Image

മുലക്കച്ച (കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 23 December, 2020
 മുലക്കച്ച        (കവിത:   വേണുനമ്പ്യാര്‍)
ഇനി കുരിശുകളെക്കുറിച്ചു സംസാരിച്ചു തുടങ്ങാം;
ആകാശത്തിനു കീഴെ രണ്ടു തരം കുരിശുകളുണ്ട് -
മരക്കുരിശും സ്വര്‍ണ്ണക്കുരിശും.

രണ്ട് തരം കുരിശുകള്‍
രണ്ടു തരം മനുഷ്യരെ   സൃഷ്ടിക്കുന്നു.

ആദ്യത്തേത് മരക്കുരിശില്‍ ക്രൂശിക്കപ്പെടേണ്ട
സാധാരണക്കാര്‍.
തച്ചന്മാരില്‍നിന്നൊ മൂശാരിമാരില്‍നിന്നോ മുക്കുവന്മാരില്‍ നിന്നോ
രക്തം ചൊരിയാന്‍  വേണ്ടി മാത്രം
ഗര്‍ഭപാത്രമുപേക്ഷിച്ചു
ഭൂമിയില്‍ ഉയിര്‍ത്തെഴുന്നേറ്റവര്‍.

രക്തസാക്ഷിത്വത്തെ പ്രകീര്‍ത്തനങ്ങളിലൊതുക്കി  
ദേവാലയങ്ങളിലും ചന്തകളിലും  മറ്റും
പ്രതിമകളും  ഗാനങ്ങളും  ജപമാലകളും  വിറ്റ്  
സ്വര്‍ണം വാരിക്കൂട്ടുന്നവരാണ്   രണ്ടാമത്തെ വര്‍ഗം.

കവി ചോദിക്കുന്നു:
കുരിശില്‍ തൂങ്ങുവതാരുവാന്‍
യേശുവോ ലോകമോ?

കവി ചോദിക്കുന്നു:
വെള്ളത്തെ വീഞ്ഞല്ല, വിഷശിലയാക്കുന്നതാരുവാന്‍  
ലോകമോ യേശുവോ?
 
കുമ്പിടാനറിയാത്ത മരങ്ങളെ ദൈവം
കൂട്ടപ്രാര്‍ത്ഥനയില്‍ കൂട്ടില്ല;
നിഷ്‌കരുണം   അറപ്പുവാളിനിരയാക്കും.  
ആ മരവര്‍ഗ്ഗപ്പിശാചുക്കളില്‍നിന്നാണത്രെ
ദൈവം പുത്തന്‍ കുരിശുകള്‍ പണിയുക.
 
കുരിശില്‍ വാര്‍ന്ന സൂര്യരക്തം കണ്ടു  
കണ്ണിലും ഹൃദയത്തിലും  നനവൂറിയ കരളിന്    
പാരിതോഷികം നല്‍കാം - ഒരു   മുള്‍ക്കിരീടം!

കയ്പ് നീര്  ഇറ്റിച്ചു തന്നവന്  ഇത്തിരി  മുന്തിരി വീഞ്ഞ് പകരാം.
മുഖത്ത് തുപ്പിയവന് രത്നങ്ങള്‍ പതിച്ച മുത്ത്  നല്‍കാം.

ശവക്കച്ച കൊണ്ട്   തയ്ച്ചു കൊടുക്കാം മഗ്ദലനയ്ക്കായി ഒരു  മുലക്കച്ച.......... !

 മുലക്കച്ച        (കവിത:   വേണുനമ്പ്യാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക