Image

ഫൊക്കാന നേതൃത്വത്തിലേക്ക്‌ കരുത്തയായ വനിത

Published on 09 June, 2012
ഫൊക്കാന നേതൃത്വത്തിലേക്ക്‌ കരുത്തയായ വനിത
`ആദ്യത്തെ പേ ചെക്ക്‌ മറിയാമ്മ ചേച്ചിയാണ്‌ നല്‍കിയത്‌.' ചിക്കാഗോയിലെ പല പ്രമുഖരും ഇപ്പോഴും നന്ദിപൂര്‍വ്വം പറയാറുണ്ട്‌. കേള്‍ക്കുമ്പോള്‍ സന്തോഷം. പക്ഷെ അത്‌ ജോലിയുടെ ഭാഗം. അതിനുമപ്പുറത്ത്‌ മറിയാമ്മ പിള്ളയുടെ സഹായ ഹസ്‌തങ്ങള്‍ ഒട്ടേറെപ്പേരിലേക്ക്‌ നീണ്ടത്‌ നാലു പതിറ്റാണ്ടിന്റെ ചരിത്രം. ഒരുപക്ഷെ നിശബ്‌ദമായി ഒട്ടേറെപ്പേര്‍ക്ക്‌ ഉപകാരിയായി നിന്ന മലയാളി വനിതകള്‍ വേറേ ഉണ്ടാകില്ല.

എണ്‍പതുകളിലെ കാര്യമാണ്‌. 1976-ല്‍ അമേരിക്കയിലെത്തിയ മറിയാമ്മ പിള്ള അപ്പോഴേക്കും ഉപരിപഠനത്തിനുശേഷം നഴ്‌സിംഗ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ പദവിയിലെത്തിയിരുന്നു. ഒരവസരത്തില്‍ പത്ത്‌ ഹോസ്‌പിറ്റലുകളുടെ ചാര്‍ജ്‌. ഒരുപാട്‌ നഴ്‌സുമാര്‍ ഇന്ത്യയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നുമൊക്കെ അവരുടെ മേല്‍നോട്ടത്തില്‍ അമേരിക്കയിലെത്തി. വരുന്നവര്‍ പലരും ഭാഷയില്‍ പരിജ്ഞാനമില്ലാത്തവര്‍. അമേരിക്കന്‍ ചര്യകള്‍ അറിയാത്തവര്‍. അവര്‍ക്കൊക്കെ ഭാഷാ പരിജ്ഞാനം നല്‍കാനും നഴ്‌സിംഗ്‌ സംബന്ധിച്ച കൂടുതല്‍ അറിവ്‌ പകരുവാനും അവര്‍ ശ്രമിച്ചു. മേലുദ്യോഗസ്ഥര്‍ പുതിയ ആളുകളെ അകറ്റി നിര്‍ത്തുന്നതിനു പകരം അവര്‍ക്കൊരു തുണയായി.

ഇപ്പോഴും ആ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഈ റാന്നിക്കാരി അഭിമാനംകൊള്ളുന്നു.

വാഷിംഗ്‌ടണില്‍ ഫൊക്കാനാ കണ്‍വെന്‍ഷന്‍ നടക്കുന്ന കാലം മുതലാണ്‌ അവര്‍ സംഘടനാ രംഗത്ത്‌ സജീവമായത്‌. നിശബ്‌ദമായ പ്രവര്‍ത്തനത്തിലൂടെ സംഘടനയിലും അവര്‍ വ്യക്തിമുദ്ര പതിപ്പിച്ചു. അധികാരസ്ഥാനങ്ങള്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരേ മുഖവുമായി അവര്‍ കര്‍മ്മനിരതയായി.

ഡോ. എം. അനിരുദ്ധന്‍ പ്രസിഡന്റായി ചിക്കാഗോയില്‍ 2002-ല്‍ കണ്‍വെന്‍ഷന്‍ നടന്നപ്പോള്‍ അവര്‍ ഫൊക്കാന ട്രഷററായിരുന്നു. പോള്‍ കറുകപ്പള്ളി പ്രസിഡന്റായപ്പോള്‍ വൈസ്‌ പ്രസിഡന്റായി. ഇപ്പോള്‍ അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍. റോച്ചസ്റ്ററില്‍ ജെ. മാത്യൂസിന്റെ നേതൃത്വത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ ചിക്കാഗോയില്‍ നിന്ന്‌ ഒട്ടേറെ യുവാക്കളെ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചത്‌ അവരാണ്‌.

മുഖ്യധാരയിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെച്ച അവര്‍ മികച്ച നഴ്‌സിംഗ്‌ ഹോം നടത്തുന്നതിനുള്ള സ്റ്റേറ്റിന്റെ ആറ്‌ അവാര്‍ഡുകള്‍ നേടി.

കഴിഞ്ഞ ഇലക്ഷന്‍ കാലത്ത്‌ മലയാളികളെക്കൊണ്ട്‌ ഇലക്ഷനില്‍ രജിസ്റ്റര്‍ ചെയ്യിക്കാനും വോട്ട്‌ ചെയ്യിക്കാനും അവര്‍ നടത്തിയ ശ്രമം വലിയ വിജയം കണ്ടു. അതിന്റെ അംഗീകാരമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ബുഷ്‌ അവാര്‍ഡ്‌ നല്‍കി അവരെ ആദരിച്ചു. നോര്‍ത്ത്‌ ഇന്ത്യന്‍സ്‌ ഇപ്പോള്‍ത്തന്നെ മുഖ്യധാരാ രാഷ്‌ട്രീയത്തില്‍ സജീവമാണെന്നവര്‍ ചൂണ്ടിക്കാട്ടുന്നു. വളരെ കഴിവുള്ളവര്‍ മലയാളികള്‍ക്കിടയില്‍ ഉണ്ടെങ്കിലും അവര്‍ പിന്മാറുകയാണ്‌. രാഷ്‌ട്രീയ രംഗത്തേക്ക്‌ കൂടുതല്‍ പേരെ കൊണ്ടുവരാനും അവര്‍ക്ക്‌ സഹായമെത്തിക്കാനും ഫൊക്കാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ താന്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നവര്‍ പറഞ്ഞു.

പ്രസിഡന്റുപദമേറ്റാല്‍ എല്ലാ മലയാളികളേയും ഒന്നിച്ചണിനിരത്താനുള്ള ശ്രമം തുടരും. സാധ്യമെങ്കില്‍ ഫോമയുമായി ഐക്യം ഉണ്ടാക്കാനും ശ്രമിക്കും. യുവജനതയ്‌ക്കായി പ്രത്യേക കണ്‍വെന്‍ഷനുകള്‍, കൗണ്‍സിലിംഗ്‌ സഹായങ്ങള്‍ തുടങ്ങിയവയൊക്കെ മനസിലുണ്ട്‌. ഈ രംഗത്ത്‌ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുള്ള പരിചയമുണ്ട്‌. മാര്‍ത്തോമാ പള്ളിയിലും മറ്റ്‌ പള്ളികളിലും സംഘടനകളിലും യുവജനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ അവര്‍ മുമ്പന്തിയിലുണ്ടായിരുന്നു.

കറുകപ്പള്ളിക്കൊപ്പം കുഷ്‌ഠരോഗാശുപത്രിയില്‍ സഹായമെത്തിക്കാന്‍ പോയത്‌ ഓര്‍ക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കേണ്ടത്‌ ആവശ്യമാണ്‌.

ഇലക്ഷനില്‍ തനിക്ക്‌ ഒരു പാനലുമില്ലെന്നവര്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട്‌ വരുന്ന ആരുമായും ഒരുമയോടെ പ്രവര്‍ത്തിക്കാന്‍ തനിക്ക്‌ കഴിയും. അതിനാല്‍ പാനല്‍ വെച്ചുള്ള ഒരു പരിപാടിക്കും തയാറല്ല.

ഫൊക്കാനയുടെ സ്‌പെല്ലിംഗ്‌ ബീ നല്ല തുടക്കമാണ്‌. അതോടൊപ്പംതന്നെ കൂടുതല്‍ സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ സഹായമെത്തിക്കുകയും ദൗത്യമായി കരുതുന്നു.

മതിയായ രേഖകളില്ലാതെ ഇവിടെ കഴിയുന്ന മലയാളികളുടെ പ്രശ്‌നങ്ങളും ഹൃദയത്തിലുണ്ട്‌. അത്തരമൊരാള്‍ എയ്‌ഡ്‌സ്‌ വന്ന്‌ മരിച്ചപ്പോള്‍ മൃതദേഹം ഏറ്റെടുക്കാന്‍ പോലും ആരുമില്ലായിരുന്നു. അന്ന്‌ തന്നാല്‍ കഴിയുന്ന സഹായമെത്തിക്കാനായി.

ഇവിടെ വന്ന്‌ മലയാളികള്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ അവരെ തുണയ്‌ക്കാന്‍ ഇവിടുത്തെ സംഘടനകള്‍ക്ക്‌ ബാധ്യതയുണ്ട്‌. ഫ്‌ളോറിഡയില്‍ മരിച്ച ദേവസിക്കുട്ടിയുടെ കാര്യം തന്നെ ഉദാഹരണം.

ജനങ്ങളില്‍ നിന്ന്‌ മാറിനില്‍ക്കുന്ന വ്യക്തിയല്ല. ജനങ്ങളോടൊപ്പം നിന്ന്‌ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്‌ താന്‍- അവര്‍ പറഞ്ഞു.

അഞ്ചുവര്‍ഷമായി വെല്‍നസ്‌ ഹെല്‍ത്ത്‌ കെയര്‍ പാര്‍ട്ട്‌നേഴ്‌സ്‌ എന്ന ഹെല്‍ത്ത്‌
കെയര്‍  സ്ഥാപനം നടത്തുകയാണവര്‍. പുത്രന്‍ രാജും അതിന്‌ സഹായിക്കുന്നു. ഭര്‍ത്താവ്‌ ചന്ദ്രന്‍ പിള്ള വെച്ചൂച്ചിറ കുന്നം സ്വദേശി. മകള്‍ റോഷ്‌നി ചേസ്‌ ബാങ്കില്‍ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌.

ഫൊക്കാന പ്രസിഡന്റ്‌ പദത്തിനുള്ള മത്സരത്തില്‍ നിന്നും പിന്‍മാറുന്ന സാഹചര്യമില്ലെന്നവര്‍ പറഞ്ഞു. സംഘടനയിലെ വോട്ടര്‍മാരാണ്‌ നേതാക്കളെ തെരഞ്ഞെടുക്കുന്നത്‌. അവരുടെ തീരുമാനം താന്‍ അംഗീകരിക്കും. നേതൃരംഗത്തേക്ക്‌ വരുന്നതിന്‌ പ്രവര്‍ത്തനപരിചയമോ, സംഘടനയ്‌ക്കുവേണ്ടിയുള്ള ത്യാഗങ്ങളോ ഒന്നും ആവശ്യമില്ലെന്ന നിലപാടിനെ അംഗീകരിക്കാനാവില്ല. ദീര്‍ഘകാലമായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെ അവഗണിക്കാമെന്നും അവര്‍ നേതൃസ്ഥാനത്ത്‌ വരേണ്ടെതില്ല എന്ന സ്ഥിതിയും ശരിയല്ല.- അവര്‍ പറഞ്ഞു.
ഫൊക്കാന നേതൃത്വത്തിലേക്ക്‌ കരുത്തയായ വനിത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക