Image

വീണ്ടും സജീവമാകുന്ന വി.എസ്‌ പക്ഷം

Published on 12 June, 2012
വീണ്ടും സജീവമാകുന്ന വി.എസ്‌ പക്ഷം
നിര്‍ജ്ജീവമായി എന്ന്‌ കരുതിയിരുന്ന വി.എസ്‌ പക്ഷം വീണ്ടും ശക്തമാകുന്നുവെന്നതാണ്‌ ഇപ്പോള്‍ സി.പി.എമ്മിന്റെ ആഭ്യന്തര രാഷ്‌ട്രീയത്തിലെ പ്രധാന വിഷയം. ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തെ തുടര്‍ന്ന്‌ സി.പി.എമ്മിനെതിരെ വലതുപക്ഷ മാധ്യമങ്ങളും യു.ഡി.എഫും നടത്തുന്ന വ്യാപകമായ പ്രചാരവേലകളെ ചെറുക്കാന്‍ സി.പി.എം നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ച വിശദീകരണ യോഗങ്ങള്‍ കൃത്യതയോടെ നടത്താന്‍ ചില ജില്ലകള്‍ വിമുഖത കാണിച്ചുവെന്നത്‌ ഔദ്യോഗിക പക്ഷത്തെ കുറച്ചൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയത്‌. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സിപിഎം മേഖലാ റിപ്പോര്‍ട്ടിംഗില്‍ തന്നെ വി.എസിന്റെ നിലപാടുകളോട്‌ ചില ജില്ലകളിലെ കീഴ്‌ഘടകങ്ങള്‍ അനുഭാവം പ്രകടിപ്പിക്കുന്നതിലുള്ള പരോക്ഷ വിമര്‍ശനങ്ങള്‍ പിണറായി വിജയന്‍ നല്‍കിയിരുന്നു.

നിലവില്‍ സംസ്ഥാന കമ്മറ്റിയിലും ജില്ലാകമ്മറ്റികളിലും വി.എസ്‌ പക്ഷം തീര്‍ത്തും നിര്‍ജ്ജീവമാണെങ്കിലും കീഴ്‌ഘടകളില്‍ വി.എസ്‌ അനുഭാവം വീണ്ടും ശക്തമായി വരുന്നുവെന്നതാണ്‌ പുതിയ സൂചനകള്‍. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഔദ്യോഗിക പക്ഷം പല ഘട്ടങ്ങളിലായി വി.എസ്‌ പക്ഷത്തെ വെട്ടിനിരത്താന്‍ ആരംഭിച്ചപ്പോള്‍ നിശബ്‌ദമായി നിന്നവരും താത്‌കാലികമായി ഔദ്യോഗിക പക്ഷത്തോട്‌ കൂറു കാണിച്ചവരുമൊക്കെയാണ്‌ ഇപ്പോള്‍ വീണ്ടും വി.എസ്‌ പക്ഷത്തോട്‌ അനുഭാവം കാണിച്ചു തുടങ്ങിയിരിക്കുന്നത്‌. കമ്മ്യൂണിസ്റ്റ്‌ ചേരിയിലെ പ്രബല സംഘടനയായ സിപിഎമ്മിന്റെ വലതുപക്ഷ വ്യതിയാനത്തില്‍ അസംതൃപ്‌തരായവരാണ്‌ ഇപ്പോള്‍ വീണ്ടും വി.എസ്‌ പക്ഷത്തെ സജീവമാക്കാന്‍ ഒരുങ്ങുന്നത്‌.

കഴിഞ്ഞ ഒരു മാസക്കാലമായി ഔദ്യോഗിക പക്ഷത്തെ നിശബ്‌ദമാക്കും വിധം വി.എസ്‌ സ്‌കോര്‍ ചെയ്യുന്നത്‌ തന്നെയാണ്‌ വീണ്ടും വി.എസ്‌ അനുഭാവികളെ ഒന്നിപ്പിച്ചിരിക്കുന്നത്‌. വി.എസിന്‌ അണികളിലുള്ള സ്വാധീനവും, പൊതുസമൂഹത്തിലുള്ള ജനകീയതയും വീണ്ടും സജീവമാകാന്‍ വി.എസ്‌ പക്ഷത്തെ പ്രേരിപ്പിക്കുന്നു. ഒപ്പം കേന്ദ്രകമ്മറ്റിയില്‍ ശക്തമായി ഔദ്യോഗിക പക്ഷത്തെ പ്രതിരോധിച്ചതും പാര്‍ട്ടി പുനസംഘടിപ്പിക്കണമെന്ന്‌ പി.ബിയോട്‌ ആവിശ്യപ്പെട്ടിരിക്കുന്നതും വി.എസ്‌ പക്ഷത്തിന്‌ പുതിയ പ്രതീക്ഷയാണ്‌ നല്‍കുന്നത്‌.

കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തോടെ വി.എസ്‌ പക്ഷം ഏതാണ്ട്‌ പൂര്‍ണ്ണമായി അവസാനിച്ചുവെന്നാണ്‌ വിധിയെഴുത്ത്‌ നടന്നത്‌. എന്നാല്‍ ടി.പി ചന്ദ്രശേഖരന്‍ വധത്തിനു ശേഷം വി.എസിന്റെ ഓരോ നടപടിയും താനും തന്റെ നിലപാടുകളും തന്നെയാണ്‌ യഥാര്‍ഥ കമ്മ്യൂണിസ്റ്റിനെ സംബന്ധിച്ചിടത്തോളം ശരിയെന്ന്‌ വിശ്വസിപ്പിക്കും വിധമുള്ളതാണ്‌.

കേന്ദ്രകമ്മറ്റിയില്‍ വി.എസ്‌ ഉയര്‍ത്തിയ ഏറ്റവും വലിയ വിമര്‍ശനം പോളിറ്റ്‌ബ്യൂറോയിക്ക്‌ നിലപാടില്ലായ്‌മ വന്നിരിക്കുന്നു എന്നതാണ്‌. താന്‍ 25 വര്‍ഷം പി.ബിയില്‍ ഇരുന്നിട്ടുണ്ടെന്നും അന്നൊന്നും ഇങ്ങനെയുണ്ടായിട്ടില്ലെന്നും വി.എസ്‌ ഓര്‍മ്മപ്പെടുത്തുന്നു. ഇവിടെ പാര്‍ട്ടിയെ ശരിയായ ദിശയില്‍ നടത്താനാണ്‌ താന്‍ ശ്രമിക്കുന്നതെന്ന ധാരണ ജനങ്ങളിലും പാര്‍ട്ടിക്കുള്ളില്‍ തന്നെയും സൃഷ്‌ടിക്കാന്‍ വി.എസിന്‌ കഴിഞ്ഞിരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ്‌ തനിക്ക്‌ പാര്‍ട്ടി സെക്രട്ടറിക്ക്‌ വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കേണ്ടി വന്നതെന്നും വി.എസ്‌ പറയുമ്പോള്‍ ഇടതപക്ഷ പ്രസ്ഥാനങ്ങളുടെ മാനവികതയെ സ്‌നേഹിക്കുന്ന ബഹുഭൂരിപക്ഷം സ്വാഭാവികമായും വി.എസിനൊപ്പം ചിന്തിക്കും. ഇവിടെയാണ്‌ ഔദ്യോഗിക പക്ഷം വി.എസിന്‌ മുമ്പില്‍ പ്രതിരോധത്തിലായി പോകുന്നത്‌.

ഇതിനൊപ്പം തന്നെ ലാവ്‌ലിന്‍ കേസ്‌ കേന്ദ്രകമ്മറ്റിയില്‍ വീണ്ടും ഉന്നയിക്കുവാന്‍ വി.എസ്‌ ശ്രമിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്‌. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‌ പൂര്‍ണ്ണമായും രാഷ്‌ട്രീയ പിന്തുണ പ്രഖ്യാപിച്ചിത്‌ പോളിറ്റ്‌ബ്യൂറോയാണ്‌. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‌ നേരെ വരുന്ന എല്ലാ അക്രമങ്ങളെയും നിയമപരമായും രാഷ്‌ട്രീയമായും ചെറുക്കുവാനും പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഇതില്‍ പിന്നീട്‌ ലാവ്‌ലിന്‍ വിഷയം പാര്‍ട്ടി വേദികളില്‍ ഒരു ചര്‍ച്ചയേ ആയിരുന്നില്ല. എന്നാലിപ്പോള്‍ ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടിയുടേത്‌ നയവ്യതിയാനം തന്നെയായിരുന്നുവെന്നാണ്‌ ഇപ്പോള്‍ വി.എസ്‌ ഉന്നയിക്കുന്ന പ്രശ്‌നം. വി.എസ്‌ ഉന്നയിച്ച പല വിഷയങ്ങളും കേന്ദ്രകമ്മറ്റിയിലും പോളിറ്റ്‌ബ്യൂറോയിലും തീര്‍ച്ചയായും ഇനിയും ചര്‍ച്ച ചെയ്യപ്പെടുമെന്ന്‌ വരുമ്പോള്‍ ലാവ്‌ലിന്‍ വിഷയത്തിലെ നിലപാടും പുനപരിശോധിച്ചേക്കാമെന്ന്‌ കരുതുന്നവരും കുറവല്ല. പക്ഷെ അതിന്‌ വി.എസ്‌ ഇനിയുമേറെ സമര്‍ദ്ദം ചെലുത്തേണ്ടി വരുമെന്ന്‌ മാത്രം.

വി.എസിന്റെ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച്‌ പല പ്രസ്‌താവനകളും പ്രവര്‍ത്തനങ്ങളും നടത്തിയെങ്കിലും അതിനൊന്നും യാതൊരു അച്ചടക്ക നടപടിയോ എന്തിന്‌ ശാസനയോ പോലും നല്‍കാന്‍ പോളിറ്റ്‌ബ്യുറോ തയാറായിട്ടില്ല എന്നത്‌ വി.എസിന്‌ കരുത്തു വര്‍ദ്ധിച്ചതിന്റെ തെളിവാണെന്ന്‌ കരുതേണ്ടി വരും. നെയ്യാറ്റിന്‍കരയില്‍ എല്‍.ഡി.എഫ്‌ പരാജയപ്പെട്ടാല്‍ അതുവഴി സിപിഎം നേതൃത്വത്തെ സമര്‍ദ്ദത്തിലാഴ്‌ത്താനും സംസ്ഥാനഘടകത്തില്‍ അഴിച്ചുപണി വേണമെന്ന്‌ പോളിറ്റ്‌ബ്യൂറോയെ നിര്‍ബന്ധിക്കാനും വി.എസ്‌ ശ്രമിക്കുമെന്നാണ്‌ പാര്‍ട്ടിയിലെ വി.എസ്‌ അനുകൂലികള്‍ കരുതുന്നത്‌.

ടി.പി ചന്ദ്രശേഖരന്‍ കൊലപാതകം പാര്‍ട്ടി കൈകാര്യം ചെയ്‌ത രീതി ശരിയായില്ലെന്ന ആരോപണം ഔദ്യോഗിക നേതൃത്വത്തിനെതിരെ ശക്തമായിട്ട്‌ നിലനില്‍ക്കുന്നുണ്ട്‌. ഔദ്യോഗിക പക്ഷത്തെ ചില നേതാക്കള്‍ തന്നെ ഇത്‌ പരസ്യമായി തുറന്നു പറഞ്ഞിരിക്കുന്നു. ഈ അവസരം മുതലെടുത്ത്‌ പാര്‍ട്ടിയെ കണ്ണൂര്‍ ലോബിയെ അക്രമരാഷ്‌ട്രീയത്തിന്റെ പേരില്‍ ഒറ്റപ്പെടുത്താനുള്ള നീക്കവും അണിയറയില്‍ സജീവമാണ്‌.

സിപിഎമ്മിന്‌ രണ്ടു തരം പ്രതിഛായ ഉണ്ടായിരിക്കുന്നു എന്നതാണ്‌ ഇവിടെ ഏറെ ശ്രദ്ധേയമാകുന്ന വിഷയം. അല്ലെങ്കില്‍ ജനങ്ങള്‍ സിപിഎമ്മിന്‌ രണ്ടായി നോക്കിക്കാണുന്ന ഒരു സാഹചര്യമുണ്ടായിരിക്കുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷത്തെ അക്രമരാഷ്‌ട്രീയത്തിനോട്‌ താത്‌പര്യമുള്ളവര്‍ എന്ന നിലയില്‍ വ്യാഖാനിക്കാന്‍ ശ്രമിക്കപ്പെടുമ്പോള്‍ വി.എസിന്റെ നിലപാടുകളെ ജനപക്ഷ രാഷ്‌ട്രീയത്തിന്റെ കണ്ണോടെ നോക്കിക്കാണുന്നു. ഇടുക്കിയിലെ അനീഷ്‌ രാജന്‍ കൊലപാതകം മുന്‍നിര്‍ത്തി പാര്‍ട്ടിക്കെതിരെ നടന്നു വരുന്ന സമര്‍ദ്ദങ്ങളെ പ്രതിരോധിക്കാന്‍ ഔദ്യോഗിക പക്ഷം എസ്‌.എഫ്‌.ഐ, ഡി.വൈ.എഫ്‌.എ സംഘടനകളെ ഇറക്കി വിടുമ്പോഴും അതൊന്നും വേണ്ടവിധം ലക്ഷ്യം കാണാതെ വരുന്നത്‌ ഔദ്യോഗിക പക്ഷത്തിന്റെ പ്രതിഛായ കാരണമാണ്‌.

എന്നാല്‍ വി.എസിന്റെ വാക്കുകള്‍ക്ക്‌ എവിടെയും തികഞ്ഞ മാധ്യമ ശ്രദ്ധയും ജനശ്രദ്ധയും കിട്ടുന്നുവെന്നത്‌ വി.എസ്‌ പാര്‍ട്ടിയെ പ്രതിനിധീകരിക്കുമ്പോള്‍ അംഗീകരിക്കപ്പെടുന്നു എന്നതിന്റെ തെളിവ്‌ തന്നെയാണ്‌. ഇത്‌ കാണാതെ പോകാന്‍ പോളിറ്റ്‌ബ്യൂറോയിക്കും കഴിയില്ല.

വിഭാഗീയത കടുത്തു നിന്ന ഒരു സമയത്തും ഇത്തരമൊരു ഇരട്ട പ്രതിഛായ പാര്‍ട്ടിക്ക്‌ നേരിടേണ്ടി വന്നിട്ടില്ല. ഇവിടെയാണ്‌ വി.എസ്‌ പക്ഷത്തിന്‌ വീണ്ടും ജീവന്‍ വെക്കുന്നത്‌. അപ്പോള്‍ വി.എസ്‌ പക്ഷത്തിന്‌ പ്രബലരായ ഒരു കൂട്ടം ആളുകളെന്ന ഔദ്യോഗിക പക്ഷ രീതിക്ക്‌ പകരം വലതുപക്ഷ ആശയങ്ങളിലേക്ക്‌ കൂടുമാറുന്ന പാര്‍ട്ടിയെ രക്ഷിച്ച്‌ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളില്‍ ഉറപ്പിക്കുന്ന ഒരു ആശയ രാഷ്‌ട്രയത്തിന്റെ പരിവേഷമുണ്ടാകുന്നു. ഈ പരിവേഷത്തിലൂടെ വി.എസ്‌ വീണ്ടും കരുത്തനാകുമെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്‌. അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ വലിയ മാറ്റങ്ങള്‍ തന്നെയാവും സി.പി.എമ്മിനെ കാത്തിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക