Image

മഞ്ഞുകാലം (കവിത: ആൻസി സാജൻ )

Published on 19 December, 2020
മഞ്ഞുകാലം (കവിത: ആൻസി സാജൻ )
അടുക്കളയിൽ
കിഴങ്ങും മുളകുമൊക്കെ തീർന്നു
മഞ്ഞിൻ പരലുകൾ
ഉറച്ചുനിൽക്കുന്നതെവിടെയും 
തണുത്തു നനഞ്ഞ കാറ്റിൽ
വിറകൊള്ളുന്നുടലാകെ
തീകൂട്ടി ,രണ്ട് കപ്പ് കൊള്ളുന്ന
വലിയൊരു കപ്പിൽ
തിളപ്പിച്ച കടുപ്പമേറിയ കാപ്പി
ആവി പോലെ ഉയരുന്നു
ഹൃദയ താപങ്ങളും
പുറത്തേയ്ക്കു പോയവർ
തിരികെ വന്നിട്ടില്ല
മേലേമേലേയണിഞ്ഞ
ഉടുപ്പുകളുടെ ഇടയിലൂടെ
താഴ്ന്നിറങ്ങുന്ന തണുപ്പ്
എങ്ങോട്ടും പോയിടാൻ
തോന്നുന്നില്ല.
മഞ്ഞിലൂടെ നടക്കാൻ
തണുപ്പറിയാത്ത
ചെരിപ്പു വാങ്ങണം
തോലിന്റെ
പുതിയൊരു ജാക്കറ്റും ...
അടുക്കളയിൽ
മത്തി വറുക്കുന്ന
അമ്മയ്ക്കൊപ്പം
പതുങ്ങി നിൽക്കുകയാണ് ബാല്യം
വെള്ളമൂറ്റാൻ
വാർത്തിട്ട ചോറു പാത്രം
നീർത്തി വക്കുകയാണമ്മ
വറുത്ത മത്തിയും
ചോറും വാരിത്തിന്ന്
കളികളിൽ മുഴുകിയ
കൂട്ടുകാർക്കൊപ്പമൊരു പാച്ചിൽ ..
ഓട്ടം ചാട്ടം
പാട്ട് നൃത്തം
ഓർമ്മകൾക്ക്
ചൂടും ചൂരുമേറുന്നു
അടുപ്പിൻ തിട്ടമേൽ
ചുരുണ്ടുറങ്ങുന്ന
പൂച്ചയായ്
പുതഞ്ഞു 
കൂടുമ്പോൾ
വാതിൽമണി,
ആരോ വന്നിട്ടുണ്ട്
പുറത്തേയ്ക്കു പോയ
മകനാവണം
അന്യഗ്രഹജീവിയെപ്പോലെ
തണുപ്പിന്റെ
വസ്ത്രങ്ങളണിഞ്ഞുവന്ന
അവൻ
അമ്മയോടൊന്നും മിണ്ടാതെ
സ്വന്തം
മുറിയിലേയ്ക്കു പോയി
അവന്റെ
അപ്പൻ കുറെക്കഴിഞ്ഞെത്തും...
തീ കായുന്നയിടത്ത
- ങ്ങനെയിരിക്കും
കുപ്പിയിൽ നിന്നും
തൊണ്ടയിലൊഴിക്കുന്ന
എരിയുന്ന ദ്രാവകക്കുമിളകൾ പോലെ
ഉയരുന്ന പിറുപിറുക്കലുമായി ...
മഞ്ഞുപൊതിഞ്ഞ
കൂട്ടിലൊരു നരച്ചസ്വപ്നംപോലെ താനും
വിശ്രമിക്കാമെന്നു കരുതി
അവധിയെടുത്തു തുടങ്ങിയ ജോലി
എന്നാൽ പിന്നെ ...?
ഉടുപ്പുകൾക്കുമേൽ
പഴയൊരു ജാക്കറ്റുകൂടിയണിഞ്ഞ്
വെളുത്തു പുതഞ്ഞു കിടന്ന
കാർ
തട്ടിക്കുടഞ്ഞ്
ഓടിച്ചു പോയി , അവൾ ..
Join WhatsApp News
Sindhu Thomas 2020-12-19 12:55:46
മഞ്ഞിൻ്റെ ധവള ശോഭ കവിതക്കും... മഞ്ഞിനെ വെല്ലുന്ന നൈർമ്മല്യവും... കവിത ഭേഷായി സഖീ. അഭിനന്ദനങ്ങൾ ഹൃദയപൂർവം !!!
Sushama 2020-12-19 14:30:16
മഞ്ഞിൽ പൊതിഞ്ഞ നരച്ച സ്വപ്നങ്ങളിലേക്ക് , ബാക്കി വച്ച പ്രതീക്ഷകളുടെ കിരണങ്ങൾ മഴവില്ല് തീർക്കട്ടെ..👏🌹🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക