Image

ജേക്കബ് പുന്നൂസ് പോകുമ്പോള്‍ പകരം ഒരു അയോഗ്യനെ തേടുന്നു: മുന്‍ ഡി.ജി.പി

Published on 11 June, 2012
ജേക്കബ് പുന്നൂസ് പോകുമ്പോള്‍ പകരം ഒരു അയോഗ്യനെ തേടുന്നു: മുന്‍ ഡി.ജി.പി
കെ.ജെ. ജോസഫ് (റിട്ട.ഡി.ജി.പി)
പൊലീസിലെ കുറച്ചുപേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു പറയുന്നത് വലിയ കാര്യമല്ല. ക്രിമിനല്‍ കേസുകളില്‍ പ്രതിയാകാത്ത ആളുകളുള്ള ഏതെങ്കിലും സമൂഹമുണ്ടാവുമോ! സംഭവത്തിന് മറ്റൊരു വശംകൂടിയുണ്ട്, പൊലീസുകാര്‍ക്കെതിരെ കേസെടുത്ത കേരള പൊലീസിന്റെ നടപടിതന്നെ നല്ല കാര്യമല്ലേ. പൊലീസിനെ പൂര്‍ണമായി സംരക്ഷിക്കുന്ന രീതിയായിരുന്നെങ്കില്‍ ഇതു സംഭവിക്കുമായിരുന്നോ? മറ്റു സംസ്ഥാനങ്ങളിലായിരുന്നെങ്കില്‍ പൊലീസിനെതിരെ എഫ്.ഐ.ആര്‍ പോലും എഴുതുമായിരുന്നില്ല. പൊലീസിന്റെ അംഗസംഖ്യ വെച്ചുനോക്കുമ്പോള്‍ ഇത് വളരെ ചെറിയ ശതമാനമാണ്. മറ്റു വകുപ്പുകളെയൊക്കെ അപേക്ഷിച്ച് ഇത് എത്രയോ കുറവുമാണ്.
സ്വകാര്യ കേസില്‍ പ്രതിയാകുന്ന പൊലീസ് ഉദ്യോഗസ്ഥരുണ്ട്. അത്തരം കേസുകള്‍ ക്രിമിനല്‍ കേസുകള്‍ എന്ന രീതിയിലുള്ള വിമര്‍ശങ്ങളില്‍നിന്നും വിശകലനങ്ങളില്‍നിന്നും ഒഴിവാക്കണം. പൊലീസുകാരന്‍ എന്ന നിലക്ക് ചെയ്യരുതാത്ത കുറ്റങ്ങള്‍ ചെയ്തതാണെങ്കില്‍ മാത്രമേ ഈ ഗണത്തില്‍ ഉള്‍പ്പെടുത്താവൂ. അഴിമതിക്കേസുകള്‍ പൊലീസിന്റെ അഴിമതിയുമായി ബന്ധപ്പെട്ടു പറയുമ്പോള്‍ മാത്രമാണ് ഉന്നയിക്കേണ്ടത്. അങ്ങനെയാവുമ്പോള്‍ 533 (ക്രിമിനല്‍ കേസ് പ്രതിപ്പട്ടികയിലുള്ളവര്‍) എന്നുള്ളത്,233 ആയി കുറയും. കോടതി വിധി കൂടി കഴിയുമ്പോള്‍ അത് മൂന്നെണ്ണമായി ചുരുങ്ങിയാലും അദ്ഭുതപ്പെടേണ്ടിവരില്ല.
കേസ് രജിസ്റ്റര്‍ ചെയ്യുന്നതുതന്നെ പൊലീസ് ഉദ്യോഗസ്ഥനെ സംബന്ധിച്ച് ഗുരുതരമായ അവസ്ഥയാണ്. വ്യക്തിപരമായി കുറ്റംചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താന്‍ കേരളത്തിലെ പൊലീസ് ശ്രമിക്കാറില്ല. മേലുദ്യോഗസ്ഥന്റെ പേരില്‍പോലും എഫ്.ഐ.ആര്‍ നല്‍കും. അത് കേരളത്തിന്റെ സംസ്കാരമാണ്. അതുകൊണ്ടാണ് കേരള പൊലീസിന്റെ പേരില്‍ ഇത്രയും കേസുകള്‍. എന്നാല്‍, സമൂഹത്തിന്റെ ഉത്കണ്ഠ മനസ്സിലാക്കാന്‍ പൊലീസ് സമൂഹം തയാറാകണം. ക്രിമിനലുകളെപ്പോലെ, അല്ലെങ്കില്‍ ക്രിമിനലുകളുമായി കൂട്ടുചേര്‍ന്ന് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് ഗൗരവമായി കാണണം. കൊലപാതകം, പിടിച്ചുപറി തുടങ്ങി സാധാരണക്കാര്‍ ചെയ്യാനറയ്ക്കുന്ന കുറ്റകൃത്യങ്ങളില്‍ പൊലീസ് ഏര്‍പ്പെടുന്നത് എന്തുകൊണ്ടാണെന്നാണ് നാം ചിന്തിക്കേണ്ടത്. അല്ലാതെ സാങ്കേതികമായി ഇത്രയും കേസുകള്‍ ഉണ്ടെന്നത് വലിയ കാര്യമായി കണക്കാക്കേണ്ടതില്ല.
പൊലീസിലെ ക്രിമിനല്‍ സ്വഭാവമുള്ളവരെ കണ്ടെത്താനും നിയന്ത്രിക്കാനുമൊക്കെ കേരള പൊലീസിന് അതിന്റേതായ സംവിധാനങ്ങള്‍ ഉണ്ട്. ഇത് കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ ഇന്നുള്ളവര്‍ക്ക് കഴിയുന്നില്ലെന്നതാണ് പ്രശ്നം വഷളാക്കുന്നത്. പൊലീസ് സേനയിലേക്ക് ഒരാളെ റിക്രൂട്ട് ചെയ്യുമ്പോള്‍ മുമ്പ് കേസില്‍ ഉള്‍പ്പെട്ടതാണോ എന്ന് കര്‍ശനമായി പരിശോധിക്കാറുണ്ട്. എന്നാല്‍, ആറു മാസം മുമ്പ് കേസില്‍ ഉള്‍പ്പെട്ട ഒരു കക്ഷി ഹൈകോടതി ഉത്തരവുമായാണ് ജോലിക്ക് ചേരാന്‍ വന്നത്. സംഭവം വാര്‍ത്തയായതോടെ ഹൈകോടതി തന്നെ ഇടപെട്ട് വിശദീകരണം ചോദിച്ചു.
ജോലിയില്‍ പ്രവേശിച്ചിട്ടും കുറ്റവാസനയോ അത്തരം പ്രവണതയോ ഉണ്ടെങ്കില്‍ അയാളെ നിരീക്ഷിച്ച് നന്നല്ലെങ്കില്‍ പിരിച്ചുവിടാം. ട്രെയ്നിങ് കാലത്തുതന്നെ പറഞ്ഞുവിടാം. ഇത് എല്ലാ റാങ്കിലുള്ളവര്‍ക്കും ബാധകമാണ്. എന്നാല്‍, ഇത്തരം ശിക്ഷാരീതികള്‍ വളരെ അപൂര്‍വമായാണ് കേരളത്തില്‍ നടപ്പാക്കുന്നത്. സര്‍വീസില്‍നിന്ന് നീക്കംചെയ്യേണ്ടവരെയൊന്നും നീക്കില്ല. 'പാവം, ഒരു ജോലിയല്ലേ, അതു കളയേണ്ടല്ലോ' എന്നാണ് ഇവരുടെ മനോഭാവം. മാനുഷിക പരിഗണന എന്നു പറഞ്ഞാണ് നടപടിയെടുക്കാത്തത്. ഈ സമീപനം കേരളത്തില്‍ കൂടുതലാണ്. പൊലീസ് ഡിപാര്‍ട്മെന്റിന്റെ വിശുദ്ധിയും വെടിപ്പും ഉറപ്പാക്കണമെങ്കില്‍, ഈ വികാരങ്ങള്‍ക്കൊന്നും ഇടനല്‍കരുത്. ഒരു പൊലീസുകാരനെ സര്‍വീസില്‍നിന്ന് നീക്കംചെയ്യണമെങ്കില്‍ അത് ചെയ്യണം. അപ്പോള്‍, അയാളെ ഉപദ്രവിക്കുന്നു എന്ന് ചിന്തിക്കുന്നതിനു പകരം ഞാനായിട്ടെന്തിനാണ് ഡിപാര്‍ട്മെന്റിനെ ഉപദ്രവിക്കുന്നത് എന്ന് ചിന്തിച്ചാല്‍ മതി. ഞാന്‍ അങ്ങനെ ചിന്തിക്കുന്നയാളാണ്. കൊള്ളരുതാത്ത ഒരാളെ എന്റെ കൈയില്‍ കിട്ടിയാല്‍ ഞാന്‍ പറഞ്ഞുവിടുക തന്നെ ചെയ്യും. ഒരു മോശം സബ് ഇന്‍സ്പെക്ടറെ സി.ഐ ആക്കാന്‍ യെസ് മൂളുമ്പോള്‍ നമ്മള്‍ ഒരു മോശം സി. ഐയെ കേരള പൊലീസിന് നല്‍കുകയാണ്. ഇത് ഡിപാര്‍ട്മെന്റിനോട് ചെയ്യുന്ന അനീതിയാണ്.
വളര്‍ത്തി വഷളാക്കുക എന്നതാണ് കേരള പൊലീസില്‍ നടക്കുന്നത്. ശിക്ഷിക്കേണ്ട തെറ്റുകളുണ്ടെങ്കിലും മേലുദ്യോഗസ്ഥര്‍ കണ്ണടക്കുന്നു. ഇത് ശീലമാകുന്നതോടെ തെറ്റ് ചെയ്യുന്നതും ശീലമാകുന്നു. നിഷ്ഠുരമായ ഒരു കുറ്റകൃത്യത്തിന് അറസ്റ്റിലാകുന്ന പൊലീസുദ്യോഗസ്ഥനെതിരെ പത്തു കൊല്ലം മുമ്പുതന്നെ നടപടിയെടുക്കാവുന്ന തരത്തില്‍ ഡിപാര്‍ട്മെന്റില്‍തന്നെ വിവരങ്ങള്‍ ഉണ്ടായിരിക്കും. പക്ഷേ, അതുമായി ബന്ധപ്പെട്ട് നടപടിയൊന്നും നടക്കുന്നില്ല. ഉദാഹരണത്തിന് കുറ്റകൃത്യത്തിന്റെ പേരില്‍ ഒരു സബ്ഇന്‍സ്പെക്ടറെ മാറ്റിനിര്‍ത്തില്ല. എന്നാല്‍, 20 വര്‍ഷം കഴിഞ്ഞ് ഡിവൈ.എസ്.പിയായതിനുശേഷമായിരിക്കും അയാള്‍ക്കെതിരെ നടപടി കൈക്കൊള്ളുന്നത്. കുറ്റകൃത്യങ്ങളുടെ ഭാഗമാകുന്നു എന്നു മനസ്സിലാവുന്ന ആദ്യനിമിഷംതന്നെ ഇത്തരത്തിലുള്ളവരെ പിരിച്ചുവിടേണ്ടതാണ്.
പൊലീസുമായി ബന്ധപ്പെട്ട നിയമങ്ങള്‍ അവഗണിക്കപ്പെടുന്നതിനുള്ള കാരണങ്ങളില്‍ ഒന്ന് സംഘടനാ പ്രവര്‍ത്തനമാണ്. സംഘടന നിലവില്‍വന്ന് അഞ്ചുപത്തു വര്‍ഷത്തിനുള്ളിലാണ് ഇത്തരക്കാര്‍ പ്രബലരായത്. മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി പൊലീസ് അസോസിയേഷന്‍ നേതാവാണ്. അങ്ങനെയുള്ളവരാണ് സംഘടനയുടെ നേതാക്കള്‍. നേരെ തിരിച്ചും ചിന്തിക്കാം; അങ്ങനെയുള്ളവരാണ് സംഘടനയുടെ തലപ്പത്ത് എത്തുക. കാരണം, അവര്‍ക്ക് നിലനില്‍പിന് അത് ആവശ്യമാണ്. സംഘടനയുടെ നേതാവാണെങ്കില്‍ എന്തെങ്കിലും പ്രശ്നത്തില്‍പെട്ടാല്‍ ഊരിപ്പോകും. അയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ മേലുദ്യോഗസ്ഥര്‍ക്ക് ധൈര്യമുണ്ടാകില്ല. കണ്ണൂരില്‍ എ.ആര്‍ ക്യാമ്പിനു മുന്നില്‍ എം.പിക്ക് അഭിവാദ്യമര്‍പ്പിച്ച് പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചു. നടപടിയെടുത്ത എസ്.പിയെ തെറിപറയാനായിരുന്നു എല്ലാവര്‍ക്കും തിടുക്കം. ഇക്കാര്യത്തില്‍ പൊലീസുകാര്‍ ചെയ്തത് തെറ്റോ ശരിയോ എന്നുപോലും ചിന്തിക്കേണ്ട ആവശ്യമില്ല. ഞാനായിരുന്നെങ്കില്‍ അവന്മാരെ നാടുകടത്തിയേനേ. എം.പി വീട്ടില്‍നിന്ന് കൊണ്ടുവന്ന ഫണ്ടല്ല അനുവദിച്ചത്. ഇന്ത്യാ ഗവണ്‍മെന്റ് ബജറ്റില്‍ ഉള്‍പ്പെടുത്തിയ പണമാണത്- സര്‍ക്കാറിന്റെ പണം. അതിന് എം.പിക്ക് അഭിവാദ്യമര്‍പ്പിക്കേണ്ടതില്ല. രാഷ്ട്രീയ പിന്‍ബലമുള്ളതുകൊണ്ടാണ് അവര്‍ക്ക് ഇതു ചെയ്യാന്‍ ധൈര്യമുണ്ടാകുന്നത്.
ക്രിമിനല്‍ കേസുകളില്‍ പെട്ടാല്‍ കോടതിയില്‍ പോകുന്നതിനു മുമ്പ് അവര്‍ക്ക് ഡിപാര്‍ട്മെന്റില്‍നിന്നുതന്നെ ശിക്ഷ നല്‍കണം. പൊലീസുകാര്‍ ഉള്‍പ്പെട്ട ഒരു സംഭവം ഉണ്ടായാല്‍ അത് അച്ചടക്ക നടപടിക്കു കീഴില്‍ വരുന്നതാണോ അല്ലയോ എന്ന് മേലുദ്യോഗസ്ഥര്‍ പരിശോധിക്കണം. ജനങ്ങളെ നേരിട്ടു ബാധിക്കാത്ത ചെറിയ കുറ്റകൃത്യങ്ങള്‍ മാത്രം ഇത്തരത്തില്‍ പരിഹരിച്ചാല്‍ മതിയാവും. കഴിയുമെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ ക്രിമിനല്‍ കേസ് എടുക്കരുത്. ക്രിമിനല്‍ കുറ്റം എന്നതിലുപരി അച്ചടക്ക ലംഘനമായിട്ടു വേണം ഇതിനെ കാണാന്‍. അച്ചടക്കപ്രശ്നമാകുമ്പോള്‍ നടപടികള്‍ വേഗത്തിലാകും. ഉചിതമായ ശിക്ഷ നടപ്പാക്കാനും കഴിയും. പ്രമോഷന്‍ തടയുക, സസ്പെന്‍ഷന്‍ തുടങ്ങിയ നടപടികളാവാം. ഇതോടെ അവര്‍ നന്നാകാനും മതി. കോടതിയില്‍ പോയാല്‍ കാലതാമസമാകും. പിന്നീട് അവര്‍ക്കെതിരെ നടപടിതന്നെ വിഷമത്തിലാകും. ഉദ്യോഗസ്ഥര്‍ക്ക് സമയാസമയങ്ങളില്‍ ട്രാന്‍സ്ഫര്‍ നല്‍കുന്നതിനും ശ്രദ്ധിക്കണം. മൂന്നുവര്‍ഷം മാത്രമേ ഒരാള്‍ ഒരു സ്ഥലത്ത് ജോലിചെയ്യാവൂ എന്നാണ് നിയമം. എന്നാല്‍, ഇതു പാലിക്കപ്പെടുന്നില്ല. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അറിഞ്ഞുള്ള കളിയാണിത്.
പുരോഹിതന്‍ ആയതുകൊണ്ടു മാത്രം ഒരാള്‍ ബിഷപ് ആകുന്നില്ല. ആ തസ്തികക്കു കൊള്ളുമോ എന്നതാണ് കാര്യം. പക്ഷേ, എല്ലാ ഐ.പി.എസുകാരും ഡി.ഐ.ജിമാരാവും. ഇവരെയൊന്നും ആരും വിലയിരുത്തുന്നില്ല. ഡി.ജി.പിയാകുന്നയാളെങ്കിലും യോഗ്യനായിരിക്കേണ്ടേ. അത് ഇവര്‍ ഉറപ്പുവരുത്തുന്നുണ്ടോ. ജേക്കബ് പുന്നൂസ് പുറത്തുപോയാല്‍ ഏതെങ്കിലും ഒരു അയോഗ്യനെ അവര്‍ കണ്ടുപിടിക്കില്ലേ. അഞ്ചാറ് അയോഗ്യന്മാര്‍ക്കിടയില്‍ കൊള്ളാവുന്ന ഒരു അയോഗ്യനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് അവരിപ്പോള്‍. പൊലീസും ജുഡീഷ്യറിയും പ്രതീക്ഷിച്ചതിനേക്കാളേറെ മോശമായിരിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനമാകെ തകര്‍ന്നിരിക്കുന്നു. മുഖ്യമന്ത്രി ഓടിനടന്ന് ജനസമ്പര്‍ക്ക പരിപാടി നടത്തുകയാണ്. ജന സമ്പര്‍ക്ക പരിപാടി നടക്കുമ്പോള്‍ വില്ലേജ് ഓഫിസും കൃഷി ഓഫിസും പൊലീസ് സ്റ്റേഷനുമൊക്കെ അടഞ്ഞുകിടക്കുകയാണ്. ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട കാര്യമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. സര്‍ക്കാര്‍ സംവിധാനം തകര്‍ന്നു എന്നു തെളിയിക്കുകയാണ് ഇത്. ജനാധിപത്യ സംവിധാനത്തില്‍ ഇങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടത്. മുഖ്യമന്ത്രി ഇങ്ങനെ ഒരു പരിപാടി നടത്താനിറങ്ങുമ്പോള്‍ ചീഫ് സെക്രട്ടറിക്ക് പറയാമായിരുന്നു, ഇങ്ങനെയല്ല സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന്. പക്ഷേ, അങ്ങനെയല്ല കാര്യങ്ങള്‍. ഒരു സ്ഥലത്തു പോയാലും ഒരു കാര്യവും സാധിക്കാന്‍ ജനങ്ങള്‍ക്കാവുന്നില്ല.
(തയാറാക്കിയത് വൈ. ബഷീര്‍)
http://www.madhyamam.com/news/172492/120611
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക