Image

അടുക്കുവാൻ ആഗ്രഹിക്കുന്ന ശരീരങ്ങൾക്കിടയിലെ ‎ അലയടിക്കുന്ന ആകർഷണമാണ് ‎പ്രണയം? (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 13 December, 2020
അടുക്കുവാൻ ആഗ്രഹിക്കുന്ന  ശരീരങ്ങൾക്കിടയിലെ ‎ അലയടിക്കുന്ന ആകർഷണമാണ്  ‎പ്രണയം? (ശ്രീകുമാർ ഉണ്ണിത്താൻ)
ജോലി കഴിഞ്ഞു വരുന്ന വഴിയിൽ വെജിറ്റബിൾ  ഷോപ്പിങ്ങ് എന്നും അനിതയുടെ  പതിവായിരുന്നു. ഒരു  ദിവസം   മാർക്കറ്റിൽ   നിൽകുമ്പോൾ ഒരാൾ അവളെ  സൂക്ഷിച്ചു നോക്കുന്നു.  ആളെ കണ്ടിട്ട്  ഒരു പരിചയവും ഇല്ല, അവൾ ശ്രദ്ധിക്കാതെ നിന്നു. അനിതയല്ലേ എന്ന് മലയാളത്തിൽ  ഒരു ചോദ്യം. ചോദ്യം കേട്ട് അവൾ പകച്ചുപോയി. കാരണം അവൾ ആ  മാർക്കറ്റിൽ മലയാളികളെ അങ്ങനെ കാണാറെയില്ല. അവൾ ഒന്നുകൂടി തിരഞ്ഞു നോക്കിയപ്പോൾ എവിടെയോ കണ്ടു മറന്ന മുഖം. ജീൻസും, ഷർട്ടും,  കണ്ണടയും വെച്ച് സുന്ദരനായ  ഒരു  മനുഷ്യൻ. അയാൾക്ക്‌ എങ്ങനെ എന്റെ പേരറിയാം?.

എന്നെ മനസ്സിലായോ?” നമ്മൾ   കോളേജിൽ ഒരേ സമയം പഠിച്ചവരാണ് . അവളുടെ മുഖത്തെ ഭാവം മാറി .
അപ്പൊ  നീ എന്നെ മറന്നില്ലല്ലോ?  നീ  എന്താ ഇവിടെ.?

എന്റെ കല്യണം കഴിഞ്ഞു ഞാൻ അഞ്ചു വർഷമായി ഭർത്താവുമായി അഹമ്മദാബാദ്  എന്ന ഈ  സിറ്റിയിൽ ആണ് താമസം.  ഒരു കുട്ടിയുണ്ട് , ഭർത്താവ്  ഇവിടെ  ഒരു കമ്പനിയിൽ  ജോലിചെയ്യുന്നു.

പിന്നെ അവൻ വാതോരാതെ സംസാരിച്ചു. അന്ന് കോളേജിൽ നിന്നും പിരിഞ്ഞു പോരുമ്പോൾ ഉള്ള  അവനെക്കുറിച്ചു ഞാൻ  ഓർക്കാൻ ശ്രമിച്ചു. അവന്റെ സംസാരത്തിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല , കാണാൻ  കുറച്ചുകൂടി സുന്ദരൻ ആയത്  ഒഴിച്ചാൽ  വലിയ മാറ്റങ്ങൾ  അവനിൽ കണ്ടില്ല .  അവൻ  എന്നോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചു. എല്ലാത്തിനും മറുപടി കൊടുത്തു എന്നല്ലാതെ മറിച്ചു ഞാൻ ഒന്നും ചോദിച്ചില്ല.അല്ലെങ്കിൽ തന്നെ പണ്ട് കോളജിൽ പഠിക്കുബോൾ  ഉണ്ടായിരുന്ന ഒരു   സൗഹൃദം അതിനെ  കൂടെയുള്ളവർ  പ്രേമം എന്നക്കെ വിളിക്കുമെങ്കിലും അന്ന്  അവൻ നല്ല ഒരു പാട്ടുകാരൻ ആയിരുന്നതുകൊണ്ട്  അവനോട്  തോന്നിയ ഒരു വികാരം മാത്രമായിരുന്നു അത്. ഇന്ന്  ഞാൻ വിവാഹിതയും  ഒരു കുട്ടിയുടെ അമ്മയുമാണ്.

തിരിച്ചു വീട്ടിൽ ചെന്നപ്പോളാണ്    ഓർത്തത് അവന്റെ ഫോൺ നമ്പർ മേടിച്ചില്ലല്ലോ. വേണ്ട..എന്തിനാണ് വെറുതെ, പഴയ  സൗഹൃദങ്ങൾ ഒന്നും ഇനി മിനുക്കി എടുക്കേണ്ട , ഇതെക്കെ  ജീവിതത്തെ  എങ്ങനെയാണു  ബാധിക്കുന്നതു  എന്ന് അറിയില്ലല്ലോ.

മാർക്കറ്റിൽ  പോകുബോഴെല്ലാം അവളുടെ  കണ്ണുകൾ അവൾ  അറിയത്  അവനെ   തിരഞ്ഞുകൊണ്ടിരുന്നു .  വിരസമായ തന്റെ  ജീവിതത്തിൽ, പോയ നല്ല നാളുകളെ ഓർമിപ്പിക്കുന്ന ഒരു കണ്ണിയായത് കൊണ്ടാകാം മനസ്സ് അവനെ ഒന്നുകൂടെ  കാണാൻ കൊതിച്ചത്. ആ പ്രതീക്ഷ വെറുതെയായിരുന്നു. പിന്നീടുള്ള രണ്ടു മൂന്ന് ആഴ്ചകളിലും അവളുടെ മനസ്സ്  ആ  പരിചയ മുഖത്തെ ഒന്നുകൂടെ കാണാൻ  ആഗ്രഹിച്ചു  .പക്ഷേ  ഫലം ഒന്നുമുണ്ടായില്ല.

ഒരു മാസം പിന്നിട്ടു. പിന്നീട്  അവന്റെ കര്യം മറന്നു  തുടങ്ങിയപ്പോളാണ് ഞങ്ങളുടെ രണ്ടാമത്തെ കൂടിക്കാഴ്ച അവിടെ വെച്ച് തന്നെ നടന്നത് . അന്ന് ഞാൻ അവന്റെ നമ്പർ ചോദിച്ചു വാങ്ങാൻ മറന്നില്ല. നമ്പർ വാങ്ങി എന്നല്ലാതെ ഒരിക്കൽ പോലും ഒന്ന് വിളിക്കാനോ മെസ്സേജ് അയക്കാനോ തോന്നിയില്ല. അവൻ വല്ലപ്പോഴുമെക്കെ  വിളിക്കാൻ തുടങ്ങി . ഞാൻ പലപ്പോഴും ഞാൻ അവന്റെ  ഫോൺ എടുത്തില്ല , മനപ്പൂർവ്വം തന്നെ .

ഒരു ദിവസം അവൻ വിളിച്ചു, എന്നിട്ടു പറഞ്ഞു, അനിതാ  എനിക്ക് നിന്നെ ഒന്നുകാണണം. വെജിറ്റബിൾ  മാർക്കറ്റിനു  അടുത്തുള്ള  കോഫീ ഷോപ്പിൽ ഒന്ന് വരുമോ. എന്ത് കൊണ്ടോ എനിക്ക് വയ്യ എന്ന്  പറയാൻ തോന്നിയില്ല.   പിന്നെയും അവൾ വിചാരിച്ചു വേണ്ടിയിരുന്നില്ല എന്റെ ഭർത്താവു  അറിഞ്ഞാൽ  എന്തായിരിക്കും  ചിന്തിക്കുകക . പക്ഷേ  ഒരു സൗഹൃദം   ഒന്ന് പുതുക്കി എടുക്കുക എന്നതിൽ ഉപരി അവൾ വേറെയൊന്നും  ചിന്തിച്ചതേയില്ല.

കാപ്പികുടിക്കുന്നതിന്റെ ഇടയിൽ  ഞാൻ  അവന്റെ വിശേഷങ്ങൾ   തിരക്കി. അവന്  സെൻട്രൽ ഗവണ്മെന്റിൽ  ജോലികിട്ടി, രണ്ടു മാസമായി  ഇവിടെയാണ്. കല്യാണം കഴിഞ്ഞു, കുട്ടികൾ ഇല്ല. ഭാര്യ രണ്ടുമാസമായി  കൂടെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം തിരികെ നാട്ടിലേക്ക്  പോയി എന്ന് പറഞ്ഞപ്പോൾ ഞാൻ അവനെ കളിയാക്കി  ഭാര്യ  നാട്ടിൽ പോയത് കൊണ്ടാണോ പണ്ട് കൂടെ പഠിച്ചവരെയൊക്കെ വിളിച്ചു സൗഹൃദം പുതുക്കുന്നത് . അവൻ  മറുപടി  ഒരു ചിരിയിൽ ഒതുക്കി.

അന്ന് ആദ്യമായി ഔപചാരികതയുടെ മൂടുപടം അഴിച്ചു വെച്ച് ഞങ്ങൾ കുറെ സംസാരിച്ചു. ഞങ്ങളുടെ ഇടയിലെ നീണ്ട അഞ്ചു  വർഷത്തെ വിടവ് പതിയെ അലിഞ്ഞില്ലാതെയായി. പിന്നീട്  ഞങ്ങൾ  മിക്കവാറും  വൈകിട്ട്  കോഫീ ഷോപ്പിൽ  ഒത്തുകൂടുന്നത് പതിവാക്കി. ഈ കൂടിക്കാഴ്ചകൾ എന്നിലെ കൗമാരക്കാരിയെ പുറത്തു കൊണ്ടുവന്നു  എന്നത് പോലെ തോന്നി.  പലപ്പോഴും അവനെ വീട്ടിലേക്ക്  ക്ഷണിക്കണം  എന്ന് തോന്നിയിട്ടുണ്ട് പക്ഷേ ഭർത്താവിന്റെയും കുഞ്ഞിന്റെയും മുമ്പിലെ പക്വതയുള്ള സ്ത്രീവേഷം  അങ്ങനെ തന്നെ ഇരിക്കട്ടെ എന്നിവിചാരിച്ചു. എന്റെ പ്രണയം, എന്റെ സ്വകാര്യമായ നിമിഷം മാത്രമായി ഒതുക്കാൻ  ഞാൻ ആഗ്രഹിച്ചു.

പതിവ് പോലെ  ഞാൻ ആ  കോഫീ ഷോപ്പിൽ കയറി കണ്ണോടിച്ചപ്പോൾ അവനെ കാണാനില്ല. അത് പതിവില്ലാത്തതാണ്. എന്നും എന്നെ വശ്യമായ ചിരിയോടെ സ്വാഗതം ചെയ്യുന്ന അവൻ ഇന്ന് എവിടെപ്പോയി ? ഞാൻ ഒരു മൂലയിൽ സ്ഥാനം പിടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ വന്നു, ആകെ തളർന്നിരിക്കുന്നു . അവന്റെ സമ്മതത്തിനായി കാത്തു നിൽക്കാതെ ഞാൻ രണ്ടു കോഫീ ഓർഡർ ചെയ്തു. പതിവില്ലാത്ത ഒരു മൗനം.

അവൻ വളരെ അസ്വസ്ഥനായി കണ്ടു, ഞാൻ കാര്യം തിരക്കി. അവന്  അത് പറയാൻ കഴിയുന്നില്ല. പിന്നെ  വളരെ പാടുപെട്ടു പറഞ്ഞു തീർത്തു . ഒരു രാത്രി കൊണ്ടോ ആയിരം പകലു കൊണ്ടോ അവസാനിക്കുന്നതല്ല എനിക്ക് നിന്നോടുളള പ്രണയം. എന്റെ ഹൃദയമിടിപ്പ് നിലക്കും വരെ എന്റെ കൈ എത്തും ദൂരത്ത് നീ ഉണ്ടാകണം. എനിക്ക് നീ അല്ലാതെ മറ്റാരെയും സ്നേഹിക്കാൻ കഴിയില്ല.

എന്റെ ശരീരം  വിറക്കാൻ  തുടങ്ങി. രണ്ടു നിമിഷത്തെ മൗനത്തിന് ശേഷം അവൻ തുടർന്നു നിന്നോടുള്ള ഇഷ്ടം അത് എന്നെ  ഒരു ഭ്രാന്തൻ ആക്കുന്നു. ആ ഭ്രാന്തുമായി  ജീവിയ്ക്കാൻ എനിക്ക് കഴിയുന്നില്ല. പെട്ടന്ന് എല്ലാം നിശബ്ദമായ പോലെ. എനിക്ക് എന്തോ  നഷ്‌ടപ്പെടുന്നതുപോലെ തോന്നി.

ഞാൻ  വളരെ പാടുപെട്ടു  അവനോടു പറഞ്ഞു.ഞാൻ നിന്നെ നല്ല ഒരു സുഹൃത്തായി മാത്രമേ  കാണുന്നുള്ളൂ. നല്ലൊരു സൗഹൃദം കളഞ്ഞു കുളിക്കാൻ വേണ്ടിയാണോ  നീ ഇങ്ങനെയെക്കെ  പറയുന്നത്. അവന്റെ മുഖം  കോപം കൊണ്ട് നിറഞ്ഞു. കോളേജിൽ  പഠിക്കുന്ന കാലം മുതലേ നിന്നോടുള്ള  ഇഷ്‌ടം പലപ്പോഴും  എനിക്ക്  തുറന്നു പറയുവാൻ പറ്റിയിട്ടില്ല. എത്രനാൾ എനിക്ക്  ഇങ്ങനെ  ജീവിക്കാൻ കഴിയും. ഞാൻ  എല്ലാം മറന്നതായിരുന്നു, പിന്നെയും നിന്നെ എന്റെ മുന്നിൽ എത്തിച്ചത് വിധിയാണ്.  

ഞങ്ങൾ രണ്ടുപേരും ഒന്നും പറയാദി   കുറെ നേരം നോക്കിയിരുന്നു. അവിടെയിരുന്ന കാപ്പി തണുത്തു പാട കെട്ടി. അവൻ മിഴികൾ താഴ്ത്തി അവിടെ  തന്നെ ഇരുന്നു. അവന്റെ കണ്ണുകളിൽ നിന്നും  കണ്ണുനീർ  ഒഴുകി തുടങ്ങിയിരുന്നു. അവന്റെ മുഖത്തേക്ക് നോക്കുവാനുള്ള ശക്തി എനിക്ക് ഇല്ലാതായി. ഞാൻ അവിടെനിന്നും  പതിയെ  ഇറങ്ങി നടന്നു.  അവസാനമായി  ഒരു ബൈ പറയണം എന്നുണ്ടായിരുന്നു.

കുറച്ചു ദിവസങ്ങൾക്ക്  ശേഷം  ഒരു സുഹൃത്തു  പറഞ്ഞാണ് അവളറിഞ്ഞത് അനിൽ  ആന്മഹത്യ  ചെയ്തു എന്ന്. അവൾക്ക് വളരെ അധികം കുറ്റബോധം തോന്നി.

ഇതിനെല്ലാം കാരണക്കാരി ഞാനും കൂടിയാണ്. ഓരോ കുടിക്കാഴ്ചയിലും ഞാൻ അവനെ തമാശകൾ പറഞ്ഞു  ചിരിപ്പിക്കാൻ  ശ്രമിച്ചപ്പോളും ഞാനും വളരെ സന്തോഷവതിയായിരുന്നു. ഭ്രാന്ത് അവന്  മാത്രമല്ലായിരുന്നു എനിക്കുംകൂടി ആയിരുന്നു എന്ന്   മനസിലാക്കുന്നു.  പ്രണയത്തിൽ ഒരുവാഗ്ദാനമുണ്ട് , ഞാൻ നിൻറേതാണ് എന്ന വാഗ്ദാനം. ‎പക്ഷെ ഈ വാഗ്ദാനം  സഫലമാകാൻ  കഴിഞ്ഞങ്കിലേ ആ   പ്രണയത്തിന് ‎ആയുസ്സ് ഉള്ളു. എനിക്ക്  ഈ  വാഗ്ദാനം    നിറവേറ്റാൻ പറ്റുമായിരുന്നില്ല. പിന്നെന്തിന് ഞാൻ  അവനെ പ്രലോഭിപ്പിച്ചു? എന്റെ   സ്വാർത്ഥതയായിക്കാം ഇതിനെല്ലാം  കാരണം.
പക്ഷേ അവൻ എന്തിന് ആന്മഹത്യ ചെയ്തു ?

മരണം പ്രണയത്തിന്റെ  അവസാനമാണ്  എന്ന് വിശ്വസിക്കാൻ നമ്മളിൽ പലർക്കും  കഴിയും എന്ന് തോന്നുന്നില്ല  .മരണത്തിലൂടെ പ്രണയത്തിന്റെ വിജയം പ്രഖ്യാപിച്ച  പലരും   ഇന്നും  നമുക്ക് ചുറ്റുമുണ്ട്. അതിനിയും തുടർന്നുകൊണ്ട് തന്നെയിരിക്കും .  ഇവരുടെ ചേതോവികാരം എന്തുകൊണ്ട്  എന്ന് മനസിലാവണമെങ്കിൽ  നമ്മൾ അവരിൽ ഒരാളാവണം . അവരെ   സംബന്ധിച്ചടത്തോളം ഒന്നിച്ചുള്ള ജീവിതത്തിന്  കഴിഞ്ഞില്ലെങ്കിൽ  മരണമാണ്  ഏറ്റവും മഹത്തരമെന്ന് വിശ്വസിക്കുന്നതായിരിക്കാം .

പ്രണയ തിരസ്കരണം കൊലപാതകത്തിലേക്കും, ആത്മഹത്യയിലേക്കും എത്തിച്ചേരുന്ന  കാലഘട്ടത്തിൽ പ്രണയത്തെ സംബന്ധിച്ച് നിലനിൽക്കുന്ന പരമ്പരാഗത വിശ്വാസങ്ങളെ മാറ്റിവെച്ച് എന്തുകൊണ്ടാണ് മനുഷ്യൻ പ്രണയത്തിനുവേണ്ടി ജീവിതം തന്നെ അവസാനിപ്പിക്കാൻ തയ്യാറാകുന്നതെന്ന് ശാസ്ത്രീയമായി അന്വേഷിക്കേണ്ടതുണ്ട് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക