Image

ഈ കറുത്ത അധ്യായം മറക്കുക, എന്റെ പ്രിയ രാജ്യമേ! (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 13 January, 2021
 ഈ കറുത്ത അധ്യായം മറക്കുക, എന്റെ പ്രിയ രാജ്യമേ! (ജോര്‍ജ് തുമ്പയില്‍)
കലാപം അമേരിക്കയില്‍ പുതുമയുള്ളതല്ല, എന്നാല്‍ 2021 ജനുവരി 6 ന് നടന്നത് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായി. അമേരിക്കയുടെ പ്രതാപമകുടി പോലെ തലയുയര്‍ത്തി നിന്ന ക്യാപിറ്റല്‍ ഹില്‍സ് ആക്രമിക്കപ്പെട്ടു, അതും സ്വന്തം ജനത! അതിനു തിരികൊളുത്തിയതാവട്ടെ പ്രസിഡന്റും. ലോകരാജ്യങ്ങളുടെ മുന്നില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നിന്ന അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് അതൊരു നാണക്കേടായി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോല്‍വി മറികടക്കാന്‍ നടത്തിയ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന കലാപകാരികള്‍ അമേരിക്കന്‍ ക്യാപ്പിറ്റലിന്റെ അഭിമാനത്തെ തകര്‍ത്തെറിഞ്ഞു. ആക്രമണം ലോകം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പ്രസിഡന്റ് ട്രംപ് ഒന്നും ചെയ്യാതെ മാറിനില്‍ക്കുകയായിരുന്നു. റോമാസാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ക്ലോഡിയസ് സീസര്‍ അഗസ്റ്റസ് ജര്‍മ്മനിക്കസ് ചക്രവര്‍ത്തി വീണ വായിച്ചതു പോലെ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ ട്രംപ് ഉഴപ്പി നടന്നു. ദേശീയ ഗാര്‍ഡിനെ വിളിക്കാന്‍ വാഷിങ്ടണ്‍ ഡിസി മേയര്‍ മുരിയല്‍ ബൗസറുടെ നിലവിളി പതിച്ചത് വൈറ്റ്ഹൗസിന്റെ ബധിരകര്‍ണ്ണങ്ങളിലായിരുന്നു. 

കലാപകാരികള്‍ ഇരച്ചുകയറി പോലീസ് പരിധികള്‍ ലംഘിച്ചു കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ കൈയടക്കി നശിപ്പിച്ചു, മണിക്കൂറുകളോളം കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും അഴിഞ്ഞാടി. തിരഞ്ഞെടുപ്പ് വോട്ടുകള്‍ എണ്ണുന്നതിനും യുഎസ് പ്രസിഡന്റായി ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം ഔപചാരികമാക്കുന്നതിനുമായി ഒത്തുചേര്‍ന്ന കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ തടസ്സപ്പെടുത്തി കൊണ്ടു നടത്തിയ കലാപത്തിന് ട്രംപിന്റെ ആശിര്‍വാദമുണ്ടായിരുന്നു. എന്നാല്‍, ആധുനിക അമേരിക്കന്‍ ജനാധിപത്യത്തിന്റെ മുഖത്തു കരിവാരിതേച്ചതിനു തുല്യമായിരുന്നു ഇത്. ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യരാജ്യമെന്ന സത്‌പേരാണ് നശിപ്പിക്കപ്പെട്ടത്. കറുത്തഅധ്യായമെന്ന നാണക്കേടിന്റെ നടുമുറ്റത്ത് നിന്ന് ഇനി എന്തു പറഞ്ഞിട്ടെന്തു കാര്യമെന്ന് റിപ്പബ്ലിക്കന്‍ നേതാക്കള്‍ പോലും പറയുനനു.

ആയിരക്കണക്കിന് അനുയായികള്‍ ജനുവരി 5, 6 തീയതികളില്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ ഒത്തുകൂടി, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും കോണ്‍ഗ്രസും ബൈഡന്റെ നിയമപരമായ വിജയം നിരസിക്കണമെന്ന് ആവശ്യപ്പെട്ടു. വളരെ പെട്ടെന്ന് കലാപകാരികള്‍ അക്രമാസക്തരായി, പോലീസ് ഉദേ്യാഗസ്ഥരെ ആക്രമിച്ചു, മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. ജനുവരി 6 ന് രാവിലെ, 'സേവ് അമേരിക്ക മാര്‍ച്ച്'നായി പ്രതിഷേധക്കാര്‍ എലിപ്‌സില്‍ ഒത്തുകൂടി. ഡോണള്‍ഡ് ട്രംപ്, ഡോണള്‍ഡ് ട്രംപ് ജൂനിയര്‍, റൂഡി ജിയൂലിയാനി, കോണ്‍ഗ്രസ് അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. 'നമ്മുടെ രാജ്യം തിരിച്ചെടുക്കാനും' ക്യാപ്പിറ്റലിലേക്ക് മാര്‍ച്ച് നടത്താനും 'നരകം പോലെ പോരാടാനും' ട്രംപ് തന്റെ അനുയായികളെ പ്രോത്സാഹിപ്പിച്ചു. ജിയൂലിയാനി 'യുദ്ധത്തിലൂടെ വിചാരണയ്ക്ക്' ആഹ്വാനം ചെയ്തു, ട്രംപ് ജൂനിയര്‍ 'ഞങ്ങള്‍ നിങ്ങള്‍ക്കായി വരുന്നു' എന്നു പറഞ്ഞതോടെ കലാപകാരികള്‍ ജനാലകളും വാതിലുകളും തകര്‍ത്ത് കാപ്പിറ്റലിലേക്ക് ഓടിക്കയറുകയായിരുന്നു. സ്പീക്കര്‍ പെലോസിയുടെ ഓഫീസ് കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. കലാപസമയത്ത് ക്യാപിറ്റല്‍ മൈതാനത്ത് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി; ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി, റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി എന്നിവയുടെ ഓഫീസുകളിലും അടുത്തുള്ള വാഹനത്തില്‍ പോലും സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. ഇതൊക്കെയും അമേരിക്കന്‍ പ്രതാപത്തിന്റെ ആണിക്കല്ലാണ് ഇളക്കിയത്.

കലാപങ്ങളില്‍ അഞ്ച് പേര്‍ മരിക്കുകയും ഡസന്‍ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ക്യാപ്പിറ്റോള്‍ പോലീസ് ഉദ്യോഗസ്ഥന്‍ ബ്രയാന്‍ ഡി. സിക്ക്‌നിക് അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് തലയ്ക്ക് അടിയേറ്റു മരിച്ചു. ബാരിക്കേഡ് മറികടന്ന് ഹൗസ് ചേംബറിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഒരു സ്ത്രീയെ പോലീസ് വെടിവച്ചു കൊന്നു. ജനക്കൂട്ടത്തെ അടിച്ചമര്‍ത്താന്‍ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ നാഷണല്‍ ഗാര്‍ഡിനെ അയയ്ക്കുന്നതിനെ ട്രംപ് എതിര്‍ത്തതാണ് വലിയ പ്രശ്‌നമായി കലാപത്തെ വളര്‍ത്തിയത്. ഒടുവില്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കലാപകാരികളെ 'വലിയ ദേശസ്‌നേഹികള്‍' എന്ന് പ്രശംസിക്കുകയും 'സമാധാനത്തോടെ വീട്ടിലേക്ക് പോകാന്‍' പറയുകയും ചെയ്തു. 

കലാപസംഭവങ്ങളെ അമേരിക്കയിലെയും അന്താരാഷ്ട്ര തലത്തിലെയും രാഷ്ട്രീയ നേതാക്കളും സംഘടനകളും വ്യാപകമായി അപലപിച്ചു. സെനറ്റ് ഭൂരിപക്ഷ നേതാവ് മിച്ച് മക്കോണെല്‍ കാപ്പിറ്റലിന്റെ കൊടുങ്കാറ്റിനെ 'പരാജയപ്പെട്ട കലാപം' എന്ന് വിശേഷിപ്പിച്ചു. ഭരണഘടനയുടെ 25-ാം ഭേദഗതിയിലൂടെയോ ഇംപീച്ച്‌മെന്റ് വഴിയോ ട്രംപിനെ സ്ഥാനത്തു നിന്ന് നീക്കാന്‍ സ്പീക്കര്‍ നാന്‍സി പെലോസിയും സെനറ്റ് ന്യൂനപക്ഷ നേതാവ് ചക് ഷുമറും ആവശ്യപ്പെട്ടു. ട്രംപിന്റെ അക്കൗണ്ടുകള്‍ പൂട്ടുകയും സംഭവവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തുകൊണ്ട് ഫേസ്ബുക്ക് പ്രതികരിച്ചു, സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്യുന്നതിന് മുമ്പ് 12 മണിക്കൂര്‍ ലോക്ക് ചെയ്താണ് ട്വിറ്റര്‍ പ്രതികരിച്ചത്. ക്യാപ്പിറ്റലിലെ കലാപങ്ങളെ രാജ്യദ്രോഹമായാണ് അമേരിക്കന്‍ ജനത കണ്ടത്. ഈ കലാപം ആഭ്യന്തര ഭീകരതയും അട്ടിമറി നടത്താനുള്ള ട്രംപിന്റെ ശ്രമമാണെന്നും പരക്കെ വ്യാഖ്യാനിക്കപ്പെട്ടു. ഇതാണ് അമേരിക്കയ്ക്ക് വലിയ നാണക്കേടായി മാറിയത്. ഇതിനെത്തുടര്‍ന്ന് ക്യാപിറ്റല്‍ പോലീസ് മേധാവി, ജനപ്രതിനിധിസഭയുടെയും സെനറ്റിന്റെയും സാര്‍ജന്റ് അറ്റ് ആര്‍മ്‌സ് എന്നിവരുള്‍പ്പെടെ നിരവധി ഉന്നത അംഗങ്ങള്‍ രാജിവച്ചു. മറ്റ് 70 രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും പ്രതിഷേധത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും അക്രമത്തെ അപലപിക്കുകയും ചെയ്തു. 
1814 ഓഗസ്റ്റ് 24-നാണ് വാഷിംഗ്ടണ്‍ ഡിസിയില്‍ ആദ്യമായി കലാപമുണ്ടാകുന്നത്. 1812 ലെ യുദ്ധത്തിന്റെ ചെസാപീക്ക് പ്രചാരണ വേളയില്‍ ബ്രിട്ടീഷ് സൈന്യം വാഷിംഗ്ടണ്‍ സിറ്റി (ഇപ്പോള്‍ വാഷിംഗ്ടണ്‍ ഡിസി) ആക്രമിച്ചു. സൈന്യം നഗരത്തിലുടനീളം കെട്ടിടങ്ങള്‍ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു, പ്രത്യേകിച്ച് വൈറ്റ് ഹൗസും യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ക്യാപിറ്റലും. നഗരത്തിന്റെ അധിനിവേശം അന്ന് ഏകദേശം 26 മണിക്കൂര്‍ നീണ്ടുനിന്നു. ഇന്നുവരെ, അമേരിക്കന്‍ വിപ്ലവ യുദ്ധത്തിനുശേഷം ഒരു വിദേശശക്തി അമേരിക്കയുടെ തലസ്ഥാനം പിടിച്ചെടുക്കുകയും കൈവശപ്പെടുത്തുകയും ചെയ്ത ഈ സംഭവത്തിനു ശേഷം സമാന സംഭവത്തെ അനുസ്മരിപ്പിക്കുന്ന കലാപമാണ് ഇത്തവണ അരങ്ങേറിയത്. ഇതിനു മാപ്പില്ല, അമേരിക്ക ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും മാതൃകയാണ്, അതിനെ ഇല്ലാതാക്കിയവര്‍ ആരായിരുന്നാലും അവര്‍ക്ക് ചരിത്രം മാപ്പു നല്‍കില്ല.

 ഈ കറുത്ത അധ്യായം മറക്കുക, എന്റെ പ്രിയ രാജ്യമേ! (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
Truth &Justice 2021-01-15 10:42:45
It is well written article.Good job
Daniel Johnson 2021-01-15 12:23:06
I have ZERO forgiveness in my heart for the seditionists who attacked and terrorized our nation. They tried to overturn the election - OUR VOTES - and killed people. No unity until they are ALL in prison. They came to kill Law makers, steal the E.votes, Capture power and make trump the president. They are terrorists, Traitors. All must be in jail with trump. Do you know how many Malayalees were there. I think you know someone and want to save them.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക