Image

മരണ മാസ്‌ പ്രകടനവും ആഘോഷവും; തിയേറ്ററുകള്‍ ഇളക്കി മറിച്ച്‌ മാസ്റ്റര്‍

Published on 18 January, 2021
 മരണ മാസ്‌ പ്രകടനവും ആഘോഷവും; തിയേറ്ററുകള്‍ ഇളക്കി മറിച്ച്‌ മാസ്റ്റര്‍

അപ്രതീക്ഷിതമായെത്തിയ കോവിഡ്‌ ലോകത്തിന്‌ നല്‍കിയ പ്രഹരം സിനിമാലോകത്തിനു കൂടിയുള്ളതായിരുന്നു. രാജ്യമൊട്ടാകെ സമ്പൂര്‍ണ്ണ ലോക്ക്‌ ഡൗണിലേക്ക്‌ നീങ്ങിയപ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ ആഘോഷങ്ങളെ അകറ്റി നിര്‍ത്താന്‍ അധികാര കേന്ദ്രങ്ങള്‍ക്ക്‌ സാമാന്യ ജനത്തിന്റെ ഏറ്റവും വലിയ വിനോദോപാധിയായ തിയേറ്ററുകള്‍ അടച്ചിടേണ്ടി വന്നു. ഏകദേശം പത്തു മാസത്തിനു ശേഷമാണ്‌ തിയേറ്ററുകള്‍ സംസ്ഥാനത്ത്‌ തുറന്നത്‌. അതും കര്‍ശനമായ കോവിഡ്‌ ചട്ടങ്ങള്‍ പാലിച്ചു കൊണ്ട്‌.

കോവിഡ്‌ കാരണം അടച്ചിട്ട തിയേറ്ററുകള്‍ കേരളത്തില്‍തുറന്നപ്പോള്‍ ആദ്യം റിലീസ്‌ ചെയ്യുന്ന ചിത്രമെന്ന പെരുമയുമായാണ്‌ ഇളയ ദളപതി വിജയ്‌ന്റെ `മാസ്റ്റര്‍' കേരളത്തിലെത്തിയത്‌. അതിനു മുമ്പു തന്നെ വിജയ്‌ന്റെ ആരാധകര്‍ സിനിമയെ വരവേല്‍ക്കാന്‍ രംഗത്തിറങ്ങിയിരുന്നു. മാനഗരം, കൈതി എന്നീ രണ്ടു ചിത്രങ്ങളിലൂടെ തമിഴ്‌ സിനിമാ ലോകത്ത്‌ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകന്‍ ലോകേഷ്‌ കനഗരാജിന്റെ തികച്ചും വ്യത്യസ്‌തമായ ചിത്രമാണ്‌ `മാസ്റ്റര്‍'.

തികച്ചും വ്യത്യസ്‌തന്‍, ഗംഭീരം എന്നു പറയാവുന്ന ഒരു അധ്യാപകന്റെയും കൊലയും ചോരയും തന്റെ ജീവിത്തതിന്റെ തന്നെ ഭാഗമാക്കിയ കൊടും വില്ലന്റെയും കഥയാണ്‌ മാസ്റ്റര്‍. 

ദുര്‍ഗുണ പരിഹാര പാഠശാലയില്‍ മദ്യമിച്ചു കൊണ്ടു കുട്ടികളെ പരിശീലിപ്പിക്കാനെത്തുന്ന അധ്യാപകന്‍ ജോണ്‍ ദുരൈ എന്ന ജെഡിയും ദുര്‍ഗുണ പരിഹാര പാഠശാലയിലെ കുട്ടികളെ കൊണ്ട്‌ കുറ്റകൃത്യങ്ങള്‍# ചെയ്യിച്ച്‌ തന്റേതായ വലിയൊരു ഗുണ്ടാ സാമ്രാജ്യംകെട്ടിപ്പടുക്കുകയും ചെയ്യുന്ന ഭവാനി എന്ന പക്കാ ക്രിമിനലിന്റെയും കഥയാണ്‌ മാസ്റ്റര്‍ എന്ന്‌ ഒറ്റ വാചകത്തില്‍ പറയാം. ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ്‌ ചിത്രത്തിന്റെ ഹൈലൈറ്റ്‌. ആത്യന്തികമായി തിന്‍മയുടെ മേല്‍ നന്‍മ നേടുന്ന വിജയം. 

ഇത്തരം പ്രമേയമുളള നിരവധി ചിത്രങ്ങളില്‍ വിജയ്‌ നായകനായിട്ടുണ്ടെങ്കിലും മാസ്റ്ററില്‍ പ്രമേയം കൈകാര്യം ചെയ്യുന്നതിലെ വ്യത്യസ്‌തത ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നു. സിനിമ തുടങ്ങുമ്പോള്‍ പതിവ്‌ പോലെ വിജയ്‌നെ അതിഗംഭീര മാസ്‌ എന്‍ട്രിയാണ്‌ പ്രേക്ഷകര്‍ പ്രതീക്ഷിക്കുക. എന്നാല്‍ അവിടം മുതല്‍ തന്നെ ട്രീറ്റ്‌മെന്റിന്റെ വ്യത്യസ്‌തത തുടങ്ങുകയാണ്‌. 

നായകന്‌ പകരം മാസ്‌ എന്‍ട്രി നടത്തുന്നത്‌ തമിഴകത്തിന്റെ സ്വന്തം വിജയ്‌ സേതുപതി അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രം ഭവാനിയുടെ കഥ. ചെറുപ്പത്തില്‍ തന്നെ ദുര്‍ഗുണ പരിഹാര പാഠശാലയിലെത്തുന്ന ഭവാനി പിന്നീട്‌ സ്‌നേഹമോ ദയയോ കരുണയോ തൊണ്ടുതീണ്ടാത്ത കൊടും ക്രിമിനലിലേക്കു വളരുന്നത്‌ പ്രേക്ഷകര്‍ അമ്പരപ്പോടെയാണ്‌ കാണുന്നത്‌. 

ഭവാനിയെന്ന കഥാപാത്രത്തിന്റെ ഭീദിതമായ വളര്‍ച്ചയില്‍ ഉത്‌ക്കണ്‌ഠയോടെയിരിക്കുന്ന പ്രേക്ഷകര്‍ക്കു മുന്നിലേക്കാണ്‌ ആര്‍പ്പുവിളികളും ആഘോഷങ്ങളും നിറഞ്ഞ ഉത്സവാന്തരീക്ഷത്തിലേക്ക്‌ അധ്യാപകന്‍ ജെഡി മാസ്റ്ററിന്റെ വരവ്‌. നായകന്റെ എന്‍ട്രി സോങ്ങ്‌ വിജയ്‌ന്റെ ആരാധകരെ പൂര്‍ണ്ണമായും തൃപ്‌തിപ്പെടുത്തുന്നതാണെന്ന്‌ തിയേറ്ററുകളില്‍ നിറയുന്ന ആരവങ്ങളില്‍ നിന്നും കണ്ടറിയാം. അതിനു ശേഷം വിജയ്‌ എന്ന താരത്തിന്റെ തേരോട്ടമാണ്‌ കഥയിലാകെ. 

കോളേജിലെ സീനുകളും വളരെ മനോഹരമാണ്‌. പിന്നീട്‌ ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം ജെഡിക്ക്‌ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക്‌ പോകേണ്ടി വരുന്നതും അവിടെ വച്ച്‌ ഭവാനിയുമായി ഏറ്റുമുട്ടേണ്ടി വരുന്നതും തുടര്‍ന്നുള്ള ഉദ്വേഗജനകമായ സംഭവ വികാസങ്ങളുമാണ്‌ ചിത്രത്തില്‍ പറയുന്നത്‌.

തിന്‍മയ്‌ക്കെതിരേ പോരാടുന്ന നായകന്‍, പ്രണയം, ആക്ഷന്‍ ഇങ്ങനെ സ്ഥിരം ഫോര്‍മുലകളില്‍ നിന്നും മാറി നടക്കാന്‍ വിജയ്‌ എന്ന നായകന്‌ പൂര്‍ണമായും സാധിക്കില്ല. എന്നാല്‍ പ്രമേയത്തെ വ്യത്യസ്‌തമായ രീതിയില്‍ അവതരിപ്പിക്കുകയും മാസും ആക്ഷനും പാട്ടും ഡാന്‍സും പ്രണയവുമെല്ലാം കൃത്യമായ അനുപാതത്തില്‍ ചേര്‍ത്ത്‌ ഏറ്റവും ആസ്വാദ്യകരമായ ഒരു ദൃശ്യവിഭവം പ്രേക്ഷകര്‍ക്കായി ഒരുക്കാന്‍ സംവിധായകന്‌ കഴിഞ്ഞു എന്നതാണ്‌ പതിവു വിജയ്‌ ചിത്രങ്ങളില്‍ നിന്നും മാസ്റ്ററിനെ വേറിട്ടു നിര്‍ത്തുന്നത്‌. 

അതു കൊണ്ടു തന്നെ ഒരു മാസം മുമ്പ്‌ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ സകല വിധ യൂട്യൂബ്‌ റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. കോവിഡ്‌ കാലത്ത്‌ തമിഴ്‌നാട്ടില്‍ വിജയ്‌ ചിത്രം റിലീസ്‌ ചെയ്യാന്‍ 100 ശതമാനം സീറ്റുകളും അനുവദിച്ചത്‌ വിവാദമായെങ്കിലും കോടതി ഇടപെട്ട്‌ 50 ശതമാനമാക്കിയിരുന്നു. പിന്നീട്‌ സിനിമയുടെ അവസാന ദൃശ്യങ്ങള്‍ ചോര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും ചിത്രത്തിന്റെ ഗംഭീര വിജയത്തെ തെല്ലും ബാധിച്ചില്ല.

ചിത്രത്തിലെ വിജയ്‌ എന്‌ സൂപ്പര്‍സ്റ്റാറിന്റെ രണ്ടു വ്യത്യസ്‌ത ഗെറ്റപ്പിലുള്ള ജെഡി അദ്ദേഹം അപാരമായ മെയ്‌ വഴക്കം കൊണ്ട്‌ മികച്ചതാക്കിയിരിക്കുന്നു. ഓരോ സീനുകളും ഒന്നിനൊന്ന്‌ മെച്ചം എന്നു പറയാവുന്ന പ്രകടനം എന്നു തന്നെ പറയേണ്ടി വരും. എന്നാല്‍ വിജയ്‌ ചിത്രമെന്ന്‌ പറഞ്ഞ്‌ മാസ്റ്റര്‍ കാണാന്‍ പോകുന്നവര്‍ക്ക്‌ വിജയ്‌ സേതുപതി എന്ന മക്കള്‍ സെല്‍വന്‍ അവതരിപ്പിച്ച ഭവാനിയെന്ന വില്ലന്‍ കഥാപാത്രത്തെ നെഞ്ചിലേറ്റാതെ വയ്യ. കാരണം അത്ര സൂക്ഷ്‌മതയോടെ അത്യന്തം ഗംഭീരമായാണ്‌ അദ്ദേഹം ഭവാനിയെ അവതരിപ്പിച്ചിരിക്കുന്നത്‌. 

ഭവാനി സ്‌ക്രീനില്‍ വരുന്ന ഓരോ രംഗത്തും തിയേറ്റരില്‍ ഉയരുന്ന കൈയ്യടിയും ആര്‍പ്പുവിളികളും അതിന്‌ ഉദാഹരണമാണ്‌. തമിഴ്‌ സിനിമയില്‍ ഇതുവരെയിറങ്ങിയതില്‍ ഏറ്റവും മികച്ച വില്ലന്‍ കഥാപാത്രമെന്നു വിശേഷിപ്പിക്കാവുന്ന കഥാപാത്രമാണ്‌ വിജയ്‌ സേതുപതി അവതരിപ്പിച്ച ഭവാനിയെന്ന്‌ സംശയം കൂടാതെ പറയാം. നായകനുമായുള്ള ക്‌ളൈമാക്‌സ്‌ യുദ്ധത്തില്‍ വിജയിക്കുന്നത്‌ നായകനാണെങ്കിലും അദ്ദേഹത്തോടൊപ്പം കൈയ്യടി കിട്ടുന്നുണ്ട്‌ ഭവാനിയുടെ പ്രകടനത്തിനും മാനറിസങ്ങള്‍ക്കും.

കൈതിക്കു ശേഷം അര്‍ജുന്‍ ദാസ#ിന്റെ മികച്ച പ്രകടനം ഈ ചിത്രത്തില്‍ കാണാം. മാളവിക മോഹന്‍, ശന്തനു ഭാഗ്യരാജ്‌, ആന്‍ഡ്രിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്‌. ചിത്രത്തിന്റെ മൂഡ്‌ ക്രിയേറ്റു ചെയ്യുന്നതിലും ആവേശം നിറയ്‌ക്കുന്നതുമായ സംഗീതമാണ്‌ അനിരുദ്ധ്‌ നല്‍കിയത്‌. ചിത്രത്തിന്റെ വിജയത്തിന്റെ ഒരു ഘടകം ഇതിലെ പശ്ചാത്തല സംഗീതത്തിനുമുണ്ട്‌. 

സത്യന്‍ സൂര്യന്റെ ഛായാഗ്രഹണം മികച്ചതായി. വിജയും വിജയ്‌സേതുപതിയും തകര്‍ത്തഭിനയിച്ച ഫെസ്റ്റിവല്‍ ചിത്രമാണ്‌ മാസ്റ്ററെങ്കിലും അതില്‍ സംവിധായകന്‍ ലോകേഷ്‌ കനഗരാജ്‌ എന്ന പ്രതിഭാധനനായ സംവിധായകന്റെ കൈയ്യൊപ്പും വ്യക്തമായി കാണാം. അതാണ്‌ മാസ്റ്റര്‍.   
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക