Image

നെറ്റിപ്പട്ടം കെട്ടിച്ച് എതിരേൽക്കാം : ആൻസി സാജൻ

Published on 03 February, 2021
നെറ്റിപ്പട്ടം കെട്ടിച്ച് എതിരേൽക്കാം : ആൻസി സാജൻ
കോവിഡ് ബാധയുടെ പ്രഥമ വാർഷികവും കടന്ന ആഘോഷകരമായ പോക്ക് കാണുമ്പോൾ ആർപ്പും ആരവവും മുഴക്കി ഡപ്പാംകൂത്തുമായി എതിരേൽക്കുകയാണോ നാം എന്ന് തോന്നുന്നു. ഇവിടെ മാത്രമല്ല ലോകത്തെല്ലായിടത്തുമുണ്ട് ,അപ്പോൾ പിന്നെ ഇന്ത്യയും നമ്മുടെ കൊച്ചു കേരളവും എന്തിന് ഒഴിഞ്ഞു നിൽക്കണം എന്നായിരിക്കും. കോവിഡ് അതിന്റെ വഴിക്കും ജനം അവരുടെ വഴിക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്. സിനിമാക്കൊട്ടകകൾ തുറന്നു. വിദ്യാ കേന്ദങ്ങൾ തുറക്കുന്നു. ആഘോഷങ്ങൾ തിമിർക്കുന്നു.
അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നു പിന്നെയാണോ ഇവിടെ ..?
എഴുന്നള്ളിപ്പ് പോലെ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് കടന്നുപോയി...
ജനനായകരില്ലാത്ത അനാഥത്വം മാറിക്കിട്ടി.
കോവിഡ് സന്തോഷിച്ചു ;കേറിയിറങ്ങാൻ മനുഷ്യരെ കിട്ടിയതിൽ .
ആ തിരഞ്ഞെടുപ്പിന് ശേഷം വൈറസ് വ്യാപനം കൂടിയില്ലേ എന്നത് സംശയമല്ല സത്യം തന്നെയാണ്.
ഇലക്ഷൻ വന്നാൽ രാഷ്ട്രീയപ്പാർട്ടിക്കാർക്ക് വിശ്രമിച്ചിരിക്കാൻ പറ്റുമോ ..? അവനവന്റെ ശക്തി തെളിയിച്ച് വിജയിക്കുകയെന്നത് ഭരണപ്രതിപക്ഷ വിഭാഗങ്ങളുടെ അന്തിമലക്ഷ്യം തന്നെയാണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുള്ള പ്രായം കടന്ന നേതാക്കൾ വരെ പ്രചരണ രംഗത്ത് സജീവമായിരുന്നു. ആൾക്കൂട്ടങ്ങൾക്കിടയിലല്ലേ അവരുടെ യഥാർത്ഥ പ്രാണൻ തുടിക്കുന്നത് !
ഇനിയിപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് കടന്നുവരുന്നു. തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് പോലെയാണോ കേരള ഭരണത്തിനുള്ള പോര്..? കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള തീർത്ഥയാത്രകൾ വലിയ
ഒരുപാട് കൊട്ടും പാട്ടുമില്ലാതെയാണെങ്കിലും നടത്തണ്ടേ...
( ഇടയ്ക്ക് തുള്ളിക്കേറാൻ കൊറോണ പതുങ്ങി നടക്കുന്നത് കാണാഞ്ഞിട്ടൊന്നുമല്ല. )
പോരാട്ടങ്ങളിൽ വിജയിക്കാൻ ആരാണാഗ്രഹിക്കാത്തത്...?  
ജനഹൃദയങ്ങളിലേക്ക് കടന്ന് കയറാൻ ചില്ലറ അഭ്യാസം വല്ലതും മതിയാവുമോ?
(ജനങ്ങളെന്നു പറഞ്ഞാൽ എന്താ ശക്തി..!
എപ്പോൾ എങ്ങനെ ചിന്തിക്കും എന്ന് ഒരുറപ്പുമില്ല)
അരങ്ങിലെ യുദ്ധത്തിനു മുമ്പുള്ള ആഭ്യന്തര അണിയറ പ്രോഗ്രാമുകൾ സജീവമായിക്കഴിഞ്ഞു.
രാഷ്ട്രീയക്കാരെ മാത്രം എന്തിന് പറയുന്നു ? നിലവിലെ നിയമങ്ങൾക്കോ ഭരണ സംവിധാനങ്ങൾക്കോ ഈ പ്രത്യേക സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ കഴിയുമോ..?
ഇപ്പഴിരുന്നു ഭരിക്കുന്നവർ ദുരിതകാലം തീരും വരെ അവിടിരിക്കട്ടെ എന്ന് പ്രതിപക്ഷം കരുതില്ല. പ്രതിപക്ഷത്തെക്കൂടി കൂട്ടിക്കൊണ്ട് ഫലപ്രദമായ പരിപാടികൾ ആവിഷ്കരിക്കാൻ ഭരണപക്ഷത്തിനും ഒട്ടും ആഗ്രഹമില്ല..
എന്നാപ്പിന്നെ ...
പടകാളി ചണ്ഡിച്ചങ്കരി
പോർകളി മാർകളി ...നടക്കട്ടെ.. ( ഭഗവതി അലിവോടൊന്നിത്തിരി കനിയണമേ.. )
ചലച്ചിത്ര അവാർഡ് നിരത്തി വച്ചിട്ട് അവനവന് വേണ്ടത് വന്നെടുത്തോണ്ട് പോ, എന്ന് പറയുന്നതു പോലെയാണോ എം.എൽ എ ,മന്ത്രി, മുഖ്യമന്ത്രിപ്പട്ടങ്ങൾ !
അനുഭവിക്ക തന്നെ..
NB:- നല്ല കാശ് പിഴ ചുമത്തിയാൽ സകലരും മര്യാദയ്ക്കിരിക്കും. കാശേത്തൊട്ടൊള്ള കളി മാത്രമേ നമ്മൾ സീരിയസായെടുക്കൂ...
ഇലക്ഷനും ബഹളവും നടത്തരുതെന്ന് പറയാൻ ഇനിയും ഏതെങ്കിലും വലിയ അവതാരം പിറക്കേണ്ടിയിരിക്കുന്നു.
കോവിഡേ നീ പേടിക്കേണ്ട.
Join WhatsApp News
Renu Sreevatsan 2021-02-09 13:33:42
യാഥാർഥ്യങ്ങളുടെ നേരെ പിടിച്ച കണ്ണാടി പോലെ ഈ എഴുത്ത്. Superb
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക