Image

ഒരു മകളുടെ പിതൃസ്‌മരണ (ഫാദേഴ്‌സ്‌ ഡേ)

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ Published on 15 June, 2012
ഒരു മകളുടെ പിതൃസ്‌മരണ (ഫാദേഴ്‌സ്‌ ഡേ)
വര്‍ഷദശമൊന്നു പിന്നിട്ടെന്‍ താതന്റെ
വാരുറ്റസ്‌നേഹത്തിരിയണഞ്ഞിട്ടയേ,
തൊണ്ണൂറ്റിമൂന്നു വസന്തങ്ങള്‍ ഭൂവിതില്‍
പുണ്യശ്ലോകനായ്‌ ജീവിച്ചോരു ശാന്തതന്‍ !
അഷ്‌ഠതനൂജര്‍ക്കായ്‌ ജീവിതം ഹോമിച്ച
ഉത്തമാദ്ധ്യാപക ശ്രേഷ്‌ഠനായ്‌ രാജിച്ച,
സത്യം, ധര്‍മ്മം, ദൈവഭക്തിയോടാദ്യന്തം
സദ്‌പാത കാട്ടിയ സത്തമന്‍, സംപൂജ്യന്‍ !
മല്‍വന്ദ്യതാതന്റെ സത്‌ക്കര്‍മ്മ വീഥിയാ
ണെന്‍ ജീവപാതയിന്‍ ദീപകമെന്നുമേ,
എത്ര കഠോരമാം കല്ലോല കന്ദളം
നിര്‍ദ്ദയം ജീവിതനൗകയുലച്ചിട്ടും
പ്രാര്‍ത്ഥനാമന്ത്രങ്ങളേകാന്തയാമത്തി
ന്നര്‍ത്ഥനയാല്‍ തോണി തീരത്തടുപ്പിച്ചോര്‍,
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമായ്‌
വിദ്യാധനമേറെ മക്കള്‍ക്കു നല്‍കിയോര്‍
എന്‍ ജന്മം, എന്നില്‍ തുടിക്കുന്ന സ്‌പന്ദനം,
എന്‍ സിരാവ്യൂഹത്തിലോടുന്ന ശോണിതം,
എന്നിലെ പൈതൃകം, പാരമ്പര്യം, സത്ത്വം,
എന്‍താത ജീവത്വ സാകല്യമല്ലയോ!
നന്ദിചൊല്ലുന്നു ഞാന്‍ ദൈവമേ ഇത്രമേല്‍
ധന്യനാം മല്‍താതലബ്ധിയെയോര്‍ത്തു ഞാന്‍..
വൈദ്യുതീ സൗകര്യമില്ലാത്താനാളില
ന്നന്തിയില്‍ നീര്‍ത്തൊരാ പായിലെ പ്രാര്‍ത്ഥന
സദ്ദുപദേശങ്ങള്‍, ചിട്ട, ചട്ടങ്ങളും
ചുറ്റുമിരുത്തിത്തന്‍ മക്കളിലോതിയോര്‍,
ഭഅന്യന്റെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നീടണം
അര്‍ത്ഥിയെ കൈവെടിയാതെ തുണയ്‌ക്കണം
ദൈവത്തെ മുന്‍നിര്‍ത്തി ജീവിക്കിലേതിനും
ദൈവതമുണ്ടാകുമെന്നുപദേശിച്ചാര്‍
ലാളിത്യം, ഗുരുത്വം, നിര്‍മ്മല മാനസം
ആളുമൊരഗ്നിയായുള്ളില്‍ തെളിക്കുകെ ?
ന്നെന്‍ ജീവവൃക്ഷത്തിന്‍ നാരായവേരായൊ
രെന്‍ ജനിത്വന്‍ തന്ന ചൈത്യസൂക്തങ്ങളും,
വിരിഞ്ഞകരങ്ങളെന്‍ ശിരസ്സിലണച്ചച്ഛന്‍?
വാരിച്ചൊരിഞ്ഞോരനുഗ്രഹമാരിയും,
എപ്പോഴുമാലക്തികപ്രഭാപൂരമാ
യെന്‍ജീവപാതയിന്‍ ശാദ്വല സാന്ത്വനം.
കാലങ്ങളെത്ര കഴിഞ്ഞാലുമെന്‍മുന്നില്‍
കാണുന്നെന്‍ താതന്റെ സ്‌മേരവദനം ഞാന്‍
എന്തു ദുഃഖം പ്രതിസന്ധി വന്നാകിലും
എന്നും തുണയ്‌ക്കുവാനരികത്തുണ്ടെന്നച്ഛന്‍
എന്‍ഹൃത്തിലെപ്പൊഴും വാസം ചെയ്‌തീടുമാ
നന്മനിറഞ്ഞോരെന്നച്ഛാ, നമിപ്പു ഞാന്‍ !

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്കു്‌
Yohannan.elcy@gmail.com)
ഒരു മകളുടെ പിതൃസ്‌മരണ (ഫാദേഴ്‌സ്‌ ഡേ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക