Image

ആനക്കൊമ്പ്: പോലീസ് മോഹന്‍ലാലിന്റെ മൊഴിയെടുക്കും

Published on 11 June, 2012
ആനക്കൊമ്പ്: പോലീസ് മോഹന്‍ലാലിന്റെ മൊഴിയെടുക്കും
കൊച്ചി: സിനിമാതാരം മോഹന്‍ലാല്‍ നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വച്ചിരിക്കുന്നു എന്ന പരാതിയിന്മേല്‍ പോലീസ് അന്വേഷണം തുടങ്ങി. ഡിജിപിയുടെ നിര്‍ദേശപ്രകാരം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടറാണു കേസന്വേഷിക്കുന്നത്. മോഹന്‍ലാലില്‍നിന്ന് അന്വേഷണസംഘം താമസിയാതെ മൊഴിയെടുക്കുമെന്നാണ് അറിയുന്നത്.

വിവരാവകാശ കൂട്ടായ്മ എന്ന സംഘടനയുടെ പ്രവര്‍ത്തകനായ അനില്‍കുമാറിന്റെ പരാതിയിലാണു സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു നിര്‍ദേശം നല്കിയത്. അന്വേഷണച്ചുമതല ഏല്‍പ്പിച്ചതിനെത്തുടര്‍ന്നു പരാതിക്കാരനില്‍നിന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ബിജോ അലക്‌സാണ്ടര്‍ മൊഴിയെടുത്തു. 
മറ്റൊരു കേസുമായി ബന്ധപ്പെട്ടു ഹൈക്കോടതിയില്‍ ഹാജരാകേണ്ടിയിരുന്നതിനാല്‍ ഇതു സംബന്ധിച്ച് ഇന്നലെ അന്വേഷണമൊന്നും ഉണ്ടായില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. ആദായനികുതി വകുപ്പ് 2011 ജൂലൈ 22ന് മോഹന്‍ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പു കണെ്ടടുത്തത്. തുടര്‍ന്നു വനംവകുപ്പു നടത്തിയ പരിശോധനയില്‍ മോഹന്‍ലാല്‍ സൂക്ഷിക്കുന്നതു യഥാര്‍ഥ ആനക്കൊമ്പാണെന്നു കണെ്ടത്തിയിരുന്നു.

ആനക്കൊമ്പ് സൂക്ഷിക്കുന്നതു നിയമവിരുദ്ധമാണെന്നിരിക്കെ നടപടിയെടുക്കാത്തതിനെയാണു പരാതിക്കാരന്‍ ചോദ്യം ചെയ്യുന്നത്. മോഹന്‍ലാലിനെതിരെ വനം വകുപ്പ് നടപടിയെടുക്കാത്ത സാഹചര്യത്തില്‍ പോലീസ് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. മോഹന്‍ലാലിന്റെ മൊഴിയെടുത്ത ശേഷം ഈ മാസംതന്നെ ഡിജിപിക്കു റിപ്പോര്‍ട്ട് നല്കുമെന്നാണു സൂചന. ഈ റിപ്പോര്‍ട്ടില്‍ ഗവണ്‍മെന്റ് തലത്തിലാകും അന്തിമ തീരുമാനമുണ്ടാകുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക