Image

അമ്മയില്ലാത്ത വീട്( കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 10 February, 2021
അമ്മയില്ലാത്ത വീട്( കവിത: രാജന്‍ കിണറ്റിങ്കര)
അവിടെ
അടുക്കളയിലെ
പാത്രങ്ങള്‍
തുള്ളിച്ചാടി
കലപില കൂട്ടില്ല

മുറ്റത്തെ 
കരിയിലകള്‍
അനക്കമില്ലാതെ
മാനം നോക്കി
കിടക്കും

തട്ടിന്‍പുറത്തെ
എലികളും
ചിലന്തികളും
ഗോവണിപ്പടിയിലെ
കാലനക്കം കേട്ട്
പേടിക്കാറില്ല

ഉമ്മറത്തറയിലെ
തുളസിയും
നന്ത്യാര്‍വട്ടവും
ഒരു വിരല്‍ സ്പര്‍ശം
കൊതിച്ച് പിറുപിറുക്കും
ഇന്നും വന്നില്ല

അടുക്കളക്കിണറിലെ
പരല്‍ മീനുകള്‍
ജലപ്പരപ്പിലെ
ഒരു ഓളത്തിന് വേണ്ടി
മേല്‍പോട്ട് നോക്കും
വെള്ളം കോരാറില്ല ആരും

പൂജാമുറിയിലെ
ഓട്ടു വിളക്ക്
കരി വിളക്കായി
മുനിഞ്ഞു കത്തും
ഒരു കടമ 
നിറവേറ്റും പോലെ


*അച്ഛനില്ലാത്ത വീട്*

സിമന്റു തറയിലെ
ചാരു കസേര
തുണിയുരിഞ്ഞ്
പടിക്കലേക്ക്
നോക്കി കിടക്കും

അകത്ത്
കട്ടിലിനടിയിലെ
മുറുക്കാന്‍ ചെല്ലത്തില്‍
കരിഞ്ഞുണങ്ങിയ
ഒരു വെറ്റിലനാമ്പ്
തല നീട്ടി കിടക്കും

തെക്കെ മുറ്റത്തെ
വയ്‌ക്കോല്‍ കൂനകള്‍
കണ്ണുകള്‍ പൂട്ടി
മുഖം കുനിച്ച്
അനാഥരായി നില്‍ക്കും

തൊടിയിലെ
വാഴക്കുലകള്‍
കിളി കൊത്തി
പല്ലിളിച്ച്
ആടിക്കളിക്കും

ഉമ്മറം
കാവല്‍ക്കാരനില്ലാത്ത
റെയില്‍വേ
ഗേയ്റ്റ് പോലെ
ശൂന്യമായി കിടക്കും
ഭയവും ശങ്കയുമില്ലാതെ
പടി കടന്ന് വരുന്നവര്‍.

ചുവരിലെ രണ്ട്
നിശ്ശബ്ദ ചിത്രങ്ങള്‍ മാത്രം
പരസ്പരം
സാന്ത്വനമേകും .



അമ്മയില്ലാത്ത വീട്( കവിത: രാജന്‍ കിണറ്റിങ്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക