Image

ആശുപത്രികളിലെ  കോവിഡ് രോഗികളുടെ നിരക്കിൽ ആശ്വാസകരമായ കുറവ് 

മീട്ടു Published on 01 March, 2021
ആശുപത്രികളിലെ  കോവിഡ് രോഗികളുടെ നിരക്കിൽ ആശ്വാസകരമായ കുറവ് 

യുഎസിലെ  ആശുപത്രികളിലെ കൊറോണ വൈറസ് രോഗികളുടെ എണ്ണം 50,000 ൽ താഴെ എത്തി. നാലുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്.

കോവിഡ് ട്രാക്കിംഗ് പ്രോജക്ടിന്റെ കണക്കുകൾ പ്രകാരം ശനിയാഴ്ച  48,870 രോഗികളാണ് ആശുപത്രികളിൽ ചികിത്സ തേടിയത്.

'നവംബർ 2 ന് ശേഷം ആദ്യമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം 50,000 ൽ താഴെ എത്തി,' സംഘടന ട്വിറ്ററിൽ കുറിച്ചു.

ജനുവരി 6 ന്  ആശുപത്രികളിൽ ഏറ്റവും ഉയർന്ന നിരക്കായ 132,474 രോഗികൾ ചികിത്സ തേടിയിരുന്നു. പിന്നീട് എണ്ണം ക്രമമായി കുറഞ്ഞു.

മഹാമാരിയിൽ രാജ്യം കൈവരിക്കുന്ന  പുരോഗതിയുടെ   പ്രധാന അളവുകോലാണ് ആശുപത്രിയിൽ പ്രവേശിതരാകുന്ന കോവിഡ് രോഗികളുടെ നിരക്ക്.

യു‌എസിൽ ശനിയാഴ്ച 70,622 പുതിയ രോഗബാധിതരും 1,822 കോവിഡ്  മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ജെ  & ജെ  വാക്സിൻ മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുന്നതിനെതിരെ ഫൗച്ചിയുടെ  മുന്നറിയിപ്പ് 

ജോൺസൺ & ജോൺസൺ വാക്സിൻ മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുന്നതിനെതിരെ ഡോ. ആന്റണി ഫൗച്ചി ഞായറാഴ്ച അമേരിക്കക്കാർക്ക് മുന്നറിയിപ്പ്  നൽകി. അനുമതി നേടിയ മൂന്ന് പ്രതിരോധ മരുന്നുകളും സുരക്ഷിതവും ഫലപ്രദവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മോഡേണ, ഫൈസർ വാക്സിനുകളെ അപേക്ഷിച്ച് കുറഞ്ഞ ഫലപ്രാപ്തി കാണിക്കുന്നുണ്ടെങ്കിലും ഏറ്റവും ഒടുവിൽ എത്തിയ ജോൺസൻ & ജോൺസന്റെ  വാക്സിൻ, 85 ശതമാനത്തിലധികം ഫലപ്രാപ്തി നേടിയിട്ടുണ്ടെന്നും തീവ്രമായ രോഗാവസ്ഥ തടയുമെന്നും ഫൗച്ചി പറഞ്ഞു. ജെ  & ജെ  പരീക്ഷിക്കപ്പെട്ട ഏതെങ്കിലും രാജ്യങ്ങളിൽ മരണങ്ങളോ ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിക്കേണ്ട സാഹചര്യമോ  ഉണ്ടായിട്ടില്ലെന്നും വൈറ്റ് ഹൗസ് ചീഫ് മെഡിക്കൽ ഉപദേഷ്ടാവ് പറഞ്ഞു.

'ജെ & ജെ നേരിയ തോതിലുളളതും  മിതമായതുമായ  കോവിഡിനെതിരെ 66 ശതമാനം ഫലപ്രാപ്തി കാണിക്കുന്നു, അതേസമയം നേരിയ തോതിലുളളതും  മിതമായതുമായ കോവിഡ്  രോഗങ്ങളിൽ ഫൈസറും  മോഡേണയും  95 ശതമാനം ഫലപ്രാപ്തി കാണിക്കുകയും ചെയ്തു. രണ്ടു വ്യത്യസ്ത തരം പരീക്ഷണങ്ങളാണ് ഇവയിൽ നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ അവ താരതമ്യം ചെയ്യുന്നത് സങ്കീർണമാണ്. ജെ & ജെ ട്രയൽ‌, പുതിയ വകഭേദങ്ങൾ‌ പ്രചരിക്കുന്ന പ്രദേശങ്ങളിലും നടത്തിയിരുന്നു. താരതമ്യപ്പെടുത്തുന്നവരെ നിങ്ങൾ  അവഗണിക്കണം. ഫലപ്രദമായ മൂന്ന് വാക്സിനുകൾ ലഭിച്ചതിൽ നന്ദിയുള്ളവരായിരിക്കുക, 'ഫൗച്ചി അഭിപ്രായപ്പെട്ടു.

'ആളുകൾക്ക് കഴിയുന്നതും വേഗത്തിൽ  പ്രതിരോധ കുത്തിവയ്പ് നൽകേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.  ജെ & ജെ ലഭ്യമായ സൈറ്റിലാണ്  ഞാൻ പോകുന്നതെങ്കിൽ, അത് എടുക്കാൻ എനിക്ക് യാതൊരു മടിയുമില്ല. ' ഫൗച്ചി പറഞ്ഞു.

കോവിഡ്  വാക്സിൻ ഉൽ‌പാദനം വർദ്ധിച്ചു; മാർച്ചിലിത് മൂന്നിരട്ടിയാകും 

ജോൺസൺ & ജോൺസന്റെയും കോവിഡ് വാക്സിനുകൾ ഉടൻ സംസ്ഥാനങ്ങളിലേക്ക് അയയ്‌ക്കുന്നതോടെ, ഫൈസറും മോഡേണയും വരും ആഴ്ചകളിൽ ഉൽ‌പാദനം ഗണ്യമായി വർദ്ധിപ്പിക്കുകയാണ്.

ബ്ലൂംബെർഗിന്റെ വാക്സിൻ ട്രാക്കർ പ്രകാരം, യു‌എസിലുടനീളം ശനിയാഴ്ച  2.4 മില്യൺ ഡോസുകൾ എത്തുന്നതുകൊണ്ട് കൂടുതൽ ആളുകളിലേക്ക് മരുന്ന് എത്തിക്കാനാകും.
ഒരു ദിവസം ശരാശരി 1.65 മില്യൺ ഡോസുകൾ വരെ നൽകുന്നുണ്ട്. ഇതുവരെ  73 മില്യൺ അമേരിക്കക്കാർക്ക് ഒരു ഡോസ് എങ്കിലും വാക്സിൻ ലഭിച്ചിട്ടുണ്ട്.

വാക്സിൻ  ഉൽ‌പാദനം മാർച്ചിൽ മൂന്നിരട്ടിയാകുമെന്ന്  ഡ്രഗ് എക്സിക്യൂട്ടീവുകൾ കഴിഞ്ഞ ആഴ്ച കോൺഗ്രസിനോട് പറഞ്ഞു.

ന്യൂയോർക് കോവിഡ്  വേരിയൻറ് കണ്ടെത്തിയതിൽ നിരാശപ്പെടേണ്ടതില്ല: ഫൗച്ചി 

ന്യൂയോർക്കിൽ  ഉയർന്നുവന്ന പുതിയ കോവിഡ് വേരിയന്റിനെക്കുറിച്ച് ജനങ്ങൾ നിരാശപ്പെടേണ്ടതില്ലെന്ന് ഡോ. ആന്റോണി ഫൗച്ചി ഞായറാഴ്ച പറഞ്ഞു.

ന്യൂയോർക്കിൽ കണ്ടെത്തിയ  B.1.526 പോലുള്ള പുതിയ വകഭേദങ്ങൾ വളരെ ഗൗരവമായി”ഉദ്യോഗസ്ഥർ എടുക്കുന്നുണ്ടെന്നും വിപണിയിലെ വാക്സിനുകൾ അതിനെതിരെ ഗണ്യമായ സംരക്ഷണം നൽകുമെന്ന്  വിശ്വസിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു.

'ഉയർന്ന അളവിൽ ആന്റിബോഡിയുള്ള ഒരു നല്ല വാക്സിൻ ഡോസ് നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, ഏറ്റവും മികച്ച സംരക്ഷണം ഉറപ്പിക്കാൻ സാധ്യമല്ലെങ്കിൽപോലും വേരിയന്റുകൾക്കെതിരെയും അതൊരു രക്ഷാകവചം തീർക്കും.' ഫൗച്ചി അഭിപ്രായപ്പെട്ടു.
ദക്ഷിണാഫ്രിക്കൻ വകഭേദത്തിന് സമാനമായ ഉഗ്ര വ്യാപനശേഷി ഉള്ള ഒന്നാണ് ന്യൂയോർക് വേരിയന്റും എന്നതുകൊണ്ട് ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇവയ്ക്ക്  രണ്ടും E484K എന്നറിയപ്പെടുന്ന  മ്യൂട്ടേഷനാണ് നടന്നിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക