Image

അമ്മയെന്ന നന്മ (കവിത: രാജു കാഞ്ഞിരങ്ങാട്)

രാജു കാഞ്ഞിരങ്ങാട് Published on 23 January, 2021
അമ്മയെന്ന നന്മ    (കവിത: രാജു കാഞ്ഞിരങ്ങാട്)
ഞാനിന്നേവരെ പ്രഭാതത്തില്‍
അടുക്കളയില്‍ കയറിയിട്ടില്ല
കനലെരിഞ്ഞു കൊണ്ടിരിക്കുന്ന
ഒരടുപ്പുണ്ടെന്റെ വീട്ടില്‍

ഞാനൊരിക്കലും പാചകം
ചെയ്യുകയോ
വിളമ്പി കഴിക്കുകയോ ചെയ്തിട്ടില്ല
പാചകം ചെയ്ത് വിളമ്പിത്തരുന്ന
ഒരക്ഷയപാത്രമുണ്ടെന്റെ വീട്ടില്‍

പൂക്കള്‍ പറിക്കുന്നതല്ലാതെ
വെള്ളം നനച്ചിട്ടില്ല ഞാനിന്നോളം
തൊടിയിലെ ചെടികള്‍ക്ക്
എന്നും വെള്ളം നല്‍കുന്ന ഒരു കിണറു-
ണ്ടെന്റെ വീട്ടില്‍

രാവിലെയെത്ര മണിക്കുണരണമെന്ന്
ഇന്നോളം സമയം നോക്കിയിട്ടില്ല
എന്നും കൃത്യസമയത്ത് വിളിച്ചുണര്‍ത്തുന്ന
ഒരു നാഴികമണിയുണ്ടെന്റെ വീട്ടില്‍

വീടെങ്ങനെ കഴിയുന്നുവെന്നോ
വൃത്തിയാക്കുന്നുവെന്നോ ഇന്നോളം
ശ്രദ്ധിച്ചിട്ടില്ല
വീടിനെ മുതുകിലേറ്റിക്കൊണ്ടു നടക്കുന്ന
ഒരുവീടുണ്ടെന്റെ വീട്ടില്‍

പുസ്തകങ്ങളിത്രയേറെ വായിച്ചിട്ടും
ജീവിതമെന്തെന്നറിഞ്ഞിട്ടില്ല ഞാന്‍
എല്ലാമെഴുതിവെച്ച ഒരു ജീവിത
പാഠപുസ്തകമുണ്ടെന്റെ വീട്ടില്‍

അമ്മയെന്ന മഹാസാഗരത്തിനല്ലാതെ
നന്മയുടെനൂറായിരം കൈകളാല്‍, -
കണ്‍കളാല്‍
ചേര്‍ത്തുനിര്‍ത്താന്‍ കഴിയില്ലകുടും-
ബത്തെ

ആവിശുദ്ധ ഗ്രന്ഥം മടക്കിയാല്‍
വീടൊരുവീടേയല്ലാതാകും
നന്മയുടെ നല്‍വിളക്ക് പൊലിഞ്ഞാല്‍
ഞാനെന്ന സത്യം വെറും നിഴല്‍

അമ്മയെന്ന നന്മ    (കവിത: രാജു കാഞ്ഞിരങ്ങാട്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക