Image

രജീഷിനൊപ്പം 13 പേരെ നിരത്തി; സാക്ഷികള്‍ പ്രതിയെ തൊട്ടുകാണിച്ചു

Published on 11 June, 2012
രജീഷിനൊപ്പം 13 പേരെ നിരത്തി; സാക്ഷികള്‍ പ്രതിയെ തൊട്ടുകാണിച്ചു
കോഴിക്കോട്: ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ചതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികളിലൊരാളായ ടി.കെ. രജീഷിനെയും കാഴ്ചയില്‍ അതുപോലെയുള്ള 13 പേരെയും നിരത്തിനിര്‍ത്തി തിരിച്ചറിയല്‍ പരേഡ് നടന്നു. കോഴിക്കോട് ജില്ലാ ജയിലില്‍ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് പരേഡ് ആരംഭിച്ചത്. 

ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ നിര്‍ദേശപ്രകാരം ജുഡീഷ്യല്‍ ഒന്നാം കഌസ് മജിസ്‌ട്രേറ്റ് (ഒന്ന്) പി.ടി. പ്രകാശന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പയും ഒപ്പം ഉണ്ടായിരുന്നു. ഒരേ വസ്ത്രം ധരിച്ച് ജയില്‍ സൂപ്രണ്ടിന്റെ ഓഫീസിന് പുറത്തുള്ള ഇടനാഴിയില്‍ നിരന്നുനിന്ന രജീഷ് ഉള്‍പ്പെടെയുള്ള 14 പേരെ രണ്ടു സാക്ഷികളും രണ്ടു തവണയായി എത്തിയാണ് തിരിച്ചറിഞ്ഞത്. മറ്റുള്ളവര്‍ക്കിടയില്‍ ഇടകലര്‍ത്തി നിര്‍ത്തിയാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. നേരത്തേ നിര്‍ത്തിയ സ്ഥാനം വീണ്ടും മാറ്റിയാണ് രണ്ടാമതും സാക്ഷികള്‍ക്ക്കാണിച്ചുകൊടുത്തത്. രണ്ട് സാക്ഷികളെയും വെവ്വേറെ നിര്‍ത്തിയാണ് രജീഷിന് മുന്നില്‍ കൊണ്ടുവന്നത്. പ്രതിയെ സാക്ഷികള്‍ കൈകൊണ്ട് തൊട്ടുകാണിച്ചാണ് തിരിച്ചറിഞ്ഞതായി വ്യക്തമാക്കിയത്.

ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊല്ലുന്നതു നേരില്‍ കണ്ട രണ്ടുപേരെയാണ് രജീഷിനെ തിരിച്ചറിയാനായി ഹാജരാക്കിയിരുന്നത്. ടി.പി.യെ വെട്ടുന്നതു കണ്ട് ഓടിയടുത്ത ഇവരെ രജീഷ് ബോംബെറിഞ്ഞു വിരട്ടിയോടിച്ചുവെന്നാണ് പോലീസ് നല്‍കിയിരുന്ന വിവരം. തിരിച്ചറിയല്‍ പരേഡിന്റെ വിശദവിവരങ്ങള്‍ സീല്‍ ചെയ്ത കവറില്‍ വടകര കോടതിക്ക് കൈമാറും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക