Image

കുറ്റിപ്പെൻസിൽ - കവിത: രമണി അമ്മാൾ

Published on 20 November, 2020
കുറ്റിപ്പെൻസിൽ - കവിത: രമണി അമ്മാൾ
കുറ്റിപ്പെൻസിലുകളഞ്ചാറുണ്ടെൻ മേശവലിപ്പിലിപ്പൊഴും...
പലവട്ടം തറയിൽ വീണു മുനയൊടിഞ്ഞു വെട്ടി വെട്ടി 
തേഞ്ഞു തേഞ്ഞറ്റം പറ്റിയ
കുറ്റിപ്പെൻസിലുകൾ..!

വിരലിന്നിടയിൽ തിരുകിയെഴുതാനു-
മാവാതെ വന്നാലും
മഷിപ്പേനതന്നടപ്പിൽ 
തിരുകിയെഴുതാൻ നോക്കും
അവസാനയറ്റംവരെ..!

വെട്ടിയും, മായ്ച്ചുമെഴുതിയും
തിരുത്തിയും
അക്ഷരക്കൂട്ടങ്ങളെ
വരുതിയിലാക്കും പെൻസിൽ..
 
ആനയും, മുയലും കിളിയും,
മലയും, പൂക്കളുമാകാശവും, 
എത്രകണ്ടു വരച്ചെന്നോ..
വർണ്ണങ്ങൾ ചാലിച്ചെന്നോ..!

നടരാജൻ 
പെൻസിലുകളോടായിരു-
ന്നേറെയിഷ്ടം..
കടുംചുവപ്പിൽ നെടുകെ 
കറുത്ത വരകളുളള,
കറുത്ത തൊപ്പിയുളള നടരാജൻ പെൻസിൽ..!
അത്ഭുതമായിരുന്നന്നൊക്കെ,
എങ്ങനെയിതിനുളളിൽ
നേർത്ത കമ്പിപോലുളള
സാധനം തിരുകിക്കേറ്റി..!

നഷ്ടകാല പ്രതാപങ്ങള-
യവിറക്കിക്കൊണ്ടാ-
ക്കുറ്റിപ്പെൻസിലുകളെന്റെ
മേശവലിപ്പിന്നൊരുകോണിൽ
കുഞ്ഞു ഡപ്പിയിലിന്നും ഭദ്രം..
കാലത്തിൻ താളുകൾ വേഗത്തിൽ മറിഞ്ഞാലും
മാഞ്ഞുപോവാത്തതാണ-
ന്നത്തെയെഴുത്തുകൾ,
വരകൾ, വർണ്ണങ്ങൾ   വാചാലങ്ങൾ...!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക