Image

ജനക്ഷേമ പ്രഖ്യാപനങ്ങളുമായി കേരളാ ബജറ്റ് : പ്രവാസി പെന്‍ഷന്‍ വര്‍ധിപ്പിച്ചു

Published on 15 January, 2021
ജനക്ഷേമ പ്രഖ്യാപനങ്ങളുമായി  കേരളാ ബജറ്റ് : പ്രവാസി  പെന്‍ഷന്‍ വര്‍ധിപ്പിച്ചു
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനക്ഷേമ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ ബജറ്റ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആറാമത്തേതും തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തേതുമായ ബജറ്റ്, പ്രസംഗത്തിലും റെക്കോര്‍ഡിട്ടു. 

എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തിയും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്നു പ്രഖ്യാപിച്ചുമായിരുന്നു മന്ത്രിയുടെ പ്രസംഗം. 

ക്ഷേമപദ്ധതികള്‍ വാരിക്കോരി പ്രഖ്യാപിച്ചും തൊഴിലിനും വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കിയുമുള്ള ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചത്. 

പതിവുപോലെ വിദ്യാര്‍ഥികളുടെ കവിതകള്‍ ഉള്‍പ്പെടുത്താനും അദ്ദേഹം മറന്നില്ല.

 പ്രവാസികളുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ചു. വിദേശത്ത് ക്ഷേമനിധിയിലേക്ക് 350 രൂപ അംശാദായം അടയ്ക്കുന്നവര്‍ക്ക് 3500 രൂപ പെന്‍ഷന്‍ അനുവദിക്കും. ജോലി മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയവര്‍ക്ക് 200 രൂപയാണ് അംശാദായം. ഇവരുടെ പെന്‍ഷന്‍ 3000 രൂപയായി വര്‍ധിപ്പിച്ചതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

പ്രവാസികളുടെ നൈപുണ്യവികസനത്തിന് ഉള്‍പ്പെടെ 100 കോടി രൂ പയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. പ്രവാസിക്ഷേമനിധിക്ക് 9 കോടിയും ധനമന്ത്രി പ്രഖ്യാപിച്ചു.

എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്പെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പുവരുത്താന്‍ ,ആദ്യ നൂറുദിന കര്‍മ പരിപാടിയില്‍ പ്രഖ്യാപിച്ച ലാപ്‌ടോപ്പ് പദ്ധതി വിപുലവും ഉദാരവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി 2500 സ്റ്റാര്‍ട്ട്‌അപ്പുകള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കി. ഇതിലൂടെ 20000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് 50 കോടി രൂപ അനുവദിക്കും.

ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പരിപാടി ബജറ്റില്‍ പ്രഖ്യാപിച്ചു. മൂന്നരലക്ഷം കുട്ടികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തും. 30 മികവിന്റെ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും തോമസ് ഐസക് പറഞ്ഞു.

ആയിരം പുതിയ അധ്യാപകരെ നിയമിക്കും. ഒഴിവുകള്‍ നികത്തും. 500 ഫെലോഷിപ്പുകള്‍ ആരംഭിക്കും. ഇരുപതിനായിരം കുട്ടികള്‍ക്ക് കൂടി ഉന്നത പഠനസൗകര്യം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വരുന്ന അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി  വ്യക്തമാക്കി. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലാണ് തൊഴിവസരങ്ങള്‍ സൃഷ്ടിക്കുക. ആഗോള കമ്ബനികളുടെ നൈപുണ്യ പരിശീലനം കേരളത്തില്‍ ഉറപ്പാക്കുമെന്നും തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തിനിടെ പറഞ്ഞു.

തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബൃഹദ് പദ്ധതിയാണ് പ്രഖ്യാപിച്ചത്. കെ- ഡിസ്‌ക് പുനഃസംഘടിപ്പിക്കും. നിയര്‍ ഹോം പദ്ധതിക്ക് 20 കോടി രൂപ നീക്കിവെയ്ക്കും. വര്‍്ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് കെഎസ്‌എഫ്‌ഇ, കെഎസ്‌ഇ എന്നിവ വഴി വായ്പ അനുവദിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ കാര്‍ഷിക മേഖലക്കും ആശ്വാസ നടപടി. റബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തി. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കിയും നാളികേരത്തിന്റെ 32 രൂപയാക്കിയും ഉയര്‍ത്തി.

വരുന്ന സാമ്ബത്തിക വര്‍ഷം എട്ടുലക്ഷം പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ഇതില്‍ മൂന്ന് ലക്ഷം അഭ്യസ്തവിദ്യര്‍ക്കായി നീക്കിവെയ്ക്കും.

പാലക്കാട് കുഴല്‍മന്തം ജിഎച്ച്‌എസ്‌എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌നേഹയുടെ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച്‌ തുടങ്ങിയത്. കൊറോണ പോരാട്ടത്തിന്റെ നേട്ടങ്ങള്‍ പരാമര്‍ശിച്ചു കൊണ്ടായിരുന്നു പ്രസംഗം ആരംഭിച്ചത്. കൊറോണ പ്രതിസന്ധി നേരിടാന്‍ കഴിഞ്ഞെന്നും പ്രതിസന്ധി അവസരങ്ങളുടെ മാതാവായിരുന്നുവെന്നും തോമസ് ഐസക്ക് പറഞ്ഞു. കൊറോണ പോരാളികളെയും അദ്ദേഹം അഭിനന്ദിച്ചു.

ആരോഗ്യവകുപ്പില്‍ പുതിയ 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു

Join WhatsApp News
ആനന്ദം നിറഞ്ഞ പുലരി 2021-01-15 13:36:38
നേരം പുലരുകയും സൂര്യൻ സർവതേജസോടെ ഉദിക്കുകയും കനിവാർന്ന പൂക്കൾ വിരിയുകയും വെളിച്ചം ഭൂമിയെ സ്വർഗമാക്കുകയും ചെയ്യും നാം കൊറോണയ്ക്കെതിരെ പോരാടി വിജയിക്കുകയും ആനന്ദം നിറഞ്ഞ പുലരിയെ തിരികെ എത്തിക്കുകയും ചെയ്യും... പാലക്കാട് കുഴൽമന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ.സ്നേഹ എഴുതിയ കവിതയോടെ 2021-22 ലേയ്ക്കുള്ള കേരള ബജറ്റ്- Great Performance, Best Wishes- It is a fact above politics- Kerala needs a Communist Gov. to take care of the welfare of the poor- andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക