Image

ട്രമ്പിന്റെ പ്രതീക്ഷ മുഴുവന്‍ മിഷിഗനില്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ്) Published on 21 November, 2020
ട്രമ്പിന്റെ പ്രതീക്ഷ മുഴുവന്‍ മിഷിഗനില്‍ (ഏബ്രഹാം തോമസ്)
മിഷിഗല്‍ സംസ്ഥാനത്തെ ഉന്നത റിപ്പബ്ലിക്കന്‍ നേതാക്കളെ വാഷിംഗ്ടണ്‍ ഡിസിയിലേയ്ക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് വിളിച്ചു വരുത്തി. കൂടിക്കാഴ്ചയ്ക്കുശേഷം ട്രമ്പ് ആവശ്യപ്പെട്ടതുപോലെ സംസ്ഥാനത്തു നിന്ന് 'റിപ്പബ്ലിക്കന്‍ ഫ്രണ്ട്‌ലി' ഇലക്ടര്‍മാരെ തിരഞ്ഞെടുക്കുവാന്‍ തങ്ങള്‍ വിസമ്മതിച്ചതായി ഈ നേതാക്കള്‍ പറഞ്ഞു.
ബൈഡന് 306 ഇലക്ടറല്‍ വോട്ടുകള്‍ അനൗദ്യോഗികമായുള്ള പ്രഖ്യാപനമാണ്. മിഷിഗനിലെ ഇലക്ടര്‍മാരെ തനിക്ക് അനുകൂലമായി 'മറിക്കുവാന്‍' കഴിഞ്ഞാല്‍ തന്റെ ഇലക്ടൊറല്‍ കോളേജ് 232 ല്‍ നിന്ന് 248 ആയി ഉയര്‍ത്തുവാന്‍ കഴിയും എന്നാണ് ട്രമ്പ് പ്രതീക്ഷിക്കുന്നത്. പെന്‍സില്‍വേനിയുടെ ഫലം പ്രഖ്യാപിക്കരുതെന്നും വീണ്ടും കൗണ്ടിംഗ് നടത്തണമെന്നും ട്രമ്പ് ആവശ്യപ്പെട്ടു. ഈശ്രമം വിജയിക്കുകയും ട്രമ്പിന് മറ്റൊരു 20 വോട്ടുകൂടി ലഭിച്ചാലും 232+16+20=268 വോട്ടുകളേ ആവുകയുള്ളൂ. അപ്പോഴും ട്രമ്പിന് ഭൂരിപക്ഷം(270 വോട്ടുകള്‍) ലഭിക്കുകയില്ല. ഡിസംബര്‍ 14 ന് 538 ഇലക്ടര്‍മാര്‍ യോഗം ചേര്‍ന്ന് വോട്ടു ചെയ്യുമ്പോള്‍ ഏറ്റവുമധികം വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ത്ഥി പ്രസിഡന്റാവും. ബൈഡന് ഇപ്പോഴുള്ള 290 വോട്ടുകള്‍ക്കൊപ്പം  മിഷിഗന്റെ 16 വോട്ടുകള്‍ കൂടി ലഭിക്കാനാണ് സാധ്യത. ഇതിനിടയില്‍ മിഷിഗനിലെ  വെയ്ന്‍ കൗണ്ടിയില്‍ ബോര്‍ഡ് ഓഫ് കാന്‍വാസേഴ്‌സിലെ 2 റിപ്പബ്ലിക്കനുകള്‍ സര്‍ട്ടിഫിക്കേഷനില്‍ നിലപാട് മാറ്റി. വോട്ടര്‍മാരുടെ അഭ്യര്‍ത്ഥന മാനിച്ച് ഒടുവില്‍ ഒരു സ്വതന്ത്ര ഓഡിറ്റിന് സംസ്ഥാനം തയ്യാറായിട്ടുണ്ട്.

വ്യാഴാഴ്ച റിപ്പബ്ലിക്കനുകള്‍ തങ്ങളുടെ മേല്‍ സമ്മര്‍ദം ഉണ്ടായെന്നും അങ്ങനെയാണ് സര്‍ട്ടിഫിക്കേഷന്‍ നടപടിയില്‍ പങ്കെടുത്തതെന്നും പറഞ്ഞു. ട്രമ്പ് മിഷിഗനിലെ ഇലക്ടൊറല്‍ വോട്ടുകള്‍ തനിക്ക് അനുകൂലമാക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ചിലര്‍ ഭയന്നു. മിഷിഗന്‍ സ്‌റ്റേറ്റ് റിപ്പബ്ലിക്കന്‍ ഹൗസ് സ്പീക്കര്‍ ലീചാറ്റ് ഫീല്‍ഡിനെയും മെജോരിറ്റി ലീഡര്‍ മൈക്ക് ഷെര്‍ക്കിയെയും വൈറ്റ്ഹൗസില്‍ ഒരു കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത് ഈ ഭയം ബലപ്പെടുത്തി. ഈ കൂടിക്കാഴ്ച വെള്ളിയാഴ്ചത്തെ പ്രസിഡന്റിന്റെ പരിപാടികളില്‍ ഉണ്ടായിരുന്നില്ല.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഷെര്‍ക്കിയും ചാറ്റ്ഫീല്‍ഡും മിഷിഗനിലെ തിരഞ്ഞെടുപ്പു ഫലത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിയതായി യാതൊരു വിവരവും തങ്ങള്‍ക്കറിയില്ല എന്ന് ഒരു സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഒരു  റോയിട്ടര്‍ റിപ്പോര്‍ട്ട് അനുസരിച്ച് പ്രസിഡന്റ് ട്രമ്പ് ഇലക്ടേഴ്‌സിനെ നിയമിക്കുന്ന നിയമത്തില്‍ മാറ്റം വരുത്താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ട്രമ്പിന്റെ അഭിഭാഷകര്‍ വിശ്വസിക്കുന്നത് ബൈഡനെ അനുകൂലിച്ച് വോട്ടു ചെയ്യാന്‍ സാധ്യതയുള്ള ഇലക്ടേഴ്‌സിനെ നിയമിക്കാതിരിക്കുകയാണ് ട്രമ്പ് പ്രസിഡന്റായി തുടരുവാനുള്ള സാധ്യത. ട്രമ്പ് പ്രചരണസംഘത്തിന്റെ അഭിഭാഷകര്‍ പ്രധാനമായും മിഷിഗന്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ലെജിസ്ലേറ്റര്‍മാരെ തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കണമെന്ന അഭിപ്രായക്കാരാണ്. ബൈഡനാണ് മിഷിഗനിലെ 'പ്രൊജക്ടഡ് വിന്നര്‍'. സാധാരണ ഗതിയില്‍ ഇലക്ടര്‍മാരെ തിരഞ്ഞെടുക്കുന്നത് ഗവര്‍ണ്ണര്‍മാരും സെക്രട്ടറീസ് ഓഫ് സ്റ്റേറ്റുമാണ്. മിക്കവാറും സംസ്ഥാനത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം പോപ്പുലര്‍ വോട്ട് കിട്ടിയവരെയാണ് തിരഞ്ഞെടുക്കുക. എന്നാല്‍ ട്രമ്പിന്റെ ലീഗല്‍ ടീം ഇലക്ടേഴ്‌സിനെ നിയമിക്കുവാനുള്ള ചുമതല ജിഒപി നിയമസഭ സമാജികരെ ഏല്‍പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഷെര്‍കിയും ചാറ്റ് ഫീല്‍ഡും ട്രമ്പുമായി നടത്തിയ കൂടിക്കാഴ്ച ഡെമോക്രാറ്റിക് പാര്‍ട്ടി അപലപിച്ചു.

വോട്ടെണ്ണല്‍ കണക്കുകള്‍ അനുസരിച്ച് ട്രമ്പ് ബൈഡനെക്കാള്‍ 1,57,000 വോട്ടുകള്‍ക്ക് മിഷിഗനില്‍ പിന്നിലാണ്. ട്രമ്പിന്റെ അഭിഭാഷകവൃന്ദം നടത്തിയ മിക്കവാറും കേസുകളിലെല്ലാം പരാജയം ഏറ്റുവാങ്ങി. ഇപ്പോള്‍ ട്രമ്പിന്റെ ടീം വര്‍ധിത വീര്യത്തോടെ മിഷിഗനുവേണ്ടി പോരാടുന്നു. സംസ്ഥാനത്തിന്റെ ബോര്‍ഡ് ഓഫ് കാന്‍വാസ്സേഴ്‌സിലും നിയമസഭയിലും ഉള്ള റിപ്പബ്ലിക്കന്‍ അധികാരികളുടെ മേല്‍സമ്മര്‍ദ്ദം ഉണ്ടാവുമെന്ന് നിരീക്ഷകര്‍ ഭയക്കുന്നു. ട്രമ്പ് വിളിച്ച് സംസാരിച്ചു എന്നാരോപിച്ച് വെയ്ന്‍കൗണ്ടി ബോര്‍ഡ് ഓഫ് കാന്‍വാസ്സേഴ്‌സിലെ ഒരു വനിതാ അംഗം അംഗത്വം രാജിവച്ചു.

മൊണീക്ക പാമര്‍, മറ്റ് രണ്ട് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ തങ്ങള്‍ സര്‍ട്ടിഫൈ ചെയ്തത് പിന്‍വലിക്കുകയാണെന്ന് അറിയിച്ചു. ഇവരില്‍ രണ്ടുപേര്‍ നടത്തുന്ന രണ്ടാമത്തെ ചുവടുമാറ്റം ആയിരുന്നു ഇത്. സംസ്ഥാനത്ത് രാഷ്ട്രീയ നാടകം കൊഴുക്കുകയാണെന്ന് പറയാം. മൂവരും അഫഡാവിറ്റുകള്‍ ഒപ്പുവച്ചാണ് നിലപാട് മാറ്റിയത്. എന്നാല്‍ രണ്ട് അംഗങ്ങള്‍, പാമറിനും ഹാര്‍ട്ട്മാനും ഇനി ചുവടുമാറ്റാനാവില്ലെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ ഓഫീസ് പറഞ്ഞു. അവരുടെ ജോലി കഴിഞ്ഞു. അടുത്ത നടപടി സ്റ്റേറ്റിന്റെ ബോര്‍ഡ് ഓഫ് കാന്‍വാസേഴ്‌സ് യോഗം ചേര്‍ന്ന് ഫലം സര്‍ട്ടിഫൈ ചെയ്യുകയാണ്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്റ്റേസി വിമ്മര്‍ പറഞ്ഞു. ഇതിനിടയില്‍ അരിസോണയില്‍ ട്രമ്പിന് അനുകൂലമായ ഒരു കൗണ്ടിയില്‍ വോട്ട് സര്‍ട്ടിഫിക്കേഷനില്‍ കാലതാമസം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ഗ്രാമീണ കൗണ്ടിയായ മൊഹവേയില്‍ കൗണ്ടിവോട്ടുകള്‍ കാന്‍വാസ് ചെയ്യുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി വച്ചിരിക്കുകയാണ്. ട്രമ്പ് അരിസോണയില്‍ ബൈഡനെക്കാള്‍ 10,000ല്‍ അധികം വോട്ടുകള്‍ക്ക് പിന്നിലാണ്.

ട്രമ്പിന്റെ പ്രതീക്ഷ മുഴുവന്‍ മിഷിഗനില്‍ (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക