Image

പ്രഷറും, ഷുഗറുമുള്ള ആളാണോ? കോവിഡ് അനന്തരഫലം രൂക്ഷമാകും

Published on 26 November, 2020
പ്രഷറും, ഷുഗറുമുള്ള ആളാണോ? കോവിഡ് അനന്തരഫലം രൂക്ഷമാകും
രക്താതിസമ്മര്‍ദവും പ്രമേഹവുമുള്ള രോഗികളില്‍ കോവിഡ് അനന്തരഫലം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. കോവിഡ് 19 ബാധിച്ച ചില രോഗികളില്‍ തലച്ചോറിലെ രക്തസ്രാവം, പക്ഷാഘാതം തുടങ്ങിയ നാഡീവ്യൂഹ സംബന്ധമായ സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു. റേഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷിക യോഗത്തിലാണ് ഇത് സംബന്ധിച്ച ഗവേഷണ പഠന റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടത്.

രക്താതിസമ്മര്‍ദവും പ്രമേഹവുമുള്ള രോഗികളിലാണ് ഇതിന് സാധ്യത കൂടുതലെന്നും ഗവേഷകര്‍ പറയുന്നു.  കോവിഡ് 19 തലച്ചോറിനെ ബാധിക്കുന്നത് അപൂര്‍വമാണെങ്കിലും അവയുടെ പരിണത ഫലം വിനാശകരമാകാമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഫിലഡല്‍ഫിയപെന്‍ മെഡിസിനിലെ റേഡിയോളജി വിഭാഗം ചീഫ് റസിഡന്റ് കോള്‍ബി ഡബ്ല്യു. ഫ്രീമാന്‍ പറയുന്നു.

പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ പെറെല്‍മാന്‍ സ്കൂള്‍ ഓഫ് മെഡിസിനില്‍ തലയുടെ സിടി സ്കാനോ എംആര്‍ഐ സ്കാനോ നടത്തിയ കോവിഡ് രോഗികളെയാണ് പഠനത്തിന്റെ ഭാഗമായി നാലു മാസ കാലയളവില്‍ പരിശോധിച്ചത്. ഈ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് പ്രവേശിപ്പിക്കപ്പെട്ട 1357 രോഗികളില്‍ 81 പേര്‍ തലയുടെ സ്കാന്‍ നടത്തി. മാനസികാവസ്ഥയിലുള്ള വ്യതിയാനം, സംസാരത്തിലും കാഴ്ചയ്ക്കുമുള്ള പ്രശ്‌നങ്ങള്‍ എന്നിവയെ തുടര്‍ന്നായിരുന്നു തലയുടെ സ്കാനിങ്

81 ല്‍ 18 പേര്‍ക്ക് പക്ഷാഘാതം, രക്തസ്രാവം, ഞരമ്പുകളില്‍ ബ്ലോക്ക് പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ പകുതി പേര്‍ക്കെങ്കിലും ഉയര്‍ന്ന രക്ത സമ്മര്‍ദം, ടൈപ്പ് 2 പ്രമേഹം പോലുള്ള രോഗങ്ങളുണ്ടായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക