Image

ഹൂത്തികളെ തീവ്രവാദികളായി പ്രഖ്യാപിച്ച യുഎസ് തീരുമാനം സ്വാഗതാര്‍ഹം: സൗദി

Published on 13 January, 2021
ഹൂത്തികളെ തീവ്രവാദികളായി പ്രഖ്യാപിച്ച യുഎസ് തീരുമാനം സ്വാഗതാര്‍ഹം: സൗദി
റിയാദ്: യെമനില്‍ ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലിഷ്യയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനും അതിന്റെ നേതാക്കളെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്താനുമുള്ള യുഎസ് തീരുമാനത്തെ  ചൊവ്വാഴ്ച ചേര്‍ന്ന സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു.

ഹൂത്തികളെ തീവ്രവാദികളായി പട്ടികപ്പെടുത്താനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനം  തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് കാരണമാകുമെന്ന്  ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. യെമന്‍ ജനതക്കും രാജ്യാന്തര സുരക്ഷക്കും ആഗോള സമ്പദ്‌വ്യവസ്ഥക്കും ഈ സംഘം ഉയര്‍ത്തുന്ന അപകടങ്ങള്‍ ചെറുതല്ല. അത്തരം നീക്കങ്ങളെ ഈ പ്രഖ്യാപനം നിര്‍വീര്യമാക്കുമെന്നും മന്ത്രി സഭ പറഞ്ഞു. അതോടൊപ്പം യെമന്‍ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിനും ഇത് സഹായിക്കുമെന്നും മന്ത്രിസഭ കൂട്ടിച്ചേര്‍ത്തു.

നിയോമില്‍ പുതുതായി ദി ലൈന്‍ പദ്ധതി പ്രഖ്യാപിച്ച കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ മന്ത്രിസഭ അഭിനന്ദിച്ചു.  അഭ്യന്തരമായും അന്തര്‍ദേശീയമായും കൊറോണ വൈറസിന്റെ നിലവിലെ  സംഭവ വികാസങ്ങളെക്കുറിച്ചും പകര്‍ച്ചവ്യാധിയുടെ ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കുകളെക്കുറിച്ചും നിരവധി റിപ്പോര്‍ട്ടുകള്‍ മന്ത്രിസഭ അവലോകനം ചെയ്തതായി സൗദി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ ആക്ടിംഗ് മാധ്യമ  മന്ത്രി മാജിദ് അല്‍ ഖസബി ചൂണ്ടിക്കാട്ടി.രാജ്യത്തുടനീളം അധിക വാക്‌സീന്‍ സെന്ററുകള്‍ തുറക്കുന്നതിനും മെഡിക്കല്‍, ടെക്‌നിക്കല്‍ സ്റ്റാഫുകളെ  സജ്ജമാക്കി  അടിസ്ഥാന സേവനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും റിപ്പോര്‍ട്ടുകളില്‍ ഉണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക