Image

ലൈഫില്‍ പോരടിച്ച്‌ നിയമസഭ, പ്രതിപക്ഷം സഭവിട്ടു

Published on 13 January, 2021
ലൈഫില്‍ പോരടിച്ച്‌ നിയമസഭ, പ്രതിപക്ഷം സഭവിട്ടു

തിരുവനന്തപുരം:വടക്കാഞ്ചേരി ഫ്‌ലാറ്റിനായി 2019ല്‍ സര്‍ക്കാര്‍ 15 കോടി അനുവദിച്ചെന്ന് അനില്‍ അക്കരെ എംഎല്‍എ .വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. 


മുഖ്യമന്ത്രിയുടെ ഓഫീസിലെയും ലൈഫ് മിഷനിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ഉന്നത തലത്തില്‍ ഗൂഢാലോചനയും അഴിമതിയും നടത്തിയെന്ന ആരോപണം ഉന്നയിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.


അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് കടുത്ത വാക്ക് പോരാണ് നിയമസഭയിലുണ്ടായത്.പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്നും എഫ്.ഐ.ആര്‍ റദ്ദാക്കാനാകില്ലെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര അനുമതി തേടിയത്.


ചരല്‍പ്പറമ്ബില്‍ ഭൂമി വാങ്ങിയപ്പോള്‍ത്തന്നെ ആരോപണങ്ങള്‍ ഉണ്ടായിരുന്നെന്ന് അനില്‍ അക്കര സഭയില്‍ പറഞ്ഞു. ശിവശങ്കര്‍ ആവശ്യപ്പെട്ട പ്രകാരമാണ് റെഡ് ക്രസന്റ് പദ്ധതിയിലേയ്ക്ക് വന്നത് എന്ന കാര്യത്തില്‍ രേഖകളുണ്ട്. ഫ്ളാറ്റ് പണിയാന്‍ 2019 ജൂലായില്‍ സര്‍ക്കാര്‍ 15 കോടിരൂപ അനുവദിച്ച സമയത്തുതന്നെ റെഡ്ക്രസന്റുമായി കരാര്‍ ഒപ്പിടുകയും ചെയ്യുന്നു. ഇതെങ്ങനെ സാധ്യമാകുമെന്ന് അനില്‍ അക്കര ചോദിച്ചു.


പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നല്‍കാനുള്ള ലൈഫ് പദ്ധതിയില്‍ എത്ര ഗുണഭോക്താക്കളുണ്ട് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. തങ്ങള്‍ക്ക് അനുകൂലമാണ് കോടതിവിധിയെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ കോടതിവിധിയെ സ്വാഗതം ചെയ്യുന്നില്ലെന്നും അനില്‍ അക്കര ചോദിച്ചു.


തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കിയത്. ലൈഫ് മിഷന്‍ ഇടപാടില്‍ രാഷ്ട്രീയ നേതൃത്വത്തിന് പങ്കില്ലെന്നാണ് കോടതി വിധിയുടെ കാതല്‍. എ.സി. മൊയ്തീന്‍  പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക