Image

മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി ഉടന്‍, കലൂര്‍ മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെ

Published on 25 January, 2021
മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി ഉടന്‍, കലൂര്‍ മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രസര്‍ക്കാരിന്റെ സമ്മാനം എന്ന നിലയില്‍ കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് അനുമതി നല്‍കുമെന്നു സൂചന. കലൂര്‍ രാജ്യാന്തര സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണു രണ്ടാം ഘട്ടം. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടക്കുന്ന മറ്റു സംസ്ഥാനങ്ങള്‍ക്കും വേണ്ടിയുള്ള ഏതാനും പദ്ധതികളും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പു സമര്‍പ്പിക്കപ്പെട്ടതാണ്. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസന പദ്ധതി. രാഷ്ട്രീയ തീരുമാനം ഇല്ലാത്തതിനാലാണു ഇത്രയും വൈകിയത്.

പദ്ധതിക്കായി ഉദ്യോഗസ്ഥതലത്തില്‍ സംസ്ഥാനം കാര്യമായ സമ്മര്‍ദം ചെലുത്തുന്നു. സീനിയര്‍ ഉദ്യോഗസ്ഥരെത്തന്നെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. പദ്ധതി അംഗീകരിക്കുന്നതുവഴി ബിജെപി സര്‍ക്കാരിന്റെ വികസന അജന്‍ഡ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കാമെന്നു ബിജെപിയും കരുതുന്നു. പുതിയ മെട്രോ നയം അനുസരിച്ചു കൊച്ചിക്കു മെട്രോ രണ്ടാംഘട്ടത്തിന് അനുമതി ലഭിക്കില്ല. 10 ലക്ഷത്തിനു മേല്‍ ജനസംഖ്യയുള്ള നഗരങ്ങള്‍ക്കു മാത്രം മെട്രോ അനുവദിച്ചാല്‍ മതിയെന്നാണു നയം.

ഇതിന്റെ അടിസ്ഥാനത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതി കേന്ദ്രം തിരിച്ചയച്ചതാണ്. നിലവിലുള്ള ഘട്ടത്തിന്റെ വിപുലീകരണമാണ് ഇതെന്നും പുതിയ പദ്ധതി അല്ലെന്നും കേരളം അറിയിച്ചു.  മെട്രോ ലൈറ്റ് പോലുള്ള നവീന ട്രാം പദ്ധതിയാണു പുതിയ മെട്രോ ലൈനിനു പകരം കേന്ദ്രം നിര്‍ദേശിച്ചത്. എന്നാല്‍ പുതിയ പദ്ധതിയായി തുടങ്ങുമ്പോള്‍ മാത്രമേ മെട്രോ ലൈറ്റ് ചെലവു കുറഞ്ഞതാകുന്നുള്ളു.

കൊച്ചിക്കു മെട്രോ തന്നെയാണു ലാഭകരമെന്നു കെഎംആര്‍എല്‍ എംഡി അല്‍കേഷ്കുമാര്‍ ശര്‍മ പറഞ്ഞു. നിലവിലുള്ള ട്രെയിനുകള്‍ രണ്ടാം ഘട്ടത്തിനും ഉപയോഗിക്കാം. സിഗ്‌നല്‍, കമ്യൂണിക്കേഷന്‍ തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും ഇപ്പോഴുള്ളതിന്റെ തുടര്‍ച്ച മതിയാവും. പുതിയൊരു സംവിധാനമാണെങ്കില്‍ എല്ലാം ഒന്നില്‍ നിന്നു തുടങ്ങണം. ഇതു ചെലവു കൂട്ടും അദ്ദേഹം ചൂണ്ടിക്കാട്ടി. മെട്രോ രണ്ടാംഘട്ടത്തിന് ഉടന്‍ അനുമതി നല്‍കുമെന്നു കേന്ദ്ര നഗര വികസന മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ സെപ്റ്റംബറില്‍ കൊച്ചിയില്‍ പ്രഖ്യാപിച്ചതാണെങ്കിലും പിന്നീടു തീരുമാനം ഉണ്ടായില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക