Image

കുഞ്ഞനന്തനെ പിടികൂടാന്‍ കരിവെള്ളൂര്‍ മേഖലയില്‍ പരിശോധന

Published on 11 June, 2012
കുഞ്ഞനന്തനെ പിടികൂടാന്‍ കരിവെള്ളൂര്‍ മേഖലയില്‍ പരിശോധന
കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് തിരയുന്ന സി.പി.എം. പാനൂര്‍ ഏരിയ കമ്മിറ്റിയംഗം പി.കെ.കുഞ്ഞനന്തന്‍ തിങ്കളാഴ്ച ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. ടി.പി.വധത്തില്‍ പങ്കില്ലെന്നും പോലീസ് പിടികൂടിയാല്‍ പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ശാരീരിക അസ്വസ്ഥതകളുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇതിനിടെ, ഒളിവില്‍ കഴിയുന്ന കുഞ്ഞനന്തനെ പിടികൂടാന്‍ പോലീസ് കരിവെള്ളൂര്‍പെരളം പഞ്ചായത്തിലെ കൊഴുമ്മല്‍, ചീറ്റ, മലാപ്പ് ഭാഗങ്ങളില്‍ പരിശോധന നടത്തി. ടി.പി.വധക്കേസിന്റെ ഗൂഢാലോചനയില്‍ പ്രധാന പങ്കുണ്ടെന്ന് കരുതുന്നയാളാണ് കുഞ്ഞനന്തന്‍. 

പോലീസ് കസ്റ്റഡിയിലെടുത്ത പലരെക്കുറിച്ചും വിവരമില്ലെന്നും അറസ്റ്റ് ചെയ്താല്‍ പീഡിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ നാട്ടില്‍നിന്ന് തത്കാലം മാറിനില്‍ക്കുകയാണെന്നും ഹര്‍ജിയിലുണ്ട്. ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ച് അറിയില്ല. തന്നെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും അഡ്വ. കെ.വിശ്വന്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് മലാപ്പിലെ ആള്‍ത്താമസമില്ലാത്ത വീട്ടിലും സമീപത്തെ രണ്ട് വീടുകളിലും പോലീസ് സംഘം പരിശോധന നടത്തിയത്. ആള്‍ത്താമസമില്ലാത്ത വീട് തുറന്നുകിടക്കുകയായിരുന്നെങ്കിലും ആരെയും കണ്ടെത്താനായില്ല. വിവരം ചോരാതിരിക്കാന്‍ സമീപ പോലീസ് സ്‌റ്റേഷനുകളില്‍ വിവരമറിയിക്കാതെ രഹസ്യമായിട്ടായിരുന്നു പരിശോധന. നേരത്തെ കോറോം സെന്‍ട്രലിലും പോലീസ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞദിവസം പയ്യന്നൂര്‍ ഭാഗത്തുവെച്ച് കുഞ്ഞനന്തന്‍ പോലീസിന്റെ പിടിയിലാവുന്നതില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പോലീസില്‍നിന്ന് വിവരം ചോര്‍ന്നതിനെത്തുടര്‍ന്ന് ഇയാള്‍ താവളം മാറ്റുകയായിരുന്നു.

കുഞ്ഞനന്തനെ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു എസ്.എഫ്.ഐ. നേതാവുള്‍പ്പെടെയുള്ളവര്‍ പോലീസ് നിരീക്ഷണത്തിലാണ്. സംസ്ഥാനത്തിന് പുറത്തുള്ള ഒളിസങ്കേത്തില്‍നിന്ന് പാനൂരിലെ പി.കെ.കുമാരനോടൊപ്പം തിരിച്ചെത്തിയ കുഞ്ഞനന്തനെ പയ്യന്നൂരില്‍നിന്ന് ഒളിസങ്കേതത്തിലെത്തിക്കുന്ന ചുമതല എസ്.എഫ്.ഐ. നേതാവിനായിരുന്നു. ഒളിവില്‍ കഴിയുന്ന കുഞ്ഞനന്തനെ ചില നേതാക്കള്‍ ലാന്‍ഡ് ഫോണില്‍ ബന്ധപ്പെട്ടതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക