Image

സായന്തന കൂട്ടുകെട്ട് നൽകുന്ന ആശ്വാസം (അനിൽ പെണ്ണുക്കര)

അനിൽ പെണ്ണുക്കര Published on 12 January, 2021
സായന്തന കൂട്ടുകെട്ട് നൽകുന്ന ആശ്വാസം (അനിൽ പെണ്ണുക്കര)
എനിക്ക് വളരെ അടുത്തു പരിചയമുള്ള ഒരു അമേരിക്കൻ നേഴ്സ് സുഹൃത്തിനോട് ഒരിക്കൽ ഞാൻ ചോദിച്ചു .
" ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകിയ നിമിഷം ഏതെന്ന് "
" സ്കൂളിൽ പോകാത്ത എൻ്റെ അച്ചാച്ചൻ കെന്നഡി എയർപ്പോർട്ടിൽ വന്ന് വിമാനമിറങ്ങിയപ്പോൾ പൊട്ടിക്കരഞ്ഞ നിമിഷം എന്ന് "
ഇതു പറഞ്ഞ് അവരും കരഞ്ഞു. വല്ലാത്ത ഒരു നിമിഷമായിരുന്നു അത്.
ഒരിക്കലും അമേരിക്ക പോലെ ഒരു മഹാരാജ്യത്ത് എത്താൻ ഒരു സാധ്യതയുമില്ലാത്ത ഒരു മനുഷ്യൻ.
അദ്ദേഹത്തിൻ്റെ  മൂത്ത മകൾ ,എൻ്റെ സുഹൃത്ത് ബോംബെയിൽ നേഴ്സായി ജോലിയിൽ കയറുകയും അവിടെ നിന്നും അമേരിക്കയിലേക്ക് പോവുകയുമായിരുന്നു. താഴെയുണ്ടായിരുന്ന സഹോദരങ്ങളൊക്കെ പൂനയിലും ഗൾഫിലുമായി ജീവിതം.. . ഇളയ സഹോദരൻ നാട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പം .അങ്ങനെയിരിക്കെ അമ്മ മരിച്ചു. ഇണക്കിളികളെ പ്പോലെ ജീവിച്ച അച്ഛനും അമ്മയും .
"അമ്മയുടെ
 മരണം അച്ചാച്ചന് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. ".
ഒരു ചേയ്ഞ്ച് ആയിക്കോട്ടെ എന്ന് വിചാരിച്ച് അമേരിക്കയ്ക്ക് വിളിച്ചു. അദ്ദേഹത്തിന് നാട് വിട്ട് എങ്ങോട്ടും പോകണ്ട. കർഷക സുഹൃത്തുക്കൾ, തൊഴുത്ത് ,പാടം ,നാട്ടു ചന്ത ... ഒക്കെയായ ഒരു ജീവിതം.രാവിലെ ഗോപാലകൃഷ്ണൻ്റെ ചായക്കടയിൽ പോയി ചായ കുടിക്കുന്ന സുഖം അമേരിക്കയിലെ ചായക്കടയിൽ കിട്ടില്ല എന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം.
 അങ്ങനെയിരിക്കെ മകളുടെ  ആഗ്രഹത്തിന്  അച്ഛൻ  സമ്മതം മൂളി. ഒരു മാസത്തേക്ക് ഒരു അമേരിക്കൻ യാത്ര. ന്യൂയോർക്കിൽ എയർപോർട്ടിൽ ഇറങ്ങിയ ആ മനുഷ്യൻ പൊട്ടിക്കരഞ്ഞത് മകൾടെ സൗഭാഗ്യത്തെ ഓർമ്മിച്ചായായിരുന്നു.
 എങ്കിലും ന്യൂയോർക്കിലെ വീട്ടിലെത്തിയപ്പോൾ തിരികെ പോകുന്ന ദിവസത്തെക്കുറിച്ച് മാത്രമായിരുന്നു സംസാരമത്രെ. .. "ഒരു മാസം എങ്ങനെ തള്ളി നീക്കി എന്ന് അച്ചാച്ചന് മാത്രമെ അറിയു. അതിനിടയിൽ സന്തോഷത്തോടെ യാത്ര പോയത് നാട്ടിലെ പള്ളിയിൽ ഉണ്ടായിരുന്ന അച്ചൻ അമേരിക്കയിലുണ്ട് എന്നറിഞ്ഞ് കാണാൻ പോയത് മാത്രം. നാടുവിട്ട് അമേരിക്കയിലെത്തുന്ന അച്ചാച്ചൻ മാരുടെ മനസിൽ എപ്പോഴും അവരുടെ നാടും നാട്ടാരുമൊക്കെയായിരിക്കും "
ഈ സംഭവ കഥ പറയാൻ കാരണം മലയാളത്തിൻ്റെ പ്രിയപ്പെട്ട കഥാകാരൻ  സേതു സാറിൻ്റെ ചങ്ങമ്പുഴ പാർക്ക് എന്ന കഥയെ ആസ്പദമാക്കി  സുഹൃത്തും സംവിധായകനുമായ വിനോദ് മേനോൻ സംവിധാനം ചെയ്ത "ചങ്ങമ്പുഴ പാർക്ക് " എന്ന ഷോർട്ട് ഫിലിം ഇത്തരം ഒരു പശ്ചാത്തലം ഹൃദയ സ്പർശിയായി അവതരിപ്പിക്കുന്നു എന്ന് പറയുവാനാണ്.
ഇവിടെ കഥാനായകൻ കർഷകനല്ല .
അദ്ധ്യാപകനാണ്.
വിരമിച്ച മലയാളം അദ്ധ്യാപകനും വിഭാ ര്യനുമായ നാരായണൻ കുട്ടി മാഷ് അമേരിക്കയിലെ മകളെയും കുടുംബത്തേയും സന്ദർശിക്കുന്നു .അദ്ദേഹത്തിൻ്റെ താമസം സുഖകരവും വിശ്രമകരവുമാക്കാൻ മകളും ഭർത്താവും ചെറുമകളും പരമാവധി ശ്രമിക്കുന്നു. എന്നിരുന്നാലും അദ്ദേഹത്തിൻ്റെ മനസ്സിൻ്റെ കോണിൽ എപ്പോഴും താൻ വൈകുന്നേരങ്ങൾ ചിലവഴിക്കാറുള്ള ചങ്ങമ്പുഴ പാർക്ക് മാത്രം .അദ്ദേഹത്തിൻ്റെ നൊസ്റ്റാൾജിയയും വൈകുന്നേരവും മുതിർന്ന പൗരന്മാർ ഒത്തുചേരുന്ന ഇടങ്ങളും നിറഞ്ഞു നിൽക്കുകയാണ്. കേരളത്തിലെ തൻ്റെ പഴയ ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹത്തോടൊപ്പം മകളോടും മരുമകനോടും ചെറുമകളോടും ഉള്ള സ്നേഹം തുലനം ചെയ്യാനും അദ്ദേഹം ശ്രമിക്കുന്നു .
പ്രായമേറുന്തോറും ഉളവാകുന്ന നഷ്ടബോധവും അരക്ഷിതത്വവും മറികടക്കാനായി ഉരുത്തിരിയുന്ന സായന്തന കൂട്ടുകെട്ട് നൽകുന്ന ആശ്വാസം ചില്ലറയല്ല എന്നും മകളുടെ അമേരിക്കയിലെ വീട്ടിൽ കഴിച്ചു കൂട്ടുമ്പോഴും ചങ്ങമ്പുഴ പാർക്കിലെത്താൻ കൊതിക്കുന്ന വൃദ്ധ മനസിൻ്റെ കഥ നമുടെയെല്ലം മനസിൽ നൊമ്പരമുണ്ടാക്കും.
നടനും സുഹൃത്തുമായ തമ്പി ആൻ്റണിയാണ് നാരായണൻകുട്ടി മാഷ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തൻ്റെ കൈകളിൽ ഭദ്രമാക്കി അദ്ദേഹം തൻമയത്വത്തോടെ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ടി.ജി രവി, ഷെമി ദീപക്, ശ്യാം ചന്ദ്, ആൻ മേരി ആൻ്റണി ,രഘുനാഥൻ കടങ്ങോട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
 സാൻഫ്രാൻസിസ്കോയിലെ കലാ സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായ സർഗ്ഗവേദിയുടെ പ്രഥമ സംരംഭം കൂടിയാണ് ചങ്ങമ്പുഴ പാർക്ക് .
സേതു സാറിൻ്റെ കഥയോട് നൂറ് ശതമാനം നീതി പുലർത്തി മനോഹരമായ ദൃശ്യചാരുതയോടെയാണ് ഈ ഷോർട്ട് ഫിലിം കാഴ്ച്ചക്കാരിലേക്ക് എത്തുന്നതെന്ന് എടുത്തു പറയാതെ വയ്യ.
ഈ ഷോർട്ട് ഫിലിമിൽ എന്നെ ആകർഷിച്ച മറ്റൊരു ഘടകം കഥയ്ക്ക് അനുയോജ്യമായി ചിത്രീകരിച്ച ഗാനമാണ്. സിന്ധു നായരുടെ വരികൾക്ക് ജയ് നായരുടെ സംഗീതവും ആലാപനവും..
പ്രൊഡക്ഷൻ കോ - ഓർഡിനേറ്റർ രാജി മേനോൻ .
തിരക്കുകൾ ഒക്കെ ഒഴിഞ്ഞ ഈ ദിവസം കുറച്ചു സമയം നിങ്ങൾ ചങ്ങമ്പുഴ പാർക്കിൽ ചിലവഴിക്കുമെങ്കിൽ ചില നൊമ്പരങ്ങൾ നിങ്ങളെ വേട്ടയാടും ..

ചങ്ങമ്പുഴ പാർക്ക്
കാണാനുള്ള യുടൂബ് ലിങ്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക