Image

ലഹരി (കവിത : വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 10 December, 2020
ലഹരി       (കവിത : വേണുനമ്പ്യാര്‍)
1

നഷ്ടപ്പെട്ടതിനോ
നഷ്ടപ്പെടാത്തതിനോ
വില കൂടുതല്‍?

ചോദ്യമേ വഷള്
വില   വെട്ടിക്കളയുക
അമൂല്യമായതിനു വിലവിവരപ്പട്ടികയില്‍ സ്ഥാനം വേണ്ട
പകരം പ്രീയം എന്നു തിരുകൂ, പ്രീയെ!

ഒരു ത്രാസില്‍ രണ്ട് തൂക്കമില്ല
കാലം പരിക്കേല്‍പ്പിക്കാന്‍ വിസമ്മതിക്കുന്ന
നിന്റെ ഉള്ളവും ഉടലും പോലെ
രണ്ടും   പ്രീയതമം
സമാസമം!

കരളുള്ളപ്പോള്‍
കരളിന്റെ വില ആരറിയാന്‍
ഏതു നേരവും കൂടെയുള്ള   നിന്റെ വില
പൂര്‍ണമായും ഞാന്‍ അറിയുന്നുണ്ടോ

ക്ഷമിക്കുക ഇന്ന് രണ്ട്  പെഗ്  അധികം  വേണ്ടി വരും
ഓര്‍ക്കുന്നില്ലേ  ഇതേ സന്ധ്യക്കാണ്
ഇരുപത് വര്‍ഷം    മുമ്പ് അമ്പലമുറ്റത്തെ  ദീപസ്തംഭത്തിനരികെ
നീയിവന്   മിഴിയെറിഞ്ഞതും  ഒരു മാത്ര ഇവന്‍ .....................................!
വര്‍ണ്ണാന്ധനല്ല,നിശാന്ധനല്ല,
അനശ്വരപ്രണയാന്ധന്‍ ആയി മാറിയതും

രണ്ടും മാറ്റിവെക്കാം
- കരളും മിഴിയും!
ആ ഗതികേട്   ഒരിക്കലും സംഭവിക്കാതിരിക്കട്ടെ  

രണ്ടും ഒരു അധോത്തമര്‍ണ്ണന്‍  
ഉപേക്ഷിച്ച    പണയപ്പണ്ടങ്ങള്‍  

തിരിച്ചെടുക്കാന്‍ വരുമ്പോള്‍
അസ്സല്‍തന്നെ വേണം    തിരുമുല്‍ക്കാഴ്ചയ്ക്ക്
 
അതാണല്ലോ അലംഘനീയമായ
പണയവ്യവസ്ഥ  

പ്രണയമാണോ
പണയമാണോ

രണ്ടും ഒന്ന്  
ഒരടിയന്തര ഘട്ടത്തിലെ
അടിയറവ്
പേക്കിനാവിലെ മൃതി  

 
രുദ്രതാളത്തില്‍
കരളിരമ്പം
മഴ പെയ്‌തേക്കും

ആകാശത്തിനും കാണും  
മുന്‍വിധിയും ഇഷ്ടാനിഷ്ടങ്ങളും  
ഒരു  വേള   കരയില്‍ പെയ്യുന്നത്
കടലില്‍   പെയ്യണമെന്നില്ല

കരളേ, കുടയെടുക്കാതെ ഇറങ്ങാം
ചെരുപ്പും  വേണ്ട ബാഗും  വേണ്ട
ഇതൊരു സ്മൃതിയാത്രയാണ്  
നമ്മള്‍ നഗ്‌നതയുടെ സ്തുതിപാഠകരാണ്
ആദ്യമായ് ഇരുന്നു ചുംബിച്ച
കടല്‍ത്തീരത്തെ പാറക്കെട്ട്
പ്രണയത്തിന്റെ മറ്റൊരു ഓര്‍മ്മക്കുറിപ്പുപോലെ
കാലാതിവര്‍ത്തിയായി
നമ്മളെ കാത്തിരിക്കുന്നുണ്ടാകും    

അടയാളങ്ങള്‍   മായ്ചാലും  
മായ്ചുകളഞ്ഞതിന്റെ പാടുകള്‍  മണ്ണില്‍  ശേഷിക്കും
പിന്നെയും മധുരമായി   നോവിക്കാന്‍  
 
ആ ബോഗന്‍വില്ലപൊന്തകളും  പൂത്ത ബദാം   മരങ്ങളും.....
മേഘങ്ങളുടെ നിറക്കൂടില്‍     ചേക്കേറുന്ന കടല്കാക്കകളും
വരൂ, ലഹരിയിറങ്ങും മുമ്പ്,  
നമുക്ക്  ഇറങ്ങാം!

2

മിന്നല്പിണറില്‍ നിന്റെ മുഖം ആദ്യമായെന്നപോലെ ഞാന്‍ കണ്ടു.
മഴ ചന്നം പിന്നം പെയ്യുകയാണ്.  കൈകള്‍ കോര്‍ത്ത് നമ്മള്‍ നടക്കുകയാണ്.
നമ്മള്‍  നമ്മളല്ലാതാവുകയാണ്.   നമ്മുടെ നനഞ്ഞ ചുണ്ടുകള്‍ പഴയ  ഒരു പ്രണയഗാനം മൂളുകയാണ്.  കാലം നമുക്ക് വേണ്ടി മാത്രം ഒരു നിമിഷത്തില്‍
നിശ്ചലമാവുകയാണ്.   വിവാഹത്തിന് ശേഷം നമ്മള്‍ ഇങ്ങനെ പ്രണയത്തില്‍
മഗ്‌നരായ് ചിലവഴിച്ച  നിമിഷങ്ങള്‍ എത്ര കാണും. നമ്മുടെ പാനപാത്രങ്ങളില്‍ കണ്ണീര്‍ നിറയുകയാണ്.  നമ്മുടെ വീഞ്ഞിനു കടല്‍രസം. പാറക്കെട്ടില്‍
തിരമാലകള്‍  പൊട്ടിച്ചിതറുന്ന  ഇരമ്പം ഒരു ദുഃശ്ശകുനം പോലെ  അടുത്തടുത്തു   വരികയാണ്.  

3

മങ്ങിയ വെളിച്ചത്തില്‍ മഴക്കോട്ട് ധരിച്ച ഒരു രൂപം മുന്നില്‍. ചുറ്റും ടോര്‍ച്ചടിച്ചുകൊണ്ടു  അയാള്‍  പറഞ്ഞു:

ഇപ്പോള്‍ ആ പാറക്കെട്ടിനടുത്തേക്കു പോകണ്ട.      പോലീസ്  ബാരിക്കേഡ്  ഇട്ടിട്ടുണ്ട്.   ഒരു യുവാവും ഒരു യുവതിയും  അവിടെ   കെട്ടിപ്പിടിച്ചു  കിടക്കയാണ്,  വിഷം കഴിച്ച നിലയില്‍ .......!

ലഹരി       (കവിത : വേണുനമ്പ്യാര്‍)
Join WhatsApp News
Sudhir Panikkaveetil 2020-12-10 17:01:49
മനോഹരമായ ചിന്തകൾ..അവയെല്ലാം കാവ്യരൂപത്തിൽ പെയ്തിറങ്ങുമ്പോൾ പ്രണയം അറിഞ്ഞവർക്കെല്ലാം സുഖാനുഭൂതി. പേരുപോലെ പ്രണയത്തിന്റെ വേണുനാദം കേൾപ്പിക്കുമ്പോൾ യമുനാതീരത്തേയ്ക്ക് പാദസരങ്ങൾ കിലുക്കി മന്ദം മന്ദം ഗോപികമാർ എത്തട്ടെ. അനുമോദനം ശ്രീ നമ്പ്യാർ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക