Image

വിസ്മയം മുളസംഗീതം! (വിജയ്.സി.എച്ച് )

Published on 02 December, 2020
വിസ്മയം മുളസംഗീതം! (വിജയ്.സി.എച്ച് )
പുട്ടുകുറ്റി മുതൽ കല്ല്യാണപ്പന്തൽ വരെ പരന്നു കിടക്കുന്നതായിരുന്നു മലയാളികളുടെ മുള ബാന്ധവം. ഒരു വാദ്യോപകരണവുമില്ലാതെ മുളകൾ മീട്ടുന്ന സംഗീതം ശ്രവിക്കാത്തവരായി കേരളത്തിൽ ആരുമുണ്ടാകില്ല. ഇളംതെന്നൽ ചിട്ടപ്പെടുത്തിയ ഈണത്തിൽ അവയുടെ തണ്ടുകൾ തമ്മിൽ ഉരസുമ്പോൾ മുളക്കൂട്ടത്തിൽനിന്ന് ഉതിരുന്നത് പ്രകൃതിയുടെ അപൂർവ്വ നാദങ്ങൾ. മിനുമിനുത്ത മുളയിലകൾ മിനഞ്ഞെടുക്കുന്നത് മാസ്മരികമായൊരു മർമ്മരം!

പുരയിടങ്ങൾ ഹ്രസ്വമായതോടെ അതിരുകളിൽ വളർത്തിയിരുന്ന മുളങ്കൂട്ടങ്ങൾക്ക് ഇടമില്ലാതായി. മുളകൊണ്ടു നിർമ്മിക്കുന്ന പാചകോപകരണങ്ങളും അളവുപാത്രങ്ങളും പ്രചാരലുപ്‌തമായിക്കഴിഞ്ഞു. ഒരുകാലത്ത് നമ്മുടെ ജീവിതപൈതൃകമായിരുന്ന മുറം, കുട്ട, വട്ടി, പരമ്പ് മുതലായ മുള ഉൽപ്പന്നങ്ങൾ പോലും പുതിയ തലമുറയ്ക്ക് അപരിചിതമായിക്കൊണ്ടുമിരിക്കുന്നു. അനുഭൂതിയുണർത്തുന്ന ആ മുളസംഗീതവും
മലയാളികൾക്ക് നാളെ നഷ്‌ടമാകുമോ?
ഇല്ലെന്നുതന്നെ കരുതാം! ഡെൽഹിയും, ദിവാനും, കച്ചും, ഗുവഹത്തിയും, ഗൾഫുരാജ്യങ്ങളും ഉൾപ്പെടെ
ആയിരത്തിലേറെ വേദികൾ പിന്നിട്ട് മുളസംഗീത ജൈത്രയാത്രകൾ നടത്തിക്കൊണ്ടിരിക്കുന്ന ആറങ്ങോട്ടുകരയിലെ വയലി ബേംബൂ മ്യൂസിക് ട്രൂപ്പ് എഴുതിക്കൊണ്ടിരിക്കുന്നത് പുതിയൊരു സംഗീത ചരിത്രം!
മ്യൂസിക് കമ്പോസർ പ്രദീപ് ആറങ്ങോട്ടുകരയും, ടീം മാനേജർ കുട്ടനും മുളയുടെ മാന്ത്രിക സംഗീത വീഥിയിലെ തങ്ങളുടെ അനുഭവങ്ങൾ ഇവിടെ പങ്കിടുന്നു:

🟥 ടീമിൻറെ സവിശേഷതകൾ
ഞങ്ങൾ ഉപയോഗിക്കുന്ന 99 ശതമാനം  വാദ്യോപകരണങ്ങളും മുളകൊണ്ട് നിർമ്മിച്ചതാണ്. ഒരൊറ്റ ഉപകരണം മാത്രമാണ് ലോഹ നിർമ്മിതമായുള്ളത്. ആ ഒന്നിൻറെ സംഗീത വ്യവഹാരവും മുളയിൽ സാധ്യമാക്കാൻ തീവ്ര ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
ട്രൂപ്പിനാവശ്യമായ ഓടക്കുഴൾ ഉൾപ്പെടെയുള്ള എല്ലാ മുള ഉപകരണങ്ങളും ഞങ്ങൾതന്നെ നിർമ്മിച്ചതാണ്. മ്യൂസിക് കമ്പോസറും, ടീം മാനേജറും ഒമ്പതംഗ സംഗീത സംഘത്തിൽ ഉപകരണങ്ങൾ വായിക്കുന്നു.
വായ്പാട്ടില്ല. ചിട്ടപ്പെടുത്തിയ ഒരു കമ്പോസിഷൻറെ അടിസ്ഥാനപരമായ ആലാപനം നടക്കുന്നത് ഓടക്കുഴലിലാണ്. മറ്റു മുള ഉപകരണങ്ങൾ സജീവമായ അകമ്പടിയും. സജീവും, അനന്തുവും ഫ്ളൂട്ടിസ്റ്റുകൾ. ആർട്ടിസ്റ്റുകളായ ഉല്ലാസ്, മനോ, ശ്രീരാഗ്, അപ്പു മുതലായവരുടെ നൈപുണ്യം താളമേളങ്ങളിലാണ്.
ഗ്രാമീണ കലാരൂപങ്ങൾക്ക് നവചൈതന്യം നൽകിക്കൊണ്ടിരിക്കുന്ന 'വയലി' എന്ന ഞങ്ങളുടെ മാതൃസംഘടനയിൽ നാടൻ പാട്ടുകൾ ആലപിച്ചാണ് തുടങ്ങിയതെങ്കിലും, ഇന്നിത് നാലാളറിയുന്നൊരു മുളമേള ആവിഷ്കാര രൂപമായി മാറിയത് നാട്ടറിവ് പഠന കേന്ദ്രം ഡയറക്ടർ ഡോ സി. ആർ. രാജഗോപാലൻ സാറിനെപ്പോലെയുള്ളവർ ചൂണ്ടിക്കാണിച്ച
വഴിയിലൂടെ സഞ്ചരിച്ചതുകൊണ്ടാണ്.
ഇതുപോലെ മറ്റൊരു സംഗീത സംഘം രാജ്യത്തുള്ളതായി അറിവില്ല.

🟥 വാദ്യവൃന്ദം
തുടർച്ചയായി പുതിയ കൊമ്പസിഷൻസ് ചെയ്തുകൊണ്ടിരിക്കുന്നതിനാൽ, സംഗീത ഉപകരണങ്ങളുടെ എണ്ണത്തിൽ വർദ്ധനവും വന്നുകൊണ്ടിരിക്കുന്നു. പുല്ലാംകുഴൽ കൂടാതെ, ഇപ്പോൾ 22 ഉപകരണങ്ങളുണ്ട്. ഭാഗു, മരിമ്പ, തമ്പോർ,  ജംമ്പേ, ബുംബേ, കീർട്ടേ, കിക്കേര, മഴമൂളി, പീക്കി, പീപ്പി, തിത്തിരി, ഊക്ക, ചിലപ്പി, കുഞ്ഞാറ്റ മുതൽ ത്രീ-ലെയർ ധാൻ ട്രങ്ക് വരെയുണ്ട്. ഇവയിൽ കുറച്ചെണ്ണം മാത്രമാണ് നിലവിൽ ചില രാജ്യങ്ങളിൽ (ബൊളീവിയ, ഫിലിപ്പീൻസ്) ഉള്ളവയുടെ രൂപത്തിലോ നാമത്തിലോ ഞങ്ങൾ മുളയിൽ സജ്ജമാക്കിയിട്ടുള്ളൂ.
ബാക്കിയുള്ളവയെല്ലാം ഞങ്ങൾ വിഭാവനംചെയ്ത്, നിർമ്മിച്ച്, പേരിട്ടവയാണ്. ഓർക്കസ്ട്രയിലെ ഓരോ ഐറ്റത്തിലെയും സ്വരരാഗങ്ങൾ സൃഷ്ടിച്ചെടുക്കാൻ തക്കതായ ഉപകരണങ്ങൾ എടുത്ത് വായിക്കുന്നു.

🟥 നാടൻ പാട്ടിൽ തുടക്കം
2011-ൽ, പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻറെ (KFRI) വേദിയിൽ വള്ളുവനാടിൻറെ പരിഷ്‌കൃതി വിളിച്ചോതുന്ന ഒരു പഴംപാട്ട് ഓടക്കുഴൽ വാദനത്തിലൂടെ അവതരിപ്പിച്ചാണ് മുളസംഗീതത്തിൻറെ അരങ്ങേറ്റം ഞങ്ങൾ കുറിച്ചത്. 'ഊളാഞ്ചൂളാഞ്ചൂ കുട്ടാ ഊളാഞ്ചൂ കൈതോലാ...' എന്നു തുടങ്ങുന്നതിൻറെ മുളന്തണ്ട് വായനയ്ക്ക് അകമ്പടിയായി നാലഞ്ച് മറ്റു മുള നിർമ്മിത സംഗീതോപകരണങ്ങളുമാണ് ആകെ അന്ന് ഉണ്ടായിരുന്നത്. തുടക്കമായതിനാൽ ഇത്രയും ഉപകരണങ്ങൾ മാത്രമേ മുളയിൽ നിർമ്മിച്ചെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നുളളൂ. എന്നാൽ, പരിപാടിക്കൊടുവിൽ, തുടർച്ചയായ കരഘോഷത്താൽ ഞങ്ങളുടെ നൂതനമായ സംഗീത ഉദ്യമത്തെ KFRI സദസ്സിലെ പ്രബുദ്ധരായ പ്രേക്ഷകർ പിന്തുണച്ചപ്പോൾ, അഞ്ചാറു വർഷം നീണ്ടുനിന്ന ബേംബൂ മ്യൂസിക് ട്രൂപ്പിൻറെ അക്ഷീണ പരിശ്രമങ്ങൾ ലക്ഷ്യം കാണുകയായിരുന്നു.
വാസ്തവത്തിൽ, ഞങ്ങൾ ചിട്ടപ്പെടുത്തിയ ആദ്യത്തെ ഇനം തന്നെ ട്രൂപ്പിൻറെ തീം മ്യൂസിക് ആയി മാറുമെന്ന് ആരും അന്ന് കരുതിയതല്ല!

🟥 കൊമ്പസിഷൻസ് സാർവ്വദേശീയം
മുളസംഗീതം പ്രാദേശികമായതാണെന്ന് തോന്നാമെങ്കിലും, കൊമ്പസിഷൻസ് സാർവ്വദേശീയമാക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വില്യം വേഡ്സ്‌വർത്തിൻറെ ഏറ്റവും മികച്ച കവിതയായി അറിയപ്പെടുന്ന Daffodils മുതൽ, ഒരു ഗ്രാമവഴിയിലൂടെ കാളവണ്ടിയിൽ സഞ്ചരിക്കുന്ന യാത്രക്കാരൻറെ കൃത്രിമത്വം അൽപംപോലുമില്ലാത്ത അനുഭവങ്ങൾ വരച്ചിടുന്ന Walking To The Village വരെയുണ്ട് ഞങ്ങളുടെ രചനകളിൽ. The Moon, The Aim, The Flow of Tributary മുതലായവ പ്രേക്ഷകർ എന്നും ഉള്ളിൽകൊണ്ടുനടക്കുന്ന ഞങ്ങളുടെ ഐറ്റങ്ങളിൽ ചിലതാണ്.
കിടത്തിയും കുത്തനെയും വച്ചിരിക്കുന്ന വിവിധയിനം മുളംകുറ്റികളിൽ രണ്ടു മുളംകോലുകൾ കൊണ്ട് കൊട്ടുമ്പോഴുണ്ടാകുന്ന ഇളം ശബ്ദ മുളകളെ, ഇംഗ്ലണ്ടിലെ ഏറ്റവും മനോഹര തടാകമായ ഗ്ലെൻകോയ്നെ ബേ തീരത്ത് വേഡ്സ്‌വർത്തിൻറെ കുഞ്ഞനിയത്തി ഡൊറോത്തി ഏൻ കണ്ട ദൃശ്യങ്ങളാക്കി മാറ്റുന്ന ഞങ്ങളുടെ സൗണ്ട് എൻജിനിയർ സുധിയാണ് ട്രൂപ്പിൻറെ യഥാർത്ഥ സ്വര സൗന്ദര്യം!

🟥 ജപ്പാനിൽനിന്ന് സംഗീതജ്ഞൻ എത്തുന്നു!
KFRI-യിലെ കന്നി പ്രകടനത്തിനുശേഷം  കേരളത്തിനകത്തും പുറത്തും മുളമേളങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ്
, 2015-ൽ, ഇന്ത്യ-ജപ്പാൻ സാംസ്‌കാരിക വിനിമയത്തിൻറെ ഭാഗമായി ജപ്പാനിലെ പ്രശസ്ത തൈകൊ ഡ്രമ്മർ, യുഹീ മോട്ടോയാമ ഞങ്ങളുടെ അപേക്ഷ മാനിച്ച് ആദ്യമായി കേരളത്തിലെത്തുന്നത്. മോട്ടോയാമയുമൊത്ത് കേരള കലാമണ്ഡലം ഉൾപ്പെടെയുള്ള എട്ടു വേദികളിൽ പരിപാടികൾ അവതരിപ്പിച്ചു. അതിൽ ഏറ്റവും ജനശ്രദ്ധ ആകർഷിച്ചത് കേരള സാഹിത്യ അക്കാഡമി ഹാളിൽവച്ചു നടത്തിയ 'മഴത്താളം' എന്ന ഇവൻറ് ആയിരുന്നു. മുളമേളത്തിൽ മോട്ടോയാമ തൈകൊ ഡ്രം അടിച്ചത് പ്രേക്ഷകർക്ക് വേറിട്ട ഒരു അനുഭവമായി മാറി.
ഞങ്ങൾ നിർമ്മിച്ച കീർട്ടേ, കിക്കേര, തിത്തിരി, മഴമൂളി മുതലായ വാദ്യോപകരണങ്ങളൾ മോട്ടോയാമയെ വല്ലാതെ ആകർഷിച്ചു. തൻറെ രാജ്യത്തും പുതുമയുള്ള മുളസംഗീതത്തിന് പദ്ധതി തയ്യാറാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

🟥 മുളയിൽ 'ഹംസധ്വനി'!
മുള ഉപകരണങ്ങളാൽ ശാസ്ത്രീയ സംഗീതം സാധ്യമല്ലെന്ന അഭിപ്രായങ്ങൾ പൊതുവെ പറഞ്ഞുകേൾക്കാൾ തുടങ്ങിയപ്പോഴാണ് അതൊരു വെല്ലുവിളിയായി സ്വീകരിച്ചത്. കർണാടിക്കിലും ഹിന്ദുസ്ഥാനിയിലും ഒരുപോലെ പ്രചാരത്തിലുളള, ഒരേ പേരിൽ അറിയപ്പെടുന്ന, 'ഹംസധ്വനി' രാഗത്തിൽ തന്നെ ഒരു മുളമേളം ചിട്ടപ്പെടുത്താൻ തീരുമാനിച്ചു.
സുദീർഘമായ പരീക്ഷണങ്ങൾക്കും പിരിമുറുക്കങ്ങൾക്കുമൊടുവിൽ, 'സാരംഗ്' എന്ന് ഞങ്ങൾ പേരിട്ട ഒരു കൊമ്പസിഷൻ പിറവികൊണ്ടു.
ആരോഹണത്തിലും അവരോഹണത്തിലും അഞ്ചു സ്വരങ്ങൾ വീതമുള്ള പ്രസന്നമായ ഈ മംഗളരാഗം ആലപിക്കേണ്ടത് സായന്തനത്തിലാണ്. ഒരു ത്രിസന്ധ്യയിൽ, ട്രൂപ്പിൻറെ പുതിയ സൃഷ്ടി പരിശോധിക്കാനെത്തിയ സംഗീത വിദഗ്‌ദ്ധ, മുള ഉപകരണങ്ങളിൽനിന്ന് ഉയരുന്നത് ഹംസധ്വനിയാണെന്ന് വിധിയെഴുതി.
ഹാ, നാടൻ മുളയ്ക്ക് നാടൻ സംഗീതമേ വഴങ്ങൂയെന്ന ആ 'മിത്ത്' ഞങ്ങളുടെ സ്വരമഞ്ജരി ഭേദിച്ചു. ശാസ്ത്രീയ സംഗീതങ്ങൾ രൂപം കൊള്ളുന്നതിന് എത്രയൊ മുന്നെത്തന്നെ നമ്മുടെ മുളങ്കൂട്ടങ്ങൾ മോഹന രാഗങ്ങൾ ആലപിച്ചിരുന്നില്ലേ!

🟥 മറ്റു മുള സംസ്ഥാനക്കാർക്ക് മാതൃക
ഇന്ത്യയിൽ ആകെയുള്ള 125 മുള ഇനങ്ങളിൾ അമ്പതിലേറെ വളരുന്നത് പശ്ചിമ ബംഗാൾ, അസ്സം, മണിപ്പൂർ, അരുണാചൽ പ്രദേശ് മുതലായ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണെങ്കിലും, മുളസംഗീതത്തിൽ അവർക്ക് മാതൃകയാകാൻ നമ്മൾക്കു കഴിഞ്ഞുവെന്നതിൽ സന്തോഷമുണ്ട്. പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് സിലിഗുഡി. മുളകൾ ധാരാളമുള്ള ഡാർജിലിങ് ജില്ലയിലെ സുന്ദരമായ മലമ്പ്രദേശം. അവിടെവെച്ച് ഞങ്ങൾ നടത്തിയ മുള ഓർക്കസ്ട്ര, മുള നാട്ടുകാരായ അവരെ പ്രകമ്പനം കൊള്ളിച്ചു.
ഞങ്ങളുടെ കൊമ്പസിഷൻസ് കൂടാതെ, അവർ  ആവശ്യപ്പെട്ട ചില പ്രശസ്ത ഹിന്ദി സിനിമാ ഗാനങ്ങളും തയ്യാറെടുപ്പുകളൊന്നും ഇല്ലാതെതന്നെ വായിച്ചു കൊടുത്തു.
പരിപാടിക്കൊടുവിൽ ഞങ്ങൾ അവതരിപ്പിച്ച ഒരു കൊമ്പസിഷൻ അവരെ ശരിക്കും ആശ്ചര്യപ്പെടുത്തി. രബീന്ദ്രനാഥ് ടാഗോർ രചിച്ച, 'എക്ള ചൊലോ രേ...'  എന്നു തുടങ്ങുന്ന ഏറെ പ്രശസ്തമായ ബംഗാളി ദേശഭക്തി ഗാനം മുള ഖണ്‌ഡങ്ങളിൽനിന്ന് നിർഗളിച്ചപ്പോൾ, വടക്കൻ ബംഗാളിലെ സംഗീതപ്രേമികൾ ആവേശത്തിരയിൽ ആറാടി!
ഓർക്കസ്ട്ര അവസാനിച്ചപ്പോൾ അവർ ചുറ്റുംകൂടി. ഉപകരണങ്ങൾ ഉണ്ടാക്കിയത് ആരാണ്, എങ്ങിനെയാണ് എന്നൊക്കെ അവർക്കറിയണം. അവർക്കും മുളഗാനങ്ങൾ തുടങ്ങണമത്രെ! പിറ്റേന്നു രാവിലെയുള്ള ഫ്ലൈറ്റിന് മടക്കയാത്ര തീരുമാനിച്ചിരുന്നതിനാൽ അവരോടൊപ്പം അധികം സമയം ചിലവിടാൻ കഴിഞ്ഞില്ല.

🟥 വാദ്യോപകരണ നിർമ്മിതി, നാമകരണം
ഉചിതമായ മുളയിനങ്ങൾ ഉപയോഗിച്ച് മനോയും കുട്ടനുമാണ് ഉപകരണങ്ങൾ നിർമ്മിക്കുന്നത്.
ഉച്ചസ്വരങ്ങൾ ഉണ്ടാക്കേണ്ട ഉപകരണങ്ങൾക്ക് ഒരടിയോളം വ്യാസമുള്ള ആനമുള, കല്ലൻമുള മുതലായ കനം കൂടിയവ ഉപയോഗിക്കുന്നു. കിക്കേര പോലെയുള്ളവ നിർമ്മിക്കുന്നത് ആനമുളയുടെ അടിഭാഗം ഉപയോഗിച്ചാണ്. വായു കടത്തിവിട്ട് ശ്രുതി മാധുര്യമുണ്ടാക്കുന്ന 14-ഹോൾസിന് വേണ്ടത് ബിലാത്തി, മിലാക്കൻ മുതലായ പൊള്ളയായ ഇനങ്ങളാണ്. തോട്ടിമുളകൊണ്ട് തീക്ഷ്ണസ്വരം പുറപ്പെടുവിപ്പിക്കുന്ന ധാൻ ട്രങ്കും നിർമ്മിക്കുന്നു.
മലയോടയാണ് ഓടക്കുഴലിനും, വേറെ ചിലതിനും ഉപയോഗിക്കുന്നത്. ഇപ്പോഴുള്ള 23 തരം ഉപകരണങ്ങൾ നിർമ്മിക്കാൻ എട്ടു തരം മുളകൾ വേണം.
രാജ്യത്തെ മുള ഗണങ്ങളിൽ 28 എണ്ണം വളരുന്നത് വയനാട് മേഖലയിലാണ്. അതിനാൽ, തൃക്കൈപ്പറ്റയിലുള്ള ഉറവ് ബേംബൂ ഗ്രോവിൽ പോയാണ് ആവശ്യമുള്ള മുളകൾ കണ്ടെത്തുന്നത്. ട്രീറ്റുമെൻറിനു ശേഷം അവ ചെത്തിമിനുക്കി, ആവശ്യമുള്ളതിന് തുളകളിട്ട്, തുകൽ കെട്ടി, ഉപകരണങ്ങൾ തീർക്കുന്നു.
വാദ്യോപകരണങ്ങൾക്ക് പേരിടുന്നത് പലപ്പോഴും അവയിൽനിന്ന് ഉയരുന്ന നാദത്തെ ബന്ധപ്പെടുത്തിയാണ്. ഉദാഹരണമായി, ഒരു മുളത്തടിയിൽ നിരനിരയായി വെട്ടുകളുണ്ടാക്കി അതിലൂടെ ഒരു മുളങ്കോൾ പായിച്ച്, 'കീർ...' ശബ്ദമുണ്ടാക്കി, അവസാനത്തെ വെട്ടു കഴിഞ്ഞാൽ, മുളത്തടിയിൽ കോലുകൊണ്ട്, 'ട്ടേ...' എന്നൊരു കൊട്ട്  കൊട്ടുന്നു.  ഈ ഉപകരണത്തിൻറെ പേർ, 'കീർട്ടേ'!
ജംമ്പേ, ബുംബേ, കിക്കേര, തിത്തിരി, ഊക്ക, പീക്കി, പീപ്പി, ചിലപ്പി, കുഞ്ഞാറ്റ, മഴമൂളി മുതലായ പേരുകളുടെ ഉത്ഭവം ഇനി പറയേണ്ടതുണ്ടോ!
വിസ്മയം മുളസംഗീതം! (വിജയ്.സി.എച്ച് )വിസ്മയം മുളസംഗീതം! (വിജയ്.സി.എച്ച് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക