Image

ഇല്ലായ്മക്കിടയിലും കടലിനു കുറകെ പാലം പണിയുന്നവര്‍ ! (ജോസ് കാടാപുറം)

ജോസ് കാടാപുറം Published on 16 January, 2021
 ഇല്ലായ്മക്കിടയിലും കടലിനു കുറകെ പാലം പണിയുന്നവര്‍ !  (ജോസ് കാടാപുറം)
രണ്ട് മഹാ പ്രളയങ്ങള്‍ തീര്‍ത്ത ദുരിതങ്ങള്‍ തീരുംമുമ്പെ മഹാമാരിയായ കോവിഡ് വന്നു. ഇവയെല്ലാം നാടിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് സാരമായ പരിക്കേല്പിച്ചു.എന്നിട്ടും സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ നടന്നു.
ഈ സാഹചര്യത്തിലാണ് നമ്മള്‍ 2021---22 വര്‍ഷത്തെ ബജറ്റിനെ പരിശോധിക്കുന്നത്. റവന്യൂ കമ്മി 2.94 ശതമാനമായി ഉയര്‍ന്നു. ധനകമ്മി 4.25 ശതമാനമായി ഉയര്‍ന്നു. എന്നാല്‍, പെട്ടെന്നുതന്നെ ധനദൃഡീകരണത്തിന്റെ പാതയിലേക്ക് തിരിച്ചുവരണം എന്ന് ബജറ്റ് അടിവരയിട്ട് പറയുന്നു. എന്നാല്‍ മാത്രമേ ബജറ്റിന് പുറത്ത് നടത്തിക്കൊണ്ടിരിക്കുന്ന മൂലധന നിക്ഷേപ പ്രവര്‍ത്തനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ കഴിയൂ. അതിനാല്‍, 2021---22ലെ ധനകമ്മി 3.5 ശതമാനമായും പിന്നീട് മൂന്ന് ശതമാനം തന്നെയായും കുറയ്ക്കാന്‍ കഴിയണം എന്നാണ് ബജറ്റ് ലക്ഷ്യമിടുന്നത്.

അതേസമയം, കേരളത്തിന്റെ ഭാവി വികസനപ്രക്രിയയെ ആധുനികമായ രീതിയില്‍ നിര്‍വചിക്കാനും അതിന് വിഭവങ്ങള്‍ കണ്ടെത്താനുമുള്ള ശ്രമവും ബജറ്റില്‍ കാണാം. ഇതില്‍ അഞ്ച് പ്രധാന വിഷയംമാത്രം എടുക്കാം. ആദ്യമായി, സാമൂഹ്യമേഖല. കേരളത്തിലെ സാമൂഹ്യമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഒട്ടേറെ പുതിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. കോവിഡ് പ്രതിരോധത്തില്‍ മികച്ച പങ്കുവഹിച്ച തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 1000 കോടി രൂപ അധികമായി അനുവദിച്ചിരിക്കുന്നു. എല്ലാ ക്ഷേമ പെന്‍ഷനും 1600 രൂപയായി ഉയര്‍ത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി സ്ഥാപിക്കും. ദാരിദ്ര്യം സമ്പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യും. അങ്ങനെ ഓരോ കുടുംബത്തിനും 15 ലക്ഷം രൂപവീതം കണ്ട് അഞ്ചു വര്‍ഷംകൊണ്ട് 6000--7000 കോടി രൂപയായിരിക്കും വിവിധ സ്‌കീമുകള്‍ വഴി ചെലവഴിക്കപ്പെടുക.

രണ്ടാമതായി, കാര്‍ഷികസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് രാജ്യത്തിനുതന്നെ മാതൃകയായി കേരളം മാറുകയാണ്. തറവില സമ്പ്രദായംതന്നെ നിര്‍ത്തലാക്കാന്‍ മോഡി സര്‍ക്കാര്‍ ഒരുമ്പെടുമ്പോള്‍, കേരളത്തില്‍ റബറിന്റെ തറവില 150 രൂപയില്‍നിന്ന് 170 രൂപയായി ഉയര്‍ത്തിയിരിക്കുന്നു. നെല്ലിന്റെ സംഭരണവില കിലോക്ക് 27 രൂപയില്‍നിന്ന് 28 രൂപയായി ഉയര്‍ത്തിയിരിക്കുന്നു (കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത് കിലോക്ക് 18 രൂപമാത്രം). നാളികേരത്തിന്റെ സംഭരണവില 27 രൂപയില്‍നിന്ന് 32 രൂപയായി ഉയര്‍ത്തിയിരിക്കുന്നു.

മൂന്നാമതായി, അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രധാന പരിപാടികള്‍ പ്രഖ്യാപിച്ചിരിക്കുന്നു. മൂന്ന് ലക്ഷം ഇത്തരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 20000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന 2500 സ്റ്റാര്‍ട്ടപ് ഈ വര്‍ഷം ആരംഭിക്കും. വര്‍ക്ക് നിയര്‍ ഹോം എന്ന സങ്കല്‍പ്പമനുസരിച്ച് ഒരു സ്‌കീം പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനൊപ്പം വര്‍ക്ക് ഫ്രം ഹോം സാധ്യതകള്‍ വര്‍ധിപ്പിക്കും. ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഏകീകരിച്ച് ലഭ്യമാക്കും. നൈപുണ്യവികസനത്തിന് പ്രത്യേക ശ്രദ്ധ നല്‍കും. അഞ്ച് ലക്ഷം തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതികളും ബജറ്റിലുണ്ട്.

നാലാമതായി, കേരളത്തിനെ ഒരു ഡിജിറ്റല്‍ സമ്പദ്ഘടനയായി പരിവര്‍ത്തനം ചെയ്യണം. ഇതിനായി വിജ്ഞാന ഉല്‍പ്പാദന രംഗവും വ്യവസായ രംഗവും തമ്മില്‍ മെച്ചപ്പെട്ട രീതിയില്‍ കൈകോര്‍ക്കാന്‍ കഴിയണം. പുതിയ തലമുറയിലെ തൊഴില്‍സേനയെ വളര്‍ത്തിയെടുക്കുന്നതിനുവേണ്ടിയുള്ള ഇത്തരം ഒരു പദ്ധതി ഒരു ഫ്‌ലാഗ്ഷിപ് നയമായിത്തന്നെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അഞ്ചാമതായി, ഈ വിജ്ഞാനവളര്‍ച്ചയ്ക്ക് ഉന്നത വിദ്യാഭ്യാസമേഖലയുടെ മികവുകൂട്ടല്‍ അത്യന്താപേക്ഷിതമാണ്. സ്‌കൂള്‍ രംഗത്ത് നമ്മള്‍ കൈവരിച്ച നേട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കുക എന്ന പ്രധാന ലക്ഷ്യം ബജറ്റ് മുമ്പോട്ടുവയ്ക്കുന്നു.

അഞ്ചുവര്‍ഷത്തെ ഭരണമികവ് തുടര്‍ഭരണത്തിലേക്കു നയിക്കും എന്ന ആത്മവിശ്വാസം പൊതുജനങ്ങള്‍ക്കിടയില്‍ വളരുന്ന ഈ സാഹചര്യത്തില്‍ അടുത്ത കേരളവികസനഘട്ടത്തിലേക്കുള്ള - അടുത്ത അഞ്ചുവര്‍ഷത്തെ നയപരിപാടികള്‍ എങ്ങനെയാകണം എന്ന് കുറിച്ചിടുന്ന - ഒരു രേഖയായി ബജറ്റിനെ വായിക്കാം എന്നതില്‍ സംശയമില്ല.

ചുരുക്കത്തില്‍  ഈ സര്‍ക്കാര്‍ ''ഞങ്ങളെ പട്ടിണിക്കിട്ടില്ലല്ലോ സാറേ '' എന്ന് ഓരോ പാവപ്പെട്ടവനും പറഞ്ഞു. ക്ഷേമ പെന്‍ഷനുകള്‍ മുന്‍ സര്‍ക്കാര്‍ കുടിശ്ശികയാക്കിയത് മുഴുവന്‍ കൊടുത്തുതീര്‍ത്തു. 600 രൂപ പെന്‍ഷന്‍ കൊടുക്കാനാവാതെ നിറുത്തിവെച്ചവരാണ് മുന്‍ ഭരണാധികാരികള്‍.അന്ന് പ്രളയവും കോവിഡുമൊന്നും സമ്പദ്ഘടനയെ ബാധിച്ചിരുന്നില്ല. എന്നിട്ടും 600 രൂപ വീതം കൊടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ശ്രദ്ധിക്കേണ്ട കാര്യം ഇന്ന് 59 ലക്ഷം പേര്‍ക്കാണ് ക്ഷേമപെന്‍ഷന്‍ നല്കുന്നത്. അന്ന് 30 ലക്ഷം പേര്‍ക്കേ കൊടുത്തിരുന്നുളളൂ. 1500 രൂപ തോതില്‍ കൊടുത്തുകഴിഞ്ഞു. ഏപ്രില്‍ മുതല്‍ പെന്‍ഷന്‍ 1600 രൂപ വീതം കൊടുക്കാന്‍ പോവുകയാണ്. ഒറ്റ മാസത്തേതും കുടിശ്ശികയാക്കാതെയാണ് ഈ മന്ത്രിസഭ വീണ്ടും വരാന്‍ വേണ്ടി ജനം കാത്തിരിക്കും
വൈറ്റില മേല്പാലം കേന്ദ്രസര്‍ക്കാര്‍ പണിയേണ്ടതായിരുന്നു. അതു നടക്കില്ലെന്ന് മനസ്സിലായപ്പോള്‍ നാടിന്റെ ആവശ്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തി.ശാസ്ത്രീയ ഭാരപരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കി പാലത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടാണ്  വൈറ്റിലയിലെയും, കുണ്ടന്നൂരിലും മേല്‍പ്പാലങ്ങള്‍ തുറന്നു കൊടുത്തിരിയ്ക്കുന്നത്.. ഇതുമൂലം കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ പരിഹാരമായിരിക്കുന്നു. വിവിധ പദ്ധതികള്‍ക്ക് വേണ്ടി സ്ഥലമേറ്റെടുക്കാന്‍ സാധിച്ചത് മുമ്പൊരു സര്‍ക്കാറും നല്കിയിട്ടില്ലാത്തത്ര നഷ്ടപരിഹാരം നല്കിയതിനാലാണ്. വില്പനയ്ക്കു വെച്ച കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനം വരേ സംസ്ഥാന സര്‍ക്കാര്‍ വാങ്ങി.
റോഡുകളും വിദ്യാലയങ്ങളും ആശുപത്രികളും കണ്ട് ജനങ്ങളുടെ കണ്ണുതളളി. മുന്‍ സര്‍ക്കാറിന്റെ കാലത്തെ നാശം പിടിച്ച ആശുപത്രികളും സ്‌കൂളുകളുമല്ല ഇന്നുളളത് .പൊതു കടത്തെ പറ്റി കോണ്‍ഗ്രസ് മെമ്പറുടെ ചോദ്യത്തിന് ധനമന്ത്രി നിയമസഭയില്‍ നല്കിയ മറുപടിയുണ്ട്. 2013 മുതലുളള പൊതുകടത്തിന്റെ വര്‍ദ്ധനവ് ശതമാനക്കണക്കില്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. മുന്‍ സര്‍ക്കാറിന്റെ കാലത്തേക്കാള്‍ വര്‍ദ്ധനവ് ശതമാനക്കണക്കില്‍ കുറവാണ്.

നാട് കുത്തുപാളയെടുക്കേണ്ട സ്ഥിതിഗതികളാണ് വന്നുചേര്‍ന്നതെങ്കിലും അതിനെയെല്ലാം തരണം ചെയ്യാനും സമ്പദ് വ്യവസ്ഥയെ പുരോഗതിയിലേക്ക് നയിക്കാനും സാധിച്ചത് അര്‍ഥശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ സ. തോമസ് ഐസക്കിന്റെ പ്രതിഭയും നൈപുണ്യവും കാരണമാണ്. ഐക്യകേരളം കണ്ട എക്കാലത്തേയും മികച്ച ധനകാര്യ മന്ത്രിയായി ഡോ.തോമസ് ഐസക്കിനെ ചരിത്രം വിലയിരുത്തും.പാവപ്പെട്ടവര്‍ക്ക് 6000 രൂപ കൊടുക്കുമെന്ന് യുഡിഎഫ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ എത്ര പേര്‍ക്ക്, എങ്ങനെ കൊടുക്കുമെന്ന് പറഞ്ഞിട്ടില്ല. അവരുടെ  പാരമ്പര്യം നോക്കുമ്പോള്‍ ഇത് വിശ്വസിക്കാനാകുന്നില്ല. പെന്‍ഷന്‍ 100 രൂപയായിരുന്നപ്പോള്‍ രണ്ടു വര്‍ഷം കുടിശ്ശിക വരുത്തിയവരാണവര്‍. 600 രൂപയായിരുന്നപ്പോള്‍ ഒരു വര്‍ഷവും കൊടുത്തില്ല. അതിനാല്‍ ആറായിരത്തിന്റെ കഥ വിശ്വസിക്കാനാകില്ലെന്നും എല്ലാര്ക്കും അറിയാം മറ്റൊന്ന് കെപി സി സി കൊടുക്കാമെന്നു പറഞ്ഞ 1000 വീടുകള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത് അങ്ങനെ പറഞ്ഞട്ടില്ല എന്നാണ് അവിടെയാണ് വാക്കുപാലിക്കുന്ന സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്ന കേരള ജനതക്ക് ഈ ബജറ്റ് കൂടുതല്‍ ധൈര്യം നല്‍കുന്നു.സാമ്പത്തിക ശാസ്ത്രത്തില്‍ വിദ്യാഭ്യസമുള്ള രാഷ്ട്രീയ പ്രവര്‍ത്തകന്റെ കൈയില്‍ ധന വകുപ്പ് കിട്ടിയപ്പോള്‍ കേരളത്തെ വിജ്ഞാന സമ്പദ്ഘടന ആക്കി മാറ്റാനുള്ള പദ്ധതിയുടെ കര്‍മ്മ മേഘലയായി ബഡ്ജറ്റ് മാറിയെന്നതാണ് പ്രതിഭ ശാലിയ ഡോക്ടര്‍ തോമസ് ഐസക് ചെയിത കാര്യം  , സ്ത്രീകള്‍ക്ക് , കുടുംബങ്ങള്‍ക്ക്, കുട്ടികള്‍ക്ക്  ഒക്കെ ആശ്വാസമേകുന്ന പദ്ധതികള്‍ ഈ ബജറ്റിലുണ്ട് , പന്ത്രണ്ടാമത് ബജറ്റ് അവതരിപ്പിച്ച ഡോക്ടര്‍ ഐസക്  ചെയ്യാവുന്നതേ പറയൂ,  അഭിനന്തനങ്ങള്‍ നേരുന്നു ,യാതൊരു ജാഡയുമില്ലാത്ത ഡോക്ടര്‍  ഐസക് അമേരിക്കയില്‍ വന്നപ്പോള്‍ ഞങ്ങളുടെ ഭവനത്തില്‍ എത്തിയത്  അഭിമാനത്തോടെ ഓര്‍ക്കുന്നു .....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക