Image

കേരള യാത്രക്കാര്‍ക്ക് കര്‍ണ്ണാടക ആര്‍ടിപിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമാക്കി

Published on 22 February, 2021
കേരള യാത്രക്കാര്‍ക്ക് കര്‍ണ്ണാടക ആര്‍ടിപിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമാക്കി
മാനന്തവാടി : കേരളത്തില്‍ കോവിഡ്  രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ സംസ്ഥാന  അതിര്‍ത്തിയില്‍ കര്‍ണാടക അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കി. ഇന്നലെ രാവിലെ മുതല്‍ കേരളത്തില്‍നിന്നു കര്‍ണാടകയിലേക്കു പോകുന്നവര്‍ക്ക് കോവിഡില്ലെന്ന പരിശോധനാ ഫലം നിര്‍ബന്ധമാക്കിയിട്ടുണ്ട്.  16ന് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന കര്‍ശനമായിരുന്നില്ല. ബാവലി, കുട്ട അതിര്‍ത്തിയില്‍ കോവിഡില്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമേ വാഹനങ്ങളിലെത്തുന്നവരെ കര്‍ണാടകയിലേക്കു പ്രവേശിപ്പിക്കൂ.

കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ അതിര്‍ത്തിയില്‍ നിന്ന് തിരിച്ചയക്കുകയാണ് ചെയ്യുന്നത്. ചെക് പോസ്റ്റില്‍ എത്തുന്നതിന് 72 മണിക്കൂറിനിടയില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാഫലമാണ് ആവശ്യപ്പെടുന്നത്. ഇന്നലെ രാവിലെ 10ന് ശേഷം ബാവലി, കുട്ട ചെക് പോസ്റ്റുകളില്‍  കര്‍ണാടക ആരോഗ്യവകുപ്പും റവന്യു വകുപ്പും പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. കേരളത്തില്‍ നിന്ന് എത്തിയ ഒട്ടേറെ വാഹനങ്ങള്‍ അതിര്‍ത്തിയില്‍ കുടുങ്ങി. ഇതോടെ തിരുനെല്ലി പൊലീസ് സ്ഥലത്തെത്തി കര്‍ണാടക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് പച്ചക്കറി കൊണ്ടുവരാനായി പോവുന്ന ചരക്കുവാഹനങ്ങളും മറ്റും കടത്തി വിട്ടു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമായി തുടരുമെന്നു തന്നെയാണ് കര്‍ണാടക അധികൃതര്‍ പറയുന്നത്.

ആര്‍ടിപിസിആര്‍ പരിശോധന നടത്തിയാലും ഫലം വേഗം കിട്ടാത്തതതാണു യാത്രക്കാരെ പ്രയാസത്തിലാക്കുന്നത്. പലയിടത്തും 2 ദിവസങ്ങള്‍ക്കു ശേഷമാണു പരിശോധനാ ഫലം ലഭിക്കുന്നത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കും മറ്റുമായി നിത്യേന കര്‍ണാടകയില്‍ പോയി വരുന്നവര്‍ക്കു നിയന്ത്രണം കനത്ത തിരിച്ചടിയാണ്. കോവിഡ് തുടങ്ങിയ സമയത്ത് കര്‍ണാടക തോല്‍പെട്ടി അതിര്‍ത്തി മണ്ണിട്ട് അടച്ചിരുന്നു. ഏറെ മുറവിളികള്‍ക്കു ശേഷമാണ് മണ്ണു നീക്കി ഗതാഗതം പുന:സ്ഥാപിച്ചത്. അവശ്യ സാധനങ്ങള്‍ കൊണ്ടുവരാനായി പ്രതിദിനം കര്‍ണാടകയില്‍ പോയി വരുന്നവരെ അടക്കം വലയ്ക്കുന്ന നിയന്ത്രണം ഒഴിവാക്കാന്‍ സംസ്ഥാന  സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക