Image

ഡബിള്‍സ് റാങ്കിംഗില്‍ സാനിയയ്ക്ക് വീഴ്ച; ഒളിംപിക്‌സ് പങ്കാളിത്തം തുലാസില്‍

Published on 11 June, 2012
ഡബിള്‍സ് റാങ്കിംഗില്‍ സാനിയയ്ക്ക് വീഴ്ച; ഒളിംപിക്‌സ് പങ്കാളിത്തം തുലാസില്‍
ന്യൂഡല്‍ഹി: ഡബിള്‍സ് ലോക റാങ്കിംഗില്‍ 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയുടെ ഒളിംപിക്‌സ് പങ്കാളിത്തം തുലാസില്‍. ആദ്യ പത്തു റാങ്കിലുള്ളവര്‍ക്കാണ് ഒളിംപിക്‌സില്‍ നേരിട്ട് യോഗ്യത ലഭിക്കുക. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ചാല്‍ മാത്രമെ സാനിയക്ക് ഇനി ലണ്ടന്‍ ഒളിംപിക്‌സ് ഡബിള്‍സില്‍ മത്സരിക്കാനാവു. 

നാലു പേര്‍ക്കാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഒളിംപിക്‌സില്‍ മത്സരിക്കാനാകുക. ഇതില്‍ പരാഗ്വേയുടെയും ലൈന്‍ചെന്‍സ്റ്റീന്റെയും ഓരോ താരങ്ങള്‍ക്ക് ഒളിംപിക് കമ്മിറ്റി വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കി കഴിഞ്ഞു. ശേഷിക്കുന്ന രണ്ടു വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളിലാണ് സാനിയയുടെ അവശേഷിക്കുന്ന പ്രതീക്ഷ.

റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ യോഗ്യത ഉറപ്പിക്കാനുള്ള അവസാന തീയതി ചൊവ്വാഴ്ച സമാപിക്കും. ഡബിള്‍സ് റാങ്കിംഗില്‍ ഏഴാം സ്ഥാനത്തുളള ഇന്ത്യന്‍ താരം ലിയാണ്ടര്‍ പേസിനു മാത്രമെ ഒളിംപിക്‌സിന് നേരിട്ട് യോഗ്യത നേടാനായുള്ളു. പന്ത്രണ്ടാം റാങ്കിലുള്ള റോഹന്‍ ബോപ്പണ്ണയാണോ പതിമൂന്നാം റാങ്കിലുള്ള മഹേഷ് ഭൂപതിയാണോ ഒളിംപിക്‌സില്‍ പേസിന്റെ പങ്കാളിയാവുകയെന്ന കാര്യത്തില്‍ ഓള്‍ ഇന്ത്യ ടെന്നീസ് ഫെഡറേഷന്‍ വെള്ളിയാഴ്ച തീരുമാനമെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക