Image

അങ്ങനെ ഒരവധിക്കാലത്ത് (ജിസ പ്രമോദ്)

Published on 05 March, 2021
അങ്ങനെ ഒരവധിക്കാലത്ത്  (ജിസ പ്രമോദ്)
അന്നൊക്കെ 
അവധിക്കാലത്തൊരു 
വിരുന്ന് പാർക്കാൻ പോവലുണ്ട് 
ഒള്ളതിൽ 
മെനയുള്ള ഒന്നൊ രണ്ടോ 
ഉടുപ്പും പൊതിഞ്ഞു കെട്ടി 
അമ്മായീടൊപ്പം 
ആനവണ്ടീൽ കേറി 
സൈഡ് സീറ്റേൽ 
സ്ഥലം പിടിച്ച് 
കാഴ്ചകളൊക്കെ 
കണ്ട് രസിച്ചു വരുമ്പോഴേക്കും 
സ്റ്റോപ്പെത്തും. 
പിന്നെയൊരു നടപ്പാണ് 
വയൽവരമ്പിലൂടെ 
മടിയില്ലാതങ്ങനെ 
അമ്മായിനോട് തോനെ 
വാർത്താനോം പറഞ്ഞ് 
വീടെത്തുന്നതറിയാതെ. 
പിന്നെ ഞങ്ങള് കുട്ട്യോള് 
ഒരു തിമിർപ്പാണ് 
കളിച്ചു തിമിർത്തു 
വരുമ്പോ 
അമ്മായിണ്ടാക്കണ 
മൊട്ടപ്പത്തിരി 
തേങ്ങാപ്പാല് കൂട്ടി 
കഴിച്ചേന്റെ 
രുചിയിപ്പഴും 
നാവിൻതുമ്പേലുണ്ട്. 
ഉച്ചക്കലത്തെ 
ഊണിനു പലപ്പോഴും 
ശങ്കരത്തെ മാവേലെ 
ചപ്പികുടിയൻ 
മാമ്പഴമിട്ടുവച്ച 
പുളിശ്ശേരിയാവും 
എരിവും പുളിയും 
മധുരവും 
പാകത്തിന് ചേർന്ന 
മാമ്പഴമുറിഞ്ചി 
കുടിച്ച രുചി ആഹാ !
രാത്രീല് മുളകിട്ടു 
വച്ച നല്ല എരിയുള്ള 
ആറ്റുമീൻ കറിയുണ്ടാവും. 
പാടത്തിനപ്പുറം 
സിനിമാക്കൊട്ടകേൽ 
പടം മാറണ ദെവസം 
അയലോക്കകാരെല്ലാം കൂടി 
സെക്കന്റ്‌ ഷോക്കൊരു 
പോക്കുണ്ട്. 
ടോർച്ചും തെളിച്ചു 
അമ്മാവൻ മുമ്പേ നടക്കും 
ഞങ്ങള് കൊച്ചുംപിച്ചും 
പരിവാരങ്ങളും 
പിമ്പേ ഗമിക്കും 
കൊട്ടകേലെ 
വെള്ളിവെളിച്ചത്തില് 
മിന്നിമായണ കാഴ്ച്ചകള് 
കണ്ടങ്ങനെ 
കണ്ണുമിഴിച്ചിരിക്കും. 
അങ്ങനെ 
കളിച്ചും തിമിർത്തും 
രുചിച്ചും 
അവധിക്കാലമങ്ങു 
തീർന്നുപോകും. 
അമ്മായി വാങ്ങിത്തന്ന 
മാലേം വളേം ചാന്തുപൊട്ടുമണിഞ്ഞ് 
തിരികെ കൊണ്ടോവാൻ 
വന്ന അച്ഛന്റെ 
ഹെർക്കുലീസ് സൈക്കിളേൽ 
കയറുമ്പോ മനസെന്തിനോ കരയും.  
പിന്തിരിഞ്ഞു നോക്കുമ്പോ  
അകന്നു പോകുന്ന സൈക്കിളും 
നോക്കി അവര് പടിക്കല് 
നിക്കണ കാണുമ്പോ 
പിന്നേം കരച്ചില് വരും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക