Image

ഒറ്റപ്പെട്ടവൾ (കവിത: പുഷ്പമ്മ ചാണ്ടി )

Published on 01 January, 2021
ഒറ്റപ്പെട്ടവൾ (കവിത: പുഷ്പമ്മ ചാണ്ടി )
ഈയടുത്തിടയായി ഓർമ്മകളെന്നിൽനിന്നകലം പാലിച്ചു  നിൽക്കുകയാണോ
എന്നൊരു സന്ദേഹം.
ദീപ്തമായ ഓർമ്മകൾ, നിന്നേക്കുറിച്ചുള്ള ഓർമ്മകൾ,
എന്നെ വിട്ടുകന്നുപോയേക്കുമോ, 
ഭയക്കുന്നു..
പ്രണയത്തിൽ ചാലിച്ചു നിന്നേക്കുറിച്ചു ഞാൻ 
കുത്തിക്കുറിച്ചവയൊക്കെയും 
ഓർത്തെടുക്കാനാ-
വതില്ലേൽ  ഞാനെന്ത് ചെയ്യേണ്ടൂ..
ഹൃദയതാളം, ഇടവേളകൾ നൽകുന്നുവോ?
നീലിച്ച മുറിവിന്റെ വേദന
പടർന്നേറുന്നു..
ഒരിക്കലുമോർമ്മിച്ചെടുക്കാൻ 
കഴിയാത്തവണ്ണം
മറന്നുപോയേക്കുമോ
നിന്നെ ഞാൻ..
നിന്നെ മറന്നെന്നാൽ ഞാനെന്നെത്തന്നെ 
മറക്കുകയാവില്ലേ..
ഹൃദയത്തിൻ വിങ്ങൽ,
മിഴിപ്പൂവുകൾ നിറയ്ക്കുന്നു.
പ്രണയമല്ലാതെ  മറ്റൊന്നില്ല
നിന്നെയോർക്കുമ്പോൾ, 
ആയിരങ്ങൾക്കിടയിലും ഒറ്റപ്പെട്ടവളുടെ നോവ് , 
തേങ്ങലായ് തുളുമ്പുന്നു .
എന്റെ സങ്കടക്കടലിൽ 
വൻതിരമാലയുയരുന്നു 
എന്നെയും, നിന്റെ ഓർമ്മകളെയും തിരമാല
വിഴുങ്ങുമ്പോഴും 
നിന്റെയോർമ്മകളാണ്
ഈ മണ്ണിലെനിക്കെത്രയും സുന്ദരമായതെന്നറിയുക ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക