Image

ദൃശ്യം 2: നെഞ്ചിടിപ്പിക്കുന്ന ത്രില്ലര്‍, കൈയടി നേടുന്ന ജീത്തു ജോസഫ്‌ (സൂരജ് കെ. ആർ)

Published on 22 February, 2021
ദൃശ്യം 2: നെഞ്ചിടിപ്പിക്കുന്ന ത്രില്ലര്‍, കൈയടി നേടുന്ന ജീത്തു ജോസഫ്‌ (സൂരജ് കെ. ആർ)
ത്രില്ലര്‍ ജോണറിലുള്ള സിനിമകളില്‍ അസാമാന്യ കൈയടക്കം പ്രകടിപ്പിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ആദ്യ സിനിമയായ ഡിറ്റക്ടീവില്‍ തന്നെ നൂതനമായ ആശയങ്ങളിലൂന്നിയുയുള്ള ക്രൈം അവതരിപ്പിച്ച ജീത്തു ജോസഫ് പക്ഷേ ഹിറ്റിനായി വീണ്ടും കാത്തിരിക്കേണ്ടിവന്നു. മമ്മി & മി, മൈ ബോസ് തുടങ്ങിയ കുടുംബസിനിമകളുടെ സംവിധായകനായാണ് അദ്ദേഹം ഹിറ്റ് ഡയറക്ടര്‍ പദവിയിലേക്കുയര്‍ന്നത്. എന്നാല്‍ ആ ട്രാക്ക് പിന്തുടര്‍ന്ന് ഹിറ്റിന് ശ്രമിക്കാതെ ജീത്തു വീണ്ടും തന്റെ ഇഷ്ട ജോണറായ ക്രൈം ത്രില്ലറിലേയ്‌ക്കെത്തി. തുടര്‍ന്ന് 2013ലിറങ്ങിയ മെമ്മറീസ് മികച്ച സിനിമയും, വലിയ വിജയവുമായി. അതേ വര്‍ഷം തന്നെ മോഹന്‍ലാലിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്ത ദൃശ്യമായിരുന്നു പക്ഷേ ജീത്തുവിനെ ഇന്ത്യയൊട്ടാകെ അംഗീകരിക്കുന്ന ചലച്ചിത്രകാരനാക്കി മാറ്റിയത്.
 
കുറ്റകൃത്യം അന്വേഷിച്ച് കണ്ടെത്തുക, കുറ്റം ചെയ്ത നായകന്‍ അതിന്റെ പശ്ചാത്തപവുമായി ജീവിക്കുക അല്ലെങ്കില്‍ പിടിക്കപ്പെടുക എന്നീ തരത്തിലുള്ള സിനിമകള്‍ അനവധിയുണ്ട് മലയാളത്തില്‍. എന്നാല്‍ കുറ്റം തങ്ങള്‍ മനപ്പൂര്‍വ്വം ചെയ്തതല്ലെന്ന് മനസിലാക്കുന്ന സാധാരണക്കാരായ നായകനും കുടുംബവും അത് ഒളിപ്പിക്കുകയും, പോലീസ് അന്വേഷണത്തെ വിദഗ്ദ്ധമായി കബളിപ്പിക്കുകയും ചെയ്യുന്നു എന്നത് പുതുമയുള്ള വിഷയമായിരുന്നു. അതിനാല്‍ത്തന്നെ ദൃശ്യം ഒരു മികച്ച ദൃശ്യാനുഭവമായി മാറുകയും ചെയ്തു. വിവിധ ഭാഷകളിലേയ്ക്ക് ദൃശ്യം റീമേക്ക് ചെയ്യപ്പെടാനുണ്ടായ കാരണവും അത് തന്നെ.
 
 
75 കോടിയോളം കലക്ഷന്‍ റെക്കോര്‍ഡ് തീര്‍ത്താണ് ദൃശ്യം തിയറ്ററുകള്‍ വിട്ടതെങ്കിലും, പോലീസിന് സത്യം അറിയാമെന്നതും, വരുണിന്റെ ബോഡി കിട്ടാത്തതിനാല്‍ മാത്രമാണ് ജോര്‍ജ്ജ് കുട്ടിയും കുടുംബവും ഇന്നും പിടിക്കപ്പെടാത്തത് എന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ ജോര്‍ജ്ജ് കുട്ടിയുടെയും കുടുംബത്തിന്റെയും പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല, ആരംഭിച്ചിട്ടേ ഉള്ളൂ എന്ന് പല നിരൂപകരും വിമര്‍ശനമുയര്‍ത്തുകയും ചെയ്തിരുന്നു. ആ വിമര്‍ശനത്തിലൂന്നിയാണ് ജീത്തു ദൃശ്യത്തിന്റെ രണ്ടാം ഭാഗം അഥവാ ദൃശ്യം 2 The Resumption ഒരുക്കിയിരിക്കുന്നത്.
 
ദൃശ്യത്തിലെ സംഭവങ്ങള്‍ക്ക് ശേഷം ആറ് വര്‍ഷം കഴിഞ്ഞിരിക്കുന്നു. പോലീസ് അന്വേഷണമെല്ലാം ഏതാണ്ട് അവസാനിച്ച മട്ടാണ്. ജോര്‍ജ്ജ് കുട്ടി ഇന്നൊരു തിയറ്റര്‍ മുതലാളിയായി കാറൊക്കെ വാങ്ങി നല്ല രീതിയില്‍ ജീവിച്ചുവരികയും ചെയ്യുന്നു. എന്നാല്‍ ജോര്‍ജ്ജ് കുട്ടി നിരപരാധിയാണ് എന്നല്ല നാട്ടുകാരില്‍ ഭൂരിപക്ഷവും ഇന്ന് വിശ്വസിക്കുന്നത്. പകരം തങ്ങളെ ജോര്‍ജ്ജ് കുട്ടി വിദഗ്ദ്ധമായി പറ്റിച്ചു എന്ന് അഭിപ്രായമുള്ളവര്‍ ഏറെയാണ്. ആ മുറുമുറുപ്പ്  പലപ്പോഴായി സിനിമ കാണിച്ചുപോകുന്നുണ്ട്.
 
ഇതൊന്നും നേരിട്ട് ജോര്‍ജ്ജ് കുട്ടിയിലേയ്ക്ക് എത്തിയിട്ടില്ലെങ്കിലും അന്നത്തെ സംഭവത്തിന് ശേഷമുണ്ടായ ട്രോമയില്‍ നിന്നും പുറത്തുകടക്കാന്‍ അയാള്‍ക്കും കുടുംബത്തിനും സാധിച്ചിട്ടില്ല. പ്രത്യേകിച്ച് മൂത്ത മകള്‍ അഞ്ജുവിന് (അന്‍സിബ). അപസ്മാരമായും, പാനിക് അറ്റാക്കായുമെല്ലാം ആ ഓര്‍മ്മകള്‍ അവളെ ഇന്നും വേട്ടയാടുന്നു. അതിനാല്‍ത്തന്നെ അടുത്ത് നിന്നുള്ള കാഴ്ചയില്‍ ജോര്‍ജ്ജ് കുട്ടിയും കുടുംബവും ഒട്ടും സന്തുഷ്ടരല്ല.
 
ഈ കഥാപരിസരം പ്രേക്ഷകരെ പരിചയപ്പെടുത്തിയ ശേഷം വരുണിന്റെ ബോഡി പോലീസ് സ്‌റ്റേഷനില്‍ കുഴിച്ചിട്ട് തിരികെയിറങ്ങുന്ന ജോര്‍ജ്ജ് കുട്ടിയെ കണ്ടതായി ഒരു ദൃക്‌സാക്ഷി പറയുന്നിടത്ത് നിന്നാണ് ജീത്തു വീണ്ടും പോലീസ് അന്വേഷണത്തിന്റെ കുരുക്ക് ജോര്‍ജ്ജ് കുട്ടിക്ക് മേല്‍ മുറുക്കുന്നത്. ബോഡി ലഭിച്ചില്ല എന്നതായിരുന്നു മുമ്പ് ജോര്‍ജ്ജ് കുട്ടിയെയും കുടുംബത്തെയും അറസ്റ്റ് ചെയ്യുന്നതിന്റെ സാങ്കേതിക തടസമായി നിലനിന്നിരുന്നതെങ്കില്‍, ബോഡി ലഭിച്ചാല്‍ ജോര്‍ജ്ജ് കുട്ടി എങ്ങനെ പിടിച്ച് നില്‍ക്കും എന്നതിന്റെ ഉദ്വേഗജനകമായ കാഴ്ചയാണ് ശേഷം സിനിമ. ഒരു സസ്‌പെന്‍സ് ത്രില്ലറാണെന്നതിനാല്‍ കഥയെ പറ്റി ഇതില്‍ കൂടുതല്‍ പറയുക വയ്യ.
 
പതിഞ്ഞ താളത്തില്‍ ജോര്‍ജ്ജ് കുട്ടിയുടെയും, കുടുംബത്തിന്റെയും ജീവിതം പരിചയപ്പെടുത്തി പൊടുന്നനെ ത്രില്ലര്‍ മൂഡിലേയ്ക്ക് കയറുകയും, പിന്നീട് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് തുടരെ സസ്‌പെന്‍സുകളും ട്വിസ്റ്റുകളും നിറയ്ക്കുകയുമായിരുന്നു ദൃശ്യം ആദ്യ ഭാഗത്തില്‍ ജീത്തു അവലംബിച്ച തിരക്കഥാ രചനാ രീതി. അതേ ശൈലി തന്നെയാണ് ദൃശ്യം രണ്ടാം ഭാഗത്തിന്റേതും. ഏത് നേരവും ഒരു തുടരന്വേഷണമുണ്ടായേക്കാമെന്ന ഭീതി കാര്‍മേഘം കണക്ക് ആ കുടുംബത്തെ മൂടി നില്‍ക്കുന്നു എന്നത് മാത്രമാണ് വ്യത്യാസം.
 
ദൃശ്യത്തെക്കാള്‍ പതിഞ്ഞ താളത്തിലാണ് ദൃശ്യം 2 വികസിക്കുന്നത്. സസ്‌പെന്‍സുകളും ട്വിസ്റ്റുകളും കൃത്യമായി കുറിക്ക് കൊള്ളാനായി വിളനിലമുണ്ടാക്കിയെടുത്ത ശേഷം തുടരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ത്രില്ലര്‍ മൂഡ് പ്രാപിക്കുകയാണ് ദൃശ്യം 2. ആദ്യ പകുതിയിലെ പല കാഴ്ചകളും എത്തരത്തിലാണ് രണ്ടാം പകുതിയിലെ ട്വിസ്റ്റുകളോട് ചേര്‍ന്ന് നില്‍ക്കുന്നത് എന്നത് രസമുള്ള കാഴ്ചയാണ്. ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്തിന്റെ വൈദഗ്ദ്ധ്യം നിറഞ്ഞ രചന അവയില്‍ പ്രകടമാണ്. ദൃശ്യം ഇറങ്ങിയതിന് ശേഷം വന്ന പല പല fan interpretations-മായി ഒരു തരത്തിലും സാമ്യം പുലര്‍ത്താതെ തിരക്കഥ എഴുതാന്‍ ജീത്തു പരമാവധി ശ്രമിക്കുകയും, വിജയിക്കുകയും ചെയ്തിട്ടുണ്ട്.
 
പ്രകടനങ്ങളില്‍ മോഹന്‍ലാല്‍, അന്‍സിബ, പോലീസ് ഓഫീസറായെത്തിയ മുരളി ഗോപി എന്നിവരാണ് പ്രധാന ആകര്‍ഷണം. അടുത്ത കാലത്തായുണ്ടായ ഏതാനും മോശം പ്രകടനങ്ങള്‍ക്ക് ശേഷം ജോര്‍ജ്ജ് കുട്ടിയായി മോഹന്‍ലാല്‍ നിറഞ്ഞാടുന്ന കാഴ്ച കൂടിയാണ് ദൃശ്യം. മുരളി ഗോപിയുടെ കഥാപാത്ര സൃഷ്ടിയും, സംഭാഷണങ്ങളും, അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയുമെല്ലാം ആസ്വാദ്യകരമാണ്. ചെയ്ത തെറ്റിന്റെ പശ്ചാത്താപത്തിലും ഭയത്തിലും ജീവിക്കുന്ന അഞ്ജുവിനെ ഗംഭീരമായി അവതരിപ്പിച്ച അന്‍സിബയ്ക്കുമുണ്ട് നിറഞ്ഞ കൈയടി.
 
രണ്ടാം ഭാഗമിറങ്ങിയ ഭൂരിപക്ഷം സിനിമകളും പരാജയപ്പെട്ട ചരിത്രമാണ് മലയാളത്തിന്റേത്. എന്നാല്‍ വെറുതെ ഒരു രണ്ടാം ഭാഗം എന്നതിലുപരി പറയാന്‍ കൃത്യമായി ഒരു കഥയുണ്ട് എന്നതാണ് ദൃശ്യത്തെ അവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ കൈവിട്ട് പോയേക്കാമായിരുന്ന കഥയെ പഴുതടച്ച തിരക്കഥ, കൃത്യമായ സംവിധാനം എന്നിവയിലൂടെ സ്‌ക്രീനിലെത്തിച്ച ജീത്തുവിന് തന്നെയാണ് ഈ വിജയത്തിന്റെ ക്രെഡിറ്റ്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട മികച്ച ഒരു ത്രില്ലറാണ് ദൃശ്യം 2 എന്ന ഒറ്റ വാചകത്തില്‍ നിരൂപണം അവസാനിപ്പിക്കുന്നു.
 
ദൃശ്യം 2: നെഞ്ചിടിപ്പിക്കുന്ന ത്രില്ലര്‍, കൈയടി നേടുന്ന ജീത്തു ജോസഫ്‌ (സൂരജ് കെ. ആർ)ദൃശ്യം 2: നെഞ്ചിടിപ്പിക്കുന്ന ത്രില്ലര്‍, കൈയടി നേടുന്ന ജീത്തു ജോസഫ്‌ (സൂരജ് കെ. ആർ)
Join WhatsApp News
എഴുതുന്നവരുടെ വംശം വർധിക്കട്ടെ 2021-02-23 11:55:44
ദിർശ്യം കണ്ടിട്ട് എഴുതിയവരോ ചുരുക്കം, കാണാതെ എഴുതിയവരോ അനേകം. അങ്ങനെ യു ടുബ് കണ്ട് എഴുതുന്നവരുടെ വംശം വർധിക്കട്ടെ -Naradan Houston
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക