Image

പാമ്പും കോണിയും - നിർമ്മല - നോവൽ - 22

Published on 28 November, 2020
പാമ്പും കോണിയും - നിർമ്മല - നോവൽ - 22
നാട്ടിലെത്തിയ സാലിയെ കാണാൻ സതിയും മറിയാമ്മയും വന്നിരുന്നു. അവൾക്ക് എന്തെന്നില്ലാത്ത അഭിമാനവും സന്തോഷവും തോന്നി.
അടുക്കളവരാന്തയിൽ അവർ ഉപചാരത്തോടെ നിന്നു. അക്ക് കളിച്ചിരുന്ന കാലത്തേതുപോലെ ആയിരുന്നില്ല അവരപ്പോൾ. കറുത്ത് എല്ലെഴുന്നു നിൽക്കുന്ന തോളും കുഴിഞ്ഞ കണ്ണുകളുമായി അവർ സാലിയെ നോക്കി ചിരിച്ചു. മറിയാമ്മ വല്ലാതെ ക്ഷീണിച്ചിരുന്നു. അവരുടെ നിറംമങ്ങിയ പഴകിയ സാരിയും ചെരിപ്പിടാതെ വീണ്ടുകീറി ചെളിപൊതിഞ്ഞ കാലുകളും കണ്ടപ്പോൾ സാലിക്ക് കുറ്റബോധം തോന്നി. അമ്മാമ്മച്ചിയുടെ ഹർജിയിൽ അവൾക്ക് വീണ്ടും അൽഭുതവും നന്ദിയും തോന്നി ....
കാനഡ മരത്തിൽ 
ഡോളർ പറിക്കാൻ പോയവരുടെ കഥ
നിർമ്മലയുടെ നോവൽ
പാമ്പും കോണിയുംകളി തുടരുന്നു.
          .....     ......     ......
ദാരിദ്ര്യം പോലെ ഒരു ദുരിതം ഭൂമിയിൽ ഇല്ലെന്ന് ജോയിക്കു നന്നായറിയാം. പഴയതൊന്നും ഓർമ്മിക്കാൻ ജോയിക്ക് ഇഷ്ടമില്ല. ഒരു മുണ്ട് , ഒരേയൊരു മുണ്ട് . ഷർട്ടുകൾ അതിനിരട്ടി. അതുകൊണ്ട് കടയിലെ ജോലി , വൈകുന്നേരം ട്യൂഷൻ പഠിപ്പിക്കൽ, അങ്ങനെയൊക്കെ അലഞ്ഞലഞ്ഞായിരുന്നു അയാളുടെ കോളജ് ജീവിതം. ജിമ്മിയെ പഠിപ്പിക്കണം. വീട് ഓടു മേയണം. അതൊക്കെ അന്നത്തെ അയാളുടെ വലിയ സ്വപ്നങ്ങളായിരുന്നു.
- നേഴ്സിനെ കെട്ടി അമേരിക്കയ്ക്കു പോടാ.
ഇമ്മാനുവേൽ കൊടുത്ത ഉപദേശം ലോകത്തിലേക്കു വലിയ ബുദ്ധിയായിത്തോന്നി ജോയിക്ക്. അന്നു മെനഞ്ഞു കൂട്ടിയ പകൽ സ്വപ്നങ്ങളിലേറെ അയാൾ നേടി.
- ഓരോ പെനിയും കളയാതെ സൂക്ഷിക്കണം.!
പെനി എന്നു ആദ്യമായി കേട്ടപ്പോൾ ജോയി എടുത്ത തീരുമാനമാണ് അത്. ജോയി പെനികളെണ്ണി. ഡോളറിനെ ഗുണിച്ചു രൂപയാക്കി. രൂപയെ ഹരിച്ചു ഡോളറാക്കി. വിരലുകൾ മടക്കിനിവർത്തി എണ്ണിക്കൂട്ടി. വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഓരോ സാധനത്തിന്റെയും വിലയും മൂല്യവും അയാൾ കൃത്യമായി തിട്ടപ്പെടുത്തി.
അവരുടെ പഴയ വീടുപൊളിച്ചു മാറ്റി പുതിയതു പണിതു, അമ്മച്ചിക്കു താമസിക്കാൻ. ആ വീടിന്റെ ഓരോ ഇഷ്ടികയും പൊങ്ങിയത് ജിമ്മിയുടെ മേൽനോട്ടത്തിലായിരുന്നു. ജിമ്മി എല്ലാം എഴുത്തിലൂടെ ജോയിയെ അറിയിച്ചു. ഓരോ രൂപയുടെയും ചെലവുമുതൽ ജനലിന്റെ കമ്പികളുടെ പ്രത്യേകതവരെ . പലപ്പോഴും ജോയി ഫോൺ വിളിച്ച് അത്യാവശ്യകാര്യങ്ങൾ പറഞ്ഞേൽപിച്ചു.
പണി പൂർത്തിയായി വീടുമാറ്റത്തിനു സമയമായപ്പോൾ ജോയി കാനഡയിൽ നിന്നും വന്നു. വലിയൊരു കോൺക്രീറ്റ് വീട് ചായത്തിൽ മുങ്ങി മതിലിനു പിന്നിലായി പ്രൗഢിയോടെ നിന്നിരുന്നു. ജിമ്മി ആത്മവിശ്വാസത്തോടെ വീട് അച്ചാച്ചനെ കാണിച്ചു. പുറത്തുനിന്നും നോക്കിയാൽ കാണാത്ത ചില്ലിട്ട ജനലുകൾ, പുറത്തേക്ക് ഉന്തി നിൽക്കുന്ന ചിമ്മിനിയിലെ പ്രത്യേക പണികൾ . പാടുന്ന കോളിങ്ബെൽ .
ജോയിയുടെ വീടിന്റെ പാലുകാച്ചിനു പളളിയിൽ നിന്നും അച്ചൻ വന്നു. ജോയി പള്ളിക്കു സംഭാവന കൊടുത്തു. പള്ളിയിൽ മുൻനിരയിൽ അയാൾ അഭിമാനത്തോടെ ഇരുന്നു. പിന്നിലൊളിച്ചുനിന്ന കാലം അയാളുടെ തോളിൽ തൊട്ടു വിളിച്ചു. അന്നു കാണാതെ നടന്നവർ ഇപ്പോൾ തൊട്ടുവിളിക്കുന്നതു പോലെ.
മരിച്ചുപോയ പശുക്കച്ചവടക്കാരൻ പാപ്പിയേടെ മോനല്ല അയാളിപ്പോൾ. അമേരിക്കേന്നു വന്ന ജോയി , റോഡ് സൈഡിലെ പച്ച പെയിന്റടിച്ച വീടിന്റെ ഉടമ.
അടുത്ത അവധിക്ക് ജോയി വന്നപ്പോൾ പുതുമ മാറാത്ത വീടിന്റെ അകത്തെ മുറിയിൽ ആട് പ്രസവിച്ചുകിടന്നു.
- എന്റെ കുഞ്ഞേ ചെന നെറഞ്ഞ ആടിനെ എങ്ങനെ പൊറത്തു കെട്ടും ?
അകത്ത് വെള്ളമുള്ള ഒരു മുറി ഒഴിഞ്ഞു കിടക്കുമ്പോൾ പ്രസവമെത്തിയ ആടെന്തിനു പുറത്തെ ചായ്പിൽ ഉറങ്ങണം. ആടിനു പ്രസവവേദന വന്നതു രാത്രിയിലാണ്. രാത്രിയിൽ രണ്ടു പെണ്ണുങ്ങൾ തന്നെ പുറത്തിറങ്ങുന്നത് എങ്ങനെയാണ്?
- അപ്പോ ഈ കുളിമുറി ആരും ഉപയോഗിക്കുന്നില്ലേ?
അമ്മച്ചിയും ജോലിക്കാരിയും പുറത്തെ കുളിമുറിയും കക്കൂസും ഉപയോഗിക്കും.
വീടിനു മുന്നിലെ കാർഷെഡ്‌ഡിൽ വലിയൊരു കുട്ട അഹംഭാവത്തോടെ വിസ്തരിച്ചിരുന്നിരുന്നു. അതിനടുത്ത് മൂന്നു കല്ലുകൾകൊണ്ടു കൂട്ടിയ അടുപ്പും ചാരവും പാതികത്തിയ വിറകുകളും നിർമമതയോടെ കിടന്നു. കോപം കൊണ്ടു ജ്വലിച്ചു നിന്ന ജോയിയോട് അമ്മച്ചി ശാന്തസ്വരത്തിൽ വിശദീകരിച്ചു.
ഈ കെട്ടിമറയൊള്ളേനകത്തു വെച്ച് നെല്ലു പുഴുങ്ങാനും കപ്പവാട്ടാനും നല്ല സൗകര്യമാ മോനേ. മഴ വരുമെന്നു പേടിക്കണ്ടാല്ലോടാ.
ചൂട്ടും കൊതുമ്പും വിറകും മഴയെ ഭയക്കാതെ കാർഷെഡ്‌ഡിൽ ആത്മവിശ്വാസത്തോടെ കിടന്നു. ഒരു മൂലയ്ക്കു മാറി തേങ്ങയുടെ ഉണങ്ങിയ തൊണ്ടുകളും.
- തീ കത്തിക്കാൻ പഷ്ടു സാധനമാ!
പണിക്കാരൻ കുഞ്ഞപ്പൻ ചുവന്ന പല്ലുകൾ കാണിച്ചു ചിരിച്ചുകൊണ്ട് അമ്മച്ചിയുടെ പക്ഷം ചേർന്നു. അവർക്കു കൂറു പ്രഖ്യാപിച്ചുകൊണ്ട് പൊടിയും ചൂടും കൊതുകും . ജോയിക്ക് എത്രയും വേഗം മടങ്ങിപ്പോകണം എന്നു തോന്നി.
- അവധിക്കു നാട്ടിൽ പോയി എന്നാ ചെയ്യാനാ?
എത്രയും പെട്ടെന്ന് അമ്മച്ചിയെയും ജിമ്മിയെയും കാനഡയ്ക്കു കൊണ്ടുപോകണം. പിന്നെ ഈ നാട്ടിലേക്കു വരേണ്ട ആവശ്യമേ ഇല്ല. ജോയി ആശ്വസിക്കാൻ ശ്രമിച്ചു.
- അവനെപ്പോഴും ദേഷ്യമാ ! തൊടുന്നേനും പിടിച്ചേനും ഒക്കെ ദേഷ്യമാ എന്നാലും എല്ലാ കാര്യോം അവൻ തന്നെയല്യോ നോക്കുന്നേ. അതിന്റെ പെടപ്പു ചങ്കിക്കാണും .മോളങ്ങു ക്ഷമിച്ചേക്കണം.
അമ്മച്ചി സാലിയോടു പറഞ്ഞു. നാട്ടിലെത്തിയ സാലിയെ കാണാൻ സതിയും മറിയാമ്മയും വന്നിരുന്നു. അവൾക്ക് എന്തെന്നില്ലാത്ത അഭിമാനവും സന്തോഷവും തോന്നി.
അടുക്കളവരാന്തയിൽ അവർ ഉപചാരത്തോടെ നിന്നു. അക്ക് കളിച്ചിരുന്ന കാലത്തേതുപോലെ ആയിരുന്നില്ല അവരപ്പോൾ. കറുത്ത് എല്ലെഴുന്നു നിൽക്കുന്ന തോളും കുഴിഞ്ഞ കണ്ണുകളുമായി അവർ സാലിയെ നോക്കി ചിരിച്ചു. മറിയാമ്മ വല്ലാതെ ക്ഷീണിച്ചിരുന്നു. അവരുടെ നിറംമങ്ങിയ പഴകിയ സാരിയും ചെരിപ്പിടാതെ വീണ്ടുകീറി ചെളിപൊതിഞ്ഞ കാലുകളും കണ്ടപ്പോൾ സാലിക്ക് കുറ്റബോധം തോന്നി. അമ്മാമ്മച്ചിയുടെ ഹർജിയിൽ അവൾക്ക് വീണ്ടും അൽഭുതവും നന്ദിയും തോന്നി,
- അമ്മാളമ്മച്ചി എന്നെ ഓർത്ത് എന്റെ ഭാവിയെ ഓർത്ത് ഒറങ്ങാതെ കിടന്നുകാണുമോ?
അവൾ ആ ചോദ്യം പിന്നെയും പിന്നെയും ചോദിച്ചു. തീരെ പ്രതീക്ഷിക്കാതെയാണ് യോഹന്നാൻ അവരെ കാണാൻ വന്നത്. അതും അമ്മാളമ്മച്ചി ആരോടെങ്കിലും ആവശ്യപ്പെട്ടിട്ടായിരിക്കുമോ .അല്ലെങ്കിൽ കരുതിവെച്ചിരുന്നതു പോലെ അത്രയും കാര്യങ്ങൾ എങ്ങനെയാണ് അമ്മാളമ്മച്ചി അവരോടു പറഞ്ഞത്. അതോ സാലിയെ നേഴ്സിങ് പഠിക്കാൻ വിടുന്നത് അമ്മാളമ്മച്ചി സ്വപ്നം കണ്ടിരുന്നോ? മോളമ്മയെയും എൽസമ്മയെയും പോലെ സാലിയും വലിയ പെട്ടികളുമായി ജർമ്മനിയിൽനിന്നോ പേർഷ്യയിൽനിന്നോ അമേരിക്കയിൽ നിന്നോ അമ്മാളമ്മച്ചിയുടെ വീട്ടിലേക്ക് വരുന്നത്. സാലിക്ക് കരച്ചിലടക്കാനായില്ല.
- പാവം അമ്മാളമ്മച്ചി!
                                തുടരും..
പാമ്പും കോണിയും - നിർമ്മല - നോവൽ - 22പാമ്പും കോണിയും - നിർമ്മല - നോവൽ - 22
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക