Image

ഖാദര്‍ക്ക (ഡോ. പോള്‍ മണലില്‍)

Published on 16 December, 2020
ഖാദര്‍ക്ക (ഡോ. പോള്‍ മണലില്‍)

ഖാദര്‍ക്ക മരിച്ചെന്ന വാര്‍ത്ത കേട്ടപ്പോള്‍ എനിക്കു കരച്ചില്‍ വന്നെങ്കിലും ഖാദര്‍ക്ക കരയുന്ന ഒരു ചിത്രമാണ് എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത്. കുറെ വര്‍ഷം മുമ്പ് ബേപ്പൂരില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സന്നിധിയില്‍ ഞങ്ങള്‍ ഇരിക്കുന്നു. സുലൈമാനിയും ഗസലും ആസ്വദിച്ചുകൊണ്ട് കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കയാണ്. കൂടെ യു.എ.ഖാദറും പി.ടി. അബ്ദുറഹിമാനും പള്ളിക്കര വി.പി.മുഹമ്മദും ചെറിയാന്‍ കുനിയത്തോടത്തും   ഉണ്ട്. 

അപ്പോള്‍ ബഷീര്‍ ചോദിച്ചു.

'ഈ യു. ഏ. ഖാദര്‍ എങ്ങനെ മലയാളം കഥാകൃത്തായി? ഖാദറിന്റെ കണ്ണുകളിലൂടെ ചെങ്കിസ്ഖാന്‍, ദലൈലാമ, ലിന്‍യുട്ടാംഗ്, ആറ്റില ദി ഹണ്‍ എന്നിവരല്ലേ  നമ്മളെ നോക്കുന്നത്.'

ബഷീര്‍ സൊറ പറച്ചില്‍ തുടങ്ങിയപ്പോള്‍ എല്ലാവരും പൊട്ടിച്ചിരിച്ചു. ബഷീര്‍ തുടര്‍ന്നു: 'ഖാദറിന്റെ ഈ സുന്ദരമായ മുഖം കാണുമ്പോള്‍ നിങ്ങള്‍ക്കു എന്തു തോന്നുന്നു? കണ്ടിട്ടില്ലേ, ഈ മഞ്ഞമുഖം? ജപ്പാന്‍, മംഗോളിയന്‍, ടാര്‍ട്ടന്‍, തുര്‍ക്കി, ഏക്‌സിമോ എന്നിവരുമായി മൂപ്പര്‍ക്കു രക്തബന്ധമുണ്ടോ? പക്ഷെ, ഖാദറിന്റെ കഥ ഒന്നാം നമ്പര്‍.'

തൃക്കോട്ടൂരിന്റെ കഥാകാരനെന്നു നമ്മള്‍ വാഴ്ത്തുന്ന യു.എ.ഖാദര്‍ ബര്‍മ്മക്കാരിയായ മാമൈദിയുടെ മകനായി, ഇന്ന് മ്യാന്‍മാര്‍ എന്നറിയപ്പെടുന്ന ബര്‍മ്മയിലാണ് ജനിച്ചതു എന്നതു ഒരു പുരാവൃത്തം. അന്നത്തെ തലസ്ഥാന നഗരമായ റങ്കൂണില്‍ (ഇന്ന് യാംഗൂണ്‍) ബില്ലിന്‍ എന്ന ഗ്രാമത്തില്‍ ചെറിയൊരു കച്ചവടം നടത്തിയിരുന്ന മലയാളിയായ മൊയ്തീന്‍കുട്ടി ഹാജിയുടെ ഭാര്യയായിരുന്നു  മാമൈദി. ഖാദറെ പ്രസവിച്ചു മൂന്നാംദിവസം മാമൈദി മരിച്ചു. അതിനാല്‍ ഖാദറിനു അമ്മയെപ്പറ്റി ഓരോര്‍മ്മയും ഇല്ല. മുലകുടി മാറാത്ത ഖാദറിനെ പിന്നെ ഏഴുവയസ്സുവരെ വളര്‍ത്തിയതു മാമൈദിയുടെ അനിയത്തിയായിരുന്നു.

ബര്‍മ്മയില്‍ നിന്നും ഖാദര്‍ കേരളത്തിലെത്തുന്നതു ഏഴാം വയസ്സിലാണ്. രണ്ടാം ലോകമഹായുദ്ധകാലത്തു റങ്കൂണ്‍ പട്ടണത്തില്‍ ബോംബുകള്‍ വീഴുന്നതു കണ്ടിട്ട് ബാലനായ ഖാദറിനെയും കൂട്ടി, സമ്പാദ്യങ്ങളെല്ലാം ഉപേക്ഷിച്ചാണ് മൊയ്തീന്‍കുട്ടി കൊയിലാണ്ടിയിലേക്കു മടങ്ങിവന്നത്. ഉപ്പയുടെ നാട്ടില്‍ തിരിച്ചെത്തിയെങ്കിലും മരണത്തില്‍ നിന്നും രക്ഷപ്പെട്ട് അറാക്കന്‍ മലനിരകള്‍ താണ്ടിയ സാഹസികയാത്രയും ബര്‍മ്മയില്‍ അമ്മയുടെ സ്‌നേഹം പകര്‍ന്ന ചെറിയുമ്മയുടെ ഓര്‍മ്മയും കാണാത്ത സ്വന്തം അമ്മയെക്കുറിച്ചുള്ള നൊമ്പരവും കൊച്ചുഖാദറില്‍ നിറഞ്ഞുനിന്നിരുന്നു.

അപ്പോള്‍ ബഷീര്‍ വീണ്ടും തുടര്‍ന്നു: 'ഞാന്‍ ഈ ഖാദറിനെപ്പറ്റി ഒരു കഥ എഴുതുന്നുണ്ട്. മാമൈദിയുടെ മകന്‍. മാമൈദി ആരാണെന്നറിയാമോ? ഒരു സുന്ദരി. ആള്‍ തട്ടാത്തിയാണ്. ബുദ്ധമതം. മാമൈദി മരിച്ചുപോയി. എന്നാല്‍ ആ മുഖം ഏതാണ്ട് ഇതു മാതിരിയിരിക്കും....'

സദസ്സ് കത്തിക്കയറിയപ്പോള്‍ ബഷീർ  ചോദിച്ചു: 'മിസ്റ്റര്‍ ചെങ്കിസ്ഖാന്‍, താങ്കള്‍ക്കു മാമൈദിയെപ്പറ്റി ഒരു കഥയെഴുതിക്കൂടെ?'

സദസ്സ് ഖാദര്‍ക്കയുടെ മുഖത്തേക്ക് നോക്കി. അതാ, അത്രയും നേരം പൊട്ടിച്ചിരിച്ചുകൊണ്ടിരുന്ന യു.എ.ഖാദര്‍ എന്ന കഥാകാരന്‍ കണ്ണീരൊപ്പുന്നു! ഞാന്‍ നോക്കിയപ്പോള്‍ ഖാദര്‍ക്ക കണ്ണീര്‍വാര്‍ക്കുകയാണ്. ഖാദര്‍ക്ക അങ്ങനെയാണ് ബഷീറിനു മറുപടി പറഞ്ഞത്.

വീടുവിട്ടോടിയതിനു ശേഷം ഊരുചുറ്റി തിരിച്ചെത്തിയപ്പോള്‍ തന്റെ ഉമ്മ ചോറുവിളമ്പി കാത്തിരുന്ന കഥ ബഷീര്‍ 'എന്റെ ഉമ്മ' എന്ന കഥയില്‍ വിവരിക്കുന്നുണ്ട്. 'ഞാനിന്ന് വരുമെന്ന് എങ്ങനെ അറിഞ്ഞു' എന്ന ബഷീറിന്റെ ചോദ്യത്തിനു, 'ഞാനെന്നും ചോറുവിളമ്പി കാത്തിരിക്കുമായിരുന്നു' എന്നുള്ള ഉമ്മയുടെ മറുപടി ഈ കഥയില്‍ വായിച്ച് നമ്മളെല്ലാം നൊമ്പരപ്പെട്ടിട്ടുള്ളതാണ്. (ഉമ്മയെ യു.എ.ഖാദറിനു നഷ്ടപ്പെട്ടു. അതോര്‍ത്താവണം ഖാദര്‍ക്ക കരഞ്ഞത്.

എന്തായാലും ബഷീര്‍ പിന്നീടൊന്നും പറഞ്ഞില്ല. ഒരു ഗസല്‍ വച്ചു. ഞങ്ങളെല്ലാം മിണ്ടാതിരുന്നു.
പിന്നെ ബഷീര്‍ മരിച്ചുകഴിഞ്ഞപ്പോഴാണ് ആ കഥ കണ്ടെത്തിയത്. 'മാമൈദിയുടെ മകന്‍'. യു.ഏ.ഖാദര്‍ എഴുതാതെ പോയ തന്റെ അമ്മയെക്കുറിച്ചുള്ള കഥ! ഈ കഥ 'യാ ഇലാഹീ'! എന്ന സമാഹാരത്തില്‍ ചേര്‍ത്തിട്ടുണ്ട്. അത്ഭുതമെന്നു പറയട്ടെ, ഇതേ സമാഹാരത്തില്‍ എന്നെപ്പറ്റിയും  ഒരു  കഥ ബഷീര്‍ എഴുതിയത് ചേര്‍ത്തിട്ടുണ്ട്- മികച്ചതാര്, സ്ത്രീയോ പുരുഷനോ? എന്ന ശീര്‍ഷകത്തില്‍ 'മാമൈദിയുടെ മകന്‍' എന്ന കഥയ്ക്കു ശേഷമാണ് ഈ കഥ ചേര്‍ത്തിരിക്കുന്നത്!

'മാമൈദിയുടെ മകന്‍'  എന്ന കഥയില്‍ ബഷീര്‍ 'ജീവിതത്തിലെ ചില പരമസത്യങ്ങള്‍' അവതരിപ്പിച്ചിട്ടുണ്ട്. ഖാദറിന്റെ ഉപ്പായുടെയും ഉമ്മായുടെയും പ്രണയവിവാഹത്തെപ്പറ്റി പറയുമ്പോള്‍ തന്റെ ഉപ്പയായി അബ്ദുറഹ്മാനും ഉമ്മ കുഞ്ഞാച്ചുമ്മയും പ്രണയിച്ചാണ് കല്യാണം കഴിച്ചതെന്ന് ബഷീര്‍ എഴുതുന്നു. കല്യാണം കഴിഞ്ഞപ്പോള്‍ രണ്ടു മുറികളും അടുക്കളയും ഉള്ള ഒരു ഓലപ്പുരയുണ്ടാക്കി. കുഞ്ഞാച്ചുമ്മ ഗര്‍ഭിണിയായി. ബഷീര്‍ എന്ന ആദ്യജാതനെ പ്രസവിച്ചു.

ബഷീറിന്റെ ജീവിതകഥയില്‍ ഒന്നും രേഖപ്പെടുത്താത്ത ഒരു സംഭവം 'മാമൈദിയുടെ മകന്‍' എന്ന കഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഖാദറിനെ പ്രസവിച്ചു മൂന്നാംനാള്‍ മാമൈദി മരിച്ചുപോയെങ്കില്‍ ബഷീറും ഉമ്മായും പ്രസവദിവസം തന്നെ മരിച്ചു പോകേണ്ടതായിരുന്നു! അടുക്കളയില്‍ തീ കത്തിക്കൊണ്ടിരിക്കുന്ന അടുപ്പത്ത് ചെമ്പുകലത്തില്‍ പുഴുങ്ങിയ നെല്ല് വച്ചിരിക്കുന്ന പൂര്‍ണ്ണഗര്‍ഭിണിയായ കുഞ്ഞാച്ചുമ്മ നെല്ല് വാരി പുറത്തേക്ക് പോകാന്‍ തുനിഞ്ഞപ്പോഴാണ് പ്രസവവേദന തുടങ്ങിയത്. വിറയലും പാരവശ്യവും വേദനയും. അടുത്തെങ്ങും ആളില്ല. തീ ആളിപ്പടര്‍ന്നു! അപ്പോഴേക്കും ഉമ്മ പ്രസവിച്ചു. അതിനിടയില്‍ വീട് കത്തി ചാമ്പലായി. 

കായി അബ്ദുറഹ്മാന്‍ വീട്ടില്‍ എത്തിയപ്പോള്‍ വീടില്ല! ചോരയില്‍ മുങ്ങിയ മുണ്ടുമായി കുഞ്ഞാച്ചുമ്മ നിലത്തു കിടക്കുന്നു! നെഞ്ചത്ത് ഒരു ചോരക്കുഞ്ഞ്! അതായത്, ബഷീര്‍ ജനിച്ച ശേഷം ആ വീട് കത്തിച്ചാമ്പലായി. 

'മാമൈദിയുടെ മകന്‍' എന്ന കഥയില്‍ ബഷീര്‍ ഇങ്ങനെ എഴുതുന്നു.
എന്റെ ജനനത്തോടെ വീട് കത്തിച്ചാമ്പലായതു പോലെ ഒരു സംഭവമുണ്ട്, മാമൈദി എന്ന സുന്ദരിയുടെ മകന്.
ബഷീര്‍ ഈ കഥയില്‍ എഴുതുകയാണ്, ജീവിതത്തിലെ പരമസത്യങ്ങള്‍. ഏകാന്ത ഭീകരമായ ഇരുളില്‍ നിന്ന് വെളിച്ചം....

ബഷീര്‍ ചോദിച്ചതു പോലെ ഈ ഖാദര്‍ എങ്ങനെ മലയാള എഴുത്തുകാരനായി? ശരിയാണ് മാമൈദി ജീവിച്ചിരുന്നെങ്കില്‍; അതേ, തന്റെ അമ്മ ജീവിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ യു.ഏ.ഖാദര്‍ ഇന്ന് ഒരു ബര്‍മ്മന്‍ എഴുത്തുകാരനായി അറിയപ്പെടുമായിരുന്നു. എന്നാല്‍ ഏഴാം വയസ്സില്‍ കേരളത്തിലെത്തി തന്റെ, പലായനത്തിന്റെ നൊമ്പരം നെഞ്ചിലെ നെരിപ്പോടായി വളര്‍ത്തിയ യു.ഏ.ഖാദര്‍ മലയാളത്തില്‍ ഒരു കഥാകാരനായതു തനിക്കു ഒരിക്കലും കാണാന്‍ കഴിയാതെ പോയ മാമൈദിയെ, തന്റെ ഉമ്മയെ ഉരുവപ്പെടുത്താനുള്ള ഒരു ശ്രമം എന്ന നിലയിലായിരുന്നു! മലയാളികള്‍ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത രുചിതാളത്തില്‍ നാട്ടാചാരങ്ങളും അനുഷ്ഠാനങ്ങളും രൂപപ്പൊലിമയോടെ ഖാദര്‍ കഥകളില്‍ സൃഷ്ടിച്ചു. കേട്ട കഥകളും അനുഭവിച്ച കഥകളും രൂപപ്പെടുത്തിയ വിസ്മയത്തില്‍ ഖാദര്‍ തന്റെ മനസ്സില്‍ ഉമ്മയെ പോലും കോറിയിട്ടു!

ഞാനൊരിക്കല്‍ ഖാദര്‍ക്കായോടു ചോദിച്ചു: മാമൈദിയുടെ നാട്ടിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തിയാലോ?
ഞാന്‍ കോഴിക്കോട് വിട്ടശേഷം ഒരിക്കല്‍ ഖാദര്‍ക്ക എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു:
'ഞങ്ങള്‍ മാര്‍ച്ചില്‍ ബര്‍മ്മക്കു പോകുന്നു. ഭാര്യയും മകളും മകനും പേരക്കുട്ടിയും കൂടെ വരുന്നുണ്ട്.'
ഖാദര്‍ക്ക ബര്‍മ്മക്കു പുറപ്പെട്ടതു 2011 മാര്‍ച്ച് 22നായിരുന്നു. മ്യാന്‍മറില്‍ അഞ്ചുദിവസം തങ്ങാനുള്ള അനുമതി മാത്രമേ ലഭിച്ചുള്ളൂ എങ്കിലും അതൊരു തീര്‍ത്ഥയാത്രയായിരുന്നു, അദ്ദേഹത്തിന്. തന്നെ പെറ്റിട്ടവളുടെ ജന്മനാട്ടിലേക്ക് 68വൽസരങ്ങള്‍ കഴിഞ്ഞ് എത്തിയ ഖാദര്‍ക്ക അതേപറ്റി പറഞ്ഞതു, 'പ്രത്യാശയുടെ സൂര്യകിരണങ്ങള്‍ക്കായുള്ള കാത്തിരിപ്പുപോലെ ഹൃദയഹാരിയായിരുന്നു' ജന്മഗ്രാമമായ ബില്ലീനിലേക്കുള്ള യാത്ര എന്നാണ്. (ബില്ലീന്‍ യാത്ര കഴിഞ്ഞു തിരിച്ചെത്തിയ ഉടന്‍ ഖാദര്‍ക്ക തന്റെ യാത്രാനുഭവം എഴുതി. 'ഓര്‍മ്മകളുടെ പെഗോഡ' എന്ന പേരില്‍ പുസ്തകമാക്കി. 

അതിന്റെ 'ഓഥേഴ്‌സ്  കോപ്പി' കളില്‍ ഒന്ന് 2012 നവംബറില്‍ എനിക്കയച്ചു തന്നു. 'പ്രിയപ്പെട്ട പോള്‍ മണലിലിനു സ്‌നേഹപൂര്‍വം.'  എന്നെഴുതി അദ്ദേഹം അതില്‍ ഒപ്പിട്ടിരുന്നു. ഞാന്‍ പറഞ്ഞതുകൊണ്ടു മാത്രമല്ല അദ്ദേഹം മാമൈദിയുടെ നാട്ടിലേക്കു തീര്‍ത്ഥയാത്ര നടത്തിയത്-ആ യാത്രയിലൂടെ ഖാദര്‍ക്ക തന്റെ ഉമ്മയെ ഒരിക്കല്‍കൂടി ഉരുവപ്പെടുത്തുകയായിരുന്നു.

'ഓര്‍മ്മകളുടെ പെഗോഡ' യില്‍ ഖാദര്‍ക്ക, തന്റെ ജീവിതത്തിന്റെ താരുണ്യസ്പന്ദങ്ങളെക്കുറിച്ച് ഇങ്ങനെ കോറിയിടുന്നു:

പേറ്റുപായയില്‍ ചോരപ്പശിമയോടെ പിടഞ്ഞു കരഞ്ഞവന്‍  പിന്നെ കമിഴ്ന്നുകിടന്നു മുട്ടിട്ടിഴഞ്ഞ് പതുക്കെ പതുക്കെ നിവര്‍ന്നു നിന്ന് പിച്ചവെച്ച് ചുറ്റിലും കണ്‍മിഴിച്ച് കാണും കാഴ്ചകളൊക്കെ വിഴുങ്ങി മണ്ണില്‍ കാലമര്‍ത്തി മുലപ്പാലര്‍ത്തിയോടെ നടന്നലഞ്ഞ ഇടമാണ്, സ്വപ്‌നത്തിലെ വര്‍ണ്ണത്തികവുറ്റ അടയാള ചിഹ്നങ്ങളായ മലയടിവാരത്തിലെ നിരവധി പെഗോഡകള്‍ അതാ അവിടെ. അതിനു താഴെക്കൂടെ ഒഴുകുന്ന നദിയെക്കുറിച്ചും കരയെക്കുറിച്ചും കരയോരത്തിലെ കല്‍ക്കായകലകളില്‍ മരഭിത്തികളാല്‍ പടുത്ത ജന്മഗൃഹത്തെക്കുറിച്ചും എത്രയോ ഇവന്‍ പറഞ്ഞിട്ടുണ്ടല്ലോ. പെഗോഡകളിലെ ഉത്സവാഘോഷപ്പകിട്ടുകള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ ഏഴുവയസ്സുകാരന്‍ മനസ്സാല്‍ സൂക്ഷിച്ച ചിത്രപ്പകിട്ടുകളില്‍ പൊലിപ്പിച്ചു പെരുപ്പിച്ചും പലയാവര്‍ത്തി പറഞ്ഞിട്ടുണ്ടല്ലോ....'

ഇങ്ങനെ മാമൈദിയുടെ മകനായി ബില്ലീനില്‍ എത്തിയ ഖാദര്‍ക്ക പിറന്നു വീണേടം കണ്ട സംതൃപ്തിയോടെയോ നഷ്ടബോധത്തോടെയോ കിനാക്കാറ്റുകള്‍ ചോര്‍ന്നുപോയ ആകുലതയോടെ ആയിരുന്നു തിരിച്ചെത്തിയത്.

മാമൈദി ശ്വസിച്ച വായു വീണ്ടും ശ്വസിച്ച്, മാമൈദി സ്പര്‍ശിച്ച മണ്ണിലൂടെ വീണ്ടും നടന്ന് തന്റെ ഉമ്മയെ വീണ്ടും ഉരുവപ്പെടുത്തിയ ഖാദര്‍ക്ക പക്ഷെ ബഷീര്‍ പറഞ്ഞതുപോലെ എങ്ങനെ മലയാളകഥാകൃത്തായി? 'ഓര്‍മ്മകളുടെ പെഗോഡ' എഴുതിത്തീര്‍ത്തപ്പോള്‍ അക്കാര്യം ഖാദര്‍ക്ക വെളിപ്പെടുത്തിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ എന്റെ, ആമാശയത്തിനു പാകമായ രുചിമലരുകള്‍ വിളമ്പി എന്നെ ഊട്ടിപ്പോറ്റിയ പിതൃമനസ്സില്‍ കിളരുന്ന സ്‌നേഹസൗമനസ്യങ്ങള്‍ തന്നെ എന്റെ പെറ്റമ്മ. അതാണ് അവിടെ, മേത്തതില്‍ എന്റേതായി കാലം കനിഞ്ഞു നല്‍കിയ ഇടത്തില്‍. അവിടംവിട്ട് എങ്ങോട്ട് പോകാന്‍....'

ഖാദര്‍ക്ക എന്നു ഞാന്‍ വിളിക്കുന്ന മലയാളത്തിന്റെ ഈ കഥാകാരനെപ്പറ്റി പറയാന്‍ ഇതിലും എത്രയെത്ര ഓര്‍മ്മകള്‍! എണ്‍പതുകളുടെ തുടക്കത്തില്‍ കോഴിക്കോട് പത്രപ്രവര്‍ത്തനത്തിൽ  പിച്ചവച്ചു തുടങ്ങിയ  എന്നേത്തേടി ഖാദര്‍ക്ക വന്നതു മുതല്‍ എത്രയോ ഓര്‍മ്മകള്‍. ്അദ്ദേഹത്തിന്റെ 'അക്ഷര' വസതിയില്‍ എത്രയോ ദിവസങ്ങള്‍ ബിരിയാണി  തിന്നാന്‍ ഞാന്‍ പോയിരിക്കുന്നു. സ്‌നേഹിച്ച്....സ്‌നേഹിച്ച് മനസ്സു തുറന്നുളള വര്‍ത്തമാനങ്ങള്‍....

തൃക്കോട്ടൂരിന്റെ, പച്ചത്തഴപ്പില്‍ എഴുതിയ 'മാണിക്യം വിഴുങ്ങിയ കണാരന്‍' എന്ന നോവല്‍ നാടകമാക്കിയപ്പോള്‍ ആഹ്വാന്‍ സെബാസ്റ്റ്യനെയും കൂട്ടിയാണ് യു.ഏ.ഖാദര്‍ എന്നെ തേടി ആദ്യം വന്നത്. നാടകത്തെപ്പറ്റി ഒരു ആസ്വാദനം എഴുതാന്‍  എന്നെ അദ്ദേഹം കണ്ടെത്തിയതു എന്തുകൊണ്ടാണെന്നും എനിക്കപ്പോഴും മനസ്സിലാകുന്നില്ല. എന്തായാലും ആ സൗഹൃദം മരണം വരെയും നിലനിന്നു. ഖാദര്‍ക്ക പ്രസിഡന്റും ഞാന്‍ സെക്രട്ടറിയുമായി എത്രയോ വര്‍ഷം 'പണിപ്പുര' എന്നൊരു സംഘടന പ്രവര്‍ത്തിച്ചിരുന്നു. അളകാപുരയില്‍ എല്ലാ ആഴ്ചയും നടത്തിയ പണിപ്പുരയുടെ സാഹിത്യസംഗമങ്ങള്‍ കോഴിക്കോടിന്റെ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമാണ്.

ഞാനൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ പത്തനാപുരത്തെ പഞ്ചായത്ത് ലൈബ്രറിയില്‍ 'ചന്ദ്രിക' ആഴ്ചപ്പതിപ്പിന്റെ ഒരു ലക്കം മറിച്ചുനോക്കിയ  ഓര്‍മ്മ ഇപ്പോഴും ഉണ്ട് . അതില്‍ 'ഖുറൈശിക്കൂട്ടം' എന്നൊരു നോവല്‍ - പ്രസിദ്ധീകരിച്ചിരുന്നു.  അതെഴുതിയ ആളിന്റെ പേര് ഞാന്‍ നോക്കി-യു.ഏ.ഖാദര്‍. ഖാദര്‍ക്കായുടെ പേര് അന്നു തന്നെ എന്റെ മനസ്സില്‍ പതിഞ്ഞു. അതിപ്പോഴും മായാതെ കിടക്കുന്നു...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക