Image

കോവിഡ് പ്രവചിക്കാന്‍ സ്മാര്‍ട്ട് വാച്ച്, ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും മുമ്പ് കണ്ടെത്താം

Published on 23 November, 2020
കോവിഡ് പ്രവചിക്കാന്‍ സ്മാര്‍ട്ട് വാച്ച്, ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും മുമ്പ് കണ്ടെത്താം
ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം, ശ്വാസഗതി ഉള്‍പ്പെടെയുള്ള വൈറ്റല്‍ സൈനുകള്‍ അളക്കുന്ന സ്മാര്‍ട്ട് വാച്ചുകള്‍ക്ക് കോവിഡ്19 പ്രവചിക്കാനാകുമെന്ന് കണ്ടെത്തല്‍. ലക്ഷണങ്ങള്‍ പ്രത്യക്ഷമാകുന്നതിനും ഒന്‍പത് ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ കൈയില്‍ കിടക്കുന്ന സ്മാര്‍ട്ട് വാച്ചിന് കോവിഡിന്റെ വരവ് മുന്‍കൂട്ടി കാണാനാകുമെന്ന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ പറയുന്നു.

5300 പേരില്‍ നടത്തിയ പഠനത്തില്‍ നിന്ന് കോവിഡ് ബാധിച്ച 32 പേരുടെ വിവരങ്ങളാണ്  അപഗ്രഥിച്ചത്. ഇവരില്‍ 26 പേര്‍ക്കും(81 %)  ഹൃദയമിടിപ്പിലും, പ്രതിദിനമുള്ള ചുവടുകളുടെ എണ്ണത്തിലും ഉറങ്ങിയ സമയത്തിലും വ്യതിനായനങ്ങള്‍ ഉണ്ടായിരുന്നതായി പഠനത്തില്‍ കണ്ടെത്തി. 22 കേസുകളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകുന്നതിനു മുന്‍പുതന്നെ മാറ്റങ്ങള്‍ ദൃശ്യമായിരുന്നു. ഇതില്‍തന്നെ നാലു കേസുകളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകുന്നതിന് ഒന്‍പത് ദിവസങ്ങള്‍ക്ക് മുന്‍പ് മാറ്റം കണ്ടെത്തി.

ശ്വാസകോശവുമായി ബന്ധപ്പെട്ട അണുബാധ വലിയ തോതില്‍, തത്സമയം കണ്ടെത്താന്‍ സ്മാര്‍ട്ട് വാച്ചുകളും സമാനമായ ഉപകരണങ്ങളും ഉപയോഗിച്ചുള്ള നിരീക്ഷണത്തിന് സാധിക്കുമെന്ന് പഠനം പറയുന്നു. ഒരു വ്യക്തി ഒരു ദിവസം എത്ര ചുവട് വയ്ക്കുന്നു, തത്സമയമുള്ള ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം, ശരീരതാപനില, ശ്വാസഗതി, രക്തത്തിലെ ഓക്സിജന്‍ തോത്, ഉറക്കത്തിന്റെ ദൈര്‍ഘ്യം തുടങ്ങിയവയെല്ലാം ഇത്തരത്തിലുള്ള ഉപകരണങ്ങളിലൂടെ 24 മണിക്കൂറും നിരീക്ഷിക്കാന്‍ സാധിക്കും.

ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങളിലൂടെ കോവിഡ് പ്രവചിക്കാന്‍ സാധിച്ചാല്‍ മറ്റുള്ളവരില്‍ നിന്ന് സ്വയം ഐസൊലേറ്റ് ചെയ്യാനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും രോഗികള്‍ക്ക് സാധിക്കും. ലോകമെമ്പാടും ദശലക്ഷക്കണക്കിന് പേര്‍ നിലവില്‍ സ്മാര്‍ട്ട് വാച്ചുകള്‍ ആരോഗ്യ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക