Image

മൂന്ന്‌ മിനിക്കഥകൾ (പി രഘുനാഥ്)

Published on 15 November, 2020
മൂന്ന്‌ മിനിക്കഥകൾ (പി രഘുനാഥ്)
1. അപ്പിയും അമ്മയും

വടക്കാഞ്ചേരിക്കാരൻ സതീശൻ തിരുവനന്തപുരം സ്റ്റേറ്റ് ബാങ്കിൽ ജോലി ചെയ്യും കാലത്ത് തൊട്ടപ്പുറത്തെ സീറ്റിൽ ഇരുന്നിരുന്ന  സുമതിയുമായി പരിചയപ്പെടുകയും അത് ഇഷ്ടത്തിൽ ചെന്ന് മുട്ടുകയും ചെയ്തു.  കണ്ണിൽ കണ്ണ് നോക്കിയിരിക്കുന്നത് നിർത്തി കാര്യത്തിലേക്ക് കടക്കാമെന്നു വെച്ച് സുമതിയെ വീട്ടിൽ ചെന്ന് പെണ്ണ് ചോദിക്കാനായി ഉറ്റ സുഹൃത്ത് വിശ്വംഭരനെ വടക്കാഞ്ചേരിയിൽ നിന്ന് തീവണ്ടി മാർഗം വരുത്തി. പിറ്റേന്ന് ഉച്ചതിരിഞ്ഞു സുമതിയുടെ വീട്ടിലെ സ്വീകരണമുറിയിൽ മുന്നിൽ നിരന്നിരിക്കുന്ന ചായ പലഹാരാദികൾ സ്വാദോടെ അകത്താക്കിക്കൊണ്ടിരിക്കുകയായിരുന്നു മടിയേതുമില്ലാതെ വിശ്വം. 'ചായ എങ്ങനെയുണ്ട് പയലുകളെ' എന്ന് ചോദിച്ചത് തൊട്ടപ്പുറത്ത് നിൽക്കുന്ന  സുമതിയെ സാക്ഷി നിർത്തി അമ്മ തന്നെയാണ്. 'എല്ലാം  നന്നായിട്ടുണ്ട്' എന്ന് കയറ്റിക്കൊണ്ടിരിക്കുന്നതിനിടയിൽ പറഞ്ഞതോ വിശ്വംഭരനും.'അതു ഞങ്ങടെ അപ്പിയിട്ട ചായയാണെന്ന്' ചിരിച്ചുക്കൊണ്ട് അമ്മ പറഞ്ഞപ്പോൾ  ഒരു നിമിഷം സതീശനെ നോക്കി വിശ്വംഭരൻ വായ പൊത്തിപ്പിടിച്ചു പുറത്തേക്ക് ഓടി. കുറച്ചുകാലത്തെ തിരുവനന്തപുരം ജീവിതം  സതീശന്  പിടിച്ചുനിൽക്കാനുള്ള ത്രാണി നൽകി.

തങ്ങൾ ചെയ്ത തെറ്റെന്തെന്ന് അറിയാതെ അപ്പിയും അമ്മയും മുഖാമുഖം നോക്കി.  


2. മാമ്പൂ...

ടീച്ചർ ക്ലാസ്സിൽ കുട്ടികളെ പരിചയപ്പെടുന്നു. തന്റെ ഊഴം വന്നപ്പോൾ നന്ദ എഴുന്നേറ്റു നിന്നു.

വീട്ടിൽ ആരൊക്കെയുണ്ട്?

അമ്മ, അച്ഛൻ, ഉണ്ണികൾ..

ഉണ്ണികൾ എത്രെലോക്ക്യ പഠിക്കണത്

മൂത്ത ഉണ്ണി ഒന്നില്, രണ്ടാമത്തെ ഉണ്ണി..

രണ്ടാമത്തെ ഉണ്ണി...

അമ്മേടെ വയറ്റിലെ കടലിൽ മുങ്ങിക്കെടന്ന് നല്ല ഉറക്കാ.. അടുത്ത മാസം വരും..

കുട്ടികൾക്കൊപ്പം ടീച്ചർ ചിരിച്ചു. നാണം വന്നപ്പോൾ നന്ദയും ചിരിച്ചു.

പിറ്റേ മാസം രണ്ടു ദിവസം നന്ദ ക്ലാസ്സിൽ വന്നില്ല.

മൂന്നാം ദിനം അവൾ കുനിഞ്ഞ മുഖത്ത് വിഷമം കെട്ടി ഇരുന്നു. കാരണം ചോദിച്ചപ്പോൾ വിങ്ങി പൊട്ടി.  

അമ്മേടെ വയറ്റിലെ കടലീന്നു വരാൻ ഉണ്ണിക്ക് ഇഷ്ടംല്യാത്രെ...ഉണ്ണി വരില്ല്യാന്ന് ഇപ്പോഴൊന്നും...

അപ്പോഴും കുട്ടികൾ ചിരിച്ചു.

രാത്രി ടീച്ചർ നന്ദയുടെ അമ്മയെ വിളിച്ചു. ഫോണിനപ്പുറത്തെ അമ്മയുടെ കരച്ചിൽ തന്നിൽ വന്നു തൊട്ടിറങ്ങുന്നത് ടീച്ചർ അറിഞ്ഞു. അലകൾ അടങ്ങിയ കടൽ ശാന്തമായപ്പോൾ ടീച്ചർ സാവകാശം ഫോൺ തന്നിൽ നിന്നും അകത്തി വെച്ചു.


3. പാർപ്പിടം

ആൾക്കാർ ആർപ്പുവിളിക്കുന്നുണ്ടായിരുന്നു. കയ്യടിക്കുന്നുണ്ടായിരുന്നു. അക്ഷമരായി സമയചാലകത്തിൽ നോക്കുന്നുന്നുണ്ടായിരുന്നു. ചിലർ പിറുപിറുത്തു.

"ഇനി ഉണ്ടാവില്ലേ.. അവസാനനിമിഷം എന്തെങ്കിലും വിധിയും കൊണ്ടു വരുമോ. വരുമായിരിക്കും. എല്ലാം അങ്ങനെയല്ലേ പതിവ്.. "

അത് കേട്ട ചിലർ നിരാശയിൽ അമറി. ഉത്സവപ്പറമ്പിൽ വെടിക്കെട്ട്‌ കാണാൻ നിൽക്കുന്നതാണ് എനിക്ക് ഓർമ വന്നത്. ഞാൻ മുന്നോട്ട് നടന്നു. ടി വി പ്രദർശനയിടങ്ങളിൽ തിരക്കിനു കുറവില്ല. ലോകകപ്പിൽ  അർജന്റീന ബ്രസീൽ മത്സരം കാണാൻ നിൽക്കുന്ന പോലെ. അല്പം കഴിഞ്ഞപ്പോൾ വലിയ ശബ്ദത്തിൽ അത് ഉണ്ടായി.  കാത്തിരുന്നു കണ്ടവർ ആർപ്പുവിളിച്ചുന്മാദിച്ചു . തിരക്കിൽ ഞാൻ ഏകാകിയായി നടന്നു.

രാത്രി മനസമാധാനത്തോടെ ഒന്ന് തലചായ്ച്ചുറങ്ങാൻ അതിൽ ഒരു മുറി എനിക്ക് തന്നിരുന്നെങ്കിൽ... കാരണം അമ്പതു വർഷം ജീവിച്ചിരുന്നിട്ടും  സ്വന്തമായി ഒരു വീടോ കൂടോ ഒരു സെൻറ് സ്ഥലമോ ഇല്ലാതെ ബസ് സ്റ്റാൻഡിലും കടത്തിണ്ണയിലും റെയിൽവേ സ്റ്റേഷനിലും മുറിഞ്ഞുവീഴുന്ന ഉറക്കരാത്രികളുടെ  കൂടപ്പിറപ്പായിരുന്നു ഞാൻ. ആ എന്നെയെങ്കിലും  നിങ്ങൾ ഒന്നോർത്തിരുന്നെങ്കിൽ...


 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക