Image

അന്താരാഷ്ട്ര യാത്രക്ക് മുന്ന് ഘട്ടങ്ങളിൽ കോവിഡ് ടെസ്റ് (കോവിഡ് വാർത്തകൾ)

മീട്ടു Published on 25 November, 2020
അന്താരാഷ്ട്ര  യാത്രക്ക് മുന്ന് ഘട്ടങ്ങളിൽ കോവിഡ് ടെസ്റ്  (കോവിഡ് വാർത്തകൾ)
സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ (സി ഡി സി) അന്താരാഷ്ട്ര യാത്രയ്ക്കുള്ള മാർഗരേഖകളിൽ ഭേദഗതി വരുത്തി. ഇതോടെ, വിദേശയാത്ര നടത്തുന്ന അമേരിക്കക്കാർക്ക് മൂന്ന് ഘട്ടങ്ങളിൽ കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി  വരും - യാത്രയ്ക്ക് മുൻപും, യാത്രയ്ക്കിടയിലും , യാത്രയ്ക്ക് ശേഷവും.

പൊതു ആരോഗ്യ ഇന്സ്ടിട്യൂട്ടാണ് ഇതുസംബന്ധിച്ച അറിയിപ്പ് വാരാന്ത്യത്തിൽ പുറത്തുവിട്ടത്.  അപകട സാധ്യത ഒഴിവാക്കാൻ പരിശോധന പര്യാപ്തമല്ലെങ്കിലും , കുറഞ്ഞപക്ഷം ഒപ്പം യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പിക്കാമെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

'വിമാനയാത്ര നടത്തുന്നതിന്റെ ഭാഗമായി സെക്യൂരിറ്റി ലൈനിലും എയർപോർട്ട് ടെർമിനലിലും  ആളുകൾ സമ്പർക്കത്തിലേർപ്പെടാനും പല പ്രതലങ്ങളിലും സ്പർശിക്കാനും സാധ്യത കൂടുതലാണ്. തിരക്കേറിയ വിമാനത്താവളങ്ങളിലും വിമാനങ്ങൾക്കുള്ളിലും  സാമൂഹിക അകലം പാലിക്കാൻ ബുദ്ധിമുട്ടാണ്. മണിക്കൂറുകളോളം ആറടിക്കുള്ളിൽ  ഇരിക്കേണ്ടിയും വരും. ഇതെല്ലാം വൈറസ്  ബാധിതരാകാനുള്ള സാഹചര്യം സൃഷ്ടിക്കും. " സിഡിസി  ശനിയാഴ്ച ഇറക്കിയ മെമ്മോയിൽ  പറയുന്നു.

'വിദേശ യാത്ര നടത്തുന്നതിന് ഒന്നുമുതൽ മൂന്ന് ദിവസങ്ങൾക്ക് മുൻപ് ആദ്യ പരിശോധന നടത്തണം. യു എസിൽ  തിരിച്ചെത്തുന്നതിന് ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾ മുൻപ് രണ്ടാമത്തെ പരിശോധന.  തിരികെ വീട്ടിലെത്തി മൂന്നു മുതൽ അഞ്ച് ദിവസങ്ങൾക്ക് ശേഷം മൂന്നാമത്തെ പരിശോധന. വിദേശത്തു നിന്നെത്തുന്നവർ യാത്രകഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ കുറഞ്ഞത് ഏഴ് ദിവസമെങ്കിലും ക്വാറന്റൈനിൽ കഴിയണം.  പരിശോധനാഫലം നെഗറ്റീവ് ആയാൽ പോലും ഏഴ് ദിവസം വീടുകളിൽ തന്നെ കഴിയണം. ടെസ്റ്റ് നടത്താത്ത പക്ഷം പതിനാല് ദിവസം വീടുകളിൽ കഴിയുന്നതാണ് ഏറ്റവും സുരക്ഷിതം."- മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.

സാഹസികരും ഈ സമയം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
'പരിശോധന ഫലം നെഗറ്റീവ് ആകുന്നതിന്റെ അർത്ഥം, നിങ്ങൾക്ക് അണുബാധ ഏറ്റിട്ടില്ലെന്നോ രോഗം പിടിപ്പെടാൻ സാധ്യത ഇല്ലെന്നോ അല്ല.  മാസ്ക് ധരിച്ചിട്ടുണ്ടെന്നും പരസ്പരം ആറടി അകലം പാലിച്ചിട്ടുണ്ടെന്നും എവിടെ സ്പർശിച്ചാലും കൈ കഴുകുന്നുണ്ടെന്നും രോഗലക്ഷണങ്ങൾ  ഉടനീളം ഇല്ലെന്നും സ്വയം ഉറപ്പ് വരുത്തണം. പരിശോധന ഫലങ്ങളുടെ കോപ്പികൾ യാത്രയിലുടെനീളം കയ്യിൽ കരുതണം. എപ്പോഴും അത് കാണിക്കേണ്ടി വരും.'
 
ഈ താങ്ക്സ്ഗിവിങ്ങിൽ യാത്രകൾ ഒഴിവാക്കണമെന്ന് സിഡിസി അമേരിക്കൻ ജനതയോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും  മാർച്ച് മാസത്തിനു ശേഷം ഏറ്റവും അധികം ആളുകൾ വിമാനയാത്രയ്‌ക്കൊരുങ്ങിയ കാഴ്ചയാണ് ഈ വാരാന്ത്യത്തിൽ  എയർപോർട്ടുകളിൽ കണ്ടത്.  ട്രാൻസ്‌പോർടെഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ മൂന്ന് ദശലക്ഷത്തിലധികം യാത്രക്കാരെയാണ് ഈ ദിവസങ്ങളിൽ രാജ്യത്ത് സ്ക്രീൻ ചെയ്തത് 

വാക്‌സിൻ വിതരണത്തിന് റെഡി 

അടിയന്തരാനുമതി ലഭ്യമാകുമെന്ന പ്രതീക്ഷയിൽ, അമേരിക്കയുടെ നാനാഭാഗത്തേക്കുമുള്ള  വിതരണത്തിന്റെ പ്രാരംഭഘട്ടത്തിലേക്ക്  6.4 ദശലക്ഷം വാക്സിൻ ഡോസുകളാണ് ഫൈസർ കമ്പനി സജ്ജമാക്കിയിരിക്കുന്നത്.  ഓപ്പറേഷൻ വാർപ് സ്പീഡ് എന്നാണ് ഈ ദൗത്യത്തിന് നൽകിയിരിക്കുന്ന പേര്. വാക്‌സിൻ അതിവേഗം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനുവേണ്ടിയാണ് ഈ ഒരുക്കങ്ങളെന്ന് അധികൃതർ മാധ്യമങ്ങളെ അറിയിച്ചു.

യു എസിലെ 50 സ്റ്റേറ്റുകളിലും 8 ടെറിട്ടറികളിലും ആറ് പ്രമുഖ മെട്രോപൊളിറ്റൻ പ്രദേശങ്ങളിലുമുള്ള ആരോഗ്യപ്രവർത്തകർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കുമായിരിക്കും ആദ്യ ഡോസുകൾ ലഭ്യമാക്കുക. ഓരോ പ്രദേശങ്ങളിലെയും മുതിർന്ന ആളുകൾ എത്രയെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് എത്രത്തോളം അളവ് എത്തിക്കേണ്ടിവരുമെന്ന് കണക്കുകൂട്ടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ സ്ഥലങ്ങളിൽ ആദ്യ ഘട്ടത്തിൽ ലഭ്യമാകുന്ന ഡോസുകളെക്കുറിച്ച് വെള്ളിയാഴ്ച രാത്രി അതാത് സ്റ്റേറ്റുകളെ അറിയിച്ചതായി ഓപ്പറേഷൻ വാർപ് സ്പീഡ് ചൊവ്വാഴ്ച പ്രസ്താവിച്ചു. ഷിപ്മെന്റ് എവിടെ വേണമെന്ന് തീരുമാനമെടുക്കേണ്ടത് ഗവർണർമാരും പ്രാദേശിക നേതാക്കളും ചേർന്നാണ്.  

"കാര്യങ്ങൾ ലഘൂകരിക്കാനാണ് ഞങ്ങളുടെ ശ്രമം. " ഹെൽത് ആൻഡ് ഹ്യൂമൻ സർവീസസിന്റെ സെക്രട്ടറി അലക്സ് എം. അസർ  പറഞ്ഞു. 

യു പി എസ് വഴിയും ഫെഡെക്സ്  വഴിയും പ്രത്യേക കൂളറുകളിൽ ഡ്രൈ ഐസ് ഉപയോഗിച്ച് പാക്കിങ് നടത്തിയാണ് വാക്സിൻ കയറ്റി അയയ്ക്കുന്നത്. കുറഞ്ഞത് 975 ഡോസുകൾ ഒരു പാക്കിൽ ഉണ്ടായിരിക്കും.  ഇത് ഏതാനും ആഴ്ചകൾക്കുള്ളിൽ ഉപയോഗിക്കണം. അൾട്രാ കോൾഡ് ഫ്രീസറിൽ ആറു മാസങ്ങൾ വരെ ഇവ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും.

ക്വാറന്റൈൻ  കാലാവധി കുറയ്ക്കും 

കോവിഡ്-19 ന്റെ സാധ്യത പട്ടികയിലുള്ളവർക്ക് നിലവിൽ പതിനാല് ദിവസത്തെ ക്വാറന്റൈൻ കാലാവധിയാണ് നിഷ്കർഷിച്ചിട്ടുള്ളത്.  കൂടുതൽ ആളുകൾ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുമെന്ന പ്രതീക്ഷയിൽ, യു എസ് സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവെൻഷൻ (സി ഡി സി)ഈ കാലയളവ് ഏഴു മുതൽ പത്ത് ദിവസങ്ങളിലേക്ക് അധികം താമസിയാതെ ചുരുക്കിയേക്കാം. പുതിയ മാർഗ്ഗരേഖകളിൽ ക്വാറന്റൈനിൽ കഴിയുന്ന ആളുടെ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് എന്ന് ഉറപ്പുവരുത്തണമെന്നുകൂടി ഉൾപ്പെടുത്തുമെന്ന് സീനിയർ സിഡിസി ഉദ്യോഗസ്ഥൻ ഹെൻറി വോക് പറഞ്ഞതായി  വോൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.

"ഇതുവരെ നടത്തിയ പ്രവർത്തനങ്ങളുടെയും പഠനങ്ങളുടെയും മാതൃകകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനം. ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദം ഒറ്റപ്പെട്ടു കഴിയുന്നതിന്റെ ദൈർഘ്യം കുറയ്ക്കുന്നതാണെന്നാണ് കരുതുന്നത്. " അദ്ദേഹം വിശദീകരിച്ചു.

ഗൗരവമുള്ള ചില കോവിഡ് കേസുകളിൽ ക്വാറന്റൈൻ കാലയളവ് കുറയ്ക്കുന്നതുകൊണ്ട് അപകടസാധ്യതയുണ്ട്. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകാൻ രണ്ടാഴ്ച വരെ എടുക്കും. എന്നിരുന്നാലും , അമ്പതു ശതമാനം ജനങ്ങൾക്കും രോഗലക്ഷണം ആദ്യ അഞ്ചോ ആറോ  ദിവസങ്ങളിൽ കണ്ടുതുടങ്ങും. ലക്ഷണങ്ങൾ പ്രകടമായശേഷമുള്ള ആദ്യ അഞ്ചു ദിവസങ്ങളിലാണ് രോഗവ്യാപനത്തിന് കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത്. 

പുതിയ പരിശോധനാ രീതികളും  ലഭ്യമാകുന്ന  വിവരങ്ങളും  മാസങ്ങളായുള്ള നിയന്ത്രണങ്ങളിൽ ജനങ്ങളുടെ മനസ്സ് മടുത്തു എന്ന വസ്തുതയും അടിസ്ഥാനപ്പെടുത്തിയാണ് പതിനാല് ദിവസത്തെ ക്വാറന്റൈനെ നീണ്ട കാലയളവാണെന്ന്  പൊതു ആരോഗ്യ വിദഗ്ധരിൽ  ചിലർ അഭിപ്രായപ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക