Image

ഫോമാ മലപ്പുറം വില്ലേജ് പ്രോജക്ട് ഉടൻ നാടിനു സമർപ്പിക്കും

സ്വന്തം ലേഖകൻ Published on 13 January, 2021
ഫോമാ മലപ്പുറം വില്ലേജ് പ്രോജക്ട്  ഉടൻ നാടിനു സമർപ്പിക്കും
ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ ഫോമാ മലപ്പുറം വില്ലേജ് പ്രോജക്ട് ഉടൻ നാടിനു സമർപ്പിക്കും.  2018-20 ഫോമാ നാഷണൽ കമ്മറ്റിയുടെ പ്രസ്റ്റീജ് പ്രോജക്ട് ആയിരുന്നു ഫോമാ മലപ്പുറം പ്രോജക്ട് .
 
നാൽപ്പതോളം വീടുകൾ നിർമ്മിച്ചു നൽകിയ ഫോമാ തിരുവല്ല പ്രോജക്ടിനൊപ്പം നിർമ്മാണം തുടങ്ങിയ പ്രോജക്ട് ആയിരുന്നു എങ്കിലും, പൂർണ്ണമായും നിർമ്മാണ ജോലികൾ പൂർത്തിയായത് കഴിഞ്ഞ മാസം ആയിരുന്നു. 20l 8 ലെ പ്രളയകാലത്ത്  വീടുകൾ നഷ്ടപ്പെട്ടവർക്ക് വീടുകൾ നൽകാൻ സമഗ്രമായ ഒരു വില്ലേജ് പ്രോജക്ട് അന്നത്തെ ഫോമാ പ്രസിഡൻ്റ് ആയിരുന്ന ഫിലിപ്പ് ചാമത്തിലിൻ്റെ നേതൃത്വത്തിൽ തീരുമാനമായപ്പോൾ തൻ്റെ ഒരേക്കർ വസ്തു ഫോമയ്ക്ക് നൽകി ഈ മഹത്തായ സംരംഭത്തിനു  തുടക്കം കുറിച്ചത് ഫ്ലോറിഡയിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗമായ നോയൽ മാത്യു ആയിരുന്നു. 
 
അന്ന് നാഷണൽ കമ്മറ്റിയിൽ ഉണ്ടായ ഈ നിർദ്ദേശം ഫോമയും അമേരിക്കൻ മലയാളികളും രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ഫോമയുടെ പ്രതിനിധി സംഘം ഈ സ്ഥലം സന്ദർശിക്കുകയും പദ്ധതി പ്രദേശം വീടുകൾ നിർമ്മിക്കുന്നതിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും നിർമ്മാണ ജോലികൾക്ക് തുടക്കം കുറിക്കുകയുമായിരുന്നു.
 
ഈ പദ്ധതിയുടെ സുഗമമായി നടത്തുന്നതിനായി മലപ്പുറം, തിരുവല്ല പ്രോജക്ടുകളുടെ നിർമ്മാണ ജോലികൾ തണൽ എന്ന ചാരിറ്റി സംഘടനയെ ഏൽപ്പിക്കുകയും അനിയൻ ജോർജ് ചെയർമാനായി വില്ലേജ് പ്രോജക്ട് കമ്മറ്റി നിലവിൽ വരികയും ചെയ്തു. മലപ്പുറം പ്രോജക്ടിൻ്റെ നിർമ്മാണ ജോലികളാണ് ആദ്യം തുടങ്ങിയത്. എന്നാൽ പ്രോജക്ടിൻ്റെ പ്രധാന കേന്ദ്രമായ തിരുവല്ലയിൽ നാൽപ്പതോളം വീടുകൾ കേരളാ കൺവൻഷനോടനുബന്ധിച്ച് പണി പൂർത്തിയാവേണ്ട സാഹചര്യം വന്നപ്പോൾ തണൽ തിരുവല്ല പ്രോജക്ടിന് മുൻതൂക്കം നൽകി.
 
തിരുവല്ല പ്രോജക്ടിന്  ശേഷം നിലമ്പൂർ പ്രോജക്ടിൻ്റെ പണികൾ തുടങ്ങി സജീവമായി നടക്കവെയാണ് കൊറോണയുടെ വരവ്. നിർമ്മാണത്തൊഴിലാളികൾ ഈ സമയത്ത് അവരുടെ നാടുകളിലേക്ക് പോയ സാഹചര്യത്തിൽ ചെറിയ താമസം ഉണ്ടായി എങ്കിലും നവംബർ-ഡിസംബർ മാസത്തിൽ പൂർണ്ണമായും വീടുകളുടെ പണി പൂർത്തിയായി.
  
തുടക്കം മുതൽ തന്നെ വിവാദങ്ങളിൽ അകപ്പെട്ട ഒരു പദ്ധതി കൂടിയായിരുന്നു ഫോമാ മലപ്പുറം വില്ലേജ് പ്രോജക്ട്. പാളയത്തിൽത്തന്നെ പട എന്ന രീതിയിൽ ചില വ്യാജ വാർത്തകൾ സൃഷ്ടിക്കപ്പെട്ട പ്രോജക്ടിൻ്റെ യഥാർത്ഥ ഉദ്ദേശലക്ഷ്യത്തിൻ്റെ കടയ്ക്കൽ കത്തിവയ്ക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു. എങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് ഇപ്പോൾ ഈ പ്രോജക്ട് പൂർത്തിയായിരിക്കുന്നത്.
 
പ്രഖ്യാപിച്ച എല്ലാ പദ്ധതികളും വിജയകരമായി പൂർത്തിയാക്കിയ കമ്മറ്റിയായിരുന്നു ഫോമ 2018-20 കമ്മിറ്റി. ഫിലിപ്പ് ചാമത്തിലിൻ്റെ നേതൃത്വത്തിലുള്ള കമ്മറ്റി പ്രഖ്യാപിച്ച പദ്ധതികൾ എല്ലാം വിജയകരമായി പൂർത്തിയാക്കിയതിൻ്റെ ചാരിതാർത്ഥ്വത്തിലാണിപ്പോൾ. തിരുവല്ല, നിലമ്പൂർ വില്ലേജ് പ്രോജക്ടുകൾ, ആറ് ഇടങ്ങളിലായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, പ്രളയത്തിൽ അകപ്പെട്ട ജനവിഭാഗങ്ങൾക്ക് നൽകിയ സഹായങ്ങൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അൻപതിലധികം  ബി.എസ് .സി നേഴ്സിംഗ് വിദ്യാർത്ഥികൾക്ക് നൽകിയ സ്കോളർഷിപ്പ് തുടങ്ങിയ പ്രോജക്ടുകൾക്കൊപ്പം ചെറുതും വലുതുമായ നിരവധി പദ്ധതികൾ നടപ്പിലാക്കുവാൻ ഫിലിപ്പ് ചാമത്തിലിൻ്റെ നേതൃത്വത്തിലുള്ള കമ്മറ്റിക്ക് സാധിച്ചു.
 
പ്രഖ്യാപിച്ച എല്ലാ പദ്ധതികളും വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിൽ 2018-20 ഫോമാ കമ്മറ്റിക്കും ജനറൽ ബോഡിക്കും എന്തുകൊണ്ടും അഭിമാനിക്കാൻ വാക  നൽകുന്നു മലപ്പുറത്തെ ഈ വീടുകൾ എന്നതിൽ സംശയമില്ല.
 
ഫോമാ 2018 -20   ഭാരവാഹികൾ ആയ  പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറർ ഷിനു ജോസഫ് ,വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ് , ജോ.സെക്രട്ടറി സാജു ജോസഫ്, ജോ. ട്രഷറർ ജെയിൻ കണ്ണച്ചാൻ പറമ്പിൽ, വില്ലേജ് പ്രോജക്ട് ഫണ്ട് റെയിസിംഗ് ചെയർമാൻ അനിയൻ ജോർജ്, തിരുവല്ല പ്രോജക്ട്  കോ-ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ, കോ-ഓർഡിനേറ്റർമാരായ ജോസഫ് ഔസോ, നോയൽ  മാത്യു ,ബിജു തോണിക്കടവിൽ, ഫോമാ കേരളാ കൺവൻഷൻ ചെയർമാൻ സജി ഏബ്രഹാം, പത്തനം തിട്ട ജില്ലാ കളക്ടർ പി.ബി നൂഹ് ഐ എ എസ്, ആർ സനൽ കുമാർ ,അനിൽ ഉഴത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന പ്രയത്നത്തിനൊടുവിലാണ് ഫോമാ വില്ലേജ് പ്രോജക്ട് സാധ്യമായത്. വ്യക്തമായ സംഘാടനത്തോടെ പദ്ധതി പൂർത്തിയാക്കുവാൻ നേതൃത്വം വഹിച്ചത് കോഴിക്കോട് തണൽ ചാരിറ്റിയുടെ എഞ്ചിനീയറിങ് വിഭാഗമാണ് .
 
ഫോമാ വില്ലേജ് പ്രോജക്ട് സമയബന്ധിതമായി നിർമ്മിച്ച് ലഭിച്ചതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഈ നാൽപ്പത്തി മൂന്നോളം  കുടുംബങ്ങളാണ്. സുരക്ഷിത ഭവനങ്ങളിൽ സുരക്ഷിതമായ ജീവിതം നയിക്കുവാൻ  സഹായിച്ച ഫോമയോടുള്ള സ്നേഹം അവർ ഹൃദയത്തിൽ കൊളുത്തി വയ്ക്കുന്നുണ്ടാവണം
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക