Image

എന്തു പറഞ്ഞാലും എത്ര പറഞ്ഞാലും

മീനു എലിസബത്ത്‌ Published on 11 June, 2012
എന്തു പറഞ്ഞാലും എത്ര പറഞ്ഞാലും
ദീര്‍ഘകാലമായി അമേരിക്കയില്‍ താമസിക്കുകയും ചില പ്രത്യേക സാഹചര്യങ്ങളാല്‍ ജനിച്ച നാടുമായി നിരന്തരബന്ധം പുലര്‍ത്താന്‍ സാധിക്കാതെ വരികയും ചെയ്‌തു പോന്ന ഞങ്ങളുടെ ഒരു കുടുംബ സുഹൃത്തു ആയിടക്കായിരുന്നു മലയാളം ചാനലുകള്‍ കാണുവാന്‍ തുടങ്ങിയത്‌.

ഒരിക്കല്‍ സംസാരമധ്യേ അദ്ദേഹം വളര ഗൗരവത്തോടെ ഒരു ചോദ്യം

ചോദിച്ചു.`മോളെ, നമ്മള്‌ ആരും പറഞ്ഞോണ്ടിരുന്ന മലയാളം ഒന്നുമല്ല നാട്ടിലിപ്പം പറയുന്നത്‌ അല്ലെ?, ഹോ എന്നാ പാടാ ഇപ്പഴത്തെ മലയാളം മനസിലാവാന്‍? അതെന്നാ പുതിയ ലിപി വല്ലോം ആണോ? ന്യൂസ്‌ മാത്രം കേട്ടാല്‍ മനസിലാവും!!..

ഇത്‌ കേട്ട്‌ ഞാന്‍ പൊട്ടിച്ചിരിച്ചു പോയി. അന്വേഷിച്ചപ്പോള്‍ അവര്‍ കൂടുതല്‍ കാണുന്നത്‌ പ്ലസ്‌ ചാനലുകളിലെ ഫോണ്‍ ഇന്‍ പരിപാടികളാണ്‌ എന്ന്‌ മനസിലായി.

നമ്മള്‍ മലയാളികളില്‍ കാണുന്ന ഒരു പ്രവണതയാണ്‌ എന്തിനെയും വികലമായി അനുകരിക്കുക എന്നത്‌. എന്നാല്‍ മാതൃത്വത്തോളം പ്രാധാന്യമേറിയ സ്വന്തം ഭാഷയെ അനുകരണത്തിലൂടെ വികലമാക്കുക എന്ന്‌്‌ മാത്രമല്ല വിസ്‌മരിക്കുക കൂടി ചെയ്യുക എന്നത്‌ മാരകമായ ഒരു അവസ്ഥയാണ്‌.

സ്വന്തം നാട്‌ വിട്ട്‌ അന്യദേശത്ത്‌ എത്തുന്നതോടെ സൗകര്യവും സമ്പത്തും വന്നു ചേരുന്നതോടെ സ്വന്തം ദേശത്തെ മാത്രമല്ല ഭാഷയെയും കൂടി തള്ളിപ്പറയുന്നതില്‍ ഒരു ഉളുപ്പും ഇല്ലാത്തവരാണ്‌ നമ്മള്‍ പ്രവാസികള്‍.

കേരളത്തിലാവട്ടെ കഴിഞ്ഞ കുറെകാലങ്ങളായി സാമൂഹിക പരിഷ്‌കര്‍ ത്താക്കളും, ഭാഷാപ്രേമികളും തൊണ്ടയിലെ നനവെന്നപോലെ മലയാളത്തിന്റെ ഒരു പച്ചപ്പിനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. മലയാളത്തെ ക്ലാസിക്‌ പദവിയിലേക്ക്‌ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ കുറെ നാളായി നടക്കുന്നു.

പക്ഷെ ഇതൊന്നും അമേരിക്കന്‍ മലയാളികളായ നമുക്ക്‌ ഒരുപക്ഷെ വലിയ വിഷയമായി തോന്നാന്‍ ഇടയില്ല. മലയാളഭാഷ നിലനിന്നാല്‍ എന്ത്‌ ഇല്ലെങ്കിലെന്ത്‌ നമ്മള്‍ ഇങ്ങു അമേരിക്കയിലല്ലേ എന്ന ഒരു സ്വകാര്യചോദ്യം ചോദിക്കാത്തവര്‍ വിരളം.

കേരളത്തിനകത്തും പുറത്തുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും തങ്ങളുടെ മക്കളെ ഇംഗ്ലീഷ്‌ മാത്രം പഠിപ്പിക്കുക എന്നത്‌ ഒരു അലങ്കാരവും, മലയാളം പഠിപ്പിക്കുന്നത്‌ ഏറ്റവും അഭിമാനക്കുറവുമുള്ള കാര്യവുമായി കരുതുന്നു. മലയാളഭാഷയോടും സാഹിത്യത്തോടും ഉള്ള അജ്ഞതയും എല്ലാ കാലവും മലയാളിയുടെ കൂടപ്പിറപ്പായ പൊങ്ങച്ചവുംകൂടി ചേരുമ്പോള്‍ പിന്നെ ആര്‍ക്ക്‌ എന്തു മലയാളം?

അടുത്തിടയ്‌ക്ക്‌ സ്വന്തക്കാരി ഒരു കുട്ടിയുടെ ആദ്യകുര്‍ബാന പ്രമാണിച്ച്‌ മറ്റൊരു പള്ളിയില്‍ ഞങ്ങള്‍ക്ക്‌ പോകേണ്ടി വന്നു. അന്നേ ദിവസം തന്നെ ആയിരുന്നു മദേഴ്‌സ്‌ഡേയും. ആദ്യ കുര്‍ബാനയുടെ ചടങ്ങുകളും ആരാധനയും എല്ലാം കഴിഞ്ഞ്‌ അമ്മമാരെ ആദരിക്കുന്ന ചടങ്ങായിരുന്നു പിന്നീട്‌ നടന്നത്‌. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ ആ പള്ളിയിലെ കുട്ടികളില്‍ ചിലരെങ്കിലും കുറെ മലയാളം പാട്ടുകള്‍ നല്ല വൃത്തിയായി പാടി സദസിനെ സന്തോഷിപ്പിച്ചു.

ഇത്ര മനോഹരമായി അവര്‍ മലയാളം പാടുന്നത്‌ കേട്ട്‌ സന്തോഷം തോന്നിയ ലേഖിക പള്ളി കഴിഞ്ഞപ്പോള്‍ കുട്ടികളെ തിരഞ്ഞു പിടിച്ച്‌ അഭിനന്ദിച്ചു. വിവരങ്ങള്‍ അന്വേഷിച്ചു. അവരില്‍ മിക്കവരും കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഗള്‍ഫില്‍ നിന്നും, നാട്ടില്‍ നിന്നും കുടിയേറിയ മാതാപിതാക്കളുടെ മക്കളാണ്‌. ചില കുട്ടികള്‍ ഇവിടെ ജനിച്ചു വളര്‍ന്നവരും. മിക്കവാറും പേര്‍ നല്ല സ്‌ഫുടമായ മലയാളത്തില്‍ സംസാരിക്കുന്നുമുണ്ട്‌. വളരെ അഭിമാനമാണ്‌ തോന്നിയത്‌. അവരോടും അവരുടെ മലയാളം കളയാതെ സൂക്ഷിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളോടും.

ഞാന്‍ സാധാരണ പോകുന്ന പള്ളിയിലോ, മറ്റു പൊതുചടങ്ങുകളിലോ ഒന്നും കുട്ടികള്‍ മലയാളം പറഞ്ഞു കേള്‍ക്കുന്നത്‌ വിരളം. എങ്കിലും ചില മാതാപിതാക്കളെങ്കിലും നിരന്തരം കുട്ടികളെ സ്വന്തം ഭാഷ പറഞ്ഞ്‌ പഠിക്കുവാന്‍ ഉത്സാഹം കാണിക്കുന്നത്‌ കാണാറുണ്ട്‌.

അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന നമ്മുടെ കുഞ്ഞുങ്ങളെ മലയാളം പറഞ്ഞു പഠിപ്പിക്കന്ന അത്ര എളുപ്പമല്ല. പക്ഷേ ഒന്ന്‌്‌ മനസ്‌ വെച്ചാല്‍ അത്‌ നടപ്പിലാക്കാവുന്നതേയുള്ളൂ താനും. ഇത്‌ എന്റെ സ്വന്തം അനുഭവത്തിലൂടെ മനസിലാക്കിയ കാര്യമാണ്‌.

ഞങ്ങള്‍ക്ക്‌ കുഞ്ഞുങ്ങളുണ്ടാവുന്നതിനുമുന്‍പ്‌ തന്നെ ആഗ്രഹിച്ചിരുന്നതാണ്‌ കുട്ടികളെ കുറഞ്ഞപക്ഷം മലയാളം സംസാരിക്കുവാനെങ്കിലും പഠിപ്പിക്കണമെന്നുള്ളത്‌. ഞങ്ങള്‍ നാട്ടില്‍ ആയിരുന്ന കാലത്ത്‌, അമേരിക്കയില്‍ നിന്നും അവധിക്കാലങ്ങളില്‍ വരാറുണ്ടായിരുന്ന ബന്ധുക്കളായ കുട്ടികള്‍, നാട്ടില്‍ വന്നു വഴി തെറ്റിപ്പോയ ഏതോ അന്യഗ്രഹജീവികളെപോലെ, ഭാഷയറിയാതെ കുഴങ്ങുന്നത്‌ കണ്ടിരുന്നു.

മൂന്നോ നാലോ ആഴ്‌ചത്തേക്ക്‌ വരുനന അവര്‍, വഴങ്ങാത്ത ഭാഷയുടെ പരിമിതിയാല്‍ നാട്ടിലെ ബന്ധുമിത്രാദികളോട്‌ ആശയവിനിമയം നടത്താന്‍ സാധിക്കാതെ വിഷമിക്കുന്നത്‌ എന്നില്‍ സങ്കടം ഉണര്‍ത്തിയിരുന്നു.

അഞ്ചും ആറും വര്‍ഷം കൂടി കാണുന്ന കൊച്ചുമക്കളോട്‌ തങ്ങള്‍ക്കു അറിയാവുന്ന ഏക ഭാഷയില്‍ സംസാരിക്കുവാന്‍ കഴിയാത്തതിന്റെ സങ്കടം എന്റെ വലിയപ്പനും വലിയമ്മക്കും ഏറെ ഉണ്ടായിരുന്നു. ഇതെല്ലാം മനസില്‍ കിടന്നിരുന്നതിനാലാണ്‌, കുട്ടികളെ മലയാളം പഠിപ്പിച്ചെടുക്കണം എന്ന ഒരു ചിന്ത ഞങ്ങളില്‍ വേരൂന്നിയത്‌.

ആ സമയത്ത്‌ ഞാന്‍ വായിച്ച ബേബി ബുക്കുകളില്‍ ഒന്നില്‍ ഭാഷയെ കുറിച്ച്‌ ഒരു അധ്യായം ഉണ്ടായിരുന്നത്‌ വളരെ വിജ്ഞാനപ്രദമായി തോന്നി. കുട്ടികളുടെ `ലാംഗ്വേജ്‌ സ്‌കില്‍സ്‌' രൂപപ്പെടുന്നത്‌. ജനനം മുതല്‍ പത്തുവയസുകാലമാണ്‌.

അപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന ഏതു ഭാഷയും കുട്ടി വളരെ വേഗം പിടിച്ചെടുക്കും. ഇതിന്റെ ഉത്തമ ഉദാഹരണമാണ്‌ ഇംഗ്ലീഷ്‌ അധികം പറയാത്ത മുത്തശിയോ ബേബി സിറ്ററോ പരിപാലിക്കുന്ന നമ്മുടെ കുട്ടികള്‍ സ്‌കൂളില്‍ പോന്നിടം വരെ നല്ല സുന്ദരമായ മലയാളം പറയാറുള്ളത്‌.

നമുക്ക്‌ നമ്മുടെ ഭാഷ കുട്ടിയെ പഠിപ്പിക്കണമെന്നുണ്ടെങ്കില്‍ അവര്‍ ചെറുപ്പമായിരിക്കുമ്പോള്‍ തന്നെ, മാതാവോ പിതാവോ, മുത്തഛനോ, മുത്തശിയോ ആരെങ്കിലും ഒരാള്‍ നിരന്തരം കുട്ടിയോട്‌ ആ ഭാഷ മാത്രം പറയാന്‍ ശ്രദ്ധിക്കുക. ഇതെല്ലാം ആ പുസ്‌തകത്തില്‍ നിന്നും ഞാന്‍ വായിച്ചറിഞ്ഞതാണ്‌.

പക്ഷെ, നമുക്ക്‌ സാധാരണ നേരിടുന്ന പ്രശ്‌നം, കുട്ടി സ്‌കൂളില്‍ പോയി തുടങ്ങുമ്പോള്‍ മലയാളം പറയാന്‍ വിമുഖത കാട്ടുന്നു എന്നുള്ളതാണ്‌. ഞാനുള്‍പ്പെടെ പലരും അഭിമുഖീകരിച്ചിരുന്ന പ്രശ്‌നവും ഇതായിരുന്നു.

പക്ഷെ, ചില കൗതുകകരമായ കരാറുകളും ഉടമ്പടികളും അന്നു മുതലേ ഞങ്ങള്‍ കുട്ടികളുമായി ഉണ്ടാക്കുകയും, അതിന്‌ അവര്‍ താല്‌പര്യപ്പെടുകയും ചെയ്‌തു. അമ്മയോട്‌ നിരന്തരം മലയാളം പറയുക, കാറില്‍ യാത്ര ചെയ്യുമ്പോള്‍ എല്ലാവരും മലയാളം മാത്രം പറയുക. ഇവിടെയുള്ള ഞങ്ങളുടെ മലയാളി സുഹൃത്തുക്കളുടെ വീടുകളില്‍ പോകുമ്പോഴും, കേരളത്തില്‍ പോകുമ്പോഴും മലയാളത്തില്‍ മാത്രം സംസാരിക്കുക. ഇതൊക്കെയായിരുന്നു ഞങ്ങളുടെ നിയമങ്ങള്‍.

ഇതിനു ഓരോ ദിവസം ഓര്‍മപ്പെടുത്തലുകളും ആവശ്യമായി വന്നിരുന്നു. ഞാന്‍ പാര്‍ട്ട്‌ടൈം ജോലി മാത്രം ചെയ്‌തിരുന്നതും, അങ്ങനെ കുട്ടികളുമായി കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിച്ചതും, മലയാളം തുടരെ അവരോടു പറയുവാന്‍ എനിക്ക്‌ അവസരം ലഭിച്ചതും എല്ലാം അവരുടെ മലയാളം പറച്ചിലിനെ ഒട്ടൊക്കെ അനായസമാക്കി. ഇതെല്ലാം ചെയ്‌തിട്ടും ഇന്നും മുന്നൂപേരില്‍ ഒരാളെ ഞാന്‍ നിരന്തരം മലയാളം പറയാന്‍ ഓര്‍മപ്പെടുത്തേണ്ടി വരാറുണ്ട്‌.

എഴുപതുകളില്‍ അമേരിക്കയിലേക്ക്‌ വന്ന മലയാളി കുടുംബങ്ങളുടെ കാര്യം തന്നെ എടുക്കാം. കേരളത്തിനകത്ത്‌ നിന്നും പുറത്തുനിന്നും അന്നു കുടിയേറിയവര്‍ക്ക്‌ പുതിയ ഭാഷയോടും സംസ്‌കാരത്തോടും പൊരുത്തപ്പെടാന്‍ വളരെ പാട്‌ പെടേണ്ടിവന്നു. കൂടാതെ വെള്ളക്കാരന്റെ കടുകട്ടിയുള്ള ഇംഗ്ലീഷ്‌ ചക്കെന്നു പറഞ്ഞാല്‍ കൊക്കെന്നാണ്‌ തിരിയുക.

ഇന്നും ആദ്യത്തെ കുറെ നാള്‍ ആക്‌സന്റ്‌ പിടികിട്ടാന്‍ ചിലര്‍ക്കെങ്കിലും കുറച്ച്‌ സമയം എടുക്കുമല്ലോ.

അന്ന്‌ നാട്ടില്‍ കേബിള്‍ ടിവി പോയിട്ട്‌ വെറും ടിവി പോലും ആയിട്ടില്ല. ഇന്നത്തെപോലെ ഇംഗ്ലീഷിന്റെ അതിപ്രസരവും ഇല്ല. കേരളത്തിലെ ഉള്‍നാടന്‍ സ്‌കൂളുകളില്‍ പഠിച്ചു ഇവിടെ വന്ന അന്നത്തെ കുട്ടികള്‍ക്കും ഇംഗ്ലീഷ്‌ ഭാഷ പ്രശ്‌നമുണ്ടാക്കി. ഇംഗ്ലീഷിന്റെ പരിമിതിയില്ല, ഉച്ചാരണത്തിന്റെ വൈരുദ്ധ്യത്തില്‍ ഈ കുട്ടികള്‍ സ്‌കൂളില്‍ പരിഹസിക്കപ്പെട്ടു. അവര്‍ക്ക്‌ വേറെ ഒരു മാതൃഭാഷ ഉണ്ടെന്ന്‌്‌ അറിഞ്ഞ്‌ സ്‌കൂള്‍ അധികൃതര്‍ അന്നു മാതാപിതാക്കള്‍ക്ക്‌ ഉപദേശങ്ങള്‍ കൈമാറി. വീട്ടില്‍ നിങ്ങളും ഇംഗ്ലീഷ്‌ മാത്രം പറയുക, അപ്പോള്‍ കുട്ടിയുടെ ഇംഗ്ലീഷ്‌ നന്നാകും. നിങ്ങളുടെയും.

അന്നത്തെ മലയാളികളില്‍ ബഹുഭൂരിപക്ഷവും ഈ ഉപദേശം സ്വീകരിച്ചു കുട്ടികളോട്‌ മലയാളം പറച്ചില്‍ നിര്‍ത്തി. എന്റെ ഇംഗ്ലീഷോ ഇങ്ങനെയായി. ഇനി കുട്ടികളെങ്കിലും നല്ല ഇംഗ്ലീഷ്‌ പറഞ്ഞു പഠിക്കട്ടെ എന്നവര്‍ ചിന്തിച്ചതില്‍ നമുക്ക്‌ അവരെ കുറ്റം പറയാന്‍ കഴിയില്ല. അങ്ങിനെ മലയാളം ഉപേക്ഷിക്കപ്പെട്ടു.

പക്ഷെ ഇവിടെയുള്ള വിയറ്റ്‌നാമിയുടെയും, ജപ്പാന്‍കാരന്റെയും മെക്‌സിക്കന്റെയും ഗുജറാത്തിയുടെയും കുഞ്ഞുങ്ങള്‍, അവരവരുടെ ഭാഷ

ഇംഗ്ലീഷിനൊപ്പം പച്ചവെള്ളം പോലെ അന്നും ഇന്നും പറയുന്നു എന്നത്‌ വേറെ കാര്യം.

ആദ്യം വന്നവര്‍ക്ക്‌ ഭാഷയോടൊപ്പം ഒട്ടൊക്കെ കേരള സംസ്‌ക്കാരവും മക്കളില്‍ നിന്നും തിരികെ എടുക്കേണ്ടി വന്നു. അന്നു വന്നവര്‍ അവര്‍ക്ക്‌ ശരി എന്ന്‌ തോന്നിയത്‌ ചെയ്‌തു. പക്ഷെ, അന്നത്തെ മാതാപിതാക്കളില്‍ പലരും പിന്നീട്‌ ആ തീരുമാനത്തില്‍ ഖേദം പ്രകടിപ്പിച്ചു കണ്ടിട്ടുണ്ട്‌്‌. അവരില്‍ കുറച്ച്‌ പേരെങ്കിലും അവരുടെ കൊച്ചുമക്കളോട്‌ മലയാളം പറഞ്ഞു സായൂജ്യം അണയുന്നതും നാം കാണാറുണ്ട്‌.

ആദ്യ വര്‍ഷകുടിയേറ്റക്കാരുടെ കെയറോഫില്‍ പിന്നീട്‌ കുടുംബങ്ങള്‍ വരുന്നത്‌ എണ്‍പതുകളിലാണ്‌. മുന്‍പേ ഗമിക്കുന്ന ഗോവു തന്റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം എന്ന കവി വാക്യം പോലെ, അവരില്‍ പകുതിയും തന്താങ്ങളുടെ സ്‌പോണ്‍സര്‍ കുടുംബത്തിന്റെ പാത പിന്തുടര്‍ന്ന്‌്‌ മനപൂര്‍വ്വം മലയാളത്തെ ഒരു വശത്തേക്ക്‌ ഒതുക്കി നിര്‍ത്താന്‍ നിര്‍ബന്ധിതരായി. നേരത്തെ വന്നവര്‍ തങ്ങളുടെ ഭീകരാനുഭവങ്ങള്‍ അവരെ ധരിപ്പിച്ചിട്ടുമുണ്ടാവും.

ഈ പേടിപ്പിക്കലില്‍ ചിലരെങ്കിലും മലയാളം പാടേ ഉപേക്ഷിച്ചു. വളരെ വിഷമിച്ച്‌ മക്കളോട്‌ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ്‌ പറഞ്ഞു. അവര്‌ തിരിച്ചു പറയുന്ന അമേരിക്കന്‍ ആക്‌സെന്റ്‌ ഉള്ള ഇംഗ്ലീഷ്‌ കേട്ട്‌ മനം കുളിര്‍ത്തു. അവര്‍ക്കും മലയാളത്തോട്‌ ശത്രുത അറിഞ്ഞോ അറിയാതെയോ വന്നു തുടങ്ങി.

മലയാളം പറയുന്നത്‌ ഒരു കുറച്ചില്‍ ആയി ചിലരെങ്കിലും കണ്ടു.

കഴിഞ്ഞ പത്തുപന്ത്രണ്ടു വര്‍ഷങ്ങള്‍ക്കകം ജോലി കിട്ടി അമേരിക്കയിലേക്കു വന്ന കമ്പ്യൂട്ടര്‍ ജോലിക്കാരും CGFNS എഴുതി ഗള്‍ഫില്‍ നിന്നും നാട്ടില്‍ നിന്നും കുടിയേറിയവരും മറ്റു രീതിയില്‍ അമേരിക്കയില്‍ വന്നവരുമാണ്‌ പുതിയ കുടിയേറ്റക്കാരും കുടുംബവും.

ഇവരുടെ കാര്യവും എഴുപതിലെ മലയാളി കുടുംബത്തിന്റെ കഥയില്‍ നിന്നും ഒട്ടും വിഭിന്നമല്ല. അന്നത്തെ കുടിയേറ്റക്കാര്‍ മക്കളെ മലയാളം പഠിപ്പിക്കാത്തതിന്റെ കാരണം വ്യത്യസ്‌തമായിരുന്നെങ്കില്‍, അടുത്തിടെ അമേരിക്കയില്‍ വന്നവരുടെ കുഞ്ഞുങ്ങള്‍ മലയാളം മറന്നതിന്റെ കാരണം മറ്റു പലതും ആണ്‌.

പക്ഷെ, പുതിയ കുടിയേറ്റക്കാരില്‍ ഭൂരിപക്ഷത്തിനും മക്കളോടൊപ്പം സമയം ചിലവഴിക്കാന്‍ സമയം ഇല്ല എന്നതാണ്‌ വലിയ വാസ്‌തവം. മാതാപിതാക്കള്‍ ഭാഷ പറഞ്ഞു കേട്ടാല്‍ അല്ലെ മക്കള്‍ പഠിക്കുക?

ആദ്യകാല കുടിയേറ്റക്കാരെക്കാള്‍ എന്തു കൊണ്ടും സാമ്പത്തിക ഭദ്രത വന്നിട്ടുള്ളവരാണ്‌ പുതിയ കുടിയേറ്റക്കാര്‍. ഉയര്‍ന്ന വിദ്യാഭ്യാസവും ആകര്‍ഷകമായ ശമ്പളവും, അനേക വര്‍ഷങ്ങള്‍ ഗള്‍ഫിലും മറ്റു രാജ്യങ്ങളിലോ ജോലി ചെയ്‌തുണ്ടാക്കിയ സാമ്പത്തിക ഭദ്രതയും ഉള്ളവര്‍പോലും, ഇവിടെ വന്നു കൂടുതല്‍ വെട്ടിപ്പിടിക്കുവാനും ബാങ്ക്‌

നിക്ഷേപങ്ങള്‍ ഉയര്‍ത്താനുമായി അഹോരാത്രം പണി എടുക്കുകയാണ്‌.

വരുന്ന ഉടനെ തന്നെ, മണിമാളികകള്‍ വാങ്ങുകയും, വിലകൂടിയ വാഹനങ്ങള്‍ വാങ്ങിക്കുകയും ചെയ്യുന്നതോടെ, പിന്നെ, അവര്‍ക്ക്‌ എങ്ങനെ വീട്ടില്‍ ഇരിക്കാന്‍ കഴിയും? മക്കളുമായി സമയം പങ്കിടാന്‍ കഴിയും? അമ്മമാര്‍ ഇന്നും ശമ്പളക്കൂടുതല്‍ ഉള്ള രാത്രി ജോലി ചെയ്‌തും, അച്ഛന്മാര്‍ ഓവര്‍ടൈം ചെയ്‌തും തമ്മില്‍ കാണാതെ പോകുന്നിടത്ത്‌, മക്കള്‍ ആരോട്‌ മലയാളം പറയും. ആരവരെ പഠിപ്പിക്കും?


പല കുഞ്ഞുങ്ങള്‍ക്കും ടിവിയാണ്‌ ബേബിസിറ്റര്‍. വാള്‍ മാര്‍ട്ടിലെയും കോസ്‌ക്കൊയിലെയും പ്രോസസ്‌ ചെയ്‌ത ഭക്ഷണങ്ങള്‍ അവരുടെ വലിയ ഫ്രീസറുകളില്‍ നിറക്കുന്നു. മൈക്രോവേവുകള്‍ അമ്മമാരുടെ സ്ഥാനം ഏറ്റെടുക്കുനനു. പണ്ടത്തെപോലെതന്നെ, ചങ്കരിക്ക്‌ ഇന്നും നൈറ്റ്‌ ജോലിയും, രണ്ടു ഷിഫ്‌റ്റും പകലുറക്കവും!! ശങ്കരന്‌, വൈകിട്ടു വന്നു പെക്ഷടിയും കമ്പ്യൂട്ടറും അവധി ദിവസങ്ങളില്‍ പൊതുപ്രവര്‍ത്തനവും സമുദായക്കാര്യങ്ങളും. പിന്നെ ഏതു പിള്ളേര്‌? എന്ത്‌ മലയാളം?

കുട്ടികള്‍ മലയാളം പറയുണ്ടോ ഇല്ലയോ എന്നുള്ള വിഷയം ഒന്നും ഇവിടെ നേരിടുന്ന മറ്റു ചില പ്രശ്‌നങ്ങളെ വെച്ച്‌ നോക്കുമ്പോള്‍ ഒന്നുമല്ല. മലയാളം പറഞ്ഞാലും ഇല്ലെങ്കിലും അവര്‍ ഉത്തമ പൗരന്മാരായി നാടിനു നന്മ ചെയ്യുന്നവരായി വളര്‍ന്നുവരട്ടെ. നാട്ടില്‍ വളര്‍ന്ന നമുക്കില്ലാത്ത പ്രതിബദ്ധത നമ്മുടെ ഭാഷയോട്‌ അവര്‍ക്ക്‌ വരാന്‍ വഴിയില്ല. താല്‌പര്യം ഉള്ളവര്‍ മക്കളെ മലയാളം പഠിപ്പിക്കട്ടെ, അതിനായി അവര്‍ മക്കളുടെ കൂടെ സമയം കണ്ടെത്തി അവരോടു മലയാളം പറയുവാന്‍ അവസരം ഉണ്ടാക്കട്ടെ. അല്ലാത്തവര്‍ അവര്‍ക്കിഷ്‌ടമുള്ളത്‌ പോലെ ആ കാര്യത്തില്‍ തീരുമാനമെടുക്കട്ടെ.

വഴിതെറ്റി പോകുവാന്‍ എല്ലാ തരത്തിലും സാഹചര്യമുള്ള ഈ നാട്ടില്‍, നമ്മുടെ കുട്ടികള്‍, അതെല്ലാം അതിജീവിച്ചു നാടിനു നന്മ ചെയ്യുന്ന നല്ല പൗരന്മാരായി വളര്‍ന്നുവരട്ടെ. പക്ഷെ, കേരളത്തില്‍ ജനിച്ചു വളര്‍ന്ന നമ്മളെങ്കിലും നമ്മുടെ ഭാഷയോട്‌ ഒരല്‌പം കൂടി സ്‌നേഹം കാണിക്കുക.

(മലയാളം പത്രത്തിലെ തത്സമയം കോളത്തില്‍ പ്രസിദ്ധികരിച്ചത്)
എന്തു പറഞ്ഞാലും എത്ര പറഞ്ഞാലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക