1
വളവും ചരിവുമുള്ള ഈ ഭൂമിയില്‍
ഒരു ബിന്ദുവില്‍നിന്നും മറ്റൊരു ബിന്ദുവിലേക്ക്
മുറിയാതെ സഞ്ചരിക്കുന്ന നേര്രേഖയാകാതിരിക്കട്ടെ
നമ്മുടെ പ്രണയം!
2
അംശത്തെക്കാള്‍ വലുതല്ല പൂര്‍ണം
എങ്കിലും ഭൂമിയില്‍നിന്നു വേറിട്ടൊരു നടത്തമില്ല നിനക്ക്
സൂര്യനില്‍നിന്നു വേറിട്ടൊരു നോട്ടമില്ല എനിക്ക്
പൊന്നമ്പിളിയില്‍ നിന്ന് വേറിട്ടൊരു മനവുമില്ല നമുക്ക്.
3
അപൂര്‍ണ്ണമാം കവിതയിലെ
അവസാന വാക്കുപോല്‍ -
എന്നില്‍ നിന്നെന്നെ
കിഴിച്ചു നോക്കി, യപ്പോഴും
ബാക്കിയാകുന്നു - ഞാനൊരു
തീരാദുഃഖമായ് !
4
ചേര്‍ത്തെന്നെ
നിന്നോട്
കൂട്ടിനോക്കിയപ്പോഴും
ശിഷ്ടമുത്തരം
മടുപ്പിക്കു,മേകാകിത.
5
കൂട്ടലില്‍ ഏറാതെ
കിഴിക്കലില്‍ ഇറങ്ങാതെ
പെരുക്കലില് പെരുകാതെ
ഹരിക്കുവാനറിയാതെ
അക്ഷരബ്രഹ്മമായ്
നീലനഭസ്സിലുയരുന്നു
കാണാത്തൊരെന്‍
കണ്ണന്റെ പൊന്താഴികക്കുടം!
6
പിറകില്‍ നിന്നായാലും ശരി, മുന്നില്‍ നിന്നായാലും ശരി
നീ അരുളുന്ന ദൃശ്യപ്രസാദം തന്നെ പൊരുളിന്റെ പ്രത്യക്ഷപ്രമാണം.
അതെ, ഒരേ വസ്തുവിന്റെ പാതികള്‍ ഒന്നിനോടൊന്നു സമമായിരിക്കും.
താന്‍ പാതി ദൈവം പാതി!
7
ഉണ്ടെന്നൊരുത്തന്
ഇല്ലെന്നൊരുത്തന്
തെല്ലും പിടി കൊടുക്കാതെ
ഉള്ളതാം ഉള്ളിന്റെയുള്ളില്‍
പൊട്ടിച്ചിരിക്കുന്നു ഇഷ്ടന്!