Image

ഉച്ചഭാഷിണികൾ മതസൗഹാർദ്ദം ഉലയ്ക്കുന്നുവോ? (എഴുതാപ്പുറങ്ങൾ - 76: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

Published on 18 January, 2021
ഉച്ചഭാഷിണികൾ മതസൗഹാർദ്ദം ഉലയ്ക്കുന്നുവോ? (എഴുതാപ്പുറങ്ങൾ - 76: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
അമ്പലമണിയും, പള്ളിമണിയും വാങ്കുവിളിയും ശാന്തസുന്ദരമായുറങ്ങുന്ന ഗ്രാമത്തെ തട്ടിയുണർത്തിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ആ കാലഘട്ടത്തിൽ പലരും ഉണർന്നിരുന്നത് ഈ ശബ്ദങ്ങളെ ആശ്രയിച്ചായിരുന്നു. പതിവിലും വ്യത്യസ്‍തമായി പള്ളിയിൽ ഒരു മണിമുഴങ്ങിയാൽ ഇന്നെന്തോ പള്ളിയിൽ പ്രത്യേകതയുണ്ടെന്ന് ജനങ്ങൾ മനസ്സിലാക്കിയിരുന്ന അത്രയും ശാന്തമായ ഒരു അന്തരീക്ഷമുള്ളതായിരുന്നു ഗ്രാമങ്ങൾ.  പ്രഭാതത്തിന്റെ സൗമ്യതയിൽ ഒഴുകിവന്നിരുന്ന താളാത്മകമായ ഇടക്കയുടെ ശബ്ദവും,  പാട്ടുകുർബാനയുടെ ഈണവും കഠിനാദ്ധ്വാനം ചെയ്യുന്ന ഗ്രാമീണന് ഉണർവ്വേകിയിരുന്നു.

ഹൈന്ദവ വിശ്വാസപ്രകാരം വെള്ളത്തിലിറങ്ങിനിന്ന് കൈകൂപ്പി "ഗംഗേഛ യമുനേച്ചൈവ ഗോദാവരി സരസ്വതി സിന്ധു കാവേരി ജലസ്‌മിൻ സാന്നിദ്ദിം കുരു" (പുണ്യ നദികളാകുന്ന ഗംഗാ യമുന ഗോദാവരി സരസ്വതി സിന്ധു കാവേരി തുടങ്ങിയ നദികളെ ഇവിടെ സന്നിഹിതരാകൂ. ഈ വെള്ളത്തെ പവിത്രമാക്കൂ എന്ന് അർത്ഥം) എന്ന് പറഞ്ഞു വെള്ളത്തിൽ മുങ്ങിക്കുളിച്ച്, ഈറനുടുത്ത് ദേവദർശനം നടത്തുന്ന ബ്രാഹ്മണരും, അമ്പലകുളങ്ങളിൽ കുളിച്ച് ഈറനുടുത്ത് ദേവദർശനം നടത്തുന്ന ജനങ്ങളും കേരളത്തിലെ ഗ്രാമങ്ങളിലെ ഒരു ചിട്ടയായിരുന്നു.      സന്ധ്യാസമയങ്ങളിൽ ദേവാലങ്ങളിൽ തെളിഞ്ഞുകത്തിയ വിളക്കുകളും മെഴുകുതിരികളും, മുസ്ലിം പള്ളികളിൽനിന്നും ഉയർന്ന വാങ്കുവിളികളും സമയാസമയങ്ങളിൽ നിസ്കാരവും, സന്ധ്യാസമയങ്ങളിൽ വീടുകളിൽ കുട്ടികളുടെ നാമജപവും ക്രിസ്ത്യൻ വീടുകളിൽ എല്ലാവരും ചേർന്നിരുന്നുള്ള പ്രാര്തഥനയും  ഗ്രാമത്തിന്റെ ഐശ്വര്യമായിരുന്നു. ഇങ്ങിനെ വിവിധ മതക്കാർ അവരവരുടെ മതം അനുശാസിയ്ക്കുന്നതുപോലെയുള്ള ചിട്ടകൾ ഇന്നത്തേതിലും കൂടുതലായിരുന്നിട്ടും ആ കാലഘട്ടത്തിൽ ഒരാളുടെ ചിട്ടകൾ മറ്റൊരാൾക്ക് അസഹിഷ്ണുത ഉളവാക്കിയിരുന്നില്ല എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു.  ആ കാലഘട്ടത്തിൽ  ഹിന്ദുദേവാലയങ്ങളുടെ പരിസരങ്ങളിൽ കൂടുതലായും താമസിച്ചിരുന്നത് അമ്പലവാസികളായിരുന്നു. കാരണം ഇവരിൽ അധികവും അമ്പലത്തിലെ  കാര്യങ്ങൾ ചെയ്തു  ജീവിക്കുന്ന അന്തേവാസികളായിരുന്നു. ഇവർ സവർണരും, സസ്യാഹാരം മാത്രം ഭക്ഷിക്കുന്നവരും ആയിരുന്നു. ഹിന്ദുദേവാലയ പരിസരങ്ങളിൽ  അന്യമതക്കാരോ, മത്സ്യമാംസം ഭക്ഷിക്കുന്നവരോ താമസിച്ചിരുന്നില്ല എന്നതും അന്നത്തെ ഒരു ചിട്ടയായിരുന്നു  .
കാലം അതിന്റെ പുരോഗമനങ്ങൾക്കൊപ്പം  സഞ്ചരിച്ചു. ദേവാലയങ്ങളിൽ ഉച്ചഭാഷിണികളുടെ ഉപയോഗം സർവ്വസാധാരണയായി. ഓരോ മതക്കാരുംഅവരുടെ ഭക്തിഗാനങ്ങൾ ഗ്രാമീണർക്കുവേണ്ടി ഉച്ചഭാഷിണികളിലൂടെ കേൾപ്പിക്കുക എന്നത് പതിവായി. ദേവാലയങ്ങളിൽ പൂജാരികളോ വിശ്വാസികളോ ഉണ്ടോ എന്നുള്ളത് ഒരു പ്രശ്നമല്ല. വെളുപ്പിന് ഉച്ചഭാഷിണികൾ അതിന്റെ ജോലി തുടങ്ങും എന്നതായി. ഓരോമതസ്ഥരും  ശബ്ദതരംഗങ്ങളുടെ തീവ്രത (decibel) കൂട്ടിവെച്ച് ഉച്ചഭാഷിണികൾ പരസ്പരം  മത്സരിക്കാൻ തുടങ്ങി. പല സ്റ്റേജുകളിലും വിവിധ കലാപരിപാടികൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന സ്‌കൂൾ കലോൽസവത്തിൻറെ ഒരു പ്രതീതിയാണ് ഗ്രാമങ്ങളുടെ ഇന്നത്തെപ്രഭാതംഎന്ന് ചിലപ്പോൾ തോന്നിപ്പോകാറുണ്ട്. മാത്രമല്ലഈഉച്ചഭാഷിണികൾ പുറപ്പെടുവിക്കുന്ന ശബ്ദകോലാഹലങ്ങൾ മതംഅനുശാസിക്കുന്ന മന്ത്രങ്ങളോ, പ്രാർത്ഥനകളോഅല്ല.

എല്ലാ ചിന്തകളും വെടിഞ്ഞു ശാന്തിയും സമാധാനവും നിറച്ച്മനസ്സിനെ  ഏകാഗ്രമാക്കി ഒരു ശക്തിയിൽ സമർപ്പിക്കുന്നതല്ലേ ഭക്തി! എന്നാൽ ഉച്ചഭാഷിണികളിലൂടെ അന്തരീക്ഷം ശബ്ദമലിനീകരിയ്ക്കുമ്പോൾ അവിടെ ഭക്തിയ്ക്ക് എന്താണ് സ്ഥാനം? ഉച്ചഭാഷിണികളുടെശബ്ദംശാന്തമായഅന്തരീക്ഷത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്നു. അതിലൂടെഏകാഗ്രതഇല്ലാതാകുന്നു. ഹിന്ദുസനാതനധർമ്മമനുസരിച്ച്ഉരുവിടുന്ന 'ഓംകാരം' മറ്റുമന്ത്രങ്ങൾ, അല്ലെങ്കിൽപള്ളികളിലെ പ്രാർത്ഥനതുടങ്ങിയവയുടെ താളാത്മകമായ ശ്രവണം മനുഷ്യമനസ്സിന് സമാധാനവും സുഖവും നൽകുന്നു. എന്നാൽ ദേവാലയങ്ങളിൽ ഉച്ചഭാഷിണികളിലൂടെ ശ്രവിയ്ക്കാൻകഴിയുന്ന പാട്ടുകൾ കർണ്ണസുഖംനല്കുന്നുവെങ്കിലും എത്രമാത്രംമനസ്സിന്സുഖവും,സമാധാനവും നൽകാൻകഴിയുന്നതാണെന്ന്  വിശ്വാസികൾതന്നെ വിലയിരുത്തണം.

പഠിക്കുന്ന കുട്ടികൾ നേരത്തെ ഉറങ്ങി വെളുപ്പിന് എഴുനേറ്റു പഠിക്കുമ്പോൾ പെട്ടെന്ന് മനസ്സിലാകുകയും ഓർമ്മയിൽ പതിയുകയും ചെയ്യും എന്ന് പറയാറുണ്ട്. ശാരീരികപ്രവർത്തനങ്ങളുടെ ശാസ്ത്രീയവശങ്ങൾ കൂടാതെ പ്രഭാതവേളകൾ മനസ്സിന് ഏകാഗ്രത നൽകുമെന്ന ഒരു ചിന്തയും കൂടി ഇതിലുണ്ട്.പഠിയ്ക്കുന്ന കുട്ടികൾക്കെന്നല്ല, പ്രഭാതവേളയിൽ യോഗ, ധ്യാനം പ്രാർത്ഥന തുടങ്ങിയവ അനുഷ്ഠിക്കുന്നവർക്കും, മനസ്സിന് ഏകാഗ്രത ആവശ്യമുള്ള എല്ലാ പ്രവൃത്തികൾക്കും പരസ്പരം മത്സരിക്കുന്ന ഉച്ചഭാഷിണികൾ ഒരു തടസ്സം തന്നെയാണെന്ന് പറയാം.

 ഒന്നാം നൂറ്റാണ്ടിൽവന്ന ക്രിസ്തുമതവും ഏഴാംനൂറ്റാണ്ടിൽ വന്ന മുസ്ലിം മതവും ഭാരതത്തിൽ നിലനിന്നിരുന്ന സനാതന/ഹിന്ദുമതവും ഇവിടെ ഇന്നുവരെ മൈത്രിയോടെ ജീവിച്ചുപോന്നു. നാട്ടുരാജാക്കന്മാരുടെഭരണകാലത്ത്അറിവില്ലായ്മകൊണ്ട് ഹിന്ദുക്കൾക്കിടയിൽ ചിലതരംതിരിവുകളും, മത്സരങ്ങളുംഉണ്ടായി. ഹിന്ദുക്കളിടയിൽത്തന്നെസവർണ്ണർഅവർണ്ണർഎന്നവേർതിരിവ്സംഭവിച്ചു.  തൊട്ടുകൂടായ്മതീണ്ടികൂടായ്മതുടങ്ങിയസവര്ണാധിപത്യത്തിൻ്റെനെറികേടുകളുംകേരളത്തിൽഅരങ്ങേറിയിട്ടുണ്ട്.   അതിന്റെഭാഗമായി അവർണ്ണർക്ക്ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ല. പിന്നീട് ക്ഷേത്രപ്രവേശന സമരത്തിന്റെ ഭാഗമായി അതും അനുവദിക്കപ്പെട്ടു.  ഹിന്ദുക്കൾ അവരുടെ തെറ്റ് പിന്നീട് തിരിച്ചറിഞ്ഞു.  ബ്രിട്ടീഷുകാരുടെ വരവിനും ഈ മതസഹിഷ്ണുതയെ പിളർത്താൻ കഴിഞ്ഞില്ല. ഹിന്ദുക്കൾതമ്മിലുള്ള കെട്ടുറപ്പുകൾമുറുകി എന്ന്മാത്രമല്ലഎല്ലാമതക്കാരുംസ്വാതന്ത്രത്തിനുവേണ്ടിഒറ്റകെട്ടായിനിന്നു.. ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചതിനുശേഷം ചില മുസ്ലിം സഹോദരങ്ങൾക്ക് ഹിന്ദുക്കളുടെ സൗഹൃദം നിലനിർത്താൻ കഴിയാതെവന്നതിന്റെ ഫലമാണ് ഇന്ത്യാ വിഭജനം. അതിനുശേഷവും ഭാരതത്തിൽ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മൈത്രി നിലനിന്നുപോന്നു.  

വർണ്ണ-വർഗ്ഗ-സാംസ്കാരിക- സാമൂഹിക വൈജാത്യങ്ങൾ നിലനിൽക്കെ 'നാനാത്വത്തിൽ ഏകത്വം' എന്ന ഒരു കെട്ടുറപ്പിലൂടെ അറിയപ്പെടുന്ന ഭാരതത്തിൽ ഇന്ന്  മത അസഹിഷ്ണുതയ്ക്ക് ഒരു കാരണവും നോക്കിയിരിക്കുകയാണ്  (അന്ധ) മതവിശ്വാസികൾ എന്നത് ലജ്‌ജാവഹംതന്നെ.

ഭരണഘടനയുടെ ഇരുപത്തിയഞ്ചാം ആർട്ടിക്കിൾ അനുശാസിയ്ക്കുന്നത് ഓരോ പൗരനും അവനിഷ്ടമുള്ള മതം സ്വീകരിയ്ക്കാം എന്നത് അവന്റെ മൗലികാവകാശമാണ് എന്നതാണ്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, ജെയിൻ സിക്ക്, ബുദ്ധമതം എന്നിവ കൂടാതെ വേറെയും വിവിധ മതങ്ങൾ സഹോദരസ്നേഹത്തോടെ ജീവിച്ചുവരുന്നതാണ് ഭാരതം. ഓരോ മതങ്ങൾക്കും അവരുടേതായ ആചാരനുഷ്ഠാനങ്ങൾക്ക് സ്വാതന്ത്രവും ഭാരതത്തിലുണ്ട്. അതുകൊണ്ടുതന്നെ ജനങളുടെ ക്ഷേമത്തിനായി ഭരിക്കുന്ന ഗവണ്മെന്റ് ഒരു തീരുമാനമെടുക്കുമ്പോൾ അത് ഒരു പ്രത്യേകവിഭാഗക്കാരെമാത്രം ബാധിക്കുന്ന ഒന്നാകാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.

പ്രഭാതവേളയിലും സന്ധ്യാസമയത്തും ഉച്ചഭാഷിണികൾ സമൂഹത്തിന് ശബ്ദമലിനീകരണം സമ്മാനിക്കുന്നുവെങ്കിൽ അത്  അമ്പലത്തിൽനിന്നോ പള്ളിയിൽനിന്നോ മുസ്ലിം പള്ളിയിൽനിന്നോ എവിടെ നിന്നാണെങ്കിലും  അവയുടെ ഉപയോഗത്തിൽ നിയന്ത്രണം അനുശാസിക്കുന്ന ഒരു നിയമം ജനക്ഷേമത്തിനായി നടപ്പിലാക്കുക എന്നതാണ് സർക്കാരിന്റെ ദൗത്യം.ആ നിയമത്തിന്റെ കാര്യത്തിൽ ഹിന്ദു ദേവാലയങ്ങൾക്കോ, കൃസ്ത്യൻ ദേവാലയങ്ങൾക്കോ, മുസ്ലിം പള്ളികൾക്കോ എന്ന വ്യത്യാസം കാണിയ്ക്കേണ്ടതായ ആവശ്യമില്ല. ഇത്തരം സാമൂഹികപ്രശ്നങ്ങളെ ഒരു മതവിഭാഗത്തിന്റെ മാത്രംപ്രശ്നമാക്കിമതവികാരങ്ങളെ വ്രണപ്പെടുത്താതെ, ജനക്ഷേമത്തിനായിഒരു നിയമംഎന്നതല്ലേ അനിവാര്യം?


Join WhatsApp News
Das 2021-01-18 18:10:11
Need of the hour & let the time prove; thought-provoking, anyway ...
Sudhir Panikkaveetil 2021-01-18 21:31:46
ഹിന്ദുക്കൾ അവരുടെ മന്ത്രങ്ങൾ ഉച്ചത്തിൽ ചൊല്ലാറുണ്ട്. ശ്രീമതി ജ്യോതിലക്ഷ്മി എഴുതിയപോലെ അമ്പലത്തിനു ചുറ്റിലും സവർണ്ണർ മാത്രമെന്ന സ്ഥിതി മാറി എല്ലാ ജാതിക്കാരും താമസിക്കുന്ന ഏതോ ഗ്രാമത്തിൽ രസകരമായ ഒരു സംഭവമുണ്ടായി. തിരുമേനി ഗായത്രി മന്ത്രം എന്നും ഉറക്കെ ചൊല്ലുക പതിവായിരുന്നു. ഇല്ലത്തിനു അധികം ദൂരമല്ലാതെ ഒരു കൃസ്തീയ ഭവനമുണ്ടായിരുന്നു. ഒരു ദിവസം ആ വീട്ടിലെ ഒരാൾ തിരുമേനിയുടെ അടുത്തു വന്നു ചോദിച്ചു. എന്തിനാണ് എന്നും രാവിലെ എന്നെ വിളിക്കുന്നത്. എന്റെ പേര് ഒഴികെ ഒന്നും എനിക്ക് മനസ്സിലാകുന്നില്ല. തിരുമേനിക്ക് കാര്യം പിടി കിട്ടി. ശുമ്പൻ എന്നു പറഞ്ഞു താമ്പൂല രസം അവിടമെല്ലാം തെറിപ്പിച്ചു. എന്നിട്ട് താഴെ പറയുന്ന ഗായത്ര മന്ത്രം ചൊല്ലി കേൾപ്പിച്ചു . ഓം ഭൂർ ഭുവ: സ്വ:, തത്സവിതുർവരേണ്യം, ഭർഗോ ദേവസ്യ ധീമഹി , ധിയോ യോ ന:പ്രചോദയാത് : വായനക്കാർക്ക് ഇപ്പോൾ മനസ്സിലായി കാണും. പക്ഷെ കുറ്റം ദേവസ്സി എന്ന മാപ്പിളയുടെ അല്ലായിരുന്നു. തിരുമേനി മന്ത്രം ഗ്രഹിച്ചല്ല ചൊല്ലിയത്. ചൊല്ലുമ്പോൾ ഋഷി, ഛന്ദസ്, ദേവത എന്നീ ഘടകങ്ങൾ ശ്രദ്ധിക്കണം. മൃഗ മുദ്രയോടെ മൂർദ്ധാവിൽ തൊട്ടിട്ടാണ് ചൊല്ലേണ്ടത്. അതേപോലെ അതിലെ വാക്കുക്കൾ തെറ്റാതെ പറയണം. തിരുമേനി ദേവസ്യധീമഹി എന്ന് കൂട്ടി ചൊല്ലാതെ ദേവസ്യ എന്നു പറഞ്ഞു നിർത്തി ധീമഹി എന്നു തുടർന്നു. ഹിന്ദു ദേവത മന്ത്രങ്ങളിൽ തന്റെ പേരുണ്ടെന്ന് അഹങ്കരിച്ച ദേവസ്സി അങ്ങനെയല്ലെന്ന് തിരിച്ചറിഞ്ഞു നിരാശനായി മടങ്ങി. ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാർ ഇത്തരം ലേഖനങ്ങളുടെ വീണ്ടും വരിക.
V.George 2021-01-18 23:47:26
THANK YOU JYOTI LAKSHMI NAMBIYAR. WHAT THIS SO CALLED RELIGIOUS LEADERS DOING TO THE KERALA PEOPLE IS NUISANCE IN THE NAME OF THEIR GOD! KERALA GOVERNMENT MAY BE TOO SCARED TO QUESTION THESE RELIGIOUS FANATICS. IT WILL BE NICE IF FOKANA/FOMA PEOPLE CAN SUBMIT MEMORANDUMS TO KERALA RELIGIOUS HEADS TO STOP THIS UTTER NONSENSE. AT LEAST THEY WILL REALIZE THAT PEOPLE ARE AGAINST THEIR MOCKERY.
കോരസൺ 2021-01-19 03:12:45
കാലികമായ വിഷയമാണ് . ശബ്ദമലിനീകരണം ഒരു തീരാശാപമായി കേരളത്തിൽ. പലർക്കും അതിനെതിരേ എന്തെങ്കിലും പറയാൻ സാധിക്കാത്തതു ജീവനിൽ കൊതിയുള്ളത് കൊണ്ടാണ്. അടുത്തസമയത് എന്റെ നാട്ടിൽ ഉച്ചക്ക് സെൻട്രൽ ജംഗഷനിൽ നിന്നും വളരെ ഉച്ചത്തിൽ ബാംഗ് വിളി. പ്രാർത്ഥനക്കു ഉള്ള ക്ഷണമാണ് അതെന്നറിയാം. ഇപ്പോൾ ടെസ്റ്റിംഗും മെസ്സേജിങ്ങും വ്യാപകമായി ഉപയോഗപ്പെടുത്തുമ്പോൾ നിസ്കാരത്തിനു തയ്യാറാകുന്നവർ മാത്രം കേട്ടാൽ പോരെ? പണ്ട് വീടുകളിൽ നാമജപം അമ്പലത്തിൽ നിന്നും കേൾക്കുന്നത് ഒരു സുഖമായിരുന്നു. എപ്പോൾ അത് കേൾക്കണ്ടവർക്ക്‌ മാത്രമായി ആറു പരിമിതപ്പെടുത്താൻ സാധ്യത ഉള്ളപ്പോൾ എന്തിനു പരസ്യമായി അത് വിതരണം ചെയ്യുന്നു? ഒട്ടും മോശമല്ല ക്രിസ്തീയ കൂട്ടായ്മകൾ നടത്തുന്ന ശബ്ദമലിനീകരണം. പെരുനാൾ കുർബാന എന്തിനാണ് കോളാമ്പിയിൽ വച്ച് നിറത്തിലും ചന്തയിലും വിളമ്പുന്നത് എന്ന് മനസ്സിലാകുന്നില്ല. കാലത്തിനനുസരിച്ചു ഇക്കാര്യത്തിൽ നമ്മൾ മാറ്റം ചിന്തിക്കുന്നില്ല. അടുത്തസമയത് പഞ്ചായത്തു തിരഞ്ഞെടുപ്പ് കാലത്തു ഓരോ അഞ്ചു മിനിട്ടു ഇടവിട്ട് വലിയ ബോക്സ് മൈക്ക് സെറ്റ് വച്ച് ഓരോ ഊടുവഴിയിലൂടെയും വോട്ട് ചോദിച്ചു പോക്കലാണ്. അതുപോലെ തന്നെയാണ് വൈദുത അലങ്കാരങ്ങൾ. പള്ളി അമ്പലങ്ങൾ ഒക്കെ കിലോമീറ്റര് ട്ടോ കിലോമീറ്റർ റോഡ് സൈഡ് മുഴുവൻ അലങ്കരിക്ക്കുകയാണ് . ഏതൊരു ഭീമമായ വേസ്റ്റ് ആണിത്. എന്തയാലും നല്ലൊരു വിഷയം ശ്രീമതി ജ്യോതിലക്ഷ്മി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. കോരസൺ
Jyothylakshmy Nambiar 2021-01-21 06:16:20
ലേഖനം വായിച്ച് അഭിപ്രായം എഴുതിയ ശ്രീ ദാസ്, ശ്രീ സുധീർ പണിക്കവീട്ടിൽ, ശ്രീ ജോർജ്ജ്, ശ്രീ കോരസൻ എന്നിവർക്ക് വായനക്കും, പ്രോത്സാഹനത്തിനും നന്ദി
Sreedevi 2021-01-22 20:50:42
Jyothy’s article on a current topic ,as usual,shows how easily and effortlessly she could write on current issues very Informative! Looking forward to more articles
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക