Image

ഡോളര്‍ കേസില്‍ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാര്‍ക്കും പങ്കെന്ന് സ്വപ്നയുടെ മൊഴി

Published on 05 March, 2021
ഡോളര്‍ കേസില്‍ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാര്‍ക്കും പങ്കെന്ന് സ്വപ്നയുടെ മൊഴി
കൊച്ചി: വിവാദമായ ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയതായി കസ്റ്റംസ്. മൂന്നു മന്ത്രിമാര്‍ക്കും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഇടപാടില്‍ പങ്കുണ്ടെന്നും ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കസ്റ്റംസ് വ്യക്തമാക്കുന്നു. സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സത്യവാങ്മൂലം തയാറാക്കിയത്.

മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയിട്ടുണ്ട്. വിവിധ ഇടപാടുകളില്‍ ഉന്നതര്‍ കമീഷന്‍ കൈപ്പറ്റി. ഇടപാടുകള്‍ക്ക് താന്‍ സാക്ഷിയാണെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു.

മുന്‍ കോണ്‍സല്‍ ജനറലുമായി പിണറായി വിജയന് അടുത്ത ബന്ധമാണ്. യു.എ.ഇ കോണ്‍സല്‍ ജനറലിന്‍റെ സഹായത്തോടെയാണ് ഡോളര്‍ കടത്തിയത്. ഇരുവര്‍ക്കും ഇടയില്‍ േനരിട്ടു സാമ്ബത്തിക ഇടപാടുണ്ട്. മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിര്‍ദേശ പ്രകാരമാണ് ഇടപാടുകള്‍ നടന്നതെന്നും സ്വപ്ന മൊഴി നല്‍കിയതായും സത്യവാങ്മൂലത്തില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സര്‍ക്കാര്‍-കോണ്‍സുലറ്റ് ഇടപാടില്‍ കണ്ണിയാണ്. സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ നിയമവിരുദ്ധ സാമ്ബത്തിക ഇടപാടുകള്‍ നടത്തി. അറബി പരിജ്ഞാനമുള്ളതിനാല്‍ പലപ്പോഴും ഇവര്‍ക്കിടയില്‍ മൊഴിമാറ്റത്തിനായി തന്നെ നിയോഗിച്ചിട്ടുണ്ട്. അങ്ങനെയാണ് ഇക്കാര്യങ്ങളെ കുറിച്ച്‌ തനിക്ക് അറിയാവുന്നതെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു.

ഉന്നതരുടെ പേരുകള്‍ പുറത്തുവിടാതിരിക്കാന്‍ ജയിലില്‍വെച്ച്‌ തന്നെ ഭീഷണിപ്പെടുത്തി. തന്‍റെ കുടുംബാംഗങ്ങളും ഭീഷണി നേരിടുന്നുണ്ടെന്നും സ്വപ്ന മൊഴി നല്‍കിയതായും കസ്റ്റംസിന്‍റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക