Image

ബ്രിട്ടനിലെത്തുന്ന എല്ലാവര്‍ക്കും 10 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍

Published on 16 January, 2021
ബ്രിട്ടനിലെത്തുന്ന എല്ലാവര്‍ക്കും 10 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍
ലണ്ടന്‍: കോവിഡ് നിയന്ത്രണാതീതമായതോടെ പല രാജ്യങ്ങളുമായും നിലവിലുണ്ടായിരുന്ന ട്രാവല്‍ കോറിഡോര്‍ സംവിധാനം നിര്‍ത്തലാക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. തിങ്കളാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തിലാകും. അന്നുമുതല്‍ വിദേശങ്ങളില്‍നിന്നും ബ്രിട്ടനിലെത്തുന്ന എല്ലാവര്‍ക്കും പത്തുദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കും. വിദേശങ്ങളില്‍നിന്നും മടങ്ങിയെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്കും ഇത് ബാധകമാകും. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് പിസിആര്‍ പരിശോധനയ്ക്കു വിധേയമായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമാകും ബ്രിട്ടനിലേക്ക് യാത്രയ്ക്ക് അനുമതിയുണ്ടാകുക.

ക്വാറന്റീനില്‍ കഴിയുന്നവര്‍ അഞ്ചാം ദിവസം വീണ്ടും പരിശോധനയ്ക്കു വിധേയരായി നെഗറ്റീവ് ഫലം ലഭിച്ചാല്‍ പുറത്തിറങ്ങാം. നിരവധി ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും എല്ലാ സൗത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ക്കും പോര്‍ച്ചുഗലിനും സമ്പൂര്‍ണ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഇന്നലെ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി നിലനിന്നിരുന്ന ട്രാവല്‍ ക്വാറിഡോറും നിര്‍ത്തലാക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്. വിവിധ രാജ്യങ്ങളില്‍ നിലവിലുള്ള ജനിതകമാറ്റം സംഭവിച്ച വ്യത്യസ്ത വൈറസ് വകഭേദങ്ങളെ തടയുക എന്ന ലക്ഷ്യമാണ് ഈ തീരുമാനങ്ങള്‍ക്കു പിന്നിലുളളത്.

സൗത്ത് ആഫ്രിക്കയില്‍നിന്നും ബ്രസീലില്‍നിന്നുമുള്ള ജനിതകമാറ്റം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം ബ്രിട്ടനിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഇത്തരം വൈറസുകളുടെ വ്യാപനം സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന ആശങ്കയാണ് സര്‍ക്കാരിനെ കര്‍ശന നടപടികള്‍ക്ക് പ്രേരിപ്പിച്ചത്.

ഇതിനിടെ കോവിഡ് മൂലം ഇന്നലെ 1280 പേര്‍കൂടി ബ്രിട്ടനില്‍ മരിച്ചു. ഇതോടെ ഔദ്യോഗിക മരണസംഖ്യ 87,291 ആയി. പുതുതായി 55,761 പേര്‍ക്കാണ് രോഗ സ്ഥിരീകരിച്ചത്.

വാക്‌സീനേഷന്‍ നടപടികള്‍ അതിവേഗം പുരോഗമിക്കുന്ന ബ്രിട്ടനില്‍ ഇതിനോടകം മുപ്പത്തിരണ്ടു ലക്ഷത്തിലധികം ആളുകള്‍ക്ക് വാക്‌സീന്റെ ആദ്യഡോസ് നല്‍കിക്കഴിഞ്ഞു. 80 വയസിനു മുകളിലുള്ള രാജ്യത്തെ പകുതിയിലേറെ ആളുകളെ വാക്‌സീനേഷന് വിധേയമാക്കിയതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക