്യത്തിലേക്ക്‌ ഔദ്യോഗിക പക്ഷത്തിന്‌ ഒതുങ്ങേണ്‌ടിവരും. അങ്ങനെ വന്നാല്‍ വിഎസ്‌ അത്‌ ഇരുകൈയും നീട്ടി സന്തോഷപൂര്‍വം സ്വീകരിക്കും. കാരണം. വിവാദമായ ഭൂമിദാനക്കേസില്‍ വിജിലന്‍സിന്‌ മൊഴി നല്‍കാതെ വിഎസ്‌ ഒഴിഞ്ഞുമാറുന്നത്‌ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുമ്പോള്‍ അതിന്‌ ഒരു രക്തസാക്ഷി പരിവേഷം ലഭിക്കാനാണ്‌.

ഇതുകൂടി മുന്നില്‍ക്കണ്‌ടാണ്‌ രണ്‌ടാഴ്‌ചയായി വിജിലന്‍സ്‌ സംഘം മൊഴിയെടുക്കാന്‍ സമയം ചോദിച്ചിട്ടും വിഎസ്‌ സമയമനുവദിക്കാതിരുന്നത്‌. ഏറ്റവും അവസാനമായി കേന്ദ്ര കമ്മിറ്റിക്ക്‌ പോകുന്നതിന്‌ മുമ്പും വി.എസിനോട്‌ വിജിലന്‍സ്‌ സംഘം മൊഴിയെടുക്കാന്‍ സമയം ചോദിച്ചിരുന്നു. എന്നാല്‍ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്ക്‌ പോകുന്നതിനാല്‍ ഇപ്പോള്‍ സമയം അനുവദിക്കാനാവില്ലെന്ന നിലപാടാണ്‌ അദ്ദേഹം സ്വീകരിച്ചത്‌.

വി.എസിന്റെ കൂടി മൊഴി രേഖപ്പെടുത്തിയാല്‍ കേസില്‍ വിജിലന്‍സിന്‌ കുറ്റപത്രം സമര്‍പ്പിക്കാന്‍ പിന്നെ അധികം കാലതാമസമില്ല. കുറ്റപത്രം സമര്‍പ്പിച്ചാല്‍ പ്രതിപക്ഷ നേതൃസ്ഥാനമൊഴിയുമെന്ന്‌ വി.എസ്‌ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്‌ട്‌. എന്നാല്‍ അഴിമതിക്കേസില്‍പ്പെട്ട്‌ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്‌ടിവന്നുവെന്ന നാണക്കേട്‌ ഏഴു പതിറ്റാണ്‌ടു നീണ്‌ട രാഷ്‌ട്രീയ ചരിത്രത്തില്‍ അവശേഷിക്കും. അത്‌ എങ്ങനെയും ഒഴിവാക്കണമെന്ന്‌ വി.എസ്‌ കണിശമായും ആഗ്രഹിക്കുന്നുണ്‌ട്‌. അതുകൊണ്‌ടുതന്നെയാണ്‌ ടി.പി.ചന്ദ്രശേഖരന്‍ വധത്തെ മറയാക്കി വി.എസ്‌ ഔദ്യോഗികപക്ഷത്തിനെതിരെ ആഞ്ഞടിച്ചതെന്ന്‌ ചിലര്‍ കരുതുന്നു. വി.എസിന്‌ പിന്നില്‍ ജനങ്ങളുണ്‌ടെന്നതും അദ്ദേഹത്തിന്റെ പ്രായവും പരിചയസമ്പത്തുമൊന്നും കണക്കിലെടുക്കാതെ കേന്ദ്ര നേതൃത്വം കൈവിട്ടൊരു അച്ചടക്ക നടപടിക്ക്‌ മുതിരില്ലെന്ന്‌ വി.എസിന്‌ നല്ലപോലെ അറിയാം. അതിനാല്‍ പ്രതിപക്ഷ നേതൃസ്ഥാനമൊഴിഞ്ഞുകൊണ്‌ടുള്ള ഒരു ഒത്തു തീര്‍പ്പ്‌ ഫോര്‍മുലയിലേക്ക്‌ ഒതുങ്ങാന്‍ അദ്ദേഹം സന്നദ്ധനാവും.

ഔദ്യോഗികപക്ഷത്തെ സംബന്ധിച്ചിടത്തോളം പ്രതിസന്ധിഘട്ടത്തില്‍ അതുപൊലും നേട്ടമാണ്‌. കാരണം സദാചാരവിരുദ്ധ പ്വര്‍ത്തനങ്ങളുടെ പേരില്‍ രണ്‌ടു ജില്ലാ സെക്രട്ടറിമാരെയും വാവിട്ട വാക്കിന്റെ പേരില്‍ മറ്റൊരു കരുത്തനായ ജില്ലാ സെക്രട്ടറിയെയും നഷ്‌ടമായ അവര്‍ക്ക്‌ വി.എസിന്റെ പ്രതിപക്ഷ നേതൃസ്ഥാനമെങ്കിലും തെറിപ്പിക്കാനായാല്‍ അത്‌ സന്തോഷം നല്‍കുന്ന കാര്യം തന്നെയാണ്‌. കാരണം ആ പദവി ഉപയോഗിച്ചാണ്‌ വി.എസ്‌ പാര്‍ട്ടിയെ വെട്ടിലാക്കുന്ന യാത്രകളും പ്രസ്‌താവനകളും വാര്‍ത്താ സമ്മേളനങ്ങളും നടത്തുന്നത്‌. അതെങ്കിലും അവസാനിപ്പിക്കാനായെന്ന ആശ്വാസത്തോടെ ഔദ്യോഗികപക്ഷവും അഴമിതയാരോപണത്തിന്റെ നിഴലില്‍ പ്രതിപക്ഷ നേതൃസ്ഥാനം നഷ്‌ടമായെന്ന ചീത്തപ്പേരില്‍ നിന്ന്‌ വിഎസും രക്ഷപ്പെടുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാകും കേന്ദ്ര കമ്മിറ്റി പോളിറ്റ്‌ ബ്യൂറോ യോഗങ്ങള്‍. ആ ഉത്തരത്തിനായി കേരളവും കാതോര്‍ത്തിരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക