Image

ഒഴിവാക്കൽ മേളകൾ : ആൻസി സാജൻ

Published on 17 February, 2021
ഒഴിവാക്കൽ മേളകൾ : ആൻസി സാജൻ
രാജ്യാന്തര ചലച്ചിത്ര മേള രണ്ടു പതിറ്റാണ്ടിനുശേഷം  കൊച്ചിയിലെത്തുന്നു. കോവിഡ് മേളയാണ് ലോകമാകെയെങ്കിലും സിനിമാലോകത്തിന് ഉൽസവമുണർത്തുന്ന ഉൽസാഹപ്പൂരമാണ് നടക്കുന്നത്. കല്ല്യാണം നടത്തുമ്പോഴും പെരുന്നാള് കഴിക്കുമ്പോഴുമൊക്കെ പരാതി പ്രളയങ്ങളുണ്ടാകും. വിളിച്ചില്ല; കണ്ടിട്ടും മിണ്ടിയില്ല; നല്ല കസേര തന്നില്ല ; ഉപ്പില്ല മുളകില്ല: അങ്ങനെ നൂറുകൂട്ടം പരിഭവങ്ങൾ . എന്നാലും കാര്യങ്ങളൊക്കെയങ്ങ് മുറപോലെ നടക്കും.
ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ചലച്ചിത്ര പ്രവർത്തകരെ ഉദ്ഘാടനച്ചടങ്ങിൽ ദീപം തെളിക്കാൻ ക്ഷണിക്കുന്നത് നല്ല കാര്യം തന്നെ. കൊച്ചിയിലാണ് സിനിമാ പ്രവർത്തകർ അധികവും. എന്നാൽ എറണാകുളംകാരനായ സലിം കുമാറിനെ ഒഴിവാക്കിയ വാർത്തകൾ പ്രതിഷേധം വിളിച്ചു വരുത്തുന്നു. അദ്ദേഹം പരാതിയുമായി രംഗത്ത് വന്നു കഴിഞ്ഞു. ദേശീയ സംസ്ഥാന സിനിമാ പുരസ്കാരങ്ങളും ടെലിവിഷൻ സമ്മാനവും ലഭിച്ച തന്നെപ്പോലെ ജില്ലയിൽ മറ്റാരുമില്ലെന്നും സലിം കുമാർ പറയുന്നു.
തന്നെ ഒഴിവാക്കിയത് വ്യക്തമായ രാഷ്ട്രീയക്കളി ആണെന്ന് സലിം കുമാർ ആക്ഷേപമുയർത്തുന്നു. താനൊരു കോൺഗ്രസുകാരനാണെന്ന് തെളിച്ചു പറയുന്നുമുണ്ട് സലിം കുമാർ. സി.പി.എം. മേളയാണ് കൊച്ചിയിൽ അരങ്ങേറുന്നതെന്നും അദ്ദേഹം ആക്ഷേപിക്കുന്നു. പ്രായക്കൂടുതലാണ് കാരണമെന്ന് ഭാരവാഹികൾ സൂചിപ്പിച്ചതായും വായിച്ചു.
എഴുത്തിലും സിനിമയിലും മറ്റ് കലാ പ്രവർത്തനങ്ങളിലും രാഷ്ട്രീയം കടന്നുകൂടുന്നതുകൊണ്ട് എന്താണ് ഗുണം ..?
സി.പി.എം. കലാകാരൻമാർ , കോൺഗ്രസ് കലാകാരൻമാർ , മുസ്ലീം ലീഗ് കലകൾ ,കേരള കോൺഗ്രസ് മാണി, ജോസഫ് , പിന്നെയും വേറെ ഗ്രൂപ്പുകൾ അടങ്ങിയ കലകൾ എന്നൊക്കെയുണ്ടോ ? (കേരള കോൺഗ്രസ്സ് ബി. പിളർന്നെന്ന വാർത്തകേട്ട് കേരളം ഞെട്ടിത്തരിച്ചു നിൽപ്പാണിപ്പോൾ . ഗണേഷിനോട് ഇടഞ്ഞ് പിളർന്നു എന്നാണ് പത്രക്കാരന്റെ തലക്കെട്ട്. ആനയാണോ ഗണേഷ് കുമാർ എന്നൊരു ചോദ്യം ഉയരാനിടയുണ്ട്. )
പ്രശസ്ത ചലച്ചിത്രകാരൻ ഷാജി.എൻ. കരുണിനെ ഉദ്ഘാടനച്ചടങ്ങിന് ക്ഷണിച്ചെങ്കിലും കാര്യമായ ഒരു റോളും നൽകാതെ ചലച്ചിത്ര അക്കാഡമി ഭാരവാഹികൾ അവഗണിച്ചെന്നും വാർത്ത കണ്ടു.
അദ്ദേഹം ഏത് പാർട്ടിക്കാരനാണെന്ന് പറഞ്ഞിട്ടുള്ളതായി അറിഞ്ഞിട്ടില്ല.
ഏതായാലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെട്ട ചലച്ചിത്ര മേളയുടെ ഫ്ളെക്സിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചു. അതു കണ്ട് വന്ന ഇടതുപക്ഷ യൂണിയൻകാർ യൂത്ത് കോൺഗ്രസ്സുകാർക്ക് നേരെ കല്ലെറിഞ്ഞെന്നും പറയുന്നു.
വേറൊരു വലിയ കാര്യം. രമേഷ് പിഷാരടി കോൺഗ്രസ്സിലെത്തി എന്നതാണ്. മൽസരിക്കാനില്ല; പ്രവർത്തിക്കും എന്ന് പറയുന്നു. പിഷാരടിക്കൊപ്പം ഇടവേള ബാബുവും പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്രയുടെ വേദിയിൽ എത്തിയിരുന്നു. ധർമ്മജൻ ബോൾഗാട്ടിയും കോൺഗ്രസുകാരനാണെന്ന് എല്ലാവർക്കും അറിയാം. സീറ്റ് കൊടുത്തില്ലെങ്കിലും തോൽക്കുന്ന സീറ്റ് കൊടുത്താലും ധർമ്മജൻ പാർട്ടി വീര്യം കളയില്ലെന്ന് പറഞ്ഞ് കേട്ടു.
തിരഞ്ഞെടുപ്പടുക്കുമ്പോൾ
മണ്ണും ചാരി നിൽക്കുന്നവരൊക്കെ ഇനിയും അടുത്തു കൂടും. ഓരോ പാർട്ടിക്കും വേണ്ടി കാലങ്ങളായി രാപ്പകൽ  പ്രവർത്തനം നടത്തിവരുന്നവരെ നൈസായങ്ങ് ഒഴിവാക്കും. സലിം കുമാറിനെപ്പോലെ പരാതി പറഞ്ഞിട്ടൊന്നും കാര്യമില്ല.
കല്യാണത്തിനായാലും അമ്പ് പെരുന്നാളിനായാലും നാലാള് കൂടുന്ന ഏതൊരു ചടങ്ങിനായാലും അവഗണയേൽക്കുന്നവർക്കറിയാം അവരുടെ മനോവേദനയുടെ ആഴം..!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക